26 April Friday

പാർലമെന്റിനെ പേടിക്കുന്ന മോഡിഭരണം - എം എ ആരിഫ് എംപി എഴുതുന്നു

എം എ ആരിഫ് എംപിUpdated: Saturday Aug 14, 2021

ജൂലൈ 19ന് ആരംഭിച്ച പാർലമെന്റിന്റെ വർഷകാലസമ്മേളനം ശബ്ദായമാനമായ അന്തരീക്ഷത്തിൽ അവസാനിച്ചു. 13 വരെ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനിടെ 11നു തന്നെ അവസാനിപ്പിച്ചത് കോർപറേറ്റ് അനുകൂല നിയമങ്ങൾ ശരവേഗത്തിൽ പാസാക്കാൻ സർക്കാരിന്‌ കഴിഞ്ഞതിനാലാണ്. കൃഷിക്കാർ എട്ടുമാസമായി നടത്തിവരുന്ന സമരം പാർലമെന്റ്‌ നടക്കുമ്പോഴും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിച്ച്‌ സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കിയതും വാക്സിൻ വിതരണത്തിലെ പിടിപ്പുകേടുകളുമെല്ലാം ചർച്ചയാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ്‌, സുപ്രീംകോടതി ജഡ്ജിമാരുടെയും പ്രതിപക്ഷ പാർടിനേതാക്കളുടെയും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെയും എന്തിന്‌, മന്ത്രിമാരുടെപോലും ഫോൺ ചാരസോഫ്റ്റ്‌‌വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ ചോർത്തിയ വിവരം പുറത്തുവന്നത്‌. ഇതോടെ സഭാതലം പ്രക്ഷുബ്ധമായി. 2019ലെ തെരഞ്ഞെടുപ്പിനുശേഷം പലതട്ടിൽനിന്ന പ്രതിപക്ഷ പാർടികളാകെ ഒന്നിക്കുകയും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ സമരത്തിലേക്ക്‌ കടക്കുകയും ചെയ്തു. പെഗാസസിന്റെ കടന്നുകയറ്റത്തിനെതിരെ ഫ്രാൻസ്‌ അടക്കമുള്ള രാജ്യങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇന്ത്യ എന്തേ അതിന്‌ തയ്യാറാകാത്തതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്‌ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉത്തരം പറയാൻ കൂട്ടാക്കിയില്ല.

ഫോൺ ചോർത്തലിന്‌ ഇരയായ ഐടി മന്ത്രി അശ്വിനി വൈഷ്ണവ്‌ ‘ഫോൺ ചോർത്തിയിട്ടില്ലെന്ന്’ പറഞ്ഞപ്പോൾ മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്‌, ‘50 രാജ്യം പെഗാസസ്‌ ഉപയോഗിച്ച്‌ ഫോൺചോർത്തിയിട്ടുണ്ട്‌, ഇന്ത്യയിൽ മാത്രമേ ഇപ്പോൾ പ്രശ്നമുള്ളൂ' എന്ന മട്ടിലാണ്‌ പ്രതികരിച്ചത്‌. 17 ദിവസം സഭ സമ്മേളിച്ചിട്ടും ഒരിക്കൽപ്പോലും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഹാജരായില്ല. ചോദ്യോത്തരവേളയിൽത്തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്കിറങ്ങി. പ്രതിഷേധത്തിനിടെ സ്പീക്കർ അര മണിക്കൂറോ ഒരു മണിക്കൂറോ സഭ നിർത്തിവച്ച്‌ ഇറങ്ങിപ്പോകും. പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ഇടവേളകളിൽ ഓരോരോ മന്ത്രിമാർ വന്ന് ബില്ലുകൾ അവതരിപ്പിച്ച്‌ ചർച്ചകൾകൂടാതെ പാസാക്കി സ്ഥലംവിടും.

