26 April Friday

ഇനി ട്രംപിന്റെ ഇര ലോകാരോഗ്യസംഘടന

ഡോ. ജോസഫ്‌ ആന്റണിUpdated: Thursday Apr 16, 2020


ഏപ്രിൽ ഏഴിന് എഴുപത്തിരണ്ടുവർഷം പൂർത്തിയാക്കിയ ലോകാരോഗ്യ സംഘടനയ്ക്ക് ഞെട്ടിക്കുന്ന ഒരു ജന്മദിന സമ്മാനമാണ് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റായ  ഡോണൾഡ് ട്രംപാണ് സമ്മാനം പ്രഖ്യാപിച്ചത്. ഏകദേശം നാല് ബില്യൺ  ബജറ്റിൽമാത്രം പ്രവർത്തിക്കുന്ന ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തികസഹായം നിർത്തിയേക്കുമെന്നായിരുന്നു  സന്ദേശം. ആഗോളതലത്തിലുള്ള സംഘടനകളിൽനിന്നും കരാറുകളിൽനിന്നും മുടന്തൻന്യായങ്ങൾപറഞ്ഞ്‌ പിന്മാറിയ ഒരു ഭരണാധികാരിയാണദ്ദേഹം. അധികാരത്തിലെത്തിയ ഉടൻതന്നെ ട്രാൻസ് പസിഫിക് പങ്കാളിത്ത കരാറിൽനിന്നും അതിനുപിന്നാലെ, പാരിസ് കാലാവസ്ഥാ വ്യതിയാന കരാർ, ഇറാൻ ആണവകരാർ, യുനെസ്‌കോ, ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ എന്നിവയിൽനിന്നെല്ലാം അമേരിക്ക പിന്മാറി. ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ടും പലസ്തീൻ അഭയാർഥികൾക്കുള്ള ഫണ്ടും വെട്ടിക്കുറച്ചു. 

ട്രംപിന്റെ ആരോപണങ്ങൾ പൊള്ള
ലോകമൊട്ടാകെ മരണംവിതയ്ക്കുന്ന മഹാമാരിയെ ചെറുക്കാൻ ലോകാരോഗ്യസംഘടന അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനാൽ, ട്രംപ് ചിലപ്പോൾ തീരുമാനത്തിൽനിന്ന്‌ പിന്മാറിയേക്കുമെന്ന് കരുതിയിരുന്നു. പക്ഷേ, ലോകാരോഗ്യസംഘടനയ്ക്കുള്ള  സഹായം നിർത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. കൊറോണ വൈറസ് രോഗബാധമൂലം ആയിരങ്ങൾ അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകസാഹചര്യത്തിൽ, അതിനെ തടയാനുള്ള പ്രവർത്തനങ്ങളെ ആഗോളതലത്തിൽ ഉപദേശനിർദേശങ്ങൾ നൽകി നയിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന, ജീവൻമരണ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന  സംഘടനയ്ക്കുള്ള  ഫണ്ടാണ് ട്രംപ് മുടക്കിയിരിക്കുന്നത്.

ട്രംപ് മൂന്ന് ആരോപണമാണ് ലോകാരോഗ്യസംഘടനയ്‌ക്കെതിരെ ഉന്നയിച്ചത് - ഒന്ന്, തെറ്റായ വിവരങ്ങൾ നൽകുന്നു. രണ്ട്, തെറ്റായവിവരങ്ങൾ നൽകുന്ന ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. മൂന്ന്, വിവരങ്ങൾ യഥാസമയം  നൽകുന്നില്ല. ഏപ്രിൽ പതിനാലിന്, സാമ്പത്തികസഹായം നിർത്തുന്നതായ പ്രഖ്യാപനം നടത്തിയപ്പോഴും ആവർത്തിച്ചത് പഴയകാര്യങ്ങൾതന്നെയാണ്. വസ്തുതാവിരുദ്ധമായ  ആരോപണങ്ങളാണ് ഇവയെല്ലാമെന്ന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. എന്നുമാത്രമല്ല, പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, കൊറോണവൈറസ് ബാധ തടയുന്നതിൽ ഉണ്ടായ വൻവീഴ്ച മറച്ചുവയ്ക്കാനും അതിന്റെ ഉത്തരവാദിത്തം ലോകാരോഗ്യസംഘടനയുടെ തലയിൽ കെട്ടിവയ്ക്കാനും ജനങ്ങളുടെ ശ്രദ്ധ ചൈനയ്‌ക്കെതിരെ തിരിച്ചുവിടാനുമുള്ള ട്രംപിന്റെ പതിനെട്ടാമത്തെ അടവാണ് ഈ ആരോപണങ്ങൾ.


