04 May Saturday
ഇന്ന്‌ അന്താരാഷ്ട്ര 
ബാലികദിനം

ലോകം പെൺകുഞ്ഞുങ്ങളോട്‌ ചെയ്യുന്നത്‌

ബി അനൂജUpdated: Wednesday Oct 11, 2023

എല്ലാ വർഷവും ഒക്ടോബർ പതിനൊന്നിനാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലികദിനം ആചരിക്കുന്നത്. 2012 ഒക്ടോബർ പതിനൊന്നിനാണ് ആദ്യമായി ബാലികദിനം ആചരിച്ചത്. ലോകമെമ്പാടുമുള്ള പെൺകുട്ടികളെ ശാക്തീകരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് അന്താരാഷ്ട്ര ബാലികദിനം ആചരിക്കുന്നത്. ‘ഇൻവെസ്റ്റ്‌ ദ ഗേൾസ്‌ റൈറ്റ്‌സ്‌, ഔർ ലീഡർഷിപ്, ഔർ വെൽബീയിങ്‌’ എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ ബാലിക ദിനത്തിലെ പ്രമേയം. സർക്കാർ നയങ്ങളിലും ബിസിനസ് രംഗത്തും ഗവേഷണമേഖലകളിലും മറ്റെല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾ സജീവമായി സ്വാധീനം ചെലുത്തുന്ന ഒരു ലോകത്തെ വാർത്തെടുക്കാനാണ് ഈ പ്രമേയം ലക്ഷ്യംവയ്‌ക്കുന്നത്. എന്നാൽ, ഈ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന കാലത്തും പെൺകുട്ടികൾക്ക് ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. ഇസ്രയേൽ–- പലസ്‌തീൻ സംഘർഷത്തിൽ ജീവൻ നഷ്‌ടമായ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നമ്മെ വേദനിപ്പിക്കുന്നു. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ നിരവധി മനുഷ്യരാണ് മരിച്ചു വീണുകൊണ്ടിരിക്കുന്നത്.  ഈ യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്‌  കുട്ടികളാണ്‌.

സന്തോഷത്തോടെയും സമാധാനത്തോടെയും കളിച്ചും ചിരിച്ചും ജീവിക്കേണ്ട   കുഞ്ഞുങ്ങൾ ഉറങ്ങാൻപോലും കഴിയാതെ,   ഷെല്ലാക്രമണത്തിൽനിന്നും ഗ്രനേഡുകളിൽനിന്നും  രക്ഷപ്പെടാൻ പരിഭ്രാന്തരായി ഓടുകയാണ്‌.   യുദ്ധങ്ങളിൽ, ചെറിയ പ്രായത്തിൽത്തന്നെ സ്വന്തം ജീവൻ നഷ്ടപ്പെടുന്നവരെത്ര.   ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായി മാറുന്നവരെത്ര.  ഇത്തരത്തിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങൾപോലും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുകയാണ്. യുദ്ധവും സംഘർഷവും മതതീവ്രവാദവും വംശീയതയുമെല്ലാം ഇരകളാക്കുന്നത്‌ കുഞ്ഞുങ്ങളെയാണ്‌. ആക്രമിക്കപ്പെട്ടും വേട്ടയാടൽ നേരിട്ടും അഭയംതേടി അലഞ്ഞും എത്ര യാതനാപർവങ്ങളാണ്‌ ലോകമെങ്ങും പെൺകുഞ്ഞുങ്ങൾ അനുഭവിക്കുന്നത്‌. അതിന്‌ ഗാസയെന്നോ അഫ്ഗാനിസ്ഥാനെന്നോ മണിപ്പുരെന്നോ ഭേദമില്ല.
പെൺ ഭ്രൂണഹത്യ ഉൾപ്പെടെ പെൺകുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക്‌ നാലാം സ്ഥാനമാണ്. രാജ്യത്തെ നവജാതശിശു മരണനിരക്ക് കൂടുതലാണെന്നും അതിൽ പെൺകുഞ്ഞുങ്ങളാണ് ഏറ്റവും കൂടുതൽ മരണപ്പെടുന്നതെന്നും യുണിസെഫ്‌ ചൂണ്ടിക്കാണിക്കുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കിലും പെൺകുട്ടികളാണ് മുന്നിൽ.

ഈ രീതിയിൽ ജനനത്തിനു മുന്നേതന്നെ പെൺകുട്ടികൾക്കു നേരെയുള്ള അക്രമങ്ങൾ തുടങ്ങുകയാണ്. ജനനത്തിന് ശേഷമാണെങ്കിലും പ്രായഭേദമന്യേ സ്ത്രീകളും പെൺകുട്ടികളും ആക്രമിക്കപ്പെടുന്നതോടൊപ്പം അവരെ രണ്ടാം തരക്കാരായിമാത്രം കാണുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന ക്യാമ്പയിൻ കടലാസിൽ ഒതുങ്ങുന്നുവെന്ന് മാത്രമല്ല, അതിനായുള്ള തുകയുടെ 80 ശതമാനവും സർക്കാരിന്റെ പരസ്യ പ്രചാരണത്തിനായി മാറ്റി ഉപയോഗിച്ച വാർത്തയും പുറത്തു വരികയുണ്ടായി. പെൺകുട്ടിയുടെ പഠനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മാറ്റിവച്ച തുക മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ  രാജ്യം ഭരിക്കുന്ന സർക്കാരിന് പെൺകുട്ടികളോടും അതുവഴി രാജ്യത്തിനോടുമുള്ള പ്രതിബദ്ധത എങ്ങനെയെന്ന്‌ മനസ്സിലാക്കാൻ സാധിക്കും.

