27 April Saturday

ഉന്നത വിദ്യാഭ്യാസത്തിലെ അന്താരാഷ്‌ട്ര സാധ്യതകൾ - ഡോ. കെ എസ്‌ ചന്ദ്രശേഖർ എഴുതുന്നു

ഡോ. കെ എസ്‌ ചന്ദ്രശേഖർUpdated: Friday Jul 10, 2020


അമേരിക്കയിലെ വിവിധ സർവകലാശാലകളിലായി  ഇന്ത്യയിൽനിന്ന് രണ്ടര ലക്ഷത്തോളം വിദ്യാർഥികളുണ്ട്. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞാൽ ബിരുദം നേടുന്ന എല്ലാ വിദ്യാർഥികളോടും രാജ്യം വിടാൻ യുഎസ് പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. അമേരിക്കയുടെ ഈ തീരുമാനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വലിയൊരു പുനർചിന്തനത്തിന്‌ കാരണമാകും. ഏഷ്യൻ–-യൂറോപ്യൻ സർവകലാശാലകൾ സമാനമായ വ്യത്യസ്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്‌. സമഗ്രവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം കൂടുതൽ അന്തർദേശീയ സഹകരണം ആവശ്യമുള്ള ഒരു പൊതു ലക്ഷ്യമായിരിക്കണം. യുഎസിലെ ക്യാമ്പസുകളിൽ എത്തുന്ന മറ്റു രാജ്യക്കാരിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യൻ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മടങ്ങിവരുന്നില്ല.

അതിവേഗം വളരുന്ന ജി 20 രാജ്യം കൂടിയാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള പല സർവകലാശാലകളും ഉന്നത പഠനത്തിനായി കുറഞ്ഞത് രണ്ട്‌ ശതമാനം പേർ തങ്ങളുടെ സർവകലാശാലകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ ചെലവ്, തൊഴിൽ സാധ്യത  എന്നിവ പരിഗണിച്ചാണ്‌ വിദ്യാർഥികൾ മറ്റൊരു രാജ്യം തെരഞ്ഞെടുക്കുന്നത്‌. കോവിഡ്‌  ശരിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞ രാജ്യങ്ങൾ ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് ന്യൂസിലൻഡിൽ പഠനത്തിനായി ചേർന്നിട്ടുള്ളത്. അതിൽ 17 ശതമാനവും  അവിടെ പഠിക്കുന്നത്‌ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വർക്ക് പെർമിറ്റുകളിൽ കൂടുതൽ വ്യക്‌തതയുള്ളതിനാലാണ്‌. 


 

കോവിഡ്‌ സാഹചര്യത്തിൽ ചില രാജ്യങ്ങളിലേക്ക്‌ പഠനത്തിനായി പോകാൻ ഇനി വലിയ താൽപര്യങ്ങൾ ഉണ്ടായി എന്നു വരില്ല. കോവിഡ്‌ മറ്റെല്ലാ മേഖലകളിലും എന്ന പോലെ വിദ്യാഭ്യാസരംഗത്തും വലിയ മാറ്റങ്ങൾക്ക്‌ വഴി മരുന്നിട്ടിരിക്കുകയാണല്ലോ. അതിന്റെ ഭാഗമാണ്‌ ഇപ്പോൾ ട്രംപിന്റെ പ്രസ്‌താവനയും.  വിദേശ വിദ്യാർഥികളെ തിരിച്ചയക്കാനുള്ള യുഎസ്‌ തീരുമാനം അമേരിക്കയിലെ സർവകലാശാലകളെ മാത്രമല്ല ബാധിക്കുക. അമേരിക്കൻ മാനദണ്ഡങ്ങൾ പാലിക്കുന്ന സമാന രാജ്യങ്ങൾ ഈ ദിശയിൽ നിയമങ്ങൾ നടപ്പാക്കാൻ തുടങ്ങും. കോളേജുകളുടെയും സർവകലാശാലകളുടെയും എണ്ണം കണക്കിലെടുത്ത് ഇന്ത്യയിൽ പന്ത്രണ്ടാം ക്ലാസ് പാസാകുന്ന എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം സാധ്യമല്ല. ചൈന, ഫിലിപ്പീൻസ്, ഉക്രെയ്ൻ, കിർഗിസ്ഥാൻ തുടങ്ങിയവയാണ് മെഡിക്കൽ ബിരുദത്തിനുള്ള  ഇന്ത്യയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ഇന്ത്യയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും ഗ്രാമീണ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കാനും കഴിയുമെങ്കിൽ കൂടുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ഒരു വിദ്യാർഥിക്ക് ഇഷ്ടമുള്ള ഒരു സർവകലാശാലയിൽനിന്ന് ബിരുദം നേടാൻ കഴിയണം.

നിലവിൽ വിദ്യാഭ്യാസരംഗത്ത്‌ ബദൽ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്‌.  ജീവിതനിലവാരം, സുരക്ഷ, ആരോഗ്യം, ശുചിത്വം എന്നിവ കണക്കിലെടുത്ത് കൂടുതൽ വിദ്യാർഥികൾ കേരളത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്‌. ഇപ്പോൾ നാല് വർഷത്തെ ഡിഗ്രി കോഴ്സുകൾ ഉൾപ്പെടെ ബിരുദ പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസസമിതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് തികച്ചും സ്വാഗതാർഹമായ നീക്കമാണ്.

വിദ്യാർഥികൾക്ക് പുതിയ പുതിയ കോഴ്സുകൾ പഠിക്കാൻ കഴിയണം. നാലുവർഷ കോഴ്‌സിൽ ആദ്യവർഷംതന്നെ അവർക്ക് ശരിയായ വഴി  ഏതെന്ന് തീരുമാനിക്കാൻ കഴിയണം. കോഴ്‌സുകളുടെ പാതിവഴിയിൽ നിന്ന്‌ അവർ സ്വയം ഒഴിവാകുന്നില്ലെന്നും ഇത് ഉറപ്പാക്കും. അന്താരാഷ്‌ട്ര സാധ്യതയുള്ള കോഴ്‌സുകൾ കൂടിയായാൽ വിദേശവിദ്യാർഥികൾ കേരളം തെരഞ്ഞെടുക്കും. അങ്ങനെയെങ്കിൽ അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ സാധ്യതയും പ്രാധാന്യവും  ഉയരും.

(കേരള സർവകലാശാല ക്യാമ്പസ് ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top