27 April Saturday

കേന്ദ്രത്തിന്റെ കൈവിട്ട കളികൾ - ജോർജ് ജോസഫ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണ കേന്ദ്ര സർക്കാർ ധന മാനേജ്‌മെന്റ് രംഗത്തെ എല്ലാ കീഴ് വഴക്കങ്ങളും നിയന്ത്രണങ്ങളും മറികടന്നുള്ള കൈവിട്ട കളികൾക്ക് മുതിരുന്നുവെന്ന് സാമ്പത്തിക മേഖലയിലെ ഏറ്റവും പുതിയ   നീക്കങ്ങൾ വ്യക്തമാക്കുന്നു. 2020--–21 സാമ്പത്തിക വർഷത്തിലെ പുതുക്കിയ കണക്കുകൾ അനുസരിച്ച് ധനകമ്മി 9.5 ശതമാനമായി കുതിച്ചുയരുമെന്ന് കേന്ദ്ര ബജറ്റ്  വ്യക്തമാക്കുന്നുണ്ട്.  ധനകമ്മി 3. 5 ശതമാനത്തിൽ പിടിച്ചുനിർത്തുമെന്ന് മുൻ ബജറ്റിൽ പ്രസ്താവിച്ചിരുന്ന സ്ഥാനത്താണ്  ഇപ്പോൾ മൂന്നിരട്ടിയായി ഉയർന്നിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ധനകമ്മി 6. 8 ശതമാനമാണ്. ദേശീയ സാമ്പത്തിക മാനേജ്‌മെന്റ് നേരിടുന്ന  ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുടെ  നേർചിത്രമാണ് ഇത് വെളിവാക്കിത്തരുന്നത്.

എന്നാൽ, പ്രശ്‌നപരിഹാരത്തിന് സർക്കാരിന് വ്യക്തതയില്ലെന്ന് മാത്രമല്ല, ഏതുവിധേനയും പണം കണ്ടെത്തി താൽക്കാലിക പരിഹാരം കണ്ടെത്തുന്നതിനാണ് ശ്രമം. (ഇതാകട്ടെ പ്രതിസന്ധിയുടെ ആഴവും പരപ്പും വർധിപ്പിക്കുമെന്ന് മാത്രമല്ല,  കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതുമായി പരിണമിക്കുകയുമാണ്.)


 

വിഭവസമാഹരണത്തിന് ബജറ്റ് കാണുന്ന രണ്ടു പ്രധാന വഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയും കൂടുതൽ കടമെടുക്കലുമാണ്. നവരത്ന കമ്പനികൾ അടക്കമുള്ള പൊതുസ്വത്തുക്കളുടെ തൂക്കിവിൽപ്പന വഴി (1. 75 ലക്ഷം കോടി രൂപ) സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ 2021–- -22 സാമ്പത്തിക വർഷത്തിൽ  12.06 ലക്ഷം കോടി രൂപ കടമെടുക്കുന്നതിനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനുള്ള ചർച്ചകൾ റിസർവ് ബാങ്കുമായി കേന്ദ്ര ധനമന്ത്രാലയം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കടമെടുക്കൽ ഒരു തടസ്സവുമില്ലാതെ മുന്നോട്ട് പോകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്,  ധനമന്ത്രി നിർമല സീതാരാമന്‌ ഉറപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ഇതുകൊണ്ടൊന്നും സാമ്പത്തികത്തകർച്ചയെ ഒഴിവാക്കാൻ കഴിയില്ലെന്ന് ബോധ്യമായ സാഹചര്യത്തിൽ റിസർവ് ബാങ്കിൽനിന്നുള്ള (ലാഭവിഹിതം) വളരെ നേരത്തേ,  അതായത് മാർച്ച് 31ന്‌ മുമ്പായി നൽകണമെന്ന നിർദേശം ധനമന്ത്രാലയം നൽകിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ പ്രതിസന്ധി താൽക്കാലികമായി മറികടക്കുന്നതിനാണ് ഈ അസാധാരണ നീക്കം. 2019--–20ൽ 57,128 കോടി രൂപ ഡിവിഡന്റായി റിസർവ് ബാങ്ക് കൈമാറിയിരുന്നു.

