27 April Saturday

മരിച്ചവരുടെ ഡാറ്റകള്‍; തീരാത്ത ചിന്തകളുടെ അനന്ത വിഹായസ്സ്

ദിനേശ്‌ വർമUpdated: Wednesday Apr 19, 2023

മരിച്ചവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കും അവയിലെ വിവരങ്ങള്‍ക്കും എന്ത് സംഭവിക്കുന്നു? ബാങ്ക് അക്കൗണ്ട്‌ പോലെ, അടുത്ത ബന്ധുവിനോ അക്കൗണ്ടുടമ ചുമതലപ്പെടുത്തുന്നയാള്‍ക്കോ തുടര്‍ന്ന് ഉപയോഗിക്കാനോ അക്കൗണ്ട് ഇല്ലാതാക്കാനോ അധികാരം നല്‍കണമെന്നാണ് ഫേസ്‌ബുക്ക്‌ ആലോചിക്കുന്നത്. ചിന്തിച്ചാല്‍ തീരാത്തത്ര പ്രശ്നങ്ങള്‍ ഈ ഡാറ്റകളുമായി ബന്ധപ്പെട്ട് ഉണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

മരിച്ചവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കും അവയിലെ വിവരങ്ങള്‍ക്കും (ഡാറ്റ) എന്ത് സംഭവിക്കുന്നു? ചിലരെയെങ്കിലും അലോസരപ്പെടുത്താറുള്ള ഒരു ചോദ്യം ആണത്. ഒരു ഭാഗത്തുനിന്ന് ചിന്തിച്ചാല്‍, അതിന് എന്ത് സംഭവിച്ചാലെന്താ? ആളില്ലാതെ പോയില്ലേ എന്ന ന്യായീകരണവും നമ്മുടെ മുന്നിലെത്താം. എന്നാല്‍ ലോകസമൂഹ മാധ്യമ ഡാറ്റാ വിദഗ്ദ്ധര്‍ എല്ലാം ഈ വിഷയത്തിനുപിന്നാലെ പായുന്നുണ്ട്. എന്തിനെന്നല്ലേ? നമുക്ക് ചിന്തിച്ചാല്‍ തീരാത്തത്ര പ്രശ്നങ്ങള്‍ ഈ ഡാറ്റകളുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

2018‐ലെ വിവരങ്ങള്‍ അടിസ്ഥാനമായി ഓക്സ്ഫോര്‍ഡ് സർവകലാശാല നടത്തിയ പഠനത്തില്‍ ( 1 ) 2070 ടെ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരുടെ അക്കൗണ്ടുകളാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2100 നുമുമ്പ് ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനംകൊണ്ടുമാത്രം ഒന്നര ദശലക്ഷംപേർ  മരിക്കുമെന്നാണ് കണക്ക്. മുമ്പ് ഞങ്ങളും ഈ പ്രശ്നം ചിന്തിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. ബാങ്ക് അക്കൗണ്ടും മറ്റുംപോലെ, അടുത്ത ബന്ധുവിനോ അക്കൗണ്ടുടമ ചുമതലപ്പെടുത്തുന്നയാള്‍ക്കോ തുടര്‍ന്ന് ഉപയോഗിക്കാനോ അക്കൗണ്ട് ഇല്ലാതാക്കാനോ അധികാരം നല്‍കണമെന്നാണ് ഫേസ്‌ബുക്ക്‌ ആലോചിക്കുന്നത്. പക്ഷേ, അതിന് നിയമപ്രശ്നങ്ങളുണ്ട്. അതത് രാജ്യങ്ങളിലെ നിയമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തണം. അക്കൗണ്ടുള്ളവര്‍ ഒരു നോമിനിയെ നിയോഗിക്കണമെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാനും എഫ്ബി ആലോചിക്കുന്നു.

നോമിനിക്ക് നല്‍കാവുന്ന പരമാവധി അധികാരം എത്ര? ഇത് സംബന്ധിച്ചും തര്‍ക്കം നിലവിലുണ്ട്.

ഫേസ്ബുക്ക് ആലോചിക്കുന്നത് പ്രൊഫൈല്‍ ചിത്രം മാറ്റം, അനുസ്മരണ കുറിപ്പ് പ്രസിദ്ധീകരിക്കല്‍, സൗഹൃദാഭ്യർഥന അംഗീകരിക്കല്‍ എന്നിവ മതിയെന്നാണ്. ഇന്‍സ്റ്റഗ്രാം ഇപ്പോള്‍തന്നെ സുഹൃത്തിന് അല്ലെങ്കില്‍ കുടുംബത്തിന് ആ മരണം റിപ്പോര്‍ട്ട് ചെയ്യാനും അക്കൗണ്ട് ‘മെമ്മേറിയല്‍' അഥവാ സ്മാരകം ആക്കാനും അവസരമുണ്ട്. എന്നാല്‍, ട്വിറ്റര്‍ നിര്‍ദേശിക്കുന്നത്  കുടുംബം തങ്ങളോട് അപേക്ഷിച്ചാല്‍ അക്കൗണ്ട് മരവിപ്പിക്കാം എന്നാണ്.

ഫ്രാന്‍സിലും, ഹങ്കറിയിലും നിയമപരമായിത്തന്നെ അക്കൗണ്ട് ഉള്ളയാള്‍ക്ക് തങ്ങളുടെ 'ഡാറ്റകള്‍' മരണശേഷം എന്ത് ചെയ്യണമെന്ന് നിർദേശിക്കാന്‍ വ്യവസ്ഥയുണ്ട്. അതേസമയം, നിയമം ഇല്ലാത്തതിനാലും സോഷ്യല്‍മീഡിയ കമ്പനികളുടെ നിബന്ധനകളില്‍ കൃത്യമായ രൂപമില്ലാത്തതിനാലും തീരുമാനം ഉണ്ടാക്കാനാകാത്ത കോടിക്കണക്കിന് അക്കൗണ്ടുകളുടെ ഭാവി സംബന്ധിച്ച് വ്യാപകമായ ആശങ്ക ലോകമെങ്ങും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കണക്കാക്കാനാവാത്ത വിധം ‘ ഡാറ്റകള്‍ ’ കുമിഞ്ഞുകൂടിയിട്ടുള്ള അക്കൗണ്ടുകളായിരിക്കും ഇവ എന്നതില്‍ സംശയമില്ല.

ചരമവാർത്ത ഉറവിടം

ഇങ്ങനെ അനാഥമായി ഡാറ്റകൾ കിടന്നാൽ എന്തൊക്കെയാണ്‌ കുഴപ്പങ്ങളുണ്ടാവുകയെന്ന്‌ നോക്കാം. ശരിയായവിധം അവസാനിപ്പിക്കുകയോ അനന്തരാവകാശിക്ക് കൈമാറുകയോ ചെയ്യാത്ത ഇത്തരം അക്കൗണ്ടുകള്‍ വലിയതോതില്‍ ദുരുപയോഗം ചെയ്യാനും രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയുമെന്ന്‌ വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്‌. സൈബര്‍ ക്രിമിനലുകള്‍ പ്രൊഫൈല്‍ മോഷ്ടിച്ച് വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി അടിക്കടി വര്‍ധിക്കുകയാണ്‌. ഇന്ത്യയില്‍ ഒന്നരലക്ഷത്തോളം ഓൺലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് റിസർവ്‌ ബാങ്ക് കണക്ക്‌. പുറത്ത് പറയാത്തവയും അക്കൗണ്ടുടമകള്‍ അറിയാത്തവയും വേറെ.

