27 April Saturday

പ്രാദേശികവികസനവും ലിംഗനീതിയും - ആർ പാർവതി ദേവി എഴുതുന്നു

ആർ പാർവതി ദേവിUpdated: Saturday Aug 7, 2021


ഇന്ത്യൻ രാഷ്‌ട്രപതി ഭരണഘടനയുടെ 73, 74 ഭേദഗതികൾ ഒപ്പുവച്ച 1993 ഏപ്രിൽ 20 രാജ്യത്തിന്റെ പ്രാദേശിക വികസനചരിത്രത്തിലെ നാഴികക്കല്ലാണ്. അതോടെ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക് പുറമെ പ്രാദേശികസർക്കാരുകൾകൂടി നിലവിൽ വന്നു. വികസനം എന്നാൽ സാമ്പത്തികവികസനമോ അടിസ്ഥാന സൗകര്യ വികസനമോമാത്രം അല്ലെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടു. അധികാര വികേന്ദ്രീകൃത ആസൂത്രണമാണ് ഈ ഭേദഗതികൾകൊണ്ട് വിഭാവനം ചെയ്തത്. 1996 ആഗസ്ത് 17ന് കേരളത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനത്തിനായി ജനകീയാസൂത്രണ പ്രസ്ഥാനമെന്ന നൂതന പരിപാടിക്കും തുടക്കമായി.

പ്രാദേശിക വികസനത്തിൽ ലോകത്തിനുതന്നെ മാതൃക സൃഷ്‌ടിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ തയ്യാറെടുപ്പിലാണ് കേരളം. അധികാരവും സമ്പത്തും വിഭവങ്ങളും പ്രാദേശിക സർക്കാരുകൾക്ക് കൈമാറിക്കൊണ്ട് സാധാരണ ജനങ്ങളിലേക്ക് വികസനത്തിന്റെ ഫലങ്ങൾ എത്തിച്ചുകൊടുക്കാൻ കഴിഞ്ഞ പരിപാടിയുടെ സുപ്രധാന നേട്ടം വികസനത്തിന് സ്ത്രീപരിപ്രേക്ഷ്യംകൂടി നൽകാനായി എന്നതാണ്. അധികാര കേന്ദ്രങ്ങളിൽ സ്ത്രീസാന്നിധ്യം ഉണ്ടായി എന്ന് മാത്രമല്ല, തീരുമാനം എടുക്കുന്നതിൽ സ്ത്രീയുടെ കർതൃത്വംകൂടി കണക്കിലെടുക്കപ്പെട്ടു. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഓരോ ദിവസവും നമ്മെ ഓർമിപ്പിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീകൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ സ്ത്രീപക്ഷകേരളത്തെക്കുറിച്ച് സജീവചർച്ചയ്‌ക്കും ഇടയാക്കിയിട്ടുണ്ട്. തുടർച്ചയായി സംഭവിച്ച സ്ത്രീധന കൊലപാതകങ്ങളാണ് ഒരു ഇടവേളയ്‌ക്കുശേഷം വീണ്ടും നമ്മെ ലിംഗനീതി വിചിന്തനങ്ങൾക്ക്‌ പ്രേരിപ്പിച്ചത്. സ്ത്രീധനപ്രശ്നം മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. കേരളത്തിലെ സ്ത്രീകൾ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുന്നിലായിരിക്കുകയും അധികാരത്തിന്റെ മേഖലയിൽ പിന്നിലാകുകയും ചെയ്തത് അതിക്രമങ്ങൾക്കിടയാക്കുന്നു. അധികാരമില്ലാത്ത ഏതു വിഭാഗവും ആധിപത്യശക്തിയുടെ ആക്രമണങ്ങൾക്കിരയാകുമെന്ന്‌ ചരിത്രം പഠിപ്പിക്കുന്നു. അധികാരം എന്നത് രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, വ്യക്തിപരമായ, സാമൂഹ്യ അധികാരമാണ്. ഇത് സാധ്യമാകണമെങ്കിൽ ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കണം. ഇതിനാകട്ടെ ബഹുമുഖമായ പ്രവർത്തനപദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതുമാണ്. നിയമനിർമാണം, വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ, സാംസ്കാരിക ഉടച്ചുവാർക്കലുകൾ, സാമ്പത്തിക–-തൊഴിൽ മേഖലകളിലെ അടിസ്ഥാന മാറ്റങ്ങൾ, രാഷ്ട്രീയപങ്കാളിത്തം ഇങ്ങനെ പലതും ആവശ്യമാണ്. ഇതിനൊക്കെ പുറമെ അടിയന്തരമായി ശ്രദ്ധിക്കേണ്ടത് പ്രാദേശിക വികസനത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് ഉണ്ടാകുക എന്നതാണ്. ഇതൊരു പുതിയ ആശയമല്ല. പഞ്ചായത്തീരാജ് നിലവിൽ വന്നതോടെ സാമൂഹ്യനീതിക്കാവശ്യമായ ഘടകങ്ങൾ നിയമത്തിൽത്തന്നെ ഉൾച്ചേർന്നിരുന്നു. ലിംഗനീതിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും. ജനകീയാസൂത്രണത്തിന്റെ വാർഷികാഘോഷ വേളയിൽ ലിംഗനീതി ഉറപ്പാക്കുന്ന വികസനം എന്ന വിഷയം ഗൗരവ ചിന്ത ആവശ്യപ്പെടുന്നു. 25 വർഷത്തിനുള്ളിൽ ഈ ദിശയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ നേട്ടങ്ങൾ എന്തൊക്കെയാണെന്നും എത്രമാത്രം ഇടപെടലുകളും തിരുത്തലുകളും ആവശ്യമാണെന്നും ശാസ്ത്രീയ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. ജെൻഡർ ഓഡിറ്റിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയണം.

