27 April Saturday

കാലാവസ്ഥാ മാറ്റം വലിയ ഭീഷണി - ടി ചന്ദ്രമോഹൻ എഴുതുന്നു

ടി ചന്ദ്രമോഹൻUpdated: Thursday Sep 16, 2021


അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തവണ ഓസോൺ സംരക്ഷണദിനം ആചരിക്കുന്നത്‌. എല്ലാ ഭൂഖണ്ഡത്തിലും ഒരു വർഷത്തിനിടെ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടു. ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലി 1995 ജനുവരി 23ന് അംഗീകരിച്ച പ്രമേയത്തിലൂടെയാണ്‌ സെപ്തംബർ 16 ലോക ഓസോൺ ദിനമായി പ്രഖ്യാപിച്ചത്‌. ഓസോൺ പാളി നശിപ്പിക്കുന്ന പദാർഥങ്ങളെക്കുറിച്ചുള്ള മോൺട്രിയൽ പ്രഖ്യാപനരേഖ ഒപ്പിട്ടത്‌ 1987 സെപ്‌തംബർ പതിനാറിനായിരുന്നു. ഓസോൺ പാളി സംരക്ഷിക്കുകയെന്ന സുപ്രധാന പാരിസ്ഥിതിക പ്രശ്നത്തിൽ ആഗോളശ്രദ്ധയും പ്രവർത്തനവും കേന്ദ്രീകരിക്കാനുള്ള അവസരമായിട്ടാണ്‌ ലോക ഓസോൺ ദിനത്തെ കാണുന്നത്‌. "മോൺട്രിയൽ പ്രോട്ടോകോൾ - ഞങ്ങളെ നിലനിർത്തുന്നു, ഞങ്ങളുടെ ഭക്ഷണവും വാക്സിനുകളും തണുപ്പിക്കുക"’എന്നതാണ്‌ ഈവർഷത്തെ ലോക ഓസോൺ ദിനപ്രമേയം. -

ലോകത്താകമാനം കാലാവസ്ഥാ മാറ്റത്തിന്‌ വേഗത കൂടിയിരിക്കയാണെന്ന്‌ ആഗസ്‌ത്‌ രണ്ടാംവാരമാണ്‌ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ്‌ ചേഞ്ചിന്റെ (ഐപിസിസി) പുതിയ പഠന റിപ്പോർട്ട്‌ പുറത്തുവന്നത്‌. പ്രളയം, കൊടുങ്കാറ്റ്, ചൂട്, വരൾച്ച, മറ്റു കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെല്ലാം വലിയ തോതിൽ ഉണ്ടാകുമെന്ന് നിരവധി പഠനം നേരത്തേതന്നെ മുന്നറിയിപ്പുനൽകിയിരുന്നു. ഈ പ്രവചനങ്ങളെയെല്ലാം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്‌ കാലംതെറ്റിയുള്ള മഴ, പ്രളയം, മഞ്ഞുവീഴ്‌ച, ഉഷ്‌ണത–- ശീത തരംഗങ്ങൾ, കാട്ടുതീ, കടൽക്കയറ്റം തുടങ്ങി പ്രതിഭാസങ്ങളെല്ലാം പല രാജ്യത്തിലും അരങ്ങേറി. ആഗോളതാപനം വർധിക്കുന്നതിലൂടെ ഉത്തരധ്രുവത്തിലെയും മറ്റു പ്രദേശങ്ങളിലെയും മഞ്ഞുരുകി കടൽനിരപ്പ്‌ ഉയരുന്നതും കടലിലെ താപനില വർധിക്കുന്നതും കടൽ കരയിലേക്ക്‌ കയറാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന്‌ റിപ്പോർട്ടിൽ മുന്നറിയിപ്പ്‌ നൽകുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മഞ്ഞുപാളിയിൽ ആദ്യമായി മഴപെയ്‌തു എന്ന വാർത്ത പുറത്തുവന്നത്‌ ഇതേ സമയത്താണ്‌. ആഗസ്‌ത്‌ 13ന്‌ 10,551 അടി ഉയരമുള്ള ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ പെയ്‌തതായ അമേരിക്കയിലെ സ്‌നോ ആൻഡ്‌ ഐസ്‌ ഡേറ്റാ സെന്ററാണ്‌ റിപ്പോർട്ട്‌ പുറത്തുവിട്ടത്‌. തണുപ്പ്‌ കുറഞ്ഞതാണ്‌ മഴ പെയ്യാൻ കാരണമായത്‌. ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ കൂടുമെന്ന്‌ ഈ ജനുവരിയിൽ യൂറോപ്യൻ യൂണിയന്റെ പഠന റിപ്പോർട്ട്‌ പുറത്തുവിട്ടിരുന്നു. ഓസോൺ പാളിയിലെ സുഷിരങ്ങളും ആഗോള *താപനവുമാണ്‌ ഇതിന്‌ കാരണമെന്നാണ്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌. ഹിമാലയത്തിലും മഞ്ഞുരുകൽ തുടങ്ങിക്കഴിഞ്ഞു.