ഒരാളുടെ ഓൺലൈൻ ബന്ധത്തില്‍നിന്ന് അയാളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും മറ്റുംവരുന്ന മരണവാര്‍ത്തകൾ നോക്കിയാണ് ഈ രംഗത്തെ ക്രിമിനലുകള്‍ പ്രൊഫൈലുകള്‍ ആവശ്യാനുസരണം കണ്ടെത്തുന്നത്. മരിച്ചയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പഠിച്ച് പാസ്‌വേഡ്‌ സാധ്യതയടക്കം വ്യക്തിപരമായ ഒട്ടേറെ വിവരങ്ങള്‍ ചോര്‍ത്തി എടുക്കാനാകും. മരിച്ച ഒരാളുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ചുരുങ്ങിയത് ആറ് മാസമെടുക്കുന്നു.

യുഎസിലെ ഫേസ്‌ബുക്ക്‌ ഡാറ്റാ സെന്ററുകളിൽ ഒന്ന്‌

യുഎസിലെ ഫേസ്‌ബുക്ക്‌ ഡാറ്റാ സെന്ററുകളിൽ ഒന്ന്‌

ഈ കാലയളവിനുള്ളിൽത്തന്നെ മരിച്ചയാളുടെ സമൂഹ മാധ്യമ അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്താന്‍ കഴിയും. ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഇത്തരം അനവധി കേസുകളുണ്ടായിട്ടുണ്ട്. ശരാശരി ഒരാള്‍ക്ക് 7.6 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നാണ് കണക്ക്.

തങ്ങളുടെ മറ്റ് സ്വത്തുക്കള്‍പോലെയാണ് ഓരോരുത്തരും അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെ കരുതിപ്പോരുന്നത്. അതുകൊണ്ട് വ്യക്തിപരമായ ഒട്ടേറെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്ന ശീലവും നിരവധി പേര്‍ക്കുണ്ട്.

ലൊക്കേഷൻ മാപ്പ്‌, ഓരോ സ്ഥലത്തും നിൽക്കുന്ന ചിത്രങ്ങള്‍, പണം അടച്ച രസീതുകള്‍ ബാങ്ക് പാസ്‌വേഡുകള്‍ പോലെ രഹസ്യസ്വഭാവമുള്ളവയുടെ കൈമാറ്റം, അതുമായി ബന്ധപ്പെട്ട സന്ദേശം തുടങ്ങി ഒട്ടനവധി ഇമേജുകളും വിവരങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

പത്രത്തില്‍ ചരമവാര്‍ത്ത വന്ന അന്ന് രാവിലതന്നെ മരിച്ചയാളുടെ അക്കൗണ്ടില്‍നിന്ന് പണം പോയ സംഭവമുണ്ടായി. മരിച്ചയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നുള്ള സന്ദേശം വഴി ഏറ്റവും അടുത്ത സുഹൃത്തില്‍ നിന്ന് പണം കടം വാങ്ങിയ സംഭവവും ഉണ്ടായി. അത് അന്ന് വാര്‍ത്തയും പൊലീസ്‌ കേസുമായെങ്കിലും അതോടെ അവസാനിച്ചു. എന്നാല്‍ സമൂഹ മാധ്യമം വഴി പങ്കുവച്ച ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അതില്‍തന്നെ കിടന്നിരുന്നു. അത് മറ്റൊരു സൈബര്‍ ക്രിമിനല്‍ സംഘത്തിന്റെ കൈയില്‍ എത്തിയതോടെ വലിയൊരു സാമ്പത്തിക തട്ടിപ്പിനുള്ള തുടക്കമാവുകയായിരുന്നു.

ലോകമറിയാത്തവയും

ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെഴ്സപ്ഷന്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 101 ജേർണലിസ്റ്റുകള്‍ മരിച്ചു എന്ന് കണ്ടെത്തിയിരുന്നു. അമ്പതിലധികംപേര്‍ കോവിഡ് അനന്തര രോഗാധിക്യം മൂലം മരണപ്പെട്ടു. ഇന്ത്യയില്‍ പ്രതിദിനം 3 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ഘട്ടത്തില്‍ എടുത്ത കണക്കാണിത്. ആകെ മരിച്ച ജേർണലിസ്റ്റുകളുടെ എണ്ണം ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. അത് ദുഷ്കരവുമാണ്. യഥാർഥ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിൽത്തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ലോകോത്തര മാധ്യമങ്ങള്‍ നേരിട്ടും, ലോകാരോഗ്യസംഘടനയും കണക്കെടുത്ത് വെളിപ്പെടുത്തിയിരുന്നല്ലോ.

കോവിഡ്മൂലം മരിച്ച പല മാധ്യമപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ലെന്ന് പ്രമുഖ ജേർണലിസ്റ്റ് റാണ അയൂബ്

റാണ അയൂബ്‌

റാണ അയൂബ്‌

ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. ഉത്തരേന്ത്യയിലെ സാഹചര്യം വച്ചാവാം അങ്ങനെ പറഞ്ഞത്‌. അതുമൂലം അവരുമായി ബന്ധപ്പെട്ട പല വിവരങ്ങളും ലോകം അറിഞ്ഞിട്ടില്ല. കോവിഡ്‌കാല സർവെകളിലും കണക്കെടുപ്പിലും മാധ്യമപ്രവര്‍ത്തകര്‍ വലിയ പങ്കുവഹിച്ചിരുന്നു.

അതേസമയം, കേരളത്തിലും വൻനഗരങ്ങളിലുമുള്ള പത്രപ്രവർത്തകർ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്‌. അവർ പലവിവരങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ലോകത്തിനും കുടുംബത്തിനും അടക്കം വിലപ്പെട്ട ഒട്ടേറെ വിവരം നല്‍കുന്നവയും അതിലുമുണ്ടായിരുന്നു. ലോകത്തെ പത്രപ്രവര്‍ത്തകരുടെ കോവിഡ്കാല അനുഭവങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ പേജില്‍ കഥകളായി നിരത്തിവച്ചിട്ടുണ്ട്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം മനുഷ്യരെ ഏവരേയും ബാധിച്ച ഒരു സംഭവത്തെക്കുറിച്ച് ഇടവേളയില്ലാതെ ജീവന്‍ തന്നെ പണയപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തവരുടെ അനുഭവങ്ങള്‍ അതിലുണ്ട്.

ഭയം മൂലം വാര്‍ത്തകള്‍ കാണാനോ കേള്‍ക്കാനോ വായിക്കാനോ വിസമ്മതിച്ച ഒരു സമൂഹത്തിന്റെ സ്റ്റോറി സമൂഹമാധ്യമത്തില്‍ പങ്കുവച്ച പത്രപ്രവര്‍ത്തകനുണ്ട്. അത് ഒരു പുതിയ വിവരമാണ്. അതിലൂടെ പലതും പഠിക്കാനും കണ്ടെത്താനും കഴിയും. വിലപ്പെട്ട വിവരങ്ങളുള്ള അത്തരം അക്കൗണ്ടുകള്‍ അവരുടെ മരണത്തോടെ നിശ്ശബ്ദമാവുന്നു. ആ വിവരങ്ങള്‍ മറ്റാരെങ്കിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ചാണ്‌ ഇപ്പോൾ ചർച്ച സജീവമാകുന്നത്‌. കാരണം, അത് ചോദ്യം ചെയ്യാന്‍ ആളില്ല. അതുകൊണ്ട്‌ ഈ രണ്ട് സാധ്യതകള്‍ കുറേക്കൂടി വിപുലമായി എടുത്താല്‍ ഫലം ഭീകരമാകും.

