26 April Friday

ദേശാഭിമാനി മുൻനിരയിൽത്തന്നെ

ജേക്കബ് ജോർജ്Updated: Saturday Sep 3, 2022

കേരളത്തിലെ മുഖ്യധാര ഭാഷാ പത്രങ്ങളുടെയൊപ്പം തോളുരുമ്മിനിൽക്കുന്ന ദിനപത്രംതന്നെയാണ് ദേശാഭിമാനി. കെട്ടിലും മട്ടിലും വാർത്താവിന്യാസ രീതിയിലുമെല്ലാം ഈ മേന്മ കാണാം. ലോകത്തെ പ്രമുഖ പത്രങ്ങളായ യുഎസ്എ ടുഡേ, ഗാർഡിയൻ, ന്യൂയോർക്ക്‌ ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ എന്നിങ്ങനെയുള്ള പത്രത്തോടൊപ്പം നിൽക്കാൻ യോഗ്യതയുള്ള പത്രങ്ങളാണ് കേരളത്തിലെ പ്രമുഖ പത്രങ്ങൾ. അവയ്‌ക്കൊപ്പം തലയുയർത്തിനിൽക്കുന്ന പത്രംതന്നെയാണ് ദേശാഭിമാനി എന്ന് ചുരുക്കം. കേരളത്തിലെ പത്രങ്ങളിൽ പുതിയ പ്രൊഫഷണലിസം കൊണ്ടുവരുന്നതിനും ആഗോള പത്രപ്രവർത്തനരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുതിയ രീതികളും പത്രപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിലും കേരള പത്രപ്രവർത്തക യൂണിയൻ വഹിച്ച പങ്ക് വളരെ വലുതാണ്. ദേശാഭിമാനി, മലയാള മനോരമ, മാതൃഭൂമി, തൃശൂരിലെ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളിലെ മുതിർന്ന പത്രപ്രവർത്തകർതന്നെയാണ് യൂണിയന്‌ നേതൃത്വം നൽകിയത്.  പത്രപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ ആധുനിക പരിശീലനം നൽകാൻ മുന്നിട്ടിറങ്ങിയതും ഈ  ആദ്യ തലമുറ നേതാക്കളാണ്. മലയാളം ദിനപത്രങ്ങളുടെ പൊതു നിലവാരവും പത്രപ്രവർത്തകരുടെ പ്രാഗത്ഭ്യവും വളർന്നുകൊണ്ടിരിക്കുന്നതിന്‌ കാരണവും യൂണിയന്‌ നേതൃത്വം കുറിച്ച ഈ നേതാക്കൾ തന്നെയാണ്‌. 1970-കളിൽ കോഴിക്കോട് ചെറുവണ്ണൂരിൽ നടന്ന മൂന്നു ദിവസത്തെ ശിൽപ്പശാലയിലൂടെയായിരുന്നു തുടക്കം. കേരള പത്രപ്രവർത്തക യൂണിയൻ പത്രപ്രവർത്തകരുടെ ഒരു സംഘടനയായി രൂപമെടുക്കുന്നതും ഈ കാലഘട്ടത്തിലാണ്.

ചെറുവണ്ണൂർ ശിൽപ്പശാലയിലൂടെ പത്രപ്രവർത്തനത്തിൽ പരിശീലനം നൽകാൻ ശേഷിയുള്ള മുതിർന്ന ചില പ്രമുഖ പത്രപ്രവർത്തകരും രംഗത്തുവന്നു. ഇവരൊക്കെക്കൂടി ന്യൂസ് ക്രാഫ്റ്റ് എന്ന പേരിൽ ഒരു പരിശീലന പരിപാടി ആവിഷ്കരിച്ചു. മലയാള മനോരമയിലെ വി കെ ബി നായർ, ടികെജി നായർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എറണാകുളം പ്രസ് ക്ലബ് കേന്ദ്രീകരിച്ചായിരുന്നു ന്യൂസ് ക്രാഫ്റ്റ് വളർന്നു തുടങ്ങിയത്.  മാതൃഭൂമിയിലെ എൻ എൻ സത്യവ്രതൻ തുടക്കംമുതലേ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ദേശാഭിമാനിയിലെ ലേഖകൻ സി വി പാപ്പച്ചനും ഒപ്പം ചേർന്നു. ന്യൂസ് ക്രാഫ്റ്റ് വളർന്ന്‌ കേരള പ്രസ് അക്കാദമിയുടെ രൂപീകരണത്തിന് വഴിയൊരുങ്ങി. പത്രപ്രവർത്തകർക്ക് പ്രൊഫഷണൽ രീതിയിലുള്ള പരിശീലനം നൽകാനുള്ള കേരള പത്രപ്രവർത്തക യൂണിയൻ പരിപാടിയോട് സംസ്ഥാന സർക്കാർ സഹകരിക്കുകയായിരുന്നു. പത്രപ്രവർത്തകർക്ക് ആധുനിക പരിശീലനം നൽകാൻ പ്രമുഖ പത്രങ്ങളിലുള്ളവരും  മുന്നോട്ടുവന്നു. ഇതിൽ ഏറ്റവും മുന്നിൽനിന്നത് ദേശാഭിമാനി പത്രാധിപർ പി ഗോവിന്ദപ്പിള്ള തന്നെയാണ്. മലയാള മനോരമയിൽനിന്ന് വി കെ ബി, ടി കെ ജി എന്നിവർക്കു പുറമെ തോമസ് ജേക്കബും മുമ്പിലെത്തി.