ജനാധിപത്യവ്യവസ്ഥയിൽ പ്രതിപക്ഷത്തിന്‌ ലഭിച്ചിരുന്ന സ്ഥാനവും പരിഗണനയും എല്ലാം നിഷേധിച്ചു. ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിൽ ഏകാധിപത്യം നടപ്പാക്കുന്നതിനാണ്‌ സഭാതലം സാക്ഷ്യം വഹിച്ചത്‌. ഫോൺ ചോർത്തിയത്‌ രാജ്യരക്ഷയെ ബാധിക്കുന്ന പ്രശ്നമായിട്ടും, എൻഡിഎ ഘടകകക്ഷിനേതാവായ നിതീഷ്‌കുമാർപോലും ‘സത്യം പുറത്തുവരണ’മെന്ന് പറഞ്ഞിട്ടും കേന്ദ്രം കൂട്ടാക്കിയില്ല. "ഇപ്രകാരം രഹസ്യം ചോർത്തി എന്ന വസ്തുത സത്യമാണെങ്കിൽ അത്‌ അതീവ ഗൗരവകരമാണെന്ന്' സുപ്രീംകോടതി പരാമർശം വന്നിട്ടും ഒരു അന്വേഷണവും നടത്തില്ല എന്ന ധിക്കാരമാണ്‌ ബിജെപി പ്രകടിപ്പിച്ചത്‌.

പ്രമുഖ മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ്‌ എംപി എന്നിവരുൾപ്പെടെ നിരവധിപേർ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി നൽകി. പാർലമെന്റിൽ മറുപടി പറയാൻ ധൈര്യം കാണിക്കാത്തവർ കോടതിയിൽ മറുപടിപറയേണ്ട അവസ്ഥയിലെത്തിച്ചു. അവിടെ മറുപടി നൽകുന്നതിന്‌ അവധി ചോദിച്ച്‌ കേസ്‌ മാറ്റിവച്ചതു കൂടിയാകാം സഭ നേരത്തേ പിരിയാൻ കാര്യപരിപാടികൾ സർക്കാർ അമിതവേഗത്തിലാക്കിയത്‌. ഇതിനിടെ പെഗാസസ്‌ വിഷയം ചർച്ച ചെയ്യാനുള്ള ഐടി സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ ശ്രമത്തെ ബിജെപി അംഗങ്ങൾ സംഘടിതമായി തകർക്കുകയും ചെയ്തു. 2010ൽ 2ജി സ്‌പെക്‌ട്രം സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ പുറത്തുവന്നപ്പോൾ സംയുക്‌ത പാർലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട്‌ തുടർച്ചയായി ഇരു സഭയും സ്തംഭിപ്പിച്ച പാർടിയാണ്‌ ബിജെപി. അക്കാലത്ത്‌ പാർലമെന്റ്‌ ഒരു ബിൽ പോലും പരിഗണിച്ചില്ല എന്നതായിരുന്നു ചരിത്രം. ഇപ്പോഴാകട്ടെ, കിട്ടിയ തക്കത്തിൽ ചർച്ചകൂടാതെ രാജ്യത്തിന്റെ പൊതുസ്വത്ത്‌ കോർപറേറ്റുകൾക്ക്‌ തീറെഴുതുന്നതിനുള്ള അവസരമാക്കി.