ആത്മഹത്യ ചെയ്തവരുടെ അക്കൗണ്ടുകൾ

ആത്മഹത്യ ചെയ്തവരുടെ മരണാനന്തര മനഃശാസ്ത്ര പരിശോധനയ്ക്ക് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പഠനം വലിയ സാധ്യതകള്‍ തുറക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. യുവതീയുവാക്കളുടെ ആത്മഹത്യകളുടെ കാരണം കണ്ടെത്താന്‍ അന്വേഷണ സ്ഥലങ്ങള്‍ പൊതുവില്‍ സ്വീകരിക്കുന്ന രീതി  ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യലാണ്. അതിലൂടെ ആത്മഹത്യ ചെയ്തയാളുടെ മാനസികാവസ്ഥ മനസ്സിലാകുന്നു. എന്നാല്‍, ഇതിന് പലപ്പോഴും പരിമിതികള്‍ ഉണ്ടെന്ന് മനഃശാസ്ത്രവിദഗ്‌ധര്‍ പറയുന്നു. തനിച്ചെടുക്കുന്ന നിർണായക തീരുമാനങ്ങള്‍ ഏറ്റവും അടുത്തവരുമായിപ്പോലും പങ്കുവയ്ക്കാന്‍ മടികാണിക്കുന്നവരാണ്  ഇത്തരക്കാര്‍.

പക്ഷേ, ഇവര്‍ സ്വതന്ത്രമായി, സാമൂഹിക മാധ്യമങ്ങള്‍ വഴി പലതും പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ സ്വഭാവം മനസ്സിലാക്കിയാല്‍ മരണത്തിനുമുമ്പ് ഏതുതരം മാനസികാവസ്ഥയിലായിരുന്നുവെന്ന് കൃത്യമായി പഠിക്കാന്‍ കഴിയുന്നു. ഇത് മനഃശാസ്ത്ര പഠനരംഗത്ത് തന്നെ വലിയ മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. കാരണം, ഇന്ന് യുവസമൂഹം തങ്ങളുടെ വൈകാരിക പ്രതികരണം പൂര്‍ണമായും പങ്കുവയ്ക്കുന്നത് ആത്മാർഥ സുഹൃത്തുക്കളോട് എന്നതിനേക്കാള്‍ സമൂഹ മാധ്യമങ്ങളിലാണ്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിശകലനംചെയ്ത് നടത്തിയ പഠനങ്ങളില്‍, സ്വയം പീഡിപ്പിക്കാനാണോ ദുഷ്പ്രേരണയാലാണോ ആത്മഹത്യ ചെയ്തതെന്ന വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങള്‍ കണ്ടെത്താനായി.

ആത്മഹത്യക്ക് കാരണക്കാര്‍ പുറത്തുണ്ടോയെന്ന് അറിയാന്‍ ഇത്തരം പഠനങ്ങള്‍ സഹായമാവുന്നു. ഇനി സ്വയം പീഡിപ്പിക്കാന്‍ ചെയ്തതാണെങ്കില്‍ എന്ത് കാരണങ്ങള്‍  കൊണ്ടാണ് എന്നും സമാനസംഭവങ്ങളില്‍ ഇതേ അവസ്ഥയുണ്ടായോ എന്നും വിശകലനം ചെയ്യാന്‍ സഹായിക്കുന്നു. മരണസമയത്തുള്ള മാനസികാവസ്ഥ മാത്രമല്ല അതിലേക്ക് എത്തുന്നതിനു മുമ്പ് സ്വാധീനിച്ച ഘടകങ്ങള്‍ എന്തെല്ലാം, എത്രകാലത്തെ സ്വാധീനമുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്നു. ഇതില്‍നിന്നുള്ള പ്രധാന നേട്ടം പൊതുവായി കാണുന്ന സൂചകങ്ങളെ കണ്ടുപിടിച്ച് അത്തരം കാരണം മൂലമുള്ള ആത്മഹത്യകള്‍ തടയാനാകുമോ എന്ന ശ്രമം നടത്താം എന്നതാണ്.

ഡിജിറ്റല്‍ യുഗത്തില്‍ കാണപ്പെടുന്ന പ്രത്യേകത 12 വയസ്സുമുതല്‍തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നവരുടെ എണ്ണം ഏറെയാണ്‌ എന്നതാണ്‌. വിവിധതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റ് സൈബറിടങ്ങളിലും നടക്കുന്നുണ്ട്. പരസ്യമായ സൈബര്‍ ആക്രമണവും നിശ്ശബ്ദമായ ഒതുക്കലും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ അനവധി. അത്തരം സംഭവങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടാറുമുണ്ട്.

ഒരു സാങ്കല്പിക ലോകമെന്ന നിലയ്ക്കാണ് കൗമാരക്കാര്‍ സമൂഹമാധ്യമങ്ങളെ കാണുന്നത്, അതുകൊണ്ടുതന്നെ പല പ്രധാന വിവരങ്ങളും വൈകാരിക അവസ്ഥകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കും. ഫോണും സന്ദേശങ്ങളും ഇ മെയിലും അടക്കം പരിശോധിക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിലെ വിവരങ്ങളും മരിച്ചയാളുടെ മാനസികാവസ്ഥ, നേരിട്ടിരുന്ന പ്രശ്നങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയരാണോ, ഭീഷണിയുണ്ടായിരുന്നോ എന്നും അറിയാം. ഇവരിലുണ്ടാകുന്ന ആകാംക്ഷ, ഭക്ഷണത്തോട് താല്‍പ്പര്യമില്ലായ്മ, മാനസിക സമ്മർദം, ക്രമമല്ലാത്ത ജീവിതം, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാനാകും.  കൗമാരക്കാരുടെ ഇടയില്‍ അതത് ദിവസത്തെ മണിക്കൂറിലെ ‘മൂഡ്' ഷെയര്‍ ചെയ്യുക എന്നത് ഒരു ട്രെന്‍ഡ് ആയിത്തന്നെ മാറിയിട്ടുണ്ട്. പല മരണങ്ങളുടെയും പിന്നാലെ സമൂഹമാധ്യമ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ആത്മഹത്യചെയ്തതിന്റെ പൂർണ ഉത്തരവാദിത്തം ആ വ്യക്തിക്ക് മാത്രമല്ല എന്ന് വ്യക്തമായതായി സൈബര്‍ നിരീക്ഷണ സംഘം കണ്ടെത്തി.

സൈബര്‍ ആക്രമണം തന്നെ ഒരു പ്രേരണ ആയതായി കണ്ടെത്തുകയുണ്ടായി. തന്റെ വ്യക്തിപരമായ നാണക്കേടോ, അപഹസിക്കപ്പെട്ട അവസ്ഥയോ ഒരാളെ മറ്റൊരു മാര്‍ഗവുമില്ല, ആത്മഹത്യ മാത്രമാണ് വഴി എന്ന് ചിന്തിപ്പിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ഇത് പല കേസിലും സാമൂഹ്യമായും പ്രതികരണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഒരു തെളിവും മൃതദേഹ പരിശോധനയില്‍ നിന്നോ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യുന്നതില്‍ നിന്നോ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥ തെളിവ് നല്‍കുന്നു.

