04 May Saturday

തൊട്ടറിയാം ഈ മാറ്റം - വ്യവസായമന്ത്രി പി രാജീവ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2023

 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കയർ, കശുവണ്ടി, നെയ്ത്ത് അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ലക്ഷക്കണക്കിനാളുകൾ പ്രവർത്തിക്കുന്ന കയർ, കൈത്തറി, കശുവണ്ടി, ഈറ്റ രംഗത്ത് സർക്കാർ തുടർച്ചയായി നൽകിയ പിന്തുണയാണ് പൂർണ തകർച്ചയിൽനിന്ന്‌ പിടിച്ചു നിർത്തിയത്. സാമ്പത്തിക പിന്തുണകൊണ്ടുള്ള താൽക്കാലികാശ്വാസത്തിന് അപ്പുറത്ത് അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കയർ, കൈത്തറി, കശുവണ്ടി മേഖലകളെ സംബന്ധിച്ച് ശാസ്ത്രീയമായി പഠിച്ച് പരിഹാരം നിർദേശിക്കാനായി പ്രത്യേകം കമീഷനുകളെ നിയോഗിച്ചു. രാജ്യത്തെതന്നെ പ്രമുഖ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ നിയോഗിച്ച സമിതി ഈ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പോകുകയാണ്. കയർ, കശുവണ്ടി മേഖലകളിൽ നിയോഗിച്ച വിദഗ്ധസമിതികൾ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇവയിലെ ശുപാർശകളെ അടിസ്ഥാനപ്പെടുത്തി പരമ്പരാഗതമേഖലയിൽ ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും നടപ്പാക്കുന്നതിനുള്ള ശ്രമം നടത്തുകയാണ് സർക്കാർ. ഇതിലൂടെ പരമ്പരാഗതമേഖലയിൽ സുസ്ഥിരമായ വികാസം സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫലപ്രദമായ കർമപദ്ധതി
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ രണ്ടാം പുനഃസംഘടനയാണ് കയർമേഖലയ്ക്ക് താൽക്കാലികാശ്വാസമായത്. പക്ഷേ, സംഭരിച്ച് ഗോഡൗണിൽ സൂക്ഷിച്ച ചകിരിയും കയറും കയറുൽപ്പന്നങ്ങളും വിറ്റഴിക്കാൻ കഴിയാതിരുന്നതോടെ കയർഫെഡും കയർ കോർപറേഷനും പ്രതിസന്ധിയിലായി. കൂടുതൽ ഗോഡൗണുകൾ വാടകയ്‌ക്ക് എടുത്ത്, ഉണ്ടാക്കുന്ന കയറെല്ലാം സംഭരിക്കുകയെന്ന അശാസ്ത്രീയ സമീപനം പ്രതിസന്ധിയുടെ ആഴം കൂട്ടി. വിപണിയിലെ മാറ്റങ്ങളും ഉപയോക്താക്കളുടെ പുതിയ അഭിരുചികളും ഉൾക്കൊണ്ട് വൈവിധ്യവൽക്കരണം നടപ്പാക്കാൻ സാധിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഈ ഘട്ടത്തെ മറികടക്കുന്നതിനും സംഭരിച്ചു കൂട്ടിയ കയർ വിറ്റഴിക്കുന്നതിനുമായി സർക്കാർ തയ്യാറാക്കിയ കർമപദ്ധതി ഫലപ്രദമായി നടപ്പാക്കുകയാണ് ഇപ്പോൾ. കയറ്റുമതിക്കാരും ചെറുകിട ഉൽപ്പാദകരും സൊസൈറ്റികളും തൊഴിലാളി യൂണിയനുകളുമായി പലതവണ ചർച്ച നടത്തി. ഇതോടെ ഏഴു ഗോഡൗണിലെ കയറും ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ സാധിച്ചു. ഉദ്യോഗസ്ഥർ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശിച്ച് കയർ ഭൂവസ്ത്രത്തിന്റെ വിപണി വിപുലപ്പെടുത്തി. ഇതിന്റെകൂടി ഫലമായി 2022–-23ൽ 64 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം തദ്ദേശസ്ഥാപനങ്ങൾക്ക് വിതരണം ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കായി ആലപ്പുഴയിൽ ശിൽപ്പശാല സംഘടിപ്പിച്ചതും ഫലം കണ്ടു. ഒഡിഷയിലെ ഖനികൾക്ക് കയർ ഭൂവസ്ത്രം ലഭ്യമാക്കാനുള്ള ഓർഡർ നേടിയെടുക്കാൻ കേരളത്തിന് സാധിച്ചു. ആഗോള വിപണി ലക്ഷ്യമിട്ട് പുതുതലമുറ ആഗ്രഹിക്കുന്ന ഡിസൈനുകളിൽ ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ പരിശീലനവും നാഷണൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സംഘടിപ്പിച്ചുവരികയാണ്. ഇത്തരത്തിൽ 500 തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി ഫണ്ട് അനുവദിച്ചു.

