26 April Friday

മെച്ചപ്പെട്ട ലോകം, സഹകരണ പ്രസ്ഥാനത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കെയർ ഹോം പദ്ധതിയിൽ നിർമിച്ച വീടുകളിലൊന്ന്

മെച്ചപ്പെട്ട ലോക സൃഷ്‌ടിക്കായി സഹകരണപ്രസ്ഥാനം (Co-–-operatives Build a Better World ) എന്നതാണ് ഇത്തവണ അന്താരാഷ്ട്ര സഹകരണദിന സന്ദേശം. ഈ സന്ദേശം അന്വർഥമാക്കുന്നതരത്തിൽ കേരളത്തിലെ സഹകരണ സംഘങ്ങൾ വളർന്നുകഴിഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തിൽ വേരുറച്ച സഹകരണസംഘങ്ങളുടെ പ്രവർത്തനം കാലത്തിനൊപ്പമല്ല, കാലത്തിനു മുമ്പെയാണ് സഞ്ചരിച്ചതെന്നു പറയാം. 

വിത്തും വളവും വിതരണം ചെയ്യുന്ന സഹകരണസംഘങ്ങളിൽ തുടങ്ങി, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിത രാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്നതുവരെയും ഐടി രംഗത്തെ പുത്തൻ സങ്കേതങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതുവരെയും ലോകോത്തര വൻകിട നിർമാണ കരാർ കമ്പനികളോട് മത്സരിക്കുന്നതരത്തിലും കേരളത്തിലെ സഹകരണപ്രസ്ഥാനം വളർന്നുകഴിഞ്ഞു.

കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് വളർച്ച കൈവരിച്ച്‌ പുതിയ മേഖലകളിലേക്ക്‌ ചേക്കേറുമ്പോഴും  സാധാരണക്കാർക്കൊപ്പം നിൽക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും സഹകരണസംഘങ്ങൾ മുന്നിലുണ്ട്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രളയവും അതിവർഷവും അടക്കമുള്ള പ്രകൃതിക്ഷോഭങ്ങളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് താങ്ങായിനിൽക്കുന്ന നിലപാട്. ‘കെയർ ഹോം’ പദ്ധതി അശരണരെ ചേർത്തുനിർത്തി സംരക്ഷിക്കുന്ന ബൃഹദ് പദ്ധതിയാണ്. ഒന്നാം ഘട്ടത്തിൽ 2088 വീട്‌ നിർമിച്ച് കൈമാറി. രണ്ടാം ഘട്ടത്തിന്റെ ആദ്യ പദ്ധതിയിൽ 40 പേർക്ക് ഭവനസമുച്ചയം നിർമിച്ചു നൽകി. എല്ലാ ജില്ലയിലും  കെയർ ഹോമുകളുടെ നിർമാണ നടപടികൾ മുന്നേറുകയാണ്. അടച്ചുറപ്പുള്ള വീടെന്ന സാധാരണക്കാരുടെ സ്വപ്‌നം യാഥാർഥ്യമാക്കുന്നതിന്‌ സഹകരണസംഘങ്ങൾ മികച്ച പിന്തുണയാണ് നൽകിയത്.

കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിബന്ധങ്ങൾ മറികടക്കാൻ സഹകരണസംഘങ്ങൾ നിരവധി പദ്ധതികൾ നടപ്പാക്കി. സംസ്ഥാനത്ത് പ്രവർത്തിച്ച കമ്യൂണിറ്റി കിച്ചനുകൾക്ക് ആവശ്യമായ സഹായം നൽകിയതിനു പുറമെ പൾസ് ഓക്‌സിമീറ്ററുകൾ അടക്കമുള്ള ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്ത് സ്വകാര്യ കുത്തകകൾ സൃഷ്ടിച്ച വിലക്കയറ്റത്തിന് തടയിട്ടു. വായ്പാ തിരിച്ചടവിന് സാവകാശം നൽകിയും പലിശ ഇളവ് നൽകിയും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയും സഹകാരികൾക്കൊപ്പം നിൽക്കാനും കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ അംഗമല്ലാത്തവരുടെ മക്കൾക്കടക്കം സ്മാർട്ട് ഫോണും ടാബ്‌ലെറ്റും ലാപ്ടോപ്പും വാങ്ങുന്നതിനുള്ള തുക പലിശയില്ലാതെ വായ്‌പയായി നൽകി. കോവിഡ് പ്രതിസന്ധി സാധാരണക്കാരുടെ വരുമാനത്തെ ബാധിച്ചപ്പോൾ പടർന്നുപന്തലിച്ച ദിവസ പലിശക്കാരുടെ സംഘങ്ങളെ പ്രതിരോധിക്കാനും സഹകരണസംഘങ്ങൾക്ക്‌ കഴിഞ്ഞു. ഇതിനായി ‘മുറ്റത്തെ മുല്ല’ എന്നപേരിൽ കുടുംബശ്രീ യൂണിറ്റുകൾ വഴി കുറഞ്ഞ പലിശനിരക്കിൽ വായ്പാപദ്ധതി നടപ്പാക്കി. ഇന്ന് ഗ്രാമപ്രദേശങ്ങളിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും മുറ്റത്തെ മുല്ലയെയാണ്.