ഇറ്റലിയില്‍ ഒരു യുവതി വീടിന്റെ ബാല്‍ക്കണിയില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് കെട്ടിത്തൂങ്ങി മരിച്ച സംഭവമുണ്ടായി. മൃതദേഹ പരിശോധനയും ബന്ധുക്കളുടെ ചോദ്യം ചെയ്യലും ഒന്നും മരണകാരണം കണ്ടെത്താനായില്ല. ഒടുവില്‍ സമൂഹമാധ്യമ അക്കൗണ്ട് പരിശോധിച്ചത് മരണത്തിന്  തുമ്പുണ്ടാക്കി. കാമുകനുമായുള്ള സന്ദേശങ്ങള്‍ മാത്രം 100 എണ്ണം കണ്ടെത്തി. പെണ്‍കുട്ടി ഈ ബന്ധം അവരുടെ വീട്ടില്‍ അറിയിച്ചില്ലെന്ന കുറ്റം ചൂണ്ടി കാമുകന്‍ ബന്ധത്തില്‍നിന്ന് പിന്മാറുന്നു. അയാളില്ലാതെ ജീവിക്കാനാകില്ലെന്ന സന്ദേശം ഇട്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു.

ഇവിടെ അന്വേഷണ സംഘം കണ്ടെത്തിയത് ആത്മഹത്യക്ക് ഉത്തരവാദി ആ പെണ്‍കുട്ടി മാത്രമല്ല എന്നതാണ്. ഇത്തരം കേസുകള്‍ പിന്നീട് വർധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതായത്, ഒരു തുമ്പും കിട്ടാത്ത ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും നിര്‍ണായക വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്നു.

ബ്രിട്ടനില്‍ ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ഒരു സാധ്യതയ്ക്ക് സൂചന നല്‍കിയത്. മകളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ തുറക്കാനും, പരിശോധിക്കാനും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചു ( 2 ). നിയമപരമായ പോരാട്ടമാണ് അവര്‍  അന്ന് നടത്തിയത്. ലോകത്തിനുതന്നെ ഒരു പുതിയ വഴി തുറന്നു. വിവിധ രാജ്യങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ സത്യം കണ്ടെത്താന്‍ സമൂഹ മാധ്യമം ഉപയോഗിച്ച്  വിജയിച്ച സംഭവങ്ങള്‍ ഏറെയാണ്. കേരളത്തിലും ഈ മാതൃക വ്യാപകമാക്കുകയാണ്. 2022 മെയിൽ കൊച്ചിയില്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്ജെന്‍ഡറിന്റെ മരണവുമായി ബന്ധപ്പെടുത്തി പൊലീസ് സാമൂഹമാധ്യമ അക്കൗണ്ട് പരിശോധിച്ചിരുന്നു. അവര്‍ വിഷാദാവസ്ഥയിലേക്ക് എത്തിപ്പെട്ടതിനുള്ള പല കാരണങ്ങളും അതിലുണ്ടായിരുന്നു.

വിര്‍ച്വല്‍ ക്രിമേഷന്‍ !

വിര്‍ച്വല്‍ ശവസംസ്കാരം നമ്മുടെ ലോകത്ത് പതിവാകാന്‍ പോകുന്ന ഒരു ആചാരമായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമൂഹമാധ്യമ സൈറ്റുകള്‍ തന്നെ അപ്രകാരം ഒരു മാര്‍ഗം ആലോചിക്കുകയാണ്‌. മരണത്തോടെ ആ വ്യക്തിയുടെ എല്ലാം അവസാനിച്ചുവെന്ന് കരുതുന്ന ലോകം മാറിയിരിക്കുന്നു. മരിച്ചയാളുടെ ജന്മദിനം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത് ഇന്ന് പതിവ് സംഗതി. മരിച്ചയാളുടെ പ്രൊഫൈലുകളില്‍നിന്ന് സന്ദേശങ്ങളും ചിത്രങ്ങളും ഷെയര്‍ ചെയ്യപ്പെടുന്നതും അത്ഭുതകരമല്ല. കാരണം, സമൂഹമാധ്യമ അക്കൗണ്ടുകള്‍ സജീവമായി നിലനില്‍ക്കുന്നു.  സമൂഹമാധ്യമങ്ങള്‍ 'ഓട്ടോമേറ്റഡ്' സാങ്കേതിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവയായതിനാല്‍, അതത് ദിവസങ്ങളില്‍ ഓർമകള്‍ പങ്കുവയ്ക്കപ്പെടുന്നു.

അക്കൗണ്ടുകാരന്‍ ജീവിച്ചിരിക്കുന്നുണ്ടോ, മരിച്ചോ എന്ന പ്രശ്നം ‘ആള്‍ട്ടര്‍നേറ്റീവ് ഇന്റലിജന്‍സ്' നയിക്കുന്ന സമൂഹമാധ്യമങ്ങള്‍ക്ക് ബാധകമല്ല. ഇതുമൂലം മരണമടഞ്ഞ ലക്ഷക്കണക്കിന് ആളുകളുടെ അക്കൗണ്ടുകള്‍ സജീവമായി നിലനില്‍ക്കുന്നു. ഇത്തരം സാങ്കേതിക കാര്യങ്ങള്‍ അറിയാത്തവരാണ് ഉപയോക്താക്കളില്‍ നല്ലൊരു ശതമാനവും. അതുകൊണ്ട്, അത്തരം അക്കൗണ്ടുകളെ ‘ മെമറബിള്‍ ' ആയി നിലനിര്‍ത്താന്‍ അക്കൗണ്ടുടമയുടെ ബന്ധുക്കള്‍ ഇടപെടണമെന്ന പ്രചാരണം നടത്തുകയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍.

ജി മെയിലും ഹോട്ട്മെയിലും മരിച്ചവരുടെ അക്കൗണ്ടുകളിലേക്ക് വ്യവസ്ഥകളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. അനവധി രാജ്യങ്ങളില്‍ യാഹുവുമായിട്ട് ഇത് സംബന്ധിച്ച് വ്യവഹാരങ്ങള്‍ നടത്തിവരുന്നു. ആദ്യകാലത്ത് 'ഡെഡ് അക്കൗണ്ടുകള്‍' ഇല്ലാതാക്കിയിരുന്ന ഫേസ്ബുക്ക് പിന്നീട് അത് നിര്‍ത്തി. ‘ഓർമത്താളുകള്‍' ആയി അവ സൂക്ഷിക്കാന്‍ തുടങ്ങി. ഏതെങ്കിലുംവിധത്തില്‍ മരണം എഫ്ബിയെ അറിയിച്ചാല്‍ ആ പേജ് ‘മെമ്മോറിയല്‍ പേജ്' വിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

2005 മുതല്‍ എഫ്ബി ‘ലെഗസി കോണ്‍ടാക്ട്' അനുവദിച്ചിരുന്നു. സുഹൃത്തിനോ കുടുംബത്തിനോ ഈ ‘ലെഗസി കോണ്‍ടാക്ട്' ആക്കാന്‍ അക്കൗണ്ടുടമക്ക് കഴിയും. മരണശേഷം ഏത്‌ വ്യക്തിയെ ആണോ ലെഗസി കോൺടാക്ട്‌ ആക്കിയിട്ടുള്ളത്‌ അവർക്ക്‌ തുടർന്ന്‌ അക്കൗണ്ടിന്റെ അവകാശം ലഭിക്കും. 2017 ല്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജർമന്‍ കോടതിയില്‍ എഫ്ബിക്കെതിരെ ശക്തമായ കേസ് വരുന്നത്, മരിച്ചുപോയ മകളുടെ എഫ്ബി അക്കൗണ്ട് വിവരങ്ങള്‍ ബന്ധുക്കൾക്ക്‌ കൈമാറാന്‍ വിസമ്മതിച്ച സംഭവത്തിലാണ്. കോടതി കമ്പനിക്ക് അനുകൂലമായി കേസ്‌ വിധിച്ചു.