 

ജനുവരി 20-നാണ് അമേരിക്കയിൽ ആദ്യമായി കോവിഡ് രോഗം റിപ്പോർട്ട്‌ ചെയ്തത്. രണ്ടുദിവസത്തിനുശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത് ചൈനയിൽനിന്ന്‌ വന്ന ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു, പക്ഷേ, എല്ലാം നിയന്ത്രണവിധേയമാണെന്നാണ്. ജനുവരി 25-ന് നടത്തിയ പത്രസമ്മേളനത്തിൽ വൈറസ്ബാധ തടഞ്ഞുനിർത്താനുള്ള ചൈനയുടെ കഠിനാധ്വാനത്തെയും അതിന്റെ സുതാര്യതയെയും അദ്ദേഹം എടുത്തുപറഞ്ഞു പ്രശംസിച്ചു. എന്നുമാത്രമല്ല, അപ്പോഴെല്ലാം  അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇന്റലിജൻസ് വിഭാഗവും കോവിഡിനെതിരായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അതിന്‌ പുല്ലുവിലപോലും നൽകിയതുമില്ല. കോവിഡ്ബാധ ചൈനയിൽ റിപ്പോർട്ട്‌ ചെയ്തപ്പോൾമുതൽതന്നെ, ടെഡ്രോസ് അഥനോം ഗബ്രിയെസസിന്റെ നേതൃത്വത്തിലുള്ള ലോകാരോഗ്യസംഘടന, വിവരങ്ങൾ ശേഖരിക്കാനും അവ വിശകലനംചെയ്യാനും നിരവധി അവലോകനയോഗങ്ങൾ നടത്തുകയുണ്ടായി. എത്യോപ്യയിലെ ആരോഗ്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുള്ള പ്രശസ്തനായ മൈക്രോബയോളജിസ്റ്റാണ്  ഗെബ്രിയെസസ്. കൊറോണവൈറസിനെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ പരിശോധിച്ചതിനുശേഷം ജനുവരി മുപ്പതിനുതന്നെ, ലോകാരോഗ്യസംഘടന അന്തർദേശീയതലത്തിൽ ബാധകമാകുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൂണ്ടിക്കാണിക്കേണ്ട മറ്റൊരുവസ്തുത, ജനുവരി ഏഴി-ന് നടന്ന  ഒരു അവലോകനയോഗത്തിൽ, കോവിഡ് രോഗബാധയെ  തടയുന്നതിന് ചുമതലപ്പെട്ട അമേരിക്കയുടെ രണ്ട് സുപ്രധാന ഉദ്യോഗസ്ഥരായ ആന്തണി ഫൗച്ചിയും റോബർട്ട് റെഡ്‌ഫീൽഡും പങ്കെടുത്തിരുന്നുവെന്നതാണ്. അലർജി-–-പകർച്ചവ്യാധികളുടെ ദേശീയ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയാണ് ആന്തണി ഫൗച്ചി. ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ മേധാവിയാണ് റോബർട്ട് റെഡ്‌ഫീൽഡ്. ഇവർതന്നെയാണ് കോവിഡ്  രോഗബാധ തടയുന്നതിൽ ഇപ്പോഴും പ്രസിഡന്റ് ട്രംപിനെ  ഉപദേശിക്കുന്നത്. കോവിഡ്  രോഗബാധ നേരിടുന്നതിൽ പ്രസിഡന്റ് ട്രംപുമായി തോളുരുമ്മിനിന്ന്‌ പ്രവർത്തിക്കുന്ന  ഫൗച്ചിയും റെഡ്‌ഫീൽഡും ജനുവരി ഏഴി-ന് നടന്ന യോഗങ്ങളിൽ പങ്കെടുത്തതും  30-ന് ലോകാരോഗ്യസംഘടന നടത്തിയ ആരോഗ്യ അടിയന്തരാവസ്ഥാ പ്രഖ്യാപനവും വിവരക്കൈമാറ്റം  സംബന്ധിച്ച ട്രംപിന്റെ ആരോപണത്തിന്റെ അർഥശൂന്യത വെളിവാക്കുന്നതാണ്.

