26 April Friday

മതനിരപേക്ഷ റിപ്പബ്ലിക്കിനായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം, ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിൽ മോദി സർക്കാർ വിപുലമായി ആഘോഷിക്കുകയാണ്‌. രാജ്യത്തെ എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലിയ പ്രചാരണവും നടത്തുന്നു. ഇതിനായി ഖാദി, കോട്ടൺ, സിൽക്ക് തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങൾക്കൊപ്പം പതാകനിർമാണത്തിന്‌ പോളിസ്റ്റർകൂടി ഉൾപ്പെടുത്തി 2021 ഡിസംബറിൽ ഇന്ത്യയുടെ പതാക നിയമാവലി ഭേദഗതി ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പോളിസ്റ്റർ ഉൽപ്പാദകൻ ആരാണെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുക്കപ്പെട്ട ചങ്ങാതിമാർക്ക് ഇതിലൂടെ മെഗാ ലാഭത്തിനുള്ള അവസരം ഒരുക്കി. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്‌എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ല. അവരുടെ വിശ്വസ്തത കാവി പതാകയ്‌ക്കൊപ്പമാണ്‌. ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ല. ഹിന്ദുത്വ ചരിത്രകാരന്മാർപോലും രേഖപ്പെടുത്തിയതും ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതുമായ വസ്തുതയാണിത്‌.

കമ്യൂണിസ്റ്റുകാരുടെ മഹത്തായ പങ്ക്

സിപിഐ എമ്മിന്റെ സ്ഥാപക പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഒമ്പത് പേരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്‌  അറസ്റ്റിലായി ദീർഘകാലം ജയിലിൽ കഴിഞ്ഞവരാണ്‌. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ (കാലാപാനി)  കൊത്തിവച്ച പേരുകളിൽ ഭൂരിഭാഗവും വിപ്ലവ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. എ കെ ജി 1947 ആഗസ്‌ത്‌ 15-ന് കണ്ണൂർ ജയിലിൽ തടവിലായിരുന്നു. ഹോഷിയാർപുർ കലക്ടറേറ്റിൽ യൂണിയൻ ജാക്ക് വലിച്ചെറിഞ്ഞ് ത്രിവർണപതാക ഉയർത്തിയപ്പോൾ 16 വയസ്സുള്ള ഹർകിഷൻ സിങ്‌ സുർജിത്തിനെ 1932ൽ  അറസ്റ്റ് ചെയ്തു.

1920-ൽ കമ്യൂണിസ്റ്റ് പാർടി രൂപീകൃതമായതുമുതൽ ദേശീയ പ്രസ്ഥാനത്തിന്റെ അജൻഡയെ സ്വാധീനിക്കാൻ തുടങ്ങി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ 1921-ലെ അഹമ്മദാബാദ് സമ്മേളനത്തിൽ, ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിക്കുവേണ്ടി മൗലാന ഹസ്രത്ത് മൊഹാനിയും സ്വാമി കുമാരാനന്ദയും പൂർണസ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ ഗാന്ധിജി അംഗീകരിച്ചില്ല. 1922ലെ ഗയ എഐസിസിയിൽ, ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളുടെ ചാർട്ടർ കമ്യൂണിസ്റ്റ്‌ പാർടി പ്രചരിപ്പിച്ചു. പൂർണസ്വരാജ് ആഹ്വാനം 1929ൽ മാത്രമാണ് കോൺഗ്രസ്‌ അംഗീകരിച്ചത്‌.