കാരണം, അക്കൗണ്ടുടമ ലെഗസി കോൺടാക്ടോ, നോമിനിയോ വച്ചിട്ടില്ല. ബന്ധുക്കളുടെ ഇത്തരം അപേക്ഷകള്‍ സമൂഹമാധ്യമ കമ്പനികൾ പരിഗണിക്കുന്നില്ല എന്ന പരാതികളിന്മേൽ വിവിധ കോടതികളിൽ ഇപ്പോഴും വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്‌. ട്വിറ്റര്‍ 2010 മുതല്‍ മരിച്ചവരുടെ അക്കൗണ്ടുകള്‍ ‘ഓർമ' എന്ന വിഭാഗത്തില്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കി.

കുടുംബത്തിന്റെ അഭ്യർഥനപ്രകാരം അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും അവർ അനുവദിച്ചിട്ടുണ്ട്. 2014 ല്‍ ട്വിറ്ററിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതായുള്ള പരാതിയെ തുടര്‍ന്ന് മരിച്ചവരുടെ ചിത്രങ്ങള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്യാനുള്ള അനുവാദം കൂടി ട്വിറ്റര്‍ എഴുതിച്ചേര്‍ത്തു. 2019 ല്‍ മറ്റൊരു അപ്ഡേഷന്‍ കൂടി ട്വിറ്റര്‍ കൊണ്ടുവന്നു. യൂട്യൂബും ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകളില്‍ കയറാന്‍ അനുവദിക്കുന്നുണ്ട്. നേരത്തെ അക്കൗണ്ടുടമ ഏല്‍പ്പിച്ചതുപ്രകാരം നിയമപരമായ അനന്തരാവകാശിക്ക് ‘ഡിജിറ്റല്‍ അസറ്റ്' കൈമാറാന്‍  നിയമം അനുവദിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എഴുത്തുകുത്തുകള്‍, ചിത്രങ്ങള്‍, മറ്റ് സാമൂഹ്യ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയാണ് ‘ ഡിജിറ്റല്‍ അസറ്റി ’ ല്‍ വരുന്നത്. നിശ്ചയമായും അക്കൗണ്ടുടമയുടെ മരണശേഷം നടക്കുന്ന നിയമപരമായ വലിയ കൈമാറ്റങ്ങളാണ് ഇവയെല്ലാം.

സമൂഹമാധ്യമ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന അക്കൗണ്ടുടമകള്‍ കമ്പനി നിബന്ധനകള്‍ പ്രകാരം അനന്തരാവകാശം സംബന്ധിച്ച് രേഖപ്പെടുത്തണം. എങ്കിലേ, അതുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകൂ. എന്നാല്‍, ഇത് സംബന്ധിച്ച കാര്യമായ ബോധവല്‍ക്കരണം ഇപ്പോള്‍ നടക്കുന്നില്ല. ഇന്ത്യയില്‍ അടക്കം ഇത് സംബന്ധിച്ച് നിയമപരമായ പിന്‍ബലവും ഇല്ല. വിലപ്പെട്ട വിവരങ്ങള്‍ അടങ്ങിയ അക്കൗണ്ടുകള്‍ മരണശേഷം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ് എന്ന് നാം കണ്ടു. ഇത് കൈകാര്യം ചെയ്യാന്‍ സമൂഹമാധ്യമരംഗത്തുള്ള ഏവര്‍ക്കും ബാധ്യതയുണ്ട്.

ഡിജിറ്റല്‍ ഇമ്മോര്‍ട്ടാലിറ്റി (ഡിജിറ്റല്‍ അനശ്വരത) എന്ന സങ്കല്‍പ്പവും ഇന്ന് വ്യാപകമാവുന്നു. അക്കൗണ്ടുടമയുടെ കംപ്യൂട്ടറോ, റോബോട്ടോ, അടക്കം ഏത് സൈബര്‍ ഇടവും ഡിജിറ്റലായ മറ്റൊരു രൂപത്തിലേക്ക് (അവതാര്‍ സ്വഭാവത്തില്‍) മാറ്റുകയാണ്. ഇത് കൃത്രിമബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. അവ അക്കൗണ്ടുടമ മരിച്ചാലും ഈ ‘അവതാര്‍' സംവിധാനം സ്വയം കാര്യങ്ങള്‍ മനസ്സിലാക്കി അക്കൗണ്ട് സജീവമായി നിലനിര്‍ത്തും. നേരത്തെയുള്ള ഇടപെടല്‍ സ്വഭാവം മനസ്സിലാക്കി പ്രതികരിക്കുകയും ചെയ്യും. ദുരുപയോഗം തടയാന്‍ ഈ വഴി ഉപയുക്തമാവുന്നു എന്നതാണ് പ്രത്യേകത.

പ്രതിരോധം

കുറ്റകൃത്യങ്ങളുടെ ആവിര്‍ഭാവവും സ്വഭാവവും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിശകലനംചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന കണ്ടെത്തല്‍ യുവതലമുറയുടെ ഭാവിയെ സുരക്ഷിതമാക്കുന്ന പല നടപടികള്‍ക്കും സഹായകമാകുന്നു. പ്രത്യേകിച്ചും മയക്കുമരുന്ന് ഉപയോഗവും അതിനെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും ഭയം വിതയ്ക്കുന്ന ദുരന്തങ്ങളും മറ്റും.  ഫിലിപ്പീന്‍സില്‍ വര്‍ഷങ്ങളായി തുടരുന്ന ദുരന്തമാണ് മയക്കുമരുന്ന് ഉപയോഗവും അതിന്റെ കടത്തുമായി ബന്ധപ്പെട്ടുള്ള ഏറ്റുമുട്ടലുകളും. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങൾ നിരന്തരം ഉണ്ടാകുന്നു.

2022 മെയ് അവസാനം അധികാരത്തില്‍ എത്തിയ ഫിലിപ്പീന്‍സ് പ്രസിഡന്റ് ബോംഗ് ബോംഗ് മാര്‍കോസ് പറഞ്ഞത് മയക്കുമരുന്ന് വേട്ട മുഖ്യ അജണ്ടയാണ്‌, അത്‌ മുമ്പുണ്ടായിരുന്നവിധം തുടരുമെന്നാണ്. എന്നാൽ, പല പാർടികളും ഭരണാധികാരികളും ഈ ലോബിയുടെ ഭാഗമാണ്‌ എന്നതാണ്‌ വസ്തുത. മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൽ ഏർപ്പെട്ട 6000 പേര്‍ കൊല്ലപ്പെട്ട രാജ്യവും മറ്റൊന്നല്ല. മയക്കുമരുന്ന്‌ കടത്ത്‌ സംബന്ധിച്ച്‌ ഒട്ടേറെ വിവരങ്ങൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പ്രത്യേകിച്ചും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ അക്കൗണ്ടുകളിൽനിന്ന്‌.

