26 April Friday

കശ്‌മീരികൾ നീതി നിഷേധിക്കപ്പെട്ടവർ - മുഹമ്മദ്‌ യൂസഫ്‌ തരിഗാമി സംസാരിക്കുന്നു

തയ്യാറാക്കിയത്‌ 
എം പ്രശാന്ത്Updated: Saturday Apr 9, 2022

നീതി നിഷേധിക്കപ്പെട്ട ജനതയാണ്‌ കശ്‌മീരികളെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ താഴ്‌വര ശാന്തമായെന്ന മോദി സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും സ്ഥിതി മോശമായി തുടരുകയാണെന്നും വിശദീകരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘കശ്‌മീർ ഫയൽസ്‌’ എന്ന ചിത്രം താഴ്‌വരയിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും തരിഗാമി ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

? അനുച്ഛേദം 370 റദ്ദാക്കിയതോടെ കശ്‌മീരിൽ തീവ്രവാദി ആക്രമണങ്ങൾ കുറഞ്ഞെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നുമാണ്‌ അമിത്‌ ഷായുടെ അവകാശവാദം. എന്താണ്‌ യാഥാർഥ്യം.
● ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്‌. ‘സബ്‌കാ സാത്‌ സബ്‌കാ വികാസ്‌’ എന്നാണ്‌ 2014ൽ അധികാരത്തിൽ എത്തിയപ്പോൾ മോദി പറഞ്ഞത്‌. എന്നാൽ, കശ്‌മീരിന്റെ കാര്യത്തിൽ അതുണ്ടായില്ല. ജമ്മു–-കശ്‌മീർ ജനതയുടെ അഭിപ്രായം തേടാതെയാണ്‌ 370–-ാം വകുപ്പ്‌ എടുത്തുകളഞ്ഞത്‌. ആർഎസ്‌എസിന്റെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന്റെ തുടക്കമാണ്‌ ഇതെന്ന്‌ വീട്ടുതടങ്കലിനിടെ കോടതി ഉത്തരവുപ്രകാരം ചികിത്സയ്‌ക്കായി ഡൽഹിയിൽ എത്തിയ ഘട്ടത്തിൽ താൻ പറഞ്ഞു. ജമ്മു–-കശ്‌മീർ ജനതയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ 370 റദ്ദാക്കപ്പെട്ടതോടെ ഇല്ലാതായത്‌. നിയമസഭ ഇല്ലാത്ത ഘട്ടത്തിലായിരുന്നു നടപടി. പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടും ബോധപൂർവം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തിയില്ല. പ്രതിപക്ഷനേതാക്കളെ എന്തിന്‌ വേട്ടയാടുന്നു.

? വിവിധ രാഷ്ട്രീയ പാർടികൾ ഉൾപ്പെട്ട ഗുപ്‌കാർ സഖ്യം നേതാക്കളിൽ ഒരാളാണ്‌ താങ്കൾ. പ്രധാനമന്ത്രി ഗുപ്‌കാർ സഖ്യവുമായി കൂടിക്കാഴ്‌ച നടത്തി. തെരഞ്ഞെടുപ്പ്‌ അടക്കം വാഗ്‌ദാനം ചെയ്‌തു. അനുകൂല പ്രതികരണമായി കാണുന്നുണ്ടോ.
● എന്ത്‌ അനുകൂല പ്രതികരണം. രാഷ്ട്രീയമായ വേട്ടയാടലാണ്‌ നടക്കുന്നത്‌. രാഷ്ട്രീയ പാർടികളെ ദുർബലപ്പെടുത്താനാണ്‌ ശ്രമം. ജനതയുടെ ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ്‌ ഗുപ്‌കാർ സഖ്യത്തിനുള്ളത്‌. ഹൃദയങ്ങൾ തമ്മിലുള്ള അകൽച്ചയും ഡൽഹിയും ശ്രീനഗറുമായുള്ള അകലവും കുറയ്‌ക്കുമെന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. എന്നാൽ, അകലം കുറയ്‌ക്കാൻ വന്നത്‌ ഇഡിയും സിബിഐയും എൻഐഎയും ഒക്കെയാണ്‌.

? കേന്ദ്രം മണ്ഡല പുനർനിർണയവുമായി ഏകപക്ഷീയമായി നീങ്ങുകയാണ്‌. ജമ്മുവിൽ സീറ്റുകൾ കൂട്ടി. കേന്ദ്രം ഒരു കള്ളക്കളിക്ക്‌ ശ്രമിക്കുന്നതായി സംശയമുണ്ടോ.