ട്രംപ് ഉന്നയിച്ച മറ്റൊരു പരാതി ലോകാരോഗ്യസംഘടന ചൈനയോട് പക്ഷപാതിത്വം കാണിക്കുന്നുവെന്നതാണ്. അടിസ്ഥാന രഹിതമായ ഈ ആരോപണം ഉന്നയിക്കുന്നതിനുപിന്നിൽ രണ്ടുലക്ഷ്യമുണ്ട്. ഒന്ന്, നേരത്തേ സൂചിപ്പിച്ചതുപോലെ കോവിസ്ബാധ നേരിടുന്നതിൽ തന്റെ പരാജയം മറ്റുള്ളവരുടെമേൽ ചാരി രക്ഷപ്പെടാനുള്ള ഉപായം. ചൈനാ പക്ഷപാതിത്വംമൂലം രോഗബാധയെസംബന്ധിച്ച് അമേരിക്കയ്ക്ക് യഥാസമയം വിവരങ്ങൾ ലഭിച്ചില്ല എന്നാണ്‌ സൂചിപ്പിക്കുന്നത്. രോഗബാധ തടയുന്നതിന് ചുമതലപ്പെട്ട അമേരിക്കയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ ലോകാരോഗ്യസംഘടനയുടെ ജനുവരി ആദ്യത്തെ ആഴ്ചയിൽത്തന്നെ നടന്ന യോഗത്തിൽ പങ്കെടുത്തുവെന്നതും ഈ യോഗംകഴിഞ്ഞ്‌ രണ്ടാഴ്ചയ്‌ക്കുശേഷമാണ് അമേരിക്കയിൽ ആദ്യത്തെ കോവിഡ് രോഗം റിപ്പോർട്ട്‌ ചെയ്തതെന്നതും ഈ ആരോപണത്തിന്റെ കാറ്റുകളയുന്നതാണ്. എന്നുമാത്രമല്ല, ജനുവരി മുപ്പതിന് ആഗോളതലത്തിൽ രോഗബാധ തടയുന്നതിനായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമുണ്ടായി.  ചൈനയെക്കൂടി ഈ വിവാദത്തിലേക്ക് വലിച്ചിട്ടതിന്റെ രാഷ്ട്രീയലക്ഷ്യം അടുത്തുനടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനാണ്. ചൈനാവിരുദ്ധവികാരം ആളിക്കത്തിച്ച്‌ എങ്ങനെയെങ്കിലും രണ്ടാമതും പ്രസിഡന്റാകുകയെന്നതാണ് ട്രംപിന്റെ ലക്ഷ്യം. കൊറോണവൈറസിനെ ഫലപ്രദമായി തടഞ്ഞുനിർത്തി സാധാരണനിലയിലായ ചൈനയിൽ ഉൽപ്പാദനപ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗബാധ വീണ്ടും ശക്തമാകുന്ന  അമേരിക്ക, സാമ്പത്തികമായി പിന്നോക്കം പോകുകയും ഈ അവസരത്തിൽ ചൈന സാമ്പത്തികമായി കൂടുതൽ കരുത്താർജിക്കുകയും ചെയ്യുമെന്ന ഭീതിയും അമേരിക്കൻ ഭരണകൂടത്തെ അലട്ടുന്നുണ്ടാകാം.


 

മനുഷ്യത്വവിരുദ്ധ നീക്കം
കോവിഡ് രോഗബാധയെ നേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ മാത്രമല്ല, സ്വന്തം പാർടിക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെപോലും ഉപദേശത്തെ നിർദയം തള്ളിക്കളഞ്ഞ ഒരു ഭരണാധികാരിയാണ് അമേരിക്കയിലെ ഇപ്പോഴത്തെ ദുരന്തത്തിന് ഉത്തരവാദി. പത്രസമ്മേളനങ്ങളിലെല്ലാം ട്രംപിന്റെ  ഒപ്പംനിൽക്കുന്ന വ്യക്തിയാണ് ആന്തണി ഫൗച്ചി. രോഗബാധ നേരിടുന്നതിൽ ട്രംപ് കാട്ടിയ അലംഭാവത്തിനെതിരെ കഴിഞ്ഞദിവസം അദ്ദേഹം പരസ്യമായി പറഞ്ഞത്, സമയോചിതമായ  നടപടി സ്വീകരിച്ചിരുന്നെങ്കിൽ അമേരിക്കയിൽ നിരവധി ജീവനുകളെ രക്ഷിക്കാമായിരുന്നുവെന്നാണ്. ഇതിനെതിരെ, ഫൗച്ചിയെ പുറത്താക്കേണ്ടിവരുമെന്ന മറുപടിയാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിർത്താനുള്ള തീരുമാനം,  തന്റെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനുള്ള ട്രംപിന്റെ അടവാണ്.

സഹായധനം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. പാട്രിസ് ഹാരിസ് തന്നെ രംഗത്തുവന്നു. അദ്ദേഹം പറഞ്ഞത്, തെറ്റായ ദിശയിലുള്ള ഈ അപകടകരമായ നടപടി കോവിഡിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നാണ്. മഹാമാരി നേരിടുന്നതിന് ലോകാരോഗ്യസംഘടന കൂടുതൽ സാമ്പത്തിക സഹായം അഭ്യർഥിക്കുന്ന സന്ദർഭത്തിലാണ് പിന്നിൽനിന്നുള്ള ട്രംപിന്റെ കുത്ത്. ലോകാരോഗ്യസംഘടനയുടെ പ്രവർത്തകർ സ്വജീവനെപ്പോലും തൃണവൽഗണിച്ചുകൊണ്ട് മഹാമാരിയെ പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ സാമ്പത്തികസഹായം തടയരുതെന്ന അഭ്യർഥനയുമായി  ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും രംഗത്തുവന്നു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നു പറഞ്ഞതുപോലെയാണ് ലോകാരോഗ്യ സംഘടനയ്ക്കെതിരെയുള്ള ട്രംപിന്റെ ഇപ്പോഴത്തെ നീക്കം. ഇത് അപായമുനമ്പിൽനിൽക്കുന്ന ജനങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്ന ഹീനകൃത്യമാണ്. ഈ മനുഷ്യത്വവിരുദ്ധ നീക്കത്തിനെതിരെ ലോകം ശക്തമായി പ്രതികരിക്കുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top