മയക്കുമരുന്ന് ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന കലാപങ്ങളും മരണങ്ങളും ദുരന്തങ്ങളും ഭീതിതമായ അവസ്ഥയാണ് മറ്റു പലരാജ്യങ്ങളിലും ഉള്ളത്. സമ്പല്‍സമൃദ്ധമായി വളരേണ്ട കൊളംബോ തകര്‍ന്നടിഞ്ഞതിന് ഒരു കാരണം മയക്കുമരുന്ന് ലോബികളുടെ പ്രവര്‍ത്തനവും ഏറ്റുമുട്ടലുകളും ആണ്. നേരത്തെ യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അമേരിക്കയുടെ പഴയ കോളനികളിലുമായിരുന്നു അതിരൂക്ഷമായ മയക്കുമരുന്ന് സംഘര്‍ഷം. ഇപ്പോഴത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞുവെന്ന ആശങ്ക ശക്തമാണ്. ഈ ഘട്ടത്തിലാണ് ലോകത്ത് മയക്കുമരുന്നു മൂലമുള്ള മരണങ്ങളിലെ കണ്ണികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഡാറ്റകള്‍ എത്രമാത്രം പ്രയോജനപ്പെടുന്നുവെന്ന് കാണേണ്ടത്.

ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ ഫേസ്ബുക്ക് ഡാറ്റ പഠനവിധേയമാക്കിയിരുന്നു. ഒട്ടേറെ പുതിയ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. കുറ്റകൃത്യങ്ങളും അതേക്കുറിച്ചുള്ള ഭയവും സംബന്ധിച്ച ഒരു പഠനത്തില്‍ ഏതെങ്കിലും കുറ്റകൃത്യത്തിന്റെ നേരിട്ടുള്ള തെളിവ് ലഭിച്ചില്ലെങ്കിലും  അതിലേക്ക് നയിച്ച സന്ദര്‍ഭങ്ങളിലേക്ക്‌ കൃത്യമായി എത്താനാകുന്നുണ്ട്‌. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർ, അതിനെ ഭയന്ന് കഴിയുന്നവര്‍ എന്നിങ്ങനെ ‘ക്രൈം'ന്റെ ഭാഗമായതിന്റെ വിവിധവശങ്ങള്‍ കാണാനായി.

സ്പാനിഷ് സംസാരിക്കുന്ന 18 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ 70 ദിവസത്തെ ‘ട്വിറ്റുകള്‍' ശേഖരിച്ച് നടത്തിയ പഠനത്തിൽ ഒട്ടേറെ പുതിയ വിവരങ്ങളും സാധ്യതകളും ലഭിക്കുകയുണ്ടായി. സമൂഹത്തിലുള്ള ട്രെന്‍ഡ് എന്താണ്, പ്രത്യേകിച്ചും കുറ്റകൃത്യങ്ങളുടെ ലോകത്ത് നടക്കുന്ന ചിന്തകളും ആശങ്കകളും സാഹസ സാധ്യതകൾ എന്തൊക്കെയാണെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം.

ഞെട്ടിക്കുന്ന ഒട്ടേറെ വിവരം ഈ പഠനത്തില്‍ നിന്ന് ലഭ്യമായി. അതില്‍ പ്രധാനപ്പെട്ടതായിരുന്നു 1000 ട്വീറ്റില്‍ 15 എണ്ണം ക്രൈംമാത്രം വിഷയമാക്കി എന്നത്. അത്രതന്നെ ട്വീറ്റുകള്‍ കുറ്റകൃത്യം ഭയക്കുന്നതായുള്ള ട്വീറ്റുകളും. ക്രൈം സംബന്ധിച്ച ട്വീറ്റുകളുടെ ആവേശവും കുറ്റകൃത്യം നടന്ന സമയങ്ങളും തമ്മിലുള്ള താരതമ്യത്തില്‍ മനസ്സിലായ പ്രധാനകാര്യം സമൂഹമാധ്യമങ്ങള്‍ ഒരു പരിധിവരെ കുറ്റകൃത്യ പ്രവണതയെ സഹായിക്കുന്നു എന്നാണ്.

ഔദ്യോഗികമായിത്തന്നെ സര്‍ക്കാരുകളും സര്‍ക്കാര്‍ മെഷിനറികളും സമൂഹ മാധ്യമരംഗം വളരെ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കാരണം, ഏറെ വിലപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ അന്വേഷണ–പഠന രംഗത്ത്‌ പ്രയോജനം ലഭിക്കുംവിധം ലഭ്യമാകുന്നു.

പലതരത്തിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റകൾ പ്രത്യേകിച്ചും. 2014 ല്‍ വിവിധരാജ്യങ്ങളില്‍ പൊട്ടിപുറപ്പെട്ട ആഭ്യന്തര കലാപങ്ങളുടെ പിന്നിലുള്ള ശക്തിയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ രംഗത്ത് കൂടുതല്‍ പഠിക്കാന്‍ പ്രേരണയായത്. ദശലക്ഷക്കണക്കിന് പോസ്റ്റുകള്‍ ട്വീറ്റുകളും നിമിഷങ്ങള്‍ക്കുള്ളില്‍ പിറന്നുവീണതായി കണ്ടെത്തി. അവ ഭൂരിപക്ഷവും ഏതെങ്കിലും വിധത്തില്‍ കലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് ആയിരുന്നുവെന്ന് കണ്ടെത്തി.

പകർച്ചവ്യാധി പോലുള്ള ആശങ്കാജനകമായ സന്ദർഭങ്ങളിലും സമൂഹത്തിന്‌ പ്രയോജനകരമാകുംവിധം സമൂഹമാധ്യമങ്ങളിലെ ഡാറ്റകൾ ഉപയോഗപ്പെടുത്താനും കഴിയുന്നുണ്ട്‌.  കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ആര്‍ക്ക്  ? എവിടെ  ? എങ്ങനെ സഹായിക്കും  ? തുടങ്ങി പലവിധ ആശയക്കുഴപ്പങ്ങൾ ഉണ്ടായപ്പോൾ സമൂഹമാധ്യമങ്ങൾ വലിയ സഹായമായി. ഇറ്റലിപോലുള്ള രാജ്യങ്ങള്‍ അതിന്റെ തീവ്രത നന്നായി അനുഭവിച്ചതുമാണ്. ഈ ഘട്ടത്തിലാണ് പല ആരോഗ്യസംവിധാനങ്ങളും സമൂഹമാധ്യമത്തെ ഒരു ആശ്രയമാക്കാന്‍ ശ്രമിച്ചത്. രോഗം പടരുന്നതും സഹായം വേണ്ടതുമായ മേഖലകളും സമൂഹമാധ്യമങ്ങള്‍ കാണിച്ചുകൊടുത്തു.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പഠിച്ചതിലൂടെ പൊതുവില്‍ ഉയര്‍ന്നുവന്ന തത്വം, അവ നമ്മുടെ മാനസികാവസ്ഥ കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്നതാണ്.

ഡിജിറ്റല്‍ വില്‍

ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങളടക്കം മറ്റെവിടെ ഉള്ളതിനേക്കാള്‍ വിശദമായി രേഖപ്പെടുത്തിവയ്ക്കുന്നത് ഇന്ന് ഓൺലൈനിലാണ്. പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളില്‍. അവ വിലപ്പെട്ട വിവരങ്ങളോ രേഖകളോ ആണെന്നതില്‍ സംശയവുമില്ല. ലോകത്ത് ‘‘ഡിജിറ്റല്‍ വില്‍'' എന്ന രീതി തന്നെ വ്യാപകമാകുന്നത്‌ ഈ  സാഹചര്യത്തിലാണ്‌.  തന്റെ മരണശേഷം ഓൺലൈന്‍ ഡാറ്റകള്‍ കൈകാര്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം, അത് എങ്ങനെയൊക്കെ വിനിയോഗിക്കണം തുടങ്ങി തീരുമാനങ്ങള്‍ അതില്‍ രേഖപ്പെടുത്തുന്നു.