എല്ലാ കയർ സംഘങ്ങൾക്കും പ്രവർത്തന മൂലധനം നൽകിയതിനൊപ്പം ചെറുകിട ഉൽപ്പാദകർക്കും സംസ്ഥാന സർക്കാർ പ്രവർത്തനമൂലധനം അനുവദിച്ചു. ഇതിനായി 2023–-24ൽ 5.36 കോടി രൂപ അനുവദിച്ചു. കൂടാതെ, കയർ മാറ്റ്സ് ആൻഡ്‌ മാറ്റിങ്സ് സൊസൈറ്റികൾക്കുമാത്രം അധിക സഹായമായി 16 ലക്ഷം രൂപയും അനുവദിച്ചു. കയർമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഇടക്കാലത്ത് നിലച്ചുപോയ മാനേജീരിയൽ സബ്സിഡി പുനഃസ്ഥാപിച്ചത്. തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ടിങ് സ്കീമിന്റെ ഫണ്ടും ഓണത്തിനു മുമ്പ് അനുവദിച്ചു. ഓണക്കാലത്ത് കയർമേഖലയിൽ 45.05 കോടിയാണ് അനുവദിച്ചത്.

ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം
സംസ്ഥാന സർക്കാർ കയർമേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങൾ വിജയതീരമടുക്കുമെന്നു തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ന് കയർ ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് വിപുലപ്പെടുത്തുന്നതിന് ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോം ഉൾപ്പെടെ ഉപയോഗിച്ചുവരികയാണ്. ആധുനികവൽക്കരണം സാധ്യമായതിലൂടെ ഗുണമേന്മയുള്ള ചകിരിയും കയറും കയറുൽപ്പന്നങ്ങളും ചെലവ് കുറച്ച് ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു. കൂടാതെ, കയർമേഖലയെ മത്സരക്ഷമവും ലാഭകരവുമാക്കാനും തൊഴിലാളിക്ക് ന്യായമായ കൂലി ഉറപ്പുവരുത്താനും ഇപ്പോൾ സ്വീകരിച്ച നടപടികൾക്കും നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഉൽപ്പാദനക്ഷമത വർധിപ്പിച്ച്‌ വ്യവസായത്തെ ശക്തിപ്പെടുത്താനും തെറ്റായ രീതികൾ അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ട്രേഡ് യൂണിയനുകളും വ്യവസായികളും നൽകുന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്.


 