● സംശയമല്ല. അത്‌ വാസ്‌തവമാണ്‌. മണ്ഡല പുനർനിർണയത്തിന്റെ അടിസ്ഥാനംതന്നെ ജനസംഖ്യയാണ്‌. 2011 ലെ സെൻസസ്‌ പ്രകാരമാണ്‌ പുനർനിർണയമെന്ന്‌ പറയപ്പെടുന്നു. അപ്രകാരം കശ്‌മീരിലാണ്‌ ജനസംഖ്യ കൂടുതൽ. എന്നാൽ, ജമ്മുവിൽ സീറ്റുകൾ കൂടി. പുതിയ സെൻസസ്‌ കണക്കുകൾ പ്രകാരം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജമ്മു–-കശ്‌മീരിലും മണ്ഡല പുനർനിർണയമെന്ന ആവശ്യമാണ്‌ ഗുപ്‌കാർ കക്ഷികൾ മുന്നോട്ടുവയ്‌ക്കുന്നത്‌. എന്നാൽ, കേന്ദ്രം കേൾക്കുന്നേയില്ല.

?പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായി ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്‌ താങ്കളാണ്‌. ഇപ്പോൾ മൂന്നു വർഷമായി. കോടതി നടപടികളിൽ തൃപ്‌തനാണോ.
● ഏത്‌ കാര്യത്തിലാണ്‌ തൃപ്‌തിയുണ്ടാകുക. കോടതി കേൾക്കാത്തതിലുള്ള തൃപ്‌തിയോ. നീതിക്കായാണ്‌ കോടതിയെ സമീപിച്ചത്‌. മൂന്നു വർഷമായി. പരിഗണിക്കുന്നേയില്ല. വേഗത്തിൽ കേൾക്കണമെന്ന്‌ അഭ്യർഥിച്ച്‌ മറ്റൊരു അപേക്ഷകൂടി നൽകി. അതും എടുക്കുന്നില്ല.

?കശ്‌മീരികളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവമായി ശ്രമിക്കുന്നുണ്ട്‌. ‘കശ്‌മീർ ഫയൽസ്‌’ എന്ന ചിത്രം ഉദാഹരണം. സിനിമ പറയുന്ന കാര്യങ്ങളിൽ വസ്‌തുത എത്രമാത്രമാണ്‌.

● കശ്‌മീരി പണ്ഡിറ്റുകളുടേത്‌ നീണ്ട കഥയാണ്‌. വേദനാജനകവുമാണ്‌. അവർ താഴ്‌വരയിൽനിന്ന്‌ പലായനം ചെയ്യേണ്ടിവന്ന സാഹചര്യം അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്‌. തീവ്രവാദികൾ ആദ്യം ലക്ഷ്യംവച്ചവരിൽ ഒരാളാണ്‌ താൻ. 1989ൽ ജമ്മുവിലേക്ക്‌ തനിക്ക്‌ പലായനം ചെയ്യേണ്ടിവന്നു. പിന്നാലെയാണ്‌ പണ്ഡിറ്റുകൾ താഴ്‌വര വിട്ടത്‌. ബിജെപിയുടെ ജഗ്‌മോഹനായിരുന്നു ഗവർണർ. പണ്ഡിറ്റുകളെ സംരക്ഷിക്കാൻ ഭരണകൂടം ഒരു നടപടിയുമെടുത്തില്ല. തീവ്രവാദി ആക്രമണത്തിൽനിന്ന്‌ താൻ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. അക്കാലത്ത്‌ സുരക്ഷിതത്വം തേടി ഒരു കശ്‌മീർ പണ്ഡിറ്റ്‌ കുടുംബത്തോടൊപ്പം കഴിയേണ്ടിവന്നു. കശ്‌മീരിൽ എല്ലാ വിഭാഗവും തീവ്രവാദി ആക്രമണത്തിന്‌ ഇരയായി. 2014 മുതൽ കേന്ദ്രത്തിൽ ബിജെപിയാണ്‌. കശ്‌മീരും അവർ ഭരിക്കുന്നു. പണ്ഡിറ്റുകൾക്കായി എന്തെങ്കിലും ചെയ്‌തോ? ബിജെപി മറുപടി നൽകണം. 1947ൽ രാജ്യമാകെ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ കശ്‌മീർ താഴ്‌വര ശാന്തമായിരുന്നു. കശ്‌മീരിനെ പ്രതീക്ഷാകിരണമെന്നാണ്‌ ബാപ്പു വിശേഷിപ്പിച്ചത്‌. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളും നടപടികളുമാണ്‌ കശ്‌മീരിനെ അശാന്തമാക്കിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top