ഓസോൺ പാളിക്ക്‌ ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്‌ ഹരിതഗൃഹ വാതകങ്ങളാണ്‌. ഫോസിൽ ഇന്ധനങ്ങൾ വഴി അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡയോക്സൈഡ്‌ ഉൾപ്പെടെയുള്ള വാതകങ്ങൾ സൂര്യനിൽനിന്നുള്ള വികിരണത്തെ ഭൂമിയിലേക്കെത്തുന്നത്‌ തടയുകയും ഭൂമിയിൽനിന്നുള്ള ഇൻഫ്രാറെഡ് വികിരണത്തെ ഭൗമാന്തരീക്ഷത്തിൽത്തന്നെ നിലനിർത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓസോൺ പാളികളിൽ സുഷിരം ഉണ്ടാകുന്നു. ഇത്‌ അന്തരീക്ഷ ഊഷ്‌മാവ്‌ കൂടാനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണമാകുന്നു. ആഗോളതാപനത്തെ തുടർന്ന്‌ ഉത്തരധ്രുവത്തിലെ മഞ്ഞുപാളികൾ ക്ഷണത്തിൽ ഉരുകിയാൽ സമുദ്രനിരപ്പിലെ ഉയർച്ച വേഗത്തിലാകും. കടൽനിരപ്പ്‌ അരയടി മുതൽ 2.7 അടി വരെ ഉയർന്നാൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 12 നഗരം വെള്ളത്തിലാകുമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പുനൽകുന്നു. കൊച്ചി, കണ്ട്‌ല, ഓഖ, ഭവ്‌നഗർ, മുംബൈ, മംഗളൂരു, പാരദീപ്‌, കിദിർപുർ, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങൾ ഇക്കൂട്ടത്തിൽപ്പെടും.

ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള വിയന്ന കൺവൻഷനിലും  ഭേദഗതിയിലും ഓസോൺ പാളിയെ ഇല്ലാതാക്കുന്ന വസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കണമെന്ന മോൺട്രിയൽ പ്രഖ്യാപനരേഖയിലെ കക്ഷിയാണ് ഇന്ത്യ. ഓസോൺ ശോഷണ വസ്തുക്കളുടെ (ഒഡിഎസ്) ഘട്ടംഘട്ട പരിപാടി ഇന്ത്യയും നടപ്പാക്കുന്നുണ്ട്‌. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കാൻ ലോ കാർബൺ ഇക്കോണമി അല്ലെങ്കിൽ, ഡീകാർബണൈസ്‌ഡ് ഇക്കോണമിയെന്ന പ്രഖ്യാപനം നടപ്പക്കാൻ എല്ലാ രാജ്യവും ശ്രമിക്കുന്നുണ്ട്‌. മുഖ്യ ഹരിതഗൃഹ വാതകമായ കാർബൺ ഡയോക്സൈഡിന്റെ ബഹിർഗമനത്തിൽ മുന്നിൽനിൽക്കുന്ന ഹൈ‍ഡ്രോകാർബൺ ഇന്ധനങ്ങളിൽനിന്ന് (ഫോസിൽ ഫ്യൂവൽ– പെട്രോൾ, ഡീസൽ) ചുവടുമാറ്റുകയാണ് ഡീകാർബണൈസേഷൻ അജൻഡയിലെ മുഖ്യഇനം.

ഇലക്ട്രിക് വാഹനം, പ്രകൃതിവാതകം, ബയോ ഫ്യൂവൽ എന്നിങ്ങനെ കാർബൺ ബഹിർഗമനം കുറഞ്ഞ ഇന്ധനം പ്രോൽസാഹിപ്പിക്കാൻ ലോകമൊട്ടാകെ ശ്രമിക്കുന്നുണ്ട്. ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡീകാർബണൈസേഷൻ മുന്നേറ്റ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ നടപ്പാക്കുന്നതിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ ഇന്ത്യക്ക്‌ സാധിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top