26 April Friday

രൂപ എങ്ങോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ സമീപകാല തകർച്ച രൂക്ഷമാകുന്നതുമാണ് പോയവാരത്തിൽ സാമ്പത്തിക ലോകത്തെ പ്രധാന വാർത്ത.  ഒരു ഡോളറിന്റെ വില 81.48 രൂപ എന്ന സർവകാല റെക്കോഡ്  നിലയിലേക്ക് കുതിച്ചുയർന്നു. ദുർബലമാകുന്ന  കറൻസി, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയ്‌ക്കുനേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്. രൂപയുടെ പോക്ക് എങ്ങോട്ട് എന്നതും ഏത് നിലവാരത്തിൽ ഡോളർ വില സ്ഥിരതയാർജിക്കുമെന്നതുമാണ് ഉദ്വേഗമുയർത്തുന്ന കാര്യം. ചരിത്രദിനമാണ് 2022 ജൂലൈ 19ന് പിറന്നത്.  രൂപയുമായുള്ള വിനിമയത്തിൽ ഡോളറിന്റെ നിരക്ക് 80 രൂപയ്‌ക്ക് മുകളിലെത്തിയത് അന്നാണ്.  74.5 രൂപയായിരുന്നു ഈ വർഷം ജനുവരിയിലെ ശരാശരി ഡോളർ വില. കഴിഞ്ഞ എട്ട് മാസത്തിനിടയിൽമാത്രം ഡോളറിന്റെ മൂല്യത്തിലുണ്ടായ വർധന 8.3  ശതമാനമാണ്.  

അമേരിക്ക പലിശനിരക്കിൽ വർധന വരുത്തുന്നത് ലോകത്തെ മിക്കവാറും എല്ലാ പ്രമുഖ കറൻസികൾക്കെതിരെയും ഡോളറിന്റെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ, ഏറ്റവും പ്രധാനമായ കാര്യം,  പ്രമുഖ കറൻസികളുടെ കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്നത് ഇന്ത്യൻ  രൂപയാണ് എന്നതാണ്. മാർച്ചിൽ 6.36 ചൈനീസ് യുവാൻ ആയിരുന്നു ഒരു ഡോളറിന്റെ നിരക്കെങ്കിൽ നിലവിൽ അത് 7.12 യുവാൻ ആണ്. വിനിമയ മാർക്കറ്റിൽ സ്ഥിതി മോശമാണെങ്കിലും റിസർവ് ബാങ്ക്  ശക്തമായ ഇടപെടൽ നടത്തുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.  ഡോളർ വിപണിയിലിറക്കി ചെറുത്തുനിൽപ്പിന്  ശ്രമം നടത്തുന്നുണ്ടെങ്കിലും വിപണിയിലെ ബലാബലങ്ങൾക്ക് അനുസൃതമായി  വില ചലിക്കുമെന്ന നിലപാടുമായാണ് കേന്ദ്ര ബാങ്ക് മുന്നോട്ട് പോകുന്നത്.  റിസർവ് ബാങ്കിന്റെ ഇടപെടൽ രൂപയെ തുണയ്‌ക്കുന്നില്ല എന്നതും കുഴയ്ക്കുന്ന പ്രശ്നമാണ്. കഴിഞ്ഞ ഏതാനും വർഷത്തെ ഡോളറിന്റെ ചലനങ്ങൾ നിരീക്ഷിക്കുമ്പോൾ രൂപയ്‌ക്കെതിരെ വാർഷികാടിസ്ഥാനത്തിൽ 1.5  ശതമാനം  ശരാശരി  മൂല്യവർധന,  ഡോളർ നേടുന്നതായി കാണാം.

