27 April Saturday

കൊളംബിയയും ഇടത്തോട്ട്‌

വി ബി പരമേശ്വരൻUpdated: Tuesday Jun 21, 2022

image credit Francia Marquez Mina twitter

ന്യൂവ കൊളംബിയ അഥവാ പുതിയ കൊളംബിയ എന്ന ഇടതുപക്ഷ മുദ്രാവാക്യം യാഥാർഥ്യമായിരിക്കുന്നു. കൊളംബിയയിൽ ആദ്യമായി ഒരിടതുപക്ഷക്കാരൻ പ്രസിഡന്റ്‌ പദത്തിലേക്ക്‌ എത്തിയിരിക്കുന്നു. അതോടൊപ്പം കൊളംബിയൻ ചരിത്രത്തിൽ ആദ്യമായി ഒരു ആഫ്രോ–-കൊളംബിയൻ വനിത ഫ്രാൻസിയ മാർക്വേസ്‌ വൈസ്‌ പ്രസിഡന്റുമായി. ദരിദ്ര തൊഴിലാളി കുടുംബത്തിൽ ജനിച്ച്‌, പട്ടിണിയിൽ രക്ഷനേടാനായി തലസ്ഥാനമായ ബെഗൊട്ടയിലേക്ക്‌ കുടിയേറിയ ഗുസ്‌താവോ പെത്രോ ആഗസ്‌ത്‌ ഏഴിന്‌ കൊളംബിയയുടെ പ്രസിഡന്റായി അധികാരമേൽക്കും. നേരത്തേ എം 19 ഗറില്ലയും ബെഗൊട്ട മേയറും സെനറ്ററുമായിരുന്നു അറുപത്തിരണ്ടുകാരനായ പെത്രോ. ഞായറാഴ്‌ച നടന്ന രണ്ടാംഘട്ട പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 50.8 ശതമാനം വോട്ട്‌ നേടിയാണ്‌ പെത്രോ വിജയിച്ചത്‌. നിർമാണ കമ്പനി മേധാവിയും കോടിപതിയും അഴിമതിവിരുദ്ധ  പ്രസ്ഥാനത്തിന്റെ നേതാവുമായ റുഡോൾഫ്‌ ഹെർണാണ്ടസിനെ (ബുക്കാർമാൻഗ മേയറായിരിക്കെ അഴിമതി നടത്തിയ കേസിൽ വിചാരണ നേരിടുകയാണ്‌ ഹെർണാണ്ടസ്‌) നാല്‌ ശതമാനം വോട്ടിനാണ്‌ പെത്രോ തോൽപ്പിച്ചത്‌.

മെയ്‌ 29ന്‌ നടന്ന ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട്‌ നേടിയ പെത്രോയ്‌ക്ക്‌ വിജയം അത്ര എളുപ്പമായിരുന്നില്ല. കാരണം രണ്ടാം സ്ഥാനത്തെത്തിയ ‘കൊളംബിയൻ ട്രംപ്‌’(സ്‌ത്രീകൾ അടുക്കളയിൽ കഴിയേണ്ടവർ, ഞാനൊരു മഹാനായ ജർമൻ ചിന്തകന്റെ ആരാധകനാണ്‌, അയാളുടെ പേരാണ്‌ ഹിറ്റ്‌ലർ തുടങ്ങിയ പ്രസ്‌താവനകളുടെ ഉടമ) എന്നറിയപ്പെടുന്ന ഹെർണാണ്ടസിന്‌ 28.14 ശതമാനം വോട്ടും നിലവിലെ പ്രസിഡന്റ്‌ ഇവാൻഡുക്കുവിന്റെ സ്ഥാനാർഥി ഫിക്കോ ഗുട്ടിയേറസിന്‌ 24 ശതമാനം വോട്ടും ലഭിച്ചിരുന്നു. രണ്ടാം റൗണ്ടിൽ ഗുട്ടിയേറസിന്റെ പാർടി ഹെർണാണ്ടസിന്‌ പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടുതന്നെ പെട്രോയുടെ വിജയസാധ്യതയ്‌ക്ക്‌ മങ്ങലേറ്റിരുന്നു. ഇടതുപക്ഷത്തെ എന്തുവിലകൊടുത്തും തോൽപ്പിക്കുകയെന്ന അമേരിക്കയുടെയും കൊളംബിയൻ വലതുപക്ഷത്തിന്റെയും പദ്ധതിയെ മറികടക്കുക പ്രയാസമേറിയ ദൗത്യമായിരുന്നു. എന്നാൽ, ഏറ്റവും അസമത്വമുള്ള ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ രാജ്യമായ കൊളംബിയയിലെ ജനങ്ങൾ മാറ്റത്തിന്‌ അനുകൂലമായി വോട്ടു ചെയ്‌തു. ബൊളീവിയക്കും പെറുവിനും ചിലിക്കും പിറകെ കൊളംബിയയും ചുവന്നു.

ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ വിജയഗാഥ അനുസ്യൂതം തുടരുകയാണ്‌. ഒക്ടോബറിൽ ബ്രസീലിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വർക്കേഴ്‌സ്‌ പാർടി സ്ഥാനാർഥി ലുല ഡി സിൽവ വിജയം നേടുമെന്നാണ്‌ എല്ലാ അഭിപ്രായ സർവേയും വ്യക്തമാക്കുന്നത്‌. അതോടെ ലാറ്റിനമേരിക്ക–-കരീബിയനിലെ 18 രാജ്യത്തിൽ ഭൂരിപക്ഷവും  ഇടതുപക്ഷത്ത്‌ നിലയുറപ്പിക്കും.

കൊളംബിയയിലെ ഇടതുപക്ഷ വിജയത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. കാരണം ലാറ്റിനമേരിക്കൻ വലതുപക്ഷത്തിന്റെ പ്രധാന കേന്ദ്രമാണ്‌ കൊളംബിയ. ഇടതുപക്ഷ വിരുദ്ധതയും നവഉദാരവൽക്കരണ നയവും ചേർന്ന ഈ വലതുപക്ഷ പദ്ധതി  ‘ഉറിബിസ്‌മോ’ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. 2002 മുതൽ 2010 വരെ  കൊളംബിയൻ പ്രസിഡന്റായിരുന്ന, അമേരിക്കൻ ശിങ്കിടി അൽവാരേ ഉറിബെയുടെ പേരിലാണ്‌ ഇതറിയപ്പെടുന്നത്‌. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകളെ പ്രത്യേകിച്ചും വെനസ്വേല, ക്യൂബ, നിക്കരാഗ്വ സർക്കാരുകളെ അട്ടിമറിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചത്‌ ഉറിബെയുടെ ഉപശാലകളിലാണ്‌. 2002 ഹ്യൂഗോ ഷാവേസിനെ അട്ടിമറിക്കാൻ കരുക്കൾ നീക്കിയതും ഇതേ ഉറിബെയാണ്‌. ഷാവേസിനെ പുറത്താക്കി അധികാരത്തിൽ വന്ന പെദ്രോ കാർമൺ സർക്കാരിനെ ആദ്യം അംഗീകരിച്ചതും; ഷാവേസ്‌ അധികാരം തിരിച്ചുപിടിച്ചപ്പോൾ കാർമണ്‌ അഭയം നൽകിയതും കൊളംബിയയാണ്‌. മയക്കുമരുന്ന്‌  കടത്തുകാരുമായും അർധ സൈനിക സേനകളുമായും കൂലിപ്പട്ടാളങ്ങളുമായും അടുത്ത ബന്ധം വച്ചുപുലർത്തിയ ഉറിബെ പ്രതിവിപ്ലവശക്തികളെ ഇടതുപക്ഷത്തെ തകർക്കാനായി ലാറ്റിനമേരിക്കയിലെങ്ങും അയച്ചു. വലതുപക്ഷ രാഷ്ട്രങ്ങളെ ഉൾക്കൊള്ളിച്ച്‌ ലിമ ഗ്രൂപ്പിനും രൂപം നൽകി. കൊളംബിയയിലെ ഇടതുപക്ഷ ഗറില്ലാ പ്രസ്ഥാനമായ റവല്യൂഷനറി ആംഡ്‌ ഫോഴ്‌സസ്‌ ഓഫ്‌ കൊളംബിയ(ഫാർക്ക്‌)യുമായി ചർച്ച നടത്തി സമാധാനം സ്ഥാപിക്കുന്നതിനും ഉറിബെ എതിരായിരുന്നു. ആഭ്യന്തര ശത്രുക്കളായി, ഭീകരവാദികളായി കണ്ട്‌ അവരെ അടിച്ചമർത്തണമെന്ന പക്ഷക്കാരനായിരുന്നു ഉറിബെ. വൻകിട ഭൂവുടമകൾ, അഗ്രിബിസിനസുകാർ, മയക്കുമരുന്ന്‌ വ്യാപാരികൾ എന്നിവരെയെല്ലാം ഒരു കുടക്കീഴീൽ അണിനിരത്തിയായിരുന്നു ഇത്‌.