മാതൃഭൂമിയിൽനിന്ന് എൻ എൻ സത്യവ്രതനും ടി വേണുഗോപാലനും പി രാജനും ദേശാഭിമാനിയിൽനിന്ന് പി ജിയെ കൂടാതെ കെ മോഹനൻ, സി എം അബ്ദുറഹ്മാൻ, മലപ്പുറം മൂസ എന്നിങ്ങനെയുള്ള പ്രമുഖർ. ഇവരൊക്കെത്തന്നെയാണ് കേരള പത്രപ്രവർത്തക യൂണിയൻ രൂപീകരിക്കാൻ നേതൃത്വം നൽകിയത്. യൂണിയൻ പ്രവർത്തനങ്ങൾക്ക് അപ്പുറത്ത് പത്രപ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള വലിയ കടമയും പത്രപ്രവർത്തക യൂണിയൻ ഏറ്റെടുക്കുകയായിരുന്നു. മലപ്പുറം മൂസ ദീർഘകാലം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു. പി ഗോവിന്ദപ്പിള്ള, പി വേണുഗോപാലൻ, വി കെ ബി നായർ, ടി കെ ജി നായർ, തോമസ് ജേക്കബ്, പി രാജൻ തുടങ്ങി കേരളത്തിലെ വിവിധ പത്രങ്ങളുടെ നേതൃത്വം വഹിച്ചിരുന്നവർ കേരളത്തിലെ പത്രപ്രവർത്തകരുടെ പുതിയ തലമുറയ്ക്ക് ആധുനിക പരിശീലനം നൽകുന്ന വലിയ പരിപാടിയുടെ നെടുംതൂണുകളായി മാറുന്നതാണ്‌ കേരളത്തിലെ പത്രലോകം പിന്നെ കണ്ടത്.  എല്ലാത്തിനും മുന്നിൽനിന്നത്‌ ദേശാഭിമാനി പത്രാധിപർ പി ഗോവിന്ദപ്പിള്ളയാണ്‌. പത്രങ്ങളുടെ പേജുകളുടെ വിന്യാസം, ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിങ്, വാർത്തകളുടെ ഉറവിടം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളിലാണ് കേരളത്തിലെ പത്രപ്രവർത്തകർക്ക് ആധുനിക പരിശീലനം നൽകിയത്. ഇതിൽ ദേശാഭിമാനി എപ്പോഴും മുന്നിൽത്തന്നെ നിന്നു. പത്രപ്രവർത്തക യൂണിയനോടുള്ള അകൽച്ചകൊണ്ടും മറ്റുകാരണങ്ങളാലും  പരിശീലന പരിപാടികളിൽനിന്ന ചുരുക്കം ചില പത്രസ്ഥാപനങ്ങൾ വിട്ടുനിന്നു. കാലക്രമേണ ഇത്തരം പത്രങ്ങൾ നിലവാരത്തിന്റെ കാര്യത്തിൽ താഴേക്ക് പോകുന്നതും കേരളത്തിലെ പത്രലോകം കണ്ടു. ഈ പരിശീലന പരിപാടികൾക്കെല്ലാം കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകർക്കൊപ്പം ദേശാഭിമാനിയിലെ മുൻനിര പത്രപ്രവർത്തകരുമുണ്ടായിരുന്നു. എല്ലാത്തിനും നെടുനായകത്വം വഹിച്ച്‌ പി ഗോവിന്ദപ്പിള്ളയും. അതുകൊണ്ടുതന്നെ പ്രമുഖ ദിനപത്രങ്ങളുടെ മുൻനിരയിൽ ദേശാഭിമാനിയും തലയുയർത്തി നിൽക്കുന്നു.

(മുതിർന്ന മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top