ലിംഗപരമായ അസമത്വം ഇല്ലാതാക്കുന്നതിന് ഉതകുന്ന വികസന കാഴ്ചപ്പാട് ഇന്ന് പുതിയതല്ലെങ്കിലും 25 വർഷംമുമ്പ്‌ പുതുമയുള്ളതായിരുന്നു. അതിനായി ചില മൂർത്തമായ നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കുകയും ചെയ്തത് ജനകീയാസൂത്രണ പ്രസ്ഥാനമാണ്. ഭരണഘടനാ ഭേദഗതി സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകിയതോടെയാണ് പ്രാദേശിക ഭരണനിർവഹണത്തിൽ സ്ത്രീകൾക്ക് ആദ്യമായി അവസരം ലഭിച്ചത്. കേരളത്തിൽ പിന്നീട് അത് 50 ശതമാനമായി ഉയർത്തുകയാണുണ്ടായത്. ഇതിനുപുറമെ ആകെയുള്ള ഫണ്ടിൽ 10 ശതമാനം സ്ത്രീകളുടെ ശാക്തീകരണത്തിനായി മാറ്റിവയ്‌ക്കണമെന്ന സുപ്രധാന തീരുമാനംകൂടി ഉണ്ടായതോടെ വികസനത്തിന് സ്ത്രീസൗഹാർദ വീക്ഷണം കൈവന്നു. 10 ശതമാനം വനിതാ ഘടകപദ്ധതി എപ്രകാരം ചെലവഴിക്കണമെന്ന് കൃത്യമായി ആദ്യഘട്ടത്തിൽത്തന്നെ നിഷ്കർഷിച്ചിരുന്നു. സ്ത്രീപദവി ഉയർത്തുന്ന പദ്ധതികൾക്ക് മാത്രമേ വനിതാ ഘടകപദ്ധതി ചെലവഴിക്കാവൂ എന്ന് മാർഗനിർദേശങ്ങളിൽ കർശനമായി പറഞ്ഞിട്ടുണ്ടെങ്കിലും പലപ്പോഴും അങ്ങനെയല്ല മുന്നോട്ടുപോയത്. 2018ൽ പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ വാർഷികപദ്ധതികൾ തയ്യാറാക്കാൻ രൂപീകരിച്ച പുതുക്കിയ മാർഗരേഖയിൽ വളരെ വിശദമായി വനിതാ ഘടകപദ്ധതിയുടെ വിനിയോഗം സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ പദവി ഉയർത്തുന്നതിന് ജെൻഡർ റിസോഴ്‌സ് സെന്റർ രൂപീകരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും എന്താണ് വനിതാ ഘടകപദ്ധതി എന്നതുസംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും ആശയവ്യക്തത ഇല്ലാത്തതിനാലാണ് പുതിയ ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കില കൈപ്പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെങ്കിലും എത്ര പ്രാദേശിക സർക്കാരുകൾ ശരിയായ രീതിയിൽ വനിതാ ഘടകപദ്ധതി വിനിയോഗിക്കുന്നുണ്ടെന്ന് ഓഡിറ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാഗ്രതാസമിതികൾ അതിന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച്‌ എത്ര ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നതും പരിശോധിക്കേണ്ടതാണ്.

ലിംഗനീതി ഉറപ്പാക്കുന്ന വികസനം കൊണ്ടുദ്ദേശിക്കുന്നത് സ്ത്രീകൾക്കും ട്രാൻസ് ജെൻഡർവിഭാഗങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന സാമൂഹ്യസാഹചര്യം സൃഷ്ടിക്കുക എന്നതാണ്. കുടുംബത്തിനകത്തുമുതൽ പഞ്ചായത്ത് സമിതിയിൽവരെയുള്ള വിഭജനങ്ങളും വിവേചനങ്ങളും ഇല്ലാതാകണം. വാർപ്പുമാതൃകകൾ പൊളിച്ചെഴുതണം. തീരുമാനമെടുക്കാനും ചോദ്യം ചെയ്യാനും കഴിയണം. മതത്തിന്റെയും ആചാരത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കണം. ഇതിനെല്ലാം ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നത് എല്ലാ ജനപ്രതിനിധികളുടെയും ഉത്തരവാദിത്തമാണെന്ന് രേഖകളിൽ പറയുന്നുണ്ട്.

എല്ലാ വിഷയമേഖലയിലെയും പദ്ധതികളിൽ ലിംഗനീതി ഉറപ്പാക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കണം. ലിംഗനീതിയുടെ പ്രശ്നം സ്ത്രീകളുടെമാത്രം പ്രശ്നമല്ല. ആൺകോയ്‌മയ്‌ക്കെതിരായ പോരാട്ടം പുരുഷന്മാർകൂടി ഏറ്റെടുക്കേണ്ടതാണ്. സർക്കാർരേഖകളിൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ഏട്ടിലെ പശു എന്ന പദവിയിൽനിന്ന്‌ യാഥാർഥ്യത്തിലേക്കു വന്നാൽ സ്ത്രീപക്ഷകേരളം വിദൂരത്തിലാകില്ല.

( കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ 
അംഗമാണ്‌ ലേഖിക )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top