ഭൗതിക സ്വത്ത് കൈകാര്യം ചെയ്യുന്നതുപോലെ തന്നെ ഡിജിറ്റല്‍ സ്വത്തും കൈകാര്യം ചെയ്യണം എന്നാണ് വ്യവസ്ഥ ഉണ്ടാക്കുന്നത്. ആപ്പിള്‍ കമ്പനി ഐഒഎസ് 15.2 പതിപ്പുമുതൽ ഡാറ്റകള്‍ അനന്തരാവകാശിക്ക് കൈമാറാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് കോണ്‍ടാക്ട് നമ്പറാണ് അടുത്ത അവകാശിയെന്ന് സെറ്റിങ്സില്‍ കയറി ചേര്‍ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് മറ്റ് കമ്പനികളും സ്വീകരിക്കുന്നു.

ഗൂഗിള്‍ വിശ്വാസയോഗ്യമായ 10 കോണ്‍ടാക്ടുകള്‍ അംഗീകരിക്കുന്നുണ്ട്. ഒരു വര്‍ഷം ചുരുങ്ങിയത് പത്ത് ലക്ഷംപേര്‍ പൊതു ആരോഗ്യപ്രശ്നം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. പൊതു ആരോഗ്യപ്രശ്നം എന്നുപറഞ്ഞാല്‍ ആത്മഹത്യചെയ്യുന്ന വ്യക്തി മാത്രമല്ല അതിന് കാരണക്കാരന്‍, സമൂഹത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട് എന്ന തിരിച്ചറിവാണിത്. ഈ തിരിച്ചറിവിന്റെ അഭിപ്രായത്തില്‍ നടത്തിയ പരിശോധനയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് അതില്‍ പ്രധാന പങ്കുണ്ടെന്നാണ് ബോധ്യപ്പെട്ടത്. മുമ്പ് പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന പല സാഹചര്യങ്ങളും കാരണങ്ങളുമാണ് പ്രശ്നമെങ്കില്‍ ഡിജിറ്റല്‍ യുഗത്തില്‍ അത് സമൂഹമാധ്യമത്തിലേക്ക് കടന്നുവന്നിരിക്കുന്നു. ഒരാള്‍ ശരാശരി രണ്ടര മണിക്കൂര്‍ നേരം പ്രതിദിനം സമൂഹമാധ്യമം ഉപയോഗിക്കുന്നുവെന്ന് കണ്ടു. ഈ ഉപയോഗം എപ്രകാരമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു, അവരെ സമൂഹമാധ്യമം ഏത് വിധത്തില്‍ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാന്‍.

ആത്മഹത്യാ അനുകൂലസ്വഭാവ സവിശേഷതകള്‍ രൂപീകരിക്കുന്നതിലും സമൂഹമാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയത്. അതായത്, ആത്മഹത്യാ വാസന ഒരാളില്‍ കയറിക്കൂടിയാല്‍ ആ സാഹചര്യത്തെ തനിക്ക് അനുകൂലമാക്കി മാറ്റാന്‍ ഒരാള്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കാനുള്ള സഹായം നല്‍കാന്‍ സമൂഹമാധ്യമത്തിനാകുന്നു. ആത്മഹത്യ ചെയ്ത പത്തുപേരുടേയും അല്ലാത്ത പത്തുപേരുടേയും അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ കണ്ടെത്തല്‍.

ആത്മഹത്യാ കരാറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി രൂപീകരിച്ച് നിശ്ചിത സമയത്ത് ഒന്നിലധികംപേര്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് ഈ രംഗത്ത് പഠനം നടത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. 2000ല്‍ ജപ്പാനിലാണ് ഇത്തരമൊരു ‘കരാര്‍ പ്രകാരമുള്ള' ആത്മഹത്യ കണ്ടെത്തിയത്. ദക്ഷിണകൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളിലും ഇപ്പോള്‍ കരാര്‍ പ്രകാരം ആത്മഹത്യ വ്യാപിച്ചു. സമൂഹമാധ്യമ ഡാറ്റകള്‍ നല്‍കിയ വിവരങ്ങളാണിവ.

30കാരനായ ഒരാളുടെ ആത്മഹത്യ അമേരിക്കന്‍ ചികിത്സാവകുപ്പിനെയും അന്വേഷണ സംഘത്തേയും കുരുക്കിയ ചരിത്രമുണ്ട്. ഒരു പ്രത്യേക മരുന്നിന്റെ അമിത ഉപയോഗംമൂലം നിശ്ശബ്ദമായി ചിലര്‍  മരി ച്ചതായി സ്ഥിരീകരിച്ചു. ആ മരുന്ന് അമേരിക്കയില്‍ നിരോധിച്ചതാണ്. പിന്നെ എങ്ങനെ ആ മരുന്ന് ലഭിച്ചു? മരിച്ചയാളുടെ സമൂഹമാധ്യമ അക്കൗണ്ടില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ഇത്തരം മരുന്നുകള്‍ക്കായുള്ള അന്വേഷണം നടത്തിയതിനും അമേരിക്കയ്ക്ക് പുറത്തുള്ള ഒരു രാജ്യത്തുനിന്നും ഓൺലൈനായി മരുന്ന് എത്തിച്ചതിനും തെളിവുകള്‍ ലഭിച്ചു. ഹൈഡ്രജന്‍ സള്‍ഫൈഡ് ഉപയോഗിച്ച് 208 പേര്‍ ജപ്പാനില്‍ മരിച്ചതായി 2008 ല്‍ കണ്ടെത്തിയപ്പോഴും ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ പങ്ക് വ്യക്തമായി ബോധ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് പല രാജ്യങ്ങളും സമൂഹമാധ്യമങ്ങളെ ഈ വിധത്തില്‍ വിശകലനം ചെയ്യാനും അതിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയങ്ങള്‍ വികസിപ്പിക്കാനും ശ്രമിച്ചത്.

സമൂഹമാധ്യമം ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പ്രത്യേക പഠനവിഷയമാക്കി. ഭീഷണി, നാണംകെടുത്തല്‍, ആക്ഷേപിക്കല്‍, ഒതുക്കല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് കൂടുതലായി സൈബര്‍ രംഗത്ത് കണ്ടുവരുന്നത്. ഹാക്കിങ് വ്യാപകമായി നടക്കുന്നുവെന്നതിനാല്‍ ഒട്ടേറെ പേരില്‍ അതുണ്ടാക്കുന്ന ആഘാതവും ഇതുമായി കൂട്ടിവായിക്കാം.  

കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍  പോസ്റ്റ് ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ ഭാഗമാണ് എന്നാണ് കണക്കാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍  പ്രചരിപ്പിക്കപ്പെടുന്നതും ഇത്തരം ദൃശ്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ടും പഠനങ്ങള്‍ നടന്നിട്ടുണ്ട്.