അഞ്ചു മാസത്തിനു മേലെയായി നീണ്ടുനിൽക്കുന്ന മണിപ്പുർ കലാപത്തിൽ ഏറ്റവും കുറഞ്ഞത് 180 പേരിനടുത്ത് കൊല്ലപ്പെടുകയും 1100നു മേലെ ആളുകൾ ആക്രമണത്തിനിരയായിട്ടുമുണ്ട്. എത്രയോ കുട്ടികളാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്. രണ്ടു സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് നഗ്നരായി  തെരുവീഥികളിലൂടെ നടത്തിച്ച രാജ്യത്തിൽ എന്ത് ‘ബേട്ടി ബച്ചാവോ ബേട്ടി  പഠാവോ’ ആണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇന്ത്യ ടൈംസ് റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യയിൽ രണ്ടാമത്തെ വലിയ സംഘടിത കുറ്റകൃത്യമായി മനുഷ്യക്കടത്തിനെ കാണുന്നു. അതിലും കൂടുതൽ ഇരയാക്കപ്പെടുന്നവർ പെൺകുട്ടികളാണ്. വിദ്യാലയങ്ങളിൽനിന്നുള്ള പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ എണ്ണവും ഇന്ത്യയിൽ കുറവല്ല. ബാല വിവാഹങ്ങൾ ഇതിനൊരു കാരണമാണ്. ലോകത്തിലെ ബാലവിവാഹങ്ങളിൽ നാലിലൊന്ന് നടക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ, ശൈശവ വിവാഹം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം (0.0 ശതമാനം) ആണെന്ന കേന്ദ്ര സർവേയുടെ ഭാഗമായി വന്ന കണക്കുകൾ പ്രതീക്ഷയുണർത്തുന്നതാണ്. ലിംഗവിവേചനങ്ങളും പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങളും ഇല്ലാത്ത സമൂഹം പടുത്തുയർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിഭാവനം ചെയ്യുന്ന പരിപാടികളുടെ ഭാഗമായാണ് ശിശുമരണ നിരക്കിലും വിദ്യാലയങ്ങളിലെ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്കിലും ശൈശവ വിവാഹ സൂചികയിലും കേരളത്തിന്റെ പേര് ഇല്ലാത്തത്‌. ഇതേ കാലത്തുതന്നെയാണ് ഒരു ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘം കുട്ടികളുടെ രംഗത്ത്, പെൺകുട്ടികളുടെ സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 14 ജില്ലയിലായി 208 ഏരിയക്കു കീഴിൽ 5,93,267 ആൺകുട്ടികളും 5,67,295 പെൺകുട്ടികളും ബാലസംഘത്തിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. യൂണിറ്റ് തലംമുതൽ സംസ്ഥാനതലംവരെ ഭാരവാഹികളായി പെൺകുട്ടിയും ആൺകുട്ടിയും വരണമെന്ന തീരുമാനം പ്രാവർത്തികമാക്കിയ സംഘടനയാണ് ബാലസംഘം. ചിലയിടങ്ങളിൽ രണ്ടു ഭാരവാഹികളും പെൺകുട്ടികളാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചുനിന്ന് മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോഴാണ് ബാലസംഘം ലക്ഷ്യംവയ്‌ക്കുന്ന സമത്വ സുന്ദര നവലോകം പടുത്തുയർത്താനാകുക.

ആ ലക്ഷ്യത്തിലേക്കുള്ള പ്രതീക്ഷയുടെ കിരണങ്ങളാണ് മലാലയും ഗ്രെറ്റ തുൺബെർഗും ഇന്ത്യൻ ഗ്രെറ്റ എന്നറിയപ്പെടുന്ന ത്രിപുരയിലെ ലിസിയുമൊക്കെ. ‘നിങ്ങളുടെ പാഴ്‌വാക്കുകൾ കേട്ടിരിക്കാൻ ഞങ്ങൾക്ക് നേരമില്ല, ഞങ്ങൾ ഭാവിയിലേക്ക് മാർച്ച് ചെയ്യുക’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കളുടെ മുഖത്തുനോക്കി പറഞ്ഞത്‌ തമിഴ്നാട്ടുകാരി വിനിഷയാണ്‌. ഇവരെല്ലാം മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങളും മുദ്രാവാക്യങ്ങളും പെൺകുട്ടികളുടെ അവകാശസംരക്ഷണ പോരാട്ടങ്ങൾക്ക് കരുത്തേകുക മാത്രമല്ല, സമത്വത്തിന്റെ പുതുലോകം സൃഷ്ടിക്കാനുള്ള അടിത്തറകൂടി പാകിക്കൊണ്ടിരിക്കുകയാണ്.

(ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top