ഒരു കാലത്ത് കയറ്റുമതി ഉൾപ്പെടെയുള്ള മേഖലയിൽ മുൻനിരയിൽ നിന്നിരുന്ന കശുവണ്ടി വ്യവസായം അസംസ്കൃത വസ്തുവായ തോട്ടണ്ടിയുടെ ലഭ്യതക്കുറവ്, വർധിച്ച ഉൽപ്പാദനച്ചെലവ്, കാലോചിതമായ ആധുനികവൽക്കരണത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാൽ പ്രതിസന്ധി നേരിടുകയായിരുന്നു. ഇത് മറികടക്കുന്നതിൽ ശക്തമായ ചുവടുവയ്‌പിനാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കശുവണ്ടിമേഖല സാക്ഷ്യംവഹിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബാങ്കുകളുമായി തുടർച്ചയായി നടത്തിയ ചർച്ചകളുടെ ഫലമായി പ്രത്യേക സ്കീം അംഗീകരിച്ചു. 2021 മാർച്ച് 31 വരെ കിട്ടാക്കടമായ കശുവണ്ടി വ്യവസായികളുടെ പലിശയും പിഴപ്പലിശയും പൂർണമായും എഴുതിത്തള്ളാൻ ബാങ്കുകൾ സമ്മതിച്ചു. രണ്ടു കോടി രൂപവരെയുള്ള വായ്പകൾക്ക് 50 ശതമാനവും അതിനു മുകളിലുള്ള വായ്പകൾക്ക് 60 ശതമാനവുംമാത്രം തിരിച്ചടച്ചാൽ മതിയെന്നും ധാരണയായി. ഫലത്തിൽ പത്തുകോടി വായ്പ എടുത്ത് കിട്ടാക്കടമായ ആളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളി ആറുകോടി രൂപമാത്രം തിരിച്ചടച്ചാൽ മതിയാകും. ഈ മേഖലയിൽ വലിയ ആശ്വാസമാണ് ഈ തീരുമാനം സൃഷ്ടിച്ചത്.

നിലവിലുള്ള സ്വകാര്യ വ്യവസായങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക സ്കീം സർക്കാർ ആവിഷ്കരിച്ചു. സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളുടെ സ്ഥാപനയുടമയുടെ വിഹിതത്തിന്റെ പ്രധാന ഭാഗം സർക്കാർ നൽകുകയാണ്. ഇതിനായി 20 കോടി രൂപയാണ് മാറ്റിവച്ചത്. ഷെല്ലിങ് മേഖലയിലെ ആധുനികവൽക്കരണത്തിനും (90 ശതമാനവും സ്ത്രീ തൊഴിലാളികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ) സ്ത്രീസൗഹൃദ തൊഴിലിടം ശക്തിപ്പെടുത്തുന്നതിനുമായി അഞ്ചുകോടി രൂപ വീതം അനുവദിച്ചു. സ്വകാര്യ ഫാക്ടറികളുടെ പ്രവർത്തന മൂലധന വായ്പയുടെ പലിശയുടെ അമ്പതു ശതമാനം പരമാവധി പത്തുലക്ഷം രൂപവരെ സർക്കാർ നൽകുന്നതിനും തയ്യാറായി.

കശുവണ്ടി മേഖലയുടെ ഉന്നമനത്തിന് ആധുനികവൽക്കരണം അനിവാര്യമാണ്. ആധുനികവൽക്കരണത്തിലൂടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി ക്യാപ്പിറ്റൽ സബ്സിഡിയായി 40 ലക്ഷം രൂപവരെ നൽകും. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി കോർപറേഷനിലും കാപ്പെക്സിലും തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ സാമ്പത്തിക പിന്തുണയും സർക്കാർ നൽകുന്നു. ചരിത്രത്തിലാദ്യമായി കശുവണ്ടി കോർപറേഷനിൽ വിരമിച്ച ദിവസംതന്നെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാൻ സാധിച്ചത് സമാനതകളില്ലാത്ത നേട്ടമായി.

കൈത്തറിമേഖലയിൽ മുന്നേറ്റം
കൈത്തറിമേഖലയിൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മുന്നേറ്റമുണ്ടാക്കാൻ സാധിച്ച വർഷങ്ങളാണ് കടന്നുപോയത്. എങ്കിലും പുതുതലമുറയിലേക്ക് കടന്നെത്താൻ കഴിയുന്നില്ലെന്ന പോരായ്മ നിലനിൽക്കുകയാണ്. ഇത് മറികടക്കുന്നതിനും പുതിയ വിപണന സാധ്യതകൾ കണ്ടെത്താൻ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനുമായി സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ നടപ്പാക്കിയ സ്കൂൾ യൂണിഫോം പദ്ധതി കൈത്തറിമേഖലയ്‌ക്ക് വലിയ ആശ്വാസമാണ് നൽകിയത്. അതോടൊപ്പം കൈത്തറി ഷർട്ടുകളും ചുരിദാറുകളും ഹാൻടെക്സും ഹാൻവീവും വിപണിയിലിറക്കി. മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പുതിയ കാലത്തിന് ചേരുന്ന കൈത്തറി വസ്ത്രങ്ങൾ ഉൽപ്പാദിപ്പിക്കാനും ആരംഭിച്ചു. ‘ക' എന്ന കേരള ബ്രാൻഡ് കൈത്തറിക്കായി ആരംഭിച്ചതും ചേന്ദമംഗലം കൈത്തറി ഗ്രാമംപദ്ധതി നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതും ഈ സർക്കാരിന്റെ കാലത്താണ്.


 

‘ഖാദി പഴയ ഖാദിയല്ല’ എന്ന പദ്ധതി ആ മേഖലയിലും വൈവിധ്യവൽക്കരണം സാധ്യമാക്കുകയാണ്. ഡോക്ടർമാരുടെ യൂണിഫോമും മറ്റും തയ്യാറാക്കി വിപണിയിലെത്തിച്ചു. സർക്കാർ, പൊതുമേഖല ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം കൈത്തറിയോ ഖാദിയോ ധരിക്കണമെന്ന പൊതുനിർദേശം സർക്കാർ ഉത്തരവായിറക്കിയതും നല്ല പ്രതികരണമുണ്ടാക്കി.

മറ്റൊരു പ്രധാന പരമ്പരാഗത മേഖലയായ കരകൗശലരംഗത്തും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. വിദഗ്ധതൊഴിലാളികൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിന് ജനറൽ വിഭാഗത്തിന് നൽകിവരുന്ന തുക മൂന്നു ലക്ഷം രൂപയായും എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് 4.5 ലക്ഷം രൂപയായും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പ്രവർത്തന മൂലധനം പൊതുവിഭാഗത്തിന് അഞ്ചുലക്ഷം രൂപയായും എസ്‌സി, എസ്ടി വിഭാഗത്തിന് 7.50 ലക്ഷം രൂപയായും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകുന്നു.

ബാംബൂ കോർപറേഷൻ അകപ്പെട്ടിരുന്ന പ്രതിസന്ധിയിലും സർക്കാർ കൈത്താങ്ങ് നൽകി ഉയർത്തിക്കൊണ്ടുവരികയാണ്. പ്രത്യേക സാമ്പത്തിക സഹായം നൽകിയാണ് സർക്കാർ ഈ മേഖലയ്ക്ക് പുതുജീവൻ നൽകിയത്. ജീവനക്കാരായ ഈറ്റ, പനമ്പ് തൊഴിലാളികൾക്കും കൂലി കുടിശ്ശികയുടെ ഒരു ഭാഗം നൽകാൻ സാധിച്ചു. രാജ്യത്തെമ്പാടും പരമ്പരാഗതമേഖല പ്രതിസന്ധി നേരിടുമ്പോഴാണ് കേരളം പരമ്പരാഗത വ്യവസായമേഖലയെ ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ച് സംരക്ഷിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. ആധുനികവൽക്കരണത്തിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും പരമ്പരാഗതമേഖലയെ പുനരുജ്ജീവിപ്പിച്ച് സ്വകാര്യമേഖലയോട് മത്സരക്ഷമമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമ്പരാഗതമേഖല ലാഭകരമാക്കി മാറ്റാൻ സാധിച്ചാൽ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ശമ്പളം ഉറപ്പുവരുത്താനും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പരമ്പരാഗതമേഖലയ്ക്കുകൂടി സ്വന്തമായൊരു ഇടമാക്കി മാറ്റാനും സാധിക്കും. അതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. മാറ്റം സാധ്യവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top