സ്വാതന്ത്ര്യസമരത്തിന്റെ അജൻഡയെ സ്വാധീനിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ വലിയ സംഭാവനകൾ നൽകി. വിവിധ മതസ്ഥരായ ജനതയെ, എല്ലാത്തിനുമുപരിയായി സാമ്പത്തികവും സാമൂഹ്യവുമായ നീതിക്കുവേണ്ടി എല്ലാ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന പാതയിലേക്ക് ആകർഷിക്കുന്നതിൽ  കമ്യൂണിസ്‌റ്റുകാരുടെ പങ്ക്‌ വിലപ്പെട്ടതാണ്‌. 1940-കളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂപ്രശ്നത്തെക്കുറിച്ച്‌ പാർടി നടത്തിയ സമരങ്ങൾ -ഏറെ പ്രധാനപ്പെട്ടതാണ്‌. കേരളത്തിലെ പുന്നപ്ര–-വയലാർ, ബംഗാളിലെ തെഭാഗ പ്രസ്ഥാനം, അസമിലെ സുർമ താഴ്‌വര സമരം, മഹാരാഷ്ട്രയിലെ വർളി പ്രക്ഷോഭം, തെലങ്കാനയിലെ സായുധപോരാട്ടം തുടങ്ങിയവ ഇതിൽപ്പെടും. കമ്യൂണിസ്റ്റുകാർ  ഭാഷാ വൈവിധ്യത്തിനുവേണ്ടി പോരാടുകയും വിവിധ ഭാഷാ ദേശീയതകളെ സ്വാതന്ത്ര്യസമരവുമായി സംയോജിപ്പിക്കുകയും ചെയ്തു.

ഇത്‌ സംസ്ഥാനങ്ങളുടെ ഭാഷാപരമായ പുനഃസംഘടനയിലേക്ക് നയിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളിൽ സമാധാനവും സൗഹാർദവും ഉയർത്തിപ്പിടിക്കാൻ കമ്യൂണിസ്റ്റുകാരുടെ മതനിരപേക്ഷതയോടുള്ള അചഞ്ചലമായ പ്രതിബദ്ധത വലിയ പങ്കുവഹിച്ചു. ആർഎസ്എസിനെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം, സ്വാതന്ത്ര്യസമര ചരിത്രത്തെ തിരുത്തിയെഴുതി അതിലേക്ക്‌ സ്വയം തള്ളിക്കയറുകയാണ്‌. ഹിന്ദുത്വ, ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിച്ച്‌ സർക്കാരിന്റെ നേതൃത്വത്തിൽ വി ഡി സവർക്കർക്ക്‌  പ്രാധാന്യം കൊടുത്ത്‌ പ്രചാരണം നടത്തുന്നു. 1923-ൽ ഹിന്ദുത്വ എന്ന പദം സൃഷ്ടിച്ചത് സവർക്കറാണ്. ഹിന്ദുമതത്തിന്റെ ആചാരവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രീയ പദ്ധതിയായി അതിനെ നിർവചിച്ചു.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനെന്ന നിലയിൽ സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രത്യേക മുസ്ലിം രാഷ്ട്രത്തിനായുള്ള പോരാട്ടത്തിന് മുഹമ്മദ് അലി ജിന്ന നേതൃത്വം നൽകുന്നതിന് രണ്ട് വർഷംമുമ്പുതന്നെ ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ചത്‌ സവർക്കറായിരുന്നു. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ അന്തേവാസിയായിരുന്ന സവർക്കർ, തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ബ്രിട്ടീഷുകാർക്ക് ദയാഹർജികൾ അയച്ചു.  മാപ്പപേക്ഷയിൽ സവർക്കർ ഇങ്ങനെ ഉറപ്പുനൽകുന്നു: ‘1906–-1907 കാലഘട്ടത്തിലെ ഇന്ത്യയുടെ കലുഷിതവും ആശയറ്റതുമായ സാഹചര്യത്തിൽ സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിൽനിന്ന്‌ ഞങ്ങളെ വഴിതെറ്റിച്ച ആ ദുർഘടപാതയിലേക്ക്‌ ഇന്ത്യയെക്കുറിച്ചും മാനവരാശിയെക്കുറിച്ചും ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ഒരാളും ഇനി അന്ധമായി ചുവടുവയ്‌ക്കില്ല. അതുകൊണ്ട്‌, ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അവരുടെ അപാരമായ ഔദാര്യത്തിനാലും ദയാവായ്‌പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ, പുരോഗമനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ്‌ ഗവൺമെന്റിന്റെ ഭരണഘടനാപരമായ പുരോഗതിയുടെയും വിശ്വസ്‌തതയുടെയും ശക്തനായ വക്താവായി മറ്റാരെക്കാളധികം ഞാൻ മാറും. (ആർ സി മജുംദാർ, പീനൽ സെറ്റിൽമെന്റ്‌ ഇൻ ആൻഡമാൻസ്‌, പേജ്‌ 211–-213).