തൊട്ടടുത്ത വർഷം ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഇതഃപര്യന്തമായി ആർബിഐയുടെ കരുതൽ ധനസൂക്ഷിപ്പ്  5. 5 ശതമാനത്തിലേക്ക് താഴ്‌ത്തി,  1.76 ലക്ഷം കോടി രൂപ കേന്ദ്രം വാങ്ങിയിരുന്നു. ഇപ്പോൾ  ലാഭവിഹിതമായി ആവശ്യപ്പെട്ടിരിക്കുന്നത് 60,000 കോടി രൂപയാണ്. സാധാരണഗതിയിൽ ഏപ്രിൽ–-ജൂൺ മാസങ്ങളിലായാണ് റിസർവ് ബാങ്കിന്റെ ലാഭവിഹിതം കേന്ദ്രത്തിന് കൈമാറുന്നത്. എന്നാൽ, ഇത്തവണ അത് നേരത്തേയാക്കണമെന്ന ആവശ്യമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട,  സാമ്പത്തിക മേഖലയിലെ ഏറ്റവും നിർണായകമായ ഒരു സ്വയംഭരണ  സ്ഥാപനത്തെയാണ് കേന്ദ്ര സർക്കാർ ഇവ്വണ്ണം  ഞെക്കിപ്പിഴിയുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ ഏറ്റവും ഉന്നതമായ പങ്കുവഹിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ (പെട്ടാപെട്ട വിലയ്ക്ക്)  വിറ്റുതുലയ്ക്കുക, ഭീമമായ തോതിൽ കടമെടുക്കുക, ധനമേഖലയുടെ കാവലാളായ കേന്ദ്ര ബാങ്കിനെ പരമാവധി ഊറ്റിയെടുക്കുക തുടങ്ങിയ അപകടകരമായതും അപക്വവുമായ നടപടികളാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.


 

ഇതിനുപുറമെ റിസർവ് ബാങ്ക് സൂക്ഷിക്കുന്ന സ്വർണത്തിന്റെ ഒരു ഭാഗം വിൽക്കുന്നതിനും നീക്കമുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന്റെ അഭിപ്രായം ആരാഞ്ഞതായാണ് റിപ്പോർട്ട്. 28 വർഷത്തെ ഇടവേളയ്‌ക്കുശേഷം 2019ൽ റിസർവ് ബാങ്ക് കരുതൽ സ്വർണശേഖരത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചിരുന്നു. 1991ൽ വിദേശ വ്യാപാരരംഗത്ത് പ്രതിസന്ധി ഉടലെടുത്തപ്പോൾ 67 ടൺ സ്വർണം യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുമായി പണയപ്പെടുത്തിയിരുന്നു. അതിനുശേഷം 2019 ലാണ് റിസർവ് ബാങ്ക് 115 കോടി ഡോളർ മൂല്യംവരുന്ന സ്വർണം വിൽപ്പന നടത്തിയത്. ഇപ്പോൾ  പണം കണ്ടെത്തുന്നതിനായി വീണ്ടും  സ്വർണം വിൽക്കുന്നതിനുള്ള നീക്കം ഊർജിതമാണെന്നാണ് റിപ്പോർട്ടുകൾ.

വിത്തെടുത്ത് കുത്തുന്നതടക്കമുള്ള അപായകരമായ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ പ്രതിസന്ധി യിൽനിന്ന് രക്ഷപ്പെടാൻവേണ്ടി നടത്തുന്നത്. സാമ്പത്തികരംഗത്തെ എങ്ങനെ നേർവഴിക്ക് നയിക്കാമെന്നതിനുള്ള ദിശാബോധം നഷ്ടമായതാണ് അപായകരമായ  ഇത്തരം നീക്കങ്ങൾക്ക് കാരണമെന്നാണ് അനുമാനിക്കേണ്ടി വരിക. കേരളത്തിന്റെ കടത്തെക്കുറിച്ച് വലിയ വായിൽ കരയുന്ന, ഉണ്ടിരിക്കുമ്പോൾ  പെട്ടെന്ന് ഉൾവിളിയുണ്ടായ വിദഗ്ധർക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ തകർക്കുന്ന കേന്ദ്ര  നടപടികളെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് അറിയാൻ താൽപ്പര്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top