26 April Friday
ഇന്ന്‌ ഹിരോഷിമദിനം

ചരിത്രത്തിലെ നിശ്ചലദിനം - ജി സാജൻ എഴുതുന്നു

ജി സാജൻUpdated: Friday Aug 6, 2021

അണുധൂളി പ്രവാഹത്തിൻ അവിശുദ്ധ ദിനമെന്ന്‌ കവി വിശേഷിപ്പിച്ച ഈ ദിവസമാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലുമായി മൂന്നര ലക്ഷം മനുഷ്യരെ കൊന്നത് ഈ അണുബോംബുകളാണ്. അണുവികിരണം സൃഷ്ടിച്ച പ്രശ്നങ്ങൾ വർഷങ്ങളോളം നീണ്ടു. ബോംബിട്ട ദിവസംമുതൽ ദശകങ്ങളോളം അർബുദവും അനുബന്ധ രോഗങ്ങളും ഒരു ജനതയെ ഭയത്തിലേക്കും മാനസികവിഭ്രാന്തിയിലേക്കും തള്ളിവിട്ടു. വികിരണത്തിന്റെ തീക്ഷ്‌ണഫലങ്ങൾ അനുഭവിക്കുന്നവരെ ജാപ്പനീസ് ഭാഷയിൽ ഹിബാക്കുഷ എന്നാണ് വിളിക്കുന്നത്. ആറരലക്ഷം ആളുകൾ ഇത്തരത്തിൽ ഉണ്ടായിരുന്നു എന്നാണ് കണക്ക്.

രാഷ്ട്രീയ നേതൃത്വത്തോടൊപ്പം ശാസ്ത്രലോകവും പ്രതിക്കൂട്ടിൽനിന്ന ഏറ്റവും ദുഃഖകരമായ ചരിത്രനിമിഷങ്ങളിൽ ഒന്നാണ് ഇത്. ഒരു ഭാഗത്ത്‌ സാമ്രാജ്യത്വത്തിന്റെ അത്യാർത്തി മാനവവംശത്തിന്റെ അവസാനത്തിലേക്കുതന്നെ നയിച്ചേക്കാവുന്ന പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിച്ചു. മറുഭാഗത്ത്‌ മനുഷ്യൻ നടത്തിയ വൈജ്ഞാനിക അന്വേഷണങ്ങൾ പ്രപഞ്ച രഹസ്യങ്ങളിലേക്ക്‌ കടക്കാനുള്ള താക്കോൽ മനുഷ്യന് സമ്മാനിക്കുകയും ചെയ്തു.

ഒരു ഭാഗത്ത്‌ അപാരമായ സാധ്യതകളുടെ വിശാലഭൂമി. മറുഭാഗത്ത്‌ ഭൂമിയെത്തന്നെ തകർക്കാൻ കെൽപ്പുള്ള ആയുധങ്ങളുടെ സൃഷ്ടി. ഹിരോഷിമ എന്ന് കേൾക്കുമ്പോൾ മനസ്സിൽ രണ്ടുമുഖം തെളിയുന്നു. ഒന്ന് സഡാക്കോ സസാക്കി എന്നു പേരുള്ള ഒരു ജാപ്പനീസ് പെൺകുട്ടി. മറ്റൊന്ന് റോബർട്ട്‌ ജെ ഓപ്പൺഹൈമർ എന്ന വിശ്രുത ശാസ്ത്രജ്ഞൻ. ആദ്യത്തെ ചിത്രത്തിൽ നാം കാണുന്നത് ആശുപത്രികിടക്കയിലിരുന്ന് ചെറിയ കടലാസ്സ് കൊക്കുകളെ ഉണ്ടാക്കുന്ന സഡാക്കോയെ ആണ്. 1945 ആഗസ്‌ത്‌ ആറിന്‌ ബോംബ് വീണ സ്ഥലത്തിന് ഒന്നര കിലോമീറ്റർമാത്രം അകലെയുള്ള വീട്ടിലെ കട്ടിലിൽ കിടക്കുകയായിരുന്നു സഡാക്കോ. ബോംബിന്റെ ആഘാതത്തിൽ അവൾ തെറിച്ച്‌ വീടിന്‌ പുറത്തുവീണു. അവളെ രക്ഷിച്ച്‌ തിരിച്ചോടുമ്പോൾ അവളും അമ്മയും അണുപ്രവാഹ മഴയിൽ മുങ്ങി. പിന്നീട് അവൾ ജീവിച്ചത് ഹിബാക്കുഷ എന്നറിയപ്പെടുന്ന അണുബോംബിന്റെ ഇരയായാണ്. രക്താർബുദം ബാധിച്ച്‌ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ അവളുടെ കൂട്ടുകാരി ചിസുകോ ഒരു കഥ പറഞ്ഞു. 1000 കടലാസ് കൊക്കുകളെ ഉണ്ടാക്കിയാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നായിരുന്നു കഥാസന്ദേശം. അങ്ങനെ ആശുപത്രിക്കിടക്കയിലിരുന്ന്‌ കടലാസ് കൊക്കുകൾ ഉണ്ടാക്കിത്തുടങ്ങി. അതിവേഗ ഓട്ടക്കാരിയാകാനായിരുന്നു ചെറിയ പ്രായത്തിൽ അവളുടെ ആഗ്രഹം. സ്ഥിരോത്സാഹിയായിരുന്ന സഡാക്കോയ്‌ക്ക് 1000 കൊക്കുകളെ ഉണ്ടാക്കുക കഠിനമായി തോന്നിയില്ല. ആശുപത്രിയിൽ കിട്ടിയ എല്ലാത്തരം കടലാസുകളും ഉപയോഗിച്ച് അവൾ കൊക്കുകളെ നിർമിച്ചു. ആ പ്രയത്നം പൂർണമാകുന്നതിനുമുമ്പ്‌ പന്ത്രണ്ടാമത്തെ വയസ്സിൽ സഡാക്കോ മരിച്ചു. സഡാക്കോയുടെ കഥ ലോകമെമ്പാടുമുള്ള യുദ്ധവിരോധികളായ മനുഷ്യരെ പ്രചോദിപ്പിച്ചു. അണുബോംബിനും യുദ്ധത്തിനുമെതിരെ ലോകമെങ്ങുംനിന്നുള്ള ആയിരക്കണക്കിനു കുട്ടികൾ കൊക്കുകളുണ്ടാക്കി ഭരണാധികാരികൾക്ക് അയച്ചു. സഡാക്കോ കടലാസ് കൊക്കുമായിരിക്കുന്ന പ്രതിമ ഹിരോഷിമയിലുണ്ട്. യുദ്ധവിരുദ്ധവും മാനവികസ്നേഹത്തിൽ അധിഷ്ഠിതവുമായ ദർശനത്തിന്റെ പ്രതീകമായി സഡാക്കോ മാറി.

ഇനി നമുക്ക് മറ്റൊരു ചിത്രം നോക്കാം. അത് ലോക പ്രശസ്തനായ ഒരുശാസ്ത്രജ്ഞനാണ്. റോബർട്ട് ഓപ്പൺഹൈമർ എന്നാണ്‌ പേര്. ശാസ്ത്രചരിത്രത്തിൽ ഐൻസ്റ്റീനും നീൽസ് ബോറിനും മാക്സ് പ്ലാങ്കിനുമൊക്കെ സമശീർഷൻ. ശാസ്ത്രജ്ഞൻ മാത്രമല്ല കവിയുമായിരുന്നു. പരീക്ഷണശാലയ്ക്ക് പുറത്ത്‌ അയാൾ നരകത്തിൽ സത്യം തേടിയലഞ്ഞ ദാന്തേയെക്കുറിച്ച്‌ വാചാലനാകും. സഹപ്രവർത്തകൻ പോൾ ഡിറാക് ഒരിക്കൽ ഓപ്പൺഹൈമറോട്‌ ചോദിച്ചു: ‘ഭൗതിക ഗവേഷണത്തോടൊപ്പം കവിതയും എഴുതും എന്ന് കേട്ടല്ലോ. അതെങ്ങനെയാണ് സാധിക്കുക? ശാസ്ത്രത്തിൽ, അറിയപ്പെടാത്ത വസ്തുതകൾ കണ്ടെത്തി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു. സാഹിത്യത്തിൽ നേരെ തിരിച്ചും.’ കവിയും സംസ്കാരസമ്പന്നനും മനുഷ്യസ്നേഹചിന്തകളാൽ പ്രചോദിതനുമായ ഇദ്ദേഹമാണ് പിന്നീട് അണുബോംബിന്റെ പിതാവ് എന്നറിയപ്പെട്ടത്. അണുബോംബിന്റെ നിർമാണത്തിനായി മൻഹാട്ടൻ പ്രോജക്ടിൽ പങ്കെടുത്ത ശാസ്ത്രജ്ഞരിൽ പലരും ഒരു ബോംബ് സ്ഫോടനം കണ്ടിട്ടില്ല. ഹിരോഷിമയോ നാഗസാക്കിയോ സന്ദർശിച്ചിട്ടില്ല. നാശോന്മുഖത പത്തിവിടർത്തി നിൽക്കുന്ന ചിത്രങ്ങൾ കാണാൻ വിസമ്മതിച്ചിട്ടേ ഉള്ളൂ. ബോംബിനുവേണ്ടിയുള്ള ഗവേഷണം അവർക്ക്‌ ഒരു ഗണിതസമീകരണത്തിന്റെ നിർധാരണത്തിലേക്കുള്ള ചവിട്ടുപടിമാത്രമാണ്.

അണുബോംബിന്റെ ആദ്യപരീക്ഷണം നടക്കുമ്പോൾ വലിയ കൂണിന്റെ ആകൃതിയിൽ പുക മുകളിലേക്ക് ഉയർന്നപ്പോൾ ഓപ്പൺ ഹൈമറിന്റെ മനസ്സിൽ ആദ്യം വന്നത് ഭഗവദ് ഗീതയിൽനിന്നുള്ള നാല് വരികളായിരുന്നു. ‘ദിവി സൂര്യ സഹസ്രസ്യ’ എന്ന് തുടങ്ങുന്ന ഒരു ശ്ലോകം. 1000 സൂര്യന്മാർ ഒരുമിച്ച്‌ ആകാശത്തുണ്ടാക്കുന്ന വിസ്‌ഫോടനമാണ് കൃഷ്ണന്റെ വിരാട് രൂപം കണ്ടപ്പോൾ അർജുനന് തോന്നിയത്. അതേ തോന്നലാണ് ഓപ്പൺ ഹൈമർക്കും ഉണ്ടായത്. ഈ ശ്ലോകം അവസാനിക്കുന്നതാകട്ടെ ‘ഞാനാണ് മരണം... എല്ലാ ലോകങ്ങളുടെയും തകർച്ച...’ എന്നുമാണ്. ഈ ദർശനം ഉണ്ടായെങ്കിലും ബോംബിന്റെ പൂർണമായ നിർമാണത്തിന് ഓപ്പൺ ഹൈമറെ അതൊന്നും തടസ്സപ്പെടുത്തിയില്ല. അദ്ദേഹത്തിന് അതൊരു ശാസ്ത്രപരീക്ഷണംമാത്രം. സത്യത്തിൽ രണ്ടാം ലോകയുദ്ധം അവസാനിപ്പിക്കാൻ അണുബോംബിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ലോകരാഷ്ട്രീയത്തിൽ തങ്ങളുടെ അധീശത്വം ഉറപ്പിക്കാൻ അമേരിക്കയ്‌ക്ക് ഇതാവശ്യമായിരുന്നു എന്നുമാത്രം.

ഹിരോഷിമയുടെ കഥ ശാസ്ത്രത്തിന്റെ ആത്മാന്വേഷണത്തിന്റെ കഥകൂടിയാണ്. മനുഷ്യരാശിയുടെ ചരിത്രംതന്നെ മാറ്റിമറിച്ച കണ്ടുപിടിത്തമായിരുന്നു അണുവിന്റെ വിഭജനം. പ്രപഞ്ചത്തിന്റെ അതേവരെ അപ്രാപ്യമായിരുന്ന രഹസ്യങ്ങളിലേക്ക് മനുഷ്യനെ കടന്നുകയറാൻ സഹായിച്ച ഗവേഷണങ്ങളാണ് ഫിസിക്സിന്റെ മേഖലയിൽ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്നത്. കോപ്പർനിക്കസിനും ന്യൂട്ടനുംശേഷം ദ്രവ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങളിൽ നടന്ന ഏറ്റവും ഉജ്വല അധ്യായം. എന്നാൽ, അത്‌ അവസാനിച്ചത് മനുഷ്യവംശത്തിന്‌ സ്വന്തം ധാർമികതയെക്കുറിച്ചുതന്നെ ഉണ്ടായ കടുത്ത അവിശ്വാസത്തിലാണ്.

ശാസ്ത്രവും ഭരണകൂടവും തമ്മിലുള്ളത് പലപ്പോഴും അവിശുദ്ധമായ ബന്ധമാണ്. പലപ്പോഴും ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളായി ശാസ്ത്രജ്ഞർ മാറിയ ചരിത്രംപോലുമുണ്ട്. ഹിറ്റ്‌ലർ അണുബോംബ് സൃഷ്ടിക്കും എന്ന ആശങ്കയാണ് അമേരിക്കയും ആണവ ഗവേഷണത്തിലേക്ക്‌ തിരിയണം എന്ന് നിർദേശിക്കാൻ ഐൻസ്റ്റീൻ അടക്കമുള്ളവർക്ക് പ്രേരണയായത്. എന്നാൽ, ഉയർന്ന ധാർമിക ബോധം ഉയർത്തിപ്പിടിച്ച്‌ ഭരണകൂടത്തെ ധിക്കരിച്ച ശാസ്ത്രജ്ഞന്മാർ നാസി ഭരണകൂടത്തിന് കീഴിലുണ്ടായിരുന്നു. അവരാണ് നാസികൾ അണുബോംബ് സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയത്. ഫാസിസ്റ്റ്‌ ഭരണകൂടങ്ങളെ ധിക്കരിക്കുന്നതിൽ ഉയർന്ന ധാർമികമൂല്യമുണ്ട് എന്നാണ് പ്രശസ്‌ത ചിന്തകനായ സി പി സ്നോ, തന്റെ ‘ റ്റൂ കൾച്ചേഴ്‌സ്‌ ( Two Cultures) എന്ന പ്രശസ്തമായ പ്രബന്ധത്തിൽ പറയുന്നത്.

ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിൽ ഉണ്ടായ പഗ് വാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ബെർട്രാൻഡ് റസ്സലും ജൂലിയോ ക്യൂറിയും കാൾപോളിങ്ങും അടക്കമുള്ളവരായിരുന്നു. ഹിരോഷിമയിൽനിന്ന് നാം പഠിക്കേണ്ട പാഠം ഭരണകൂട ഭീകരതയെ ചെറുക്കുന്നതിൽ ശാസ്ത്രസമൂഹത്തിനുള്ള പങ്ക് വളരെ പ്രധാനമാണ് എന്നാണ്. സമകാലീന ഇന്ത്യയിൽ ഈ ചോദ്യം ഉയർന്നുവരികതന്നെ ചെയ്യും.

(തിരുവനന്തപുരം ദൂരദർശൻകേന്ദ്രം 
മുൻ പ്രോഗ്രാം  മേധാവിയും ശാസ്ത്ര
പ്രചാരകനുമാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top