ബ്രിട്ടീഷുകാരുമായി സന്ധി ചെയ്തതിനുശേഷം ജീവിതത്തിലെ ഏറിയ പങ്കും സവർക്കാർ ചെലവഴിച്ചത്‌ കോൺഗ്രസും ഇടതുപക്ഷവും നയിച്ച പ്രക്ഷോഭങ്ങൾക്കെതിരായിട്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പിന്നീട്‌ ഒരിക്കലും പ്രക്ഷോഭം നയിച്ചിരുന്നില്ല. ഹിന്ദു മഹാസഭയുടെ നേതാവെന്ന നിലയിൽ, 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനംപോലുള്ള പ്രസ്ഥാനങ്ങളിലൊന്നും ഹിന്ദുമഹാസഭയുടെയോ ആർഎസ്‌എസിന്റെയോ അംഗങ്ങളാരുംതന്നെ പങ്കെടുക്കില്ലെന്ന ഉറപ്പാക്കലായിരുന്നു അദ്ദേഹം നടത്തിയത്‌.

ഈ യാഥാർഥ്യം മറച്ചുവയ്‌ക്കുന്നതിന്‌ അവർ കമ്യൂണിസ്‌റ്റുകാർക്കെതിരെ പച്ചക്കള്ളങ്ങൾ  പരത്തി. രാജ്യം ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ ആഗസ്‌ത്‌ 9/10 അർധരാത്രിയിൽ ചേർന്ന പാർലമെന്റ്‌ സമ്മേളനത്തിൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ പറഞ്ഞു: ‘‘കാൺപുരിലെയും ജംഷെഡ്‌പുരിലെയും അഹമ്മദാബാദിലെയും മില്ലുകളിൽ നടന്ന വമ്പിച്ച പണിമുടക്കുകളെത്തുടർന്ന്‌ 1942 സെപ്‌തംബർ അഞ്ചിന്‌ ലണ്ടനിലെ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റിന്‌ ഡൽഹിയിൽനിന്ന്‌ അയച്ച കത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയെ സംബന്ധിച്ച്‌ ഇങ്ങനെയാണ്‌ റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌ –- കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഒട്ടേറെ അംഗങ്ങളുടെ പെരുമാറ്റം വ്യക്തമാക്കുന്നത്‌ ബ്രിട്ടീഷ്‌ വിരുദ്ധ വിപ്ലവത്തിന്‌ സജ്ജരായവരാണ്‌ ആ പാർടി എന്നാണ്‌–-’’. ഇതിനു വിപരീതമായി, സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട സർക്കാർ പ്രചാരണത്തിൽ കമ്യൂണിസ്റ്റുകാരെ മാറ്റിനിർത്തുന്നു.

ജവാഹർലാൽ നെഹ്‌റുവിനെപ്പോലും കാര്യമായി പരാമർശിക്കുന്നില്ല. ഒരു ആധുനിക മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം രൂപപ്പെടുത്തുന്നതിലേക്കും ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിലേക്കും നയിച്ച പ്രധാന സംവാദങ്ങളും പ്രമേയങ്ങളും മുന്നോട്ടുവച്ചതിൽ ഏറ്റവും മുൻനിരയിലായിരുന്നു നെഹ്‌റു. സവർക്കറും ആർഎസ്എസും ഉയർത്തിപ്പിടിച്ച അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് ‘ഹിന്ദുത്വ രാഷ്ട്രം’ എന്ന ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് നേർവിപരീതമായിരുന്നു ഇത്.