ഇതേഘട്ടത്തിൽത്തന്നെയാണ്‌ ‘കൊളംബിയൻ പദ്ധതി’ എന്ന പേരിൽ അമേരിക്ക വൻ സൈനികസഹായവുമായി രംഗത്തെത്തിയത്‌. ദശലക്ഷക്കണക്കിന്‌ കർഷകരെ കൃഷി ഭൂമിയിൽനിന്ന്‌ ബലമായി ഒഴിപ്പിച്ചും അതിന്‌ വഴങ്ങാത്തവരെ വധിച്ചും കോർപറേറ്റുകൾക്ക്‌ വഴിയൊരുക്കാൻ ഉറിബെ തയ്യാറായി. ദരിദ്രകർഷകരെ ഫാർക്ക്‌ ഗറില്ലകളാണെന്ന്‌ മുദ്രകുത്തി വധിക്കുകയും(6402 പേർ) അതിന്റെ പേരിൽ പണം തട്ടുകയും ചെയ്‌തു. സ്വകാര്യവൽക്കരണത്തിന്‌ വേഗം കൂട്ടി. അതോടൊപ്പം നാറ്റോയുടെ ആഗോള പങ്കാളിയായി മാറുകയും ചെയ്‌തു. ജോർജ്‌ ബുഷ്‌  ഉറിബെക്ക്‌  ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ്‌ ഫ്രീഡം’ നൽകി ആദരിച്ചതിൽനിന്നുതന്നെ ഉറിബെയുടെ ഇടതുപക്ഷ വിരുദ്ധത വായിച്ചെടുക്കാം.

ഉറിബെക്കുശേഷം അധികാരത്തിൽ വന്ന ജുവാൻ മാന്വൽ സാന്റോസ്‌ ഇടതുപക്ഷ ഗറില്ലകളുമായി ചർച്ച നടത്തുകയും സമാധാന കരാറിലെത്തുകയും ചെയ്‌തു.  ഹിതപരിശോധനയിൽ കരാർ പരാജയപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിൽ ഉറിബെയുടെ അനുയായിയായ ഇവാൻഡുക്കു അധികാരത്തിൽ വരികയും ചെയ്‌തു. ഉറുബിസ്‌മോയ്‌ക്ക്‌ വീണ്ടും കൊളംബിയയിൽ സ്വാധീനമുറപ്പിക്കാനായി. എന്നാൽ, ഡുക്കുവിന്റെ വലതുപക്ഷ നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ 2021 ഏപ്രിൽ–-മെയ്‌ മാസങ്ങളിൽ അതിശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. കൊളംബിയൻ തെരുവുകളിൽ രക്തം വാർന്നൊഴുകി. കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നിവയുടെ നികുതി നിരക്ക്‌ കൂട്ടുകയും അതിസമ്പന്നർക്ക്‌ നികുതി സബ്‌സിഡികൾ നൽകുകയും ചെയ്‌തതാണ്‌ ജനങ്ങളെ പ്രകോപിപ്പിച്ചത്‌. പ്രക്ഷോഭത്തെ ഭീകരമായി അടിച്ചമർത്തി. 80 പേരെ വധിച്ചു. 1800 പേരെ  അറസ്‌റ്റ്‌ ചെയ്‌തു. 346 പേരെ കാണാതായി. ഈ സമരത്തോടെയാണ്‌  അടിച്ചമർത്തപ്പെട്ട ഇടതുപക്ഷം ഉയിർത്തെഴുന്നേറ്റത്‌. 

അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച്‌ എല്ലാ ഇടതുപക്ഷ കക്ഷികളും കൈകോർത്തു. ഗുസ്‌താവോ പെത്രോയുടെ നേതൃത്വത്തിൽ ‘ ഹിസ്‌റ്റോറിക്കൽ പാക്‌ട്‌ ’ എന്ന ഇടതുപക്ഷ സഖ്യത്തിന്‌ രൂപം നൽകി. പെത്രോയുടെ ഹ്യൂമൻ കൊളംബിയ, കൊളംബിയൻ കമ്യൂണിസ്‌റ്റ്‌ പാർടി, ഫാർക്കിന്റെ രാഷ്ട്രീയ സംഘടനയായ കമ്യൂൺ തുടങ്ങി 20 സംഘടന ചേർന്ന വിശാലമായ സഖ്യമാണിത്‌. 2018ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡുക്കുവിനെ എതിരിട്ട്‌ പരാജയപ്പെട്ടെങ്കിലും ഗുസ്‌താവോ പെത്രോ ജനങ്ങൾക്കിടയിൽ സജീവമായി. ഭൂപരിഷ്‌കരണം, തൊഴിലവകാശങ്ങളുടെ  പുനഃസ്ഥാപനം, ആഫ്രോ അമേരിക്കക്കാർക്കും ആദിമനിവാസികൾക്കും തുല്യഅവകാശം, മെച്ചപ്പെട്ട വിദ്യാഭ്യാസം, കുടിവെള്ളം  തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ പെത്രോ ഉയർത്തിയത്‌. പരിസ്ഥിതി സംരക്ഷണത്തിന്‌ പ്രാമുഖ്യം നൽകുകയെന്ന ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ സവിശേഷ സമീപനം പെത്രോയും അനുവർത്തിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കൻ നിയന്ത്രണത്തിലുള്ള എണ്ണ –-കൽക്കരി വ്യവസായത്തിന്‌ താഴിടുമെന്ന്‌ പെത്രോ വാഗ്‌ദാനം ചെയ്‌തു. ഈ ജനപക്ഷ മുദ്രാവാക്യങ്ങളാണ്‌ പെത്രോയെ അധികാരത്തിലെത്തിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top