കോവിഡ് കാലത്താണ്‌ സമൂഹമാധ്യമ ഉപയോഗ സമയം വര്‍ധിച്ചത്‌. സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കൂടി. ഇക്കാലയളവില്‍ സൈബര്‍ ക്രൈമുകളുടെ എണ്ണം ഇരട്ടിയായതായി ഇന്ത്യയിലെ പല നഗരങ്ങളിലും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

പുണെയില്‍ 2017–2018 മായി താരതമ്യം ചെയ്തപ്പോള്‍ 2019 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ തെളിയിച്ചത് കുറ്റകൃത്യങ്ങള്‍ നാല്‌ മടങ്ങ് വർധിച്ചുവെന്നാണ്. വന്‍ നഗരങ്ങളിലേതിന് സമാനമായ അളവില്‍ കേരളത്തിലും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തി. പിടിക്കപ്പെടുന്നവയുടെ എണ്ണം ഇന്ത്യയില്‍ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തില്‍ എന്നത് മാത്രമാണ് ആശ്വാസം.

മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്തപോലുള്ള മെട്രോകളില്‍ 10 ദിവസത്തിനിടെ ഒരു പുതിയ സൈബര്‍ തട്ടിപ്പ് രീതി അരങ്ങേറുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത്തരത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിച്ചത് മരണശേഷം ക്രിമിനല്‍കേസുകളിലെ ചില പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങളാണ്.

കുറ്റാന്വേഷണ വിദഗ്ധര്‍ വളരെ ഗൗരവത്തോടെ പഠനവിധേയമാക്കിയ വിഷയം ആണ് അമേരിക്കയിലെ ഗാബി പെറ്റിറ്റോയുടെയും കാമുകന്‍ ബ്രിയാന്‍ ലോന്‍ഡറിയുടേയും കൊലപാതകം (3). അമേരിക്കയില്‍ ഒരു ദീര്‍ഘയാത്രക്ക് പുറപ്പെട്ട ഇവരെ ഒരു സുപ്രഭാതത്തില്‍ കാണാതാവുകയായിരുന്നു. ഗാബിയുടെ എഫ്ബി പോസ്റ്റുകളും ടിക്‌ടോക്കും സൂക്ഷ്മമായി പഠനവിധേയമാക്കിയ സൈബര്‍ അന്വേഷക സംഘം കൊലപാതകത്തെക്കുറിച്ച് മാത്രമല്ല ഈ രംഗത്തുള്ള വന്‍സാധ്യതകളെക്കുറിച്ചും സുപ്രധാന കണ്ടെത്തലുകള്‍ നടത്തി. അതിലൊന്ന് ഗാബിയുടെ സമൂഹമാധ്യമ സുഹൃത്തുക്കളുടെ പോസ്റ്റുകളും കമന്റുകളും ആയിരുന്നു. അസാധാരണമായ ചില സൂചനകള്‍ അവയില്‍നിന്ന് അന്വേഷക സംഘത്തിന് ലഭിച്ചത്രെ.

ഉപയോഗക്രമം

ഈ പശ്ചാത്തലത്തില്‍ സമൂഹമാധ്യമ ലോകത്തെ വിലയിരുത്തിയാല്‍ മരിച്ചവരുടെ അക്കൗണ്ടുകള്‍ അടക്കം നല്‍കുന്ന വിവരങ്ങള്‍ സമൂഹത്തില്‍ പുതിയ പല പരിഷ്കരങ്ങള്‍ക്കും സാധ്യത നല്‍കുന്നു.
സ്മാർട്‌ ഫോണ്‍ വ്യാപകമായതോടെ ഏതൊരാള്‍ക്കും സർവതന്ത്ര സ്വതന്ത്രമെന്ന് തോന്നിക്കുന്ന സമൂഹമാധ്യമം മുന്നില്‍ ലഭിച്ചു, മുന്‍പിന്‍ നോക്കാതെ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍, അവയുടെ സങ്കീര്‍ണതകളെ ബഹുഭൂരിപക്ഷവും മനസ്സിലാക്കിയില്ല.

എന്താണ് താന്‍ പോസ്റ്റ് ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിക്കാതെയാണ് ഇടപെടല്‍. ഇതില്‍ പ്രേരണമൂലമുള്ളതും അല്ലാത്തതുമുണ്ട്.  ഇന്ത്യയില്‍ 2000 ലെ ഐടി ആക്ട് ഇക്കാര്യത്തില്‍ വ്യക്തമാക്കിയത് നിയമവിരുദ്ധമായ എന്ത് ഉള്ളടക്കം ആര് പോസ്റ്റ് ചെയ്താലും അതിന്റെ അനന്തരഫലവും നടപടികള്‍ക്കും ഉത്തരവാദി പോസ്റ്റ് ചെയ്യുന്നയാള്‍ തന്നെയാകും എന്നാണ്.

സാങ്കേതികമായി ശരിയാണെങ്കിലും മരിച്ചവരുടെ ഡാറ്റകള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരം ബാഹ്യസമ്മര്‍ദത്താല്‍ നടത്തുന്ന പല പോസ്റ്റുകളുമുണ്ട് അതില്‍ എന്നാണ്. സൈബര്‍ ലോകത്ത് ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന സംഗതി ഇതിന്റെ ഉപജ്ഞാതാക്കള്‍ കരുതാത്തവിധം ദുരുപയോഗം ചെയ്യാന്‍ കഴിയുന്നുവെന്നതാണ്. നശീകരണപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നതാണ് പ്രശ്നം. ഇത് പലരും ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത് വളരെ വൈകിയാണ്.

ഇന്ത്യയില്‍ ‘സൈബര്‍ ക്രൈം' എന്ന് സ്റ്റാറ്റ്യൂട്ട് ഒരു നിയമത്തിലും ചട്ടത്തിലും പ്രതിപാദിക്കുന്നുണ്ടായിരുന്നില്ല. കംപ്യൂട്ടറോ ഫോണോ ഉപയോഗിച്ച് നടത്തുന്ന ഏത് കുറ്റകൃത്യവും ‘സൈബര്‍ ക്രൈമി'ന്റെ പരിധിയില്‍ വരുമെന്ന അനുമാനത്തിലാണ് നിയമനടപടികള്‍ അധികവും. കംപ്യൂട്ടറിനെ ആയുധമാക്കി നടത്തുന്ന ആക്രമണങ്ങളായ സൈബര്‍ ടെററിസം, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ഐപിഐആര്‍ ലംഘനം, ലൈംഗിക വീഡിയോ പ്രചാരണം എന്നിവയും ഒരു കംപ്യൂട്ടറിനെ ലക്ഷ്യമിട്ട് മറ്റൊരു കംപ്യൂട്ടറില്‍ നിന്ന് നടത്തുന്ന ആക്രമണവുമുണ്ട്.

വൈറസ് നിക്ഷേപിക്കുന്നതും, ഹാക്കിങ്ങും, ഡിഒഎസ് ആക്രമണവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇതൊക്കെ പിന്നീട് ഡാറ്റകള്‍ ശേഖരിച്ച് തന്നെ തെളിയിക്കപ്പെടുന്നുമുണ്ട്.  തീവ്രവാദക്കേസുകളിലടക്കംപെട്ട് കൊല്ലപ്പെട്ട ചിലരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിളിച്ചുപറഞ്ഞ ഞെട്ടിപ്പിക്കുന്ന വസ്തുതകളും ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. അസാമാന്യ ശേഷിയുള്ള സൈബര്‍ ബുദ്ധിജീവികള്‍ അവരുടെ കഴിവുകളും ