27 April Saturday

ഹിമതടാകങ്ങളും മിന്നൽപ്രളയവും - ഡോ. അരുൺ കെ ശ്രീധർ എഴുതുന്നു

ഡോ. അരുൺ കെ ശ്രീധർUpdated: Wednesday Feb 10, 2021


1970 നുശേഷം ആഗോളതാപനത്തിന്റെ തീവ്രതയുടെയും കാലയളവിന്റെയും പ്രാധാന്യം കൂടിവരികയാണ്‌. ഇതുമൂലം പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനവും കൂടിവരുന്നു. ഹിമാലയൻമേഖല പൂർണമായും മഞ്ഞുമൂടപ്പെട്ട പ്രദേശങ്ങളാണ്‌. കൂടാതെ, തണുപ്പുകാലത്ത്‌ ഇവിടെ മഞ്ഞുവീഴ്‌ചയും ഉണ്ടാകും. ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ്‌ മൗണ്ടൻ ഡെവലപ്‌മെന്റിന്റെ റിപ്പോർട്ട്‌ അനുസരിച്ച്‌ ഹിമാലയത്തിൽ 15000 ഹിമാനിയും 9000 ഹിമതടാകവും ഉണ്ട്‌.

ഹിമതടാകങ്ങൾ അപകടകാരി
സമുദ്രനിരപ്പിൽനിന്ന് 3500 അടി മുകളിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട മഞ്ഞുരുകിയുണ്ടാകുന്ന തടാകങ്ങളെയാണ്‌ ഹിമതടാകങ്ങൾ എന്നുവിളിക്കുന്നത്‌. ഹിമാനികൾ ഉരുകുന്നതുമൂലമുണ്ടാകുന്ന ജലം, ഹിമാനികൾ വലിച്ചു കൊണ്ടുവരുന്ന പാറകളാലും മണ്ണുകളാലും തടയപ്പെട്ടാണ്‌ വലിയ ഹിമതടാകങ്ങൾ രൂപപ്പെടുന്നത്‌. അപകടകാരികളായ ഈ തടാകങ്ങൾ പൊട്ടിത്തകർന്നാൽ താഴെയുള്ള പ്രദേശങ്ങളിൽ മിന്നൽപ്രളയവും അതുപോലെതന്നെ കനത്ത നാശനഷ്‌ടവും ഉണ്ടാകുന്നു. തിബറ്റൻ മേഖലയിലുള്ള താപനം ശരാശരി ആഗോളതാപനത്തേക്കാൾ കൂടുതൽ ആണെന്നാണ്‌ നിലവിലുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്‌. ഇതുമൂലം മഞ്ഞുരുകി പുതിയ ഹിമതടാകങ്ങൾ രൂപപ്പെടുകയും നിലവിലുള്ളവയുടെ വിസ്‌തൃതി വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഹിമാനികളെയും അതുപോലെതന്നെ ഹിമതടാകങ്ങളെയും കണ്ടുപിടിക്കുന്നതിനുവേണ്ടി 1986 മുതൽ  ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ്‌ മൗണ്ടൻ ഡെവലപ്‌മെന്റ് പ്രവർത്തിച്ചുവരുന്നു.

കാലാവസ്ഥാവ്യതിയാനം, അഗ്നിപർവത സ്‌ഫോടനം, ഭൂകമ്പം മുതലായവമൂലമാണ്‌ മിന്നൽപ്രളയം ഉണ്ടാകുന്നത്‌. മിന്നൽപ്രളയ ദുരന്തങ്ങളുടെ പരിണതഫലം പ്രവചിക്കുക പ്രയാസമാണ്‌. എന്നാലും ഇതുമൂലം താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ജീവനും വസ്‌തുവകകൾക്കും കനത്ത നാശനഷ്‌ടം സംഭവിക്കുന്നു. കൂടാതെ, ഗതാഗത സംവിധാനങ്ങളും കൃഷിയും അടിസ്ഥാന സൗകര്യങ്ങളും താറുമാറാകുന്നു. മിന്നൽപ്രളയ ദുരന്തങ്ങൾ ഉണ്ടാകുന്നത്‌ ആന്തരിക കാരണങ്ങളാലും ബാഹ്യകാരണങ്ങളാലുമാണ്‌.

ഹിമപാതം, മലമുകളിൽനിന്ന്‌ ഇടിഞ്ഞുവീഴുന്ന വലിയ പാറക്കഷണങ്ങൾ, മണ്ണിടിച്ചിൽ, കൊടുങ്കാറ്റോടുകൂടിയ വലിയ പേമാരി, ഹിമാനികളുടെ മുന്നേറ്റം, ഭൂകമ്പം, മഞ്ഞുരുകിയ ജലം തുടങ്ങിയവയാണ്‌ ബാഹ്യകാരണങ്ങൾ. ഹിമാനികൾ വഹിച്ചുകൊണ്ടുവരുന്ന പാറക്കഷണങ്ങളുടെ അടിയിലുള്ള മഞ്ഞുരുകൽ, നീരൊഴുക്ക്‌ മുതലായവയാണ്‌ ആന്തരിക കാരണങ്ങൾ.