നിർണായകമായത് ഫെഡ് റിസർവ് തീരുമാനം

സെപ്തംബർ 21ന് അമേരിക്ക പലിശനിരക്ക് 0. 75 ശതമാനം ഉയർത്തിയതാണ്  ആഗോള കറൻസികൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നതിനുള്ള മുഖ്യകാരണമായത്. ജനുവരിയിൽ -0. 25 ശതമാനമായിരുന്ന അമേരിക്കയിലെ അടിസ്ഥാന നിരക്ക് ഇപ്പോൾ 3.15 ശതമാനമാണ്. പണപ്പെരുപ്പനിരക്ക് എട്ട് ശതമാനത്തിനു മുകളിൽ തുടരുന്നതിനാൽ യുഎസ് ഫെഡറൽ റിസർവിന് മുന്നിൽ മറ്റു പോംവഴികളില്ല.  വാസ്തവത്തിൽ പലിശനിരക്ക് 0. 75 ശതമാനം കണ്ട്  ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഫെഡറൽ റിസർവ്  അധികൃതരുടെ തുടർ പ്രസ്താവനകൾ ആഗോളതലത്തിൽ കറൻസി വിപണികളെ മാത്രമല്ല ഓഹരി, സ്വർണ വിപണികളെയും പാടെ ഉലയ്ക്കുകയുണ്ടായി. പലിശനിരക്കിൽ ഇനിയും വർധനയുണ്ടാകുമെന്നും  നിരക്ക് 4.4,  -4.5 ശതമാനത്തിലേക്ക് ഉയരുമെന്നുമുള്ള  സൂചനകൾ ശക്തമായതാണ് വിപണികളുടെ തകർച്ചയ്‌ക്ക് ആക്കം കൂട്ടിയത്. 2023ൽ  4.6 ശതമാനമെന്ന ടെർമിനൽ നിരക്കിലേക്ക്  ഉയർത്തുമെന്ന  സൂചനയും അധികൃതർ നൽകുകയുണ്ടായി. മാത്രവുമല്ല, പണപ്പെരുപ്പം  നിയന്ത്രണവിധേയമാകുന്നതിന്‌  കുറഞ്ഞത് രണ്ടു വർഷം വേണ്ടിവരുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തികസ്ഥിതി അമേരിക്കയിൽ അത്ര രൂക്ഷമാണ്. അതായത്,  ഹ്രസ്വകാലാടിസ്ഥാനത്തിൽ അമേരിക്ക ഉയർന്ന "പലിശരാജ്' തുടരുമെന്നത് വ്യക്തമാണ്. ഇത് ഡോളറിന് കൂടുതൽ കരുത്ത് പകരുന്ന ഏറ്റവും അനുകൂലമായ സാഹചര്യമാണ്.

അമേരിക്ക പലിശനിരക്കിൽ വർധന വരുത്തുന്നത് ലോകത്തെ മിക്കവാറും എല്ലാ പ്രമുഖ കറൻസി കൾക്കെതിരെയും ഡോളറിന്റെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ, ഏറ്റവും പ്രധാനമായ കാര്യം,  പ്രമുഖ കറൻസികളുടെ കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്നത് ഇന്ത്യൻ രൂപയാണ് എന്നതാണ്

ഇതുമൂലം യുഎസ് ട്രഷറി നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഉയരുന്നുവെന്നത് ഡോളറിലെ നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു. പത്ത് വർഷക്കാലാവധിയുള്ള യുഎസ് ട്രഷറി ബോണ്ട് നിക്ഷേപത്തിൽനിന്നുള്ള വാർഷിക ആദായം 3. 60 ശതമാനം എന്ന തോതിലേക്ക് ഉയർന്നിട്ടുണ്ട്. 2011നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. സ്വാഭാവികമായും നിക്ഷേപ ഫണ്ടുകളെ സംബന്ധിച്ചിടത്തോളം ഡോളർ അധിഷ്ഠിത കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിക്കുന്നത് കൂടുതൽ ലാഭകരമാണ്.  ഡോളർ കരുത്താർജിക്കുന്നതിനു പിന്നിലെ മുഖ്യകാരണമിതാണ്. ഇക്കാരണത്താൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂലധന വിപണികളിൽനിന്നും സ്വർണത്തിലുള്ള നിക്ഷേപത്തിൽനിന്നും നിക്ഷേപ സ്ഥാപനങ്ങൾ പിൻവാങ്ങുന്ന സ്ഥിതിയുണ്ട്. ഓഹരി മാർക്കറ്റുകൾ ആഗോളതലത്തിൽ തകരുന്നതിനും സ്വർണത്തിന്റെ വിലയിടിവിലേക്കും നയിക്കുന്നത് ഇതാണ്.

ഇന്ത്യൻ കറൻസിക്ക് പുറമെ ഓഹരി വിപണിക്കും അതിനിർണായകമാണ് അമേരിക്കൻ ഫെഡറൽ റിസർവിന്റെ  ഓരോ തീരുമാനവും.  ഡോളർ വിലയിലെ ഉയർച്ച, ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഏൽപ്പിക്കുന്ന ആഘാതം കനത്തതാണ്.  ക്രൂഡ് ഓയിൽ വില ഒരു ബാരലിന്  86 ഡോളറിലേക്ക് താഴ്‌ന്നിട്ടുണ്ട്. ലോകത്തിന് വലിയ ആശ്വാസം നൽകുന്ന ഈ വാർത്ത പക്ഷേ ഇന്ത്യക്ക് നേട്ടം കൊണ്ടുവരുന്നില്ല.  ഡോളർ വിലയിലെ കുതിപ്പ് എണ്ണവിലയിടിവ് കൊണ്ടുള്ള നേട്ടത്തെ നിർവീര്യമാക്കുന്നു.  അതുകൊണ്ട് രൂപ നേരിടുന്ന തകർച്ച ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്ഘടനയെ തളർത്തുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top