ഇതിനു സമാനമായാണ് സ്‌നേഹതീരം പദ്ധതി നടപ്പാക്കിയത്. തീരദേശങ്ങളിൽ മത്സ്യവിപണനവും അനുബന്ധ ജോലികളും ചെയ്യുന്നവർ ഭൂരിഭാഗവും ഒരു ദിവസത്തെയോ ഒരാഴ്ചത്തെയോ അവധിയിൽ ഉയർന്ന പലിശയ്ക്ക് പണം കടമെടുക്കുന്നവരാണ്. മത്സ്യവിൽപ്പനയ്ക്കുശേഷം വലിയൊരു തുക ഇവർക്ക് ബാധ്യതയാകുന്നു. ഇതൊഴിവാക്കുന്നതിനായാണ് സ്‌നേഹതീരം പദ്ധതി നടപ്പാക്കിയത്. ഫിഷറീസ് വകുപ്പുമായി ചേർന്ന് തീരപ്രദേശങ്ങളിലെ സഹകരണ സംഘങ്ങൾ വഴിയാണ് സ്‌നേഹതീരം നടക്കുന്നത്. അടിസ്ഥാനസൗകര്യ വികസനരംഗത്തും സഹകരണമേഖല ശക്തമായ ഇടപെടൽ നടത്തുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ഈ രംഗത്ത് ചരിത്രനേട്ടം സൃഷ്ടിച്ചു കഴിഞ്ഞു. റോഡുകളും പാലങ്ങളും വൻകിട കെട്ടിടങ്ങളുമൊക്കെ നിർമിക്കുന്നതിൽ ഏറ്റവും വിശ്വസ്തമായ സ്ഥാപനമായി യുഎൽസിസി മാറി. നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടി ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഐടി രംഗത്തും മാറ്റിനിർത്താൻ കഴിയാത്ത തരത്തിൽ വളരാനും ഇവർക്കായി.

സംസ്ഥാന സഹകരണസംഘം കേരള ബാങ്കെന്ന ബ്രാൻഡ് നെയിമിലേക്ക്‌ മാറിയപ്പോൾ സാമ്പത്തികരംഗത്ത് ശ്രദ്ധേയമായ സഹകരണ വിപ്ലവമാണ് സൃഷ്ടിക്കപ്പെട്ടത്. റീജണൽ ഓഫീസുകളും ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും ശാഖകളുമായി കൂടുതൽ സാധാരണക്കാർ ബന്ധപ്പെടുന്ന സ്ഥാപനമായി കേരള ബാങ്കിനു മാറാൻ കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിലാക്കിയ വ്യാപാരികളെയും വ്യവസായികളെയും സ്വയം സംരംഭകരെയും വിദ്യാർഥികളെയും കർഷകരെയുമൊക്കെ സഹായിക്കാൻ പദ്ധതികൾ കേരള ബാങ്ക് അവതരിപ്പിച്ചു. വലിയ സാമ്പത്തിക പിന്തുണ അവകാശപ്പെടുന്ന ദേശസാൽകൃത ബാങ്കുകളും സ്വകാര്യ പുതുതലമുറ ബാങ്കുകളുമൊക്കെ കടന്നുചെല്ലാൻ മടിക്കുന്ന മേഖലകളിലേക്ക്‌ കേരള ബാങ്ക് കടന്നുചെല്ലുകയും ആശ്വാസം പകരുകയും ചെയ്‌തു. നിക്ഷേപ സമാഹരണ യജ്ഞം പ്രഖ്യാപിച്ചപ്പോൾ ലക്ഷ്യം വച്ചതിനേക്കാൾ പല മടങ്ങ് നിക്ഷേപമാണ്  കേരള ബാങ്കിനു ലഭിച്ചത്‌. പൊതുജന വിശ്വാസ്യതയുടെ പരസ്യമായ പ്രഖ്യാപനമായിരുന്നു ഈ നേട്ടം.തൊഴിൽദായകരുടെ കൂട്ടത്തിലും മുൻപന്തിയിലാണ് സഹകരണമേഖല. ഒരു വർഷത്തിനിടയിൽ 1184 സ്ഥിരം നിയമനം നടത്തി. കേരള ബാങ്കിലെ ആയിരത്തോളം തസ്തികയിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. പുറമെ 56,279 തൊഴിലവസരമാണ് സഹകരണവകുപ്പിനു കീഴിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സൃഷ്ടിക്കപ്പെട്ടത്.

ഇത്തരത്തിൽ സംസ്ഥാനത്ത് എല്ലാ മേഖലയിലും സഹകരണമേഖല ശക്തമായ മുന്നേറ്റം നടത്തുകയാണ്. ഇതിനിടയിൽ സഹകരണരംഗത്തെ തകർക്കുന്നതിനുള്ള ആസൂത്രിതനീക്കങ്ങളും നടക്കുന്നുണ്ട്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ, ആശങ്ക സൃഷ്ടിക്കുന്ന മുന്നറിയിപ്പുകൾ, അവധാനതയില്ലാത്ത ഇടപെടലുകൾ തുടങ്ങി ഇല്ലാത്ത അധികാരവും അവകാശവും ഉന്നയിച്ച് ഫെഡറലിസത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ചില നീക്കങ്ങളും നടക്കുന്നുണ്ട്. നിയമപരമായി ഇതിനെ നേരിടുകയാണ് സർക്കാർ. ജനാധിപത്യം ഉറപ്പുനൽകുന്ന ജനകീയ പ്രതിരോധത്തിന്റെ മാർഗവും സ്വീകരിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി സഹകാരികൾ കേന്ദ്ര സർക്കാരിന്റെ സഹകരണ മേഖലയ്‌ക്കെതിരെയുള്ള നീക്കത്തിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ നാടിന്റെ വികസനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനുമായി സഹകരണമേഖലയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ  പുതുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top