മിന്നൽപ്രളയത്തെ അവഗണിക്കരുത്‌
പൊട്ടിത്തകരുന്ന രീതിയെ അടിസ്ഥാനമാക്കി മിന്നൽപ്രളയത്തെ അഞ്ചായി തരംതിരിക്കാം.
1. ഹിമപാതമോ അല്ലെങ്കിൽ മലമുകളിൽനിന്ന്‌ ഇടിഞ്ഞുവീഴുന്ന വലിയ പാറക്കഷണങ്ങളോ  ഹിമതടാകത്തിൽ വീഴുമ്പോൾ ശക്‌തമായ ജലതരംഗങ്ങൾ ഉണ്ടാകുന്നു. ഈ ജലതരംഗങ്ങൾമൂലം ഹിമതടാകങ്ങൾ പൊട്ടിത്തകരുന്നു.
2. ഹിമാനികൾ വഹിച്ചുകൊണ്ടുവരുന്ന പാറക്കഷണങ്ങൾക്കടിയിലുള്ള മഞ്ഞ്‌ ഉരുകുമ്പോൾ നീരൊഴുക്ക്‌ രൂപപ്പെടുന്നു. ഇതുമൂലം മിന്നൽപ്രളയം ഉണ്ടാകുന്നു.
3. ഭൂകമ്പംമൂലം മിന്നൽപ്രളയം ഉണ്ടാകുന്നു
4. തൊട്ടടുത്ത താഴ്‌വരകളിലെ മണ്ണൊലിപ്പ്‌മൂലവും ഹിമതടാകങ്ങൾ ഉണ്ടാകാം.
5. മുകളിൽ പറഞ്ഞ കാരണങ്ങളുടെയെല്ലാം സംയുക്ത പ്രവർത്തനങ്ങൾകൊണ്ടും ഹിമതടാകങ്ങൾ പൊട്ടിത്തകരാം.

പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയാണ്‌ പ്രകൃതി ദുരന്തങ്ങൾ തടയാനുള്ള ഏറ്റവും നല്ല മാർഗം. നേരിട്ടുള്ള നിരീക്ഷണം വഴിയും ഭൂതകാലത്തുണ്ടായ സംഭവങ്ങളെപ്പറ്റി പഠിച്ചും തടാകത്തിനു ചുറ്റുമുള്ള ഭൂപ്രകൃതിയുടെ സ്വഭാവത്തെപ്പറ്റി പഠിച്ചും അതുപോലെതന്നെ ജിയോ ടെക്‌നിക്കൽ പഠനങ്ങൾ വഴിയും അപകടകാരികളായ ഹിമതടാകങ്ങളെ തിരിച്ചറിയാം. റിമോട്ട്‌ സെൻസിങ്ങും ഗൂഗിൾ എർത്തും ഈ പഠനങ്ങൾക്ക്‌ വളരെയധികം സഹായകരമാണ്‌. മിന്നൽ പ്രളയദുരന്തങ്ങളുടെ ആവർത്തനം വളരെ കുറവാണ്‌. തൻമൂലം സർക്കാരും ജനങ്ങളും അതിനെ അവഗണിക്കുകയാണ്‌. 1998 മുതൽ 2006വരെ ഹിമാലയത്തിലുള്ള അപകടകാരികളായ നാല്‌ തടാകത്തിന്റെമാത്രം ജലനിരപ്പ്‌ കുറയ്‌ക്കാൻ ശ്രമം നടന്നു. എന്നാൽ, ഇത്‌ പിന്നീട്‌ സാമ്പത്തിക ബുദ്ധിമുട്ടാൽ നിർത്തിവയ്‌ക്കപ്പെട്ടു.

മിന്നൽപ്രളയ ദുരന്തങ്ങളാലുള്ള സാമ്പത്തികനഷ്‌ടം ഹിമതടാകങ്ങളെ ശക്‌തിപ്പെടുത്താനും അതിലെ ജലനിരപ്പ്‌ കുറയ്‌ക്കാനുമുള്ള ചെലവിനെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ്‌. നേരത്തേയുള്ള മുന്നറിയിപ്പും പ്രവചനങ്ങളും മുന്നൊരുക്കങ്ങളും വഴി മിന്നൽപ്രളയ ദുരന്തങ്ങളുടെ തീവ്രത കുറയ്‌ക്കാം. ജനങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രതിരോധ നടപടികൾ വഴിയും മിന്നൽപ്രളയദുരന്തം തടയാം. പർവതഗ്രാമങ്ങളും നഗരങ്ങളും നിർമിക്കുന്നതിനും അവിടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുംമുമ്പ്‌ പ്രകൃതി ദുരന്തങ്ങളെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടത്‌  അത്യാവശ്യമാണ്‌.

(ബംഗളൂരു ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ ജിയോളിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top