ഭരണഘടനയെ കടന്നാക്രമിക്കുന്നു

ഭരണഘടനപ്രകാരം സ്ഥാപിച്ച ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം തകർക്കാൻ ഫാസിസ്റ്റ് പദ്ധതി നടപ്പാക്കുകയാണ്‌. പ്രത്യേകിച്ച് 2019-ൽ മോദി സർക്കാർ തിരിച്ചെത്തിയതിനുശേഷം  ഭരണഘടനയുടെ നാല് അടിസ്ഥാന തൂണായ - മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം - എന്നിവയ്‌ക്കുനേരെ കടന്നാക്രമണം നടത്തുകയാണെന്ന്‌ സിപിഐ എം 23–--ാം പാർടി കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനയുടെ പ്രവർത്തനക്ഷമത കാത്തുസൂക്ഷിക്കാനും ഭരണഘടന ജനങ്ങൾക്ക്‌ നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പരിശോധനകളുടെ ഉപകരണമായി പ്രവർത്തിക്കേണ്ട എല്ലാ  ഭരണഘടനാ സ്ഥാപനങ്ങളെയും തകർത്ത്‌ ഫലപ്രദമല്ലാതാക്കുന്നു. ഇത്‌ ഭരണഘടനയ്‌ക്കെതിരായ കടന്നാക്രമണമാണ്‌.

ഏറ്റവും പ്രധാനം, എല്ലാ കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും പ്രവർത്തനരീതികളും ചർച്ചകളും ഒഴിവാക്കി പാർലമെന്റിനെ  ദുർബലപ്പെടുത്തുന്നു.  പണപ്പെരുപ്പം, കുതിച്ചുയരുന്ന തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട ‘കുറ്റ'ത്തിന് 27 എംപിമാരെ അസാധാരണമായി സസ്പെൻഡ് ചെയ്‌തു. ഭരണഘടനപ്രകാരം- ജനങ്ങൾക്കാണ്‌ പരമാധികാരം. - പാർലമെന്റിനെ നോക്കുകുത്തിയാക്കുക എന്നതിനർഥം ജനങ്ങളുടെ പരമാധികാരം അസാധുവാക്കുക എന്നാണ്‌.

ഭരണഘടനാ അനുച്ഛേദം 370, 35 എ റദ്ദാക്കിയ വെല്ലുവിളികൾ, പൗരത്വ ഭേദഗതി നിയമം, രാഷ്ട്രീയ അഴിമതിയും മറ്റും നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ തുടങ്ങിയവ ഭരണഘടനയുടെ ലംഘനമെന്ന നിലയിൽ നൽകിയ ഹർജികൾ   മൂന്ന്‌ വർഷമായി സുപ്രീംകോടതി പരിഗണിക്കാതെ മാറ്റിവച്ചിരിക്കുന്നു. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഗൗരവമായ രീതിയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ, ഭരണഘടനാ വ്യവസ്ഥകളും ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമുള്ള ഉറപ്പുകളുടെ മേൽ നീതിപീഠത്തിന്റെ മേൽനോട്ടം ഇല്ലാതാകുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമാകേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ വിട്ടുവീഴ്ച ചെയ്യുന്നു. സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) പോലുള്ള കേന്ദ്ര ഏജൻസികൾ മോദി സർക്കാരിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ഉപകരണങ്ങളായി.

തീവ്രമായ വർഗീയ ധ്രുവീകരണം

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കാൻ വിഷലിപ്തമായ വിദ്വേഷത്തിന്റെയും ഭീകരതയുടെയും വ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള വർഗീയധ്രുവീകരണത്തിന്റെ ഹീനമായ പ്രചാരണങ്ങൾക്കൊപ്പമാണ് മോദി സർക്കാർ. ‘ബുൾഡോസർ രാഷ്ട്രീയ’ത്തിന്റെ വിന്യാസം പല സംസ്ഥാനത്തും ന്യൂനപക്ഷസമുദായത്തെ ലക്ഷ്യമിട്ട് അക്രമത്തിലേക്ക് നയിക്കുന്നു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുംമേലുള്ള അഭൂതപൂർവമായ ആക്രമണത്തോടൊപ്പമാണ് വർഗീയ ധ്രുവീകരണത്തിന്റെ ഭയാനകത ഉണ്ടാക്കുന്നത്‌. വിയോജിപ്പിന്റേതായ ഓരോ അഭിപ്രായപ്രകടനത്തെയും ഭരണകൂടത്തിന്റെ ‘ദുഷിച്ച കണ്ണ്' നിരീക്ഷിച്ച്‌ ‘ദേശവിരുദ്ധ'മായി ചിത്രീകരിക്കുന്നു. ഈ ഹിന്ദുത്വ ആഖ്യാനം വിജയിക്കണമെങ്കിൽ ഫാസിസ്റ്റ് പദ്ധതിയുടെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം നിലനിർത്താൻ ഇന്ത്യാ ചരിത്രം തിരുത്തിയെഴുതണം. അതിനാൽ വിദ്യാഭ്യാസ സമ്പ്രദായത്തെ പൊളിച്ചെഴുതുകയാണ്‌. അന്ധവിശ്വാസം, അവ്യക്തത, പുരാണകഥകൾ എന്നിവയ്‌ക്ക്‌ പ്രാധാന്യം നൽകി ശാസ്ത്രീയചിന്തകളെ നിരാകരിക്കുന്നു. ഇന്ത്യൻ സംസ്‌കാരത്തിന്റെ സമന്വയ പരിണാമത്തിനുപകരം ഒരു ഏകസംസ്‌കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.

പോരാട്ടം ശക്തിപ്പെടുത്തുക

പാവപ്പെട്ട ജനങ്ങളുടെ ഉപജീവനമാർഗങ്ങൾക്കുനേരെ ദൈനംദിനം കടന്നാക്രമണം നടത്തി   ദയനീയ പശ്ചാത്തലത്തിലേക്ക് തള്ളിവിടുകയാണ്‌ കേന്ദ്രസർക്കാർ. ഇത്തരത്തിൽ ജീവിതദുരിതത്തിൽപ്പെട്ടുഴലുന്ന  ജനങ്ങളുടെ ഇടയിലാണ്‌ ഹിന്ദുത്വസ്വത്വം സ്ഥാപിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി, പോഷകാഹാരക്കുറവ് മുതലായ ദൈനംദിന പ്രശ്‌നങ്ങൾ ഉയർത്തിയും, ഒപ്പം ജനാധിപത്യം, ജനാധിപത്യ അവകാശങ്ങൾ എന്നിവയുടെ സംരക്ഷണത്തിനുവേണ്ടിയും പ്രതിരോധങ്ങളും സമരങ്ങളും ഉയർത്തിക്കൊണ്ടുവരേണ്ടത്‌ അനിവാര്യമാണ്‌.   മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണത്തിനും ശക്തിപ്പെടുത്തലിനും പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും ഉറപ്പുവരുത്താനുമായി തീവ്ര  സമരങ്ങൾ ഏറ്റെടുക്കേണ്ടത്‌ മുഖ്യകടമയാണ്‌.

ശക്തമായ ജനകീയ സമരങ്ങളിലൂടെ സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വർധിപ്പിച്ചും ഇടതുപക്ഷ ശക്തികളുടെ ഐക്യം ഉറപ്പിച്ചും നമ്മുടെ ഭരണഘടനാപരമായ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഇടതു-ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ  മതനിരപേക്ഷ ശക്തികളെ അണിനിരത്താനും 75–--ാം സ്വാതന്ത്ര്യ വാർഷികം ഉപയോഗപ്പെടുത്തണം. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികമായ ആഗസ്‌ത്‌ 15ന് സിപിഐ എം എല്ലാ പാർടി ഓഫീസിലും ദേശീയപതാക ഉയർത്തി നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിജ്ഞയെടുക്കുകയാണ്‌. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ നശിപ്പിച്ച്‌ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ഭ്രാന്തമായ ശ്രമങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top