ഇൻഷുറൻസ്‌ മേഖല നാടനും മറുനാടനുമായ കമ്പനികൾക്ക്‌ വിൽക്കുന്നതിനായി ജനറൽ ഇൻഷുറൻസ്‌ ബിസിനസ്‌ (ദേശസാൽക്കരണം) ഭേദഗതി ബിൽ, തൊഴിലാളി പണിമുടക്ക്‌ നിരോധിക്കുന്ന, പണിമുടക്കിയാൽ ശിക്ഷ ഉറപ്പാക്കുന്ന കരിനിയമമായ എസെൻഷ്യൽ ഡിഫൻസ്‌ സർവീസ്‌ ബിൽ, കോർപറേറ്റുകളുടെ കടബാധ്യതകൾക്ക്‌ സംരക്ഷണം നൽകുന്ന ഇൻസോൾവൻസി ആൻഡ്‌ ബാങ്ക്‌റപ്റ്റ്സി കോഡ്‌ ഭേദഗതി ബിൽ, നികുതിനിയമ ഭേദഗതി ബിൽ, എയർപോർട്ട്‌ ഇക്കണോമിക്‌ റെഗുലേറ്ററി അതോറിറ്റി ഭേദഗതി ബിൽ, നാളികേര വികസന ബോർഡ്‌ ഭേദഗതി ബിൽ, ഇൻലാൻഡ്‌ വെസൽസ്‌ ബിൽ തുടങ്ങി ചെറുതും വലുതുമായ 20 ബിൽ ചർച്ചകൂടാതെ പാസാക്കി . രാജ്യം വിറ്റുതുലയ്ക്കുന്ന ഈ നടപടികളിൽ പ്രതിഷേധിച്ച്‌ സഭാതലത്തിൽ ബില്ലുകൾ കീറി പ്രതിഷേധിച്ച ഈ ലേഖകനടക്കം 13 പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ ശകാരിക്കുകയും കടുത്ത നടപടി സ്വീകരിക്കുമെന്ന് താക്കീത്‌ നൽകുകയും ചെയ്‌തു. എന്നിട്ടും പ്രതിപക്ഷം പ്രക്ഷോഭം തുടരുകതന്നെ ചെയ്തു.

സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഒബിസി പട്ടിക പ്രകാരം സംവരണം നടപ്പാക്കിവരവെ കേന്ദ്ര ഒബിസി പട്ടിക പ്രകാരമുള്ള സംവരണമാണ്‌ നടപ്പാക്കേണ്ടതെന്നുപറഞ്ഞ്‌ 2018ൽ ഭരണഘടനയുടെ 102–-ാം ഭേദഗതി ബിജെപി സർക്കാർ കൊണ്ടുവന്നിരുന്നു. ഇപ്പോൾ വീണ്ടും സംവരണ അവകാശം സംസ്ഥാനങ്ങൾക്ക്‌ തിരിച്ചു നൽകുന്ന 127–-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം സഹകരിക്കാൻ തീരുമാനിച്ചു.

ഇതിന്റെ ചർച്ചയും വോട്ടെടുപ്പുമായി എട്ട്‌ മണിക്കൂർ മാത്രമാണ്‌ ഈ വർഷകാല സമ്മേളനത്തിൽ സഭ പ്രവർത്തിച്ചത്‌. മറ്റെല്ലാ അവസരത്തിലും ചർച്ച തടയാൻ ലക്ഷ്യമിട്ട്‌ സഭ സ്‌തംഭിപ്പിക്കുകയായിരുന്നു ഭരണപക്ഷം. പാർലമെന്ററി ജനാധിപത്യത്തിന്‌ ബിജെപി എന്ന ഭരണകക്ഷി ഉയർത്തുന്ന ഭീഷണിയും വെല്ലുവിളികളും എത്ര ഭീകരമാണെന്ന സത്യമാണ്‌ ഈ സമ്മേളനം വെളിപ്പെടുത്തിയത്‌. ലോകസഭയിലും രാജ്യസഭയിലും ധിക്കാരപരമായ നിലപാടാണ്‌ ഭരണപക്ഷം സ്വീകരിച്ചത്‌. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പാർലമെന്റിൽ കോർപറേറ്റുകളെ ശക്തിപ്പെടുത്തുന്നതിനുള്ള നിയമനിർമാണങ്ങൾ മാത്രമാണ്‌ നടക്കുന്നത്‌. ജനാധിപത്യ അവകാശങ്ങളെയും പൗരാവകാശങ്ങളെയും കാറ്റിൽപ്പറത്തി രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുകയാണ്‌ സർക്കാർ. നാടിനെത്തന്നെ പണയപ്പെടുത്തിയ ബിജെപി മന്ത്രിമാർ പാർലമെന്റ്‌ സ്തംഭനത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്റെ ചുമലിൽ ചാർത്താനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. അത്‌ ജനം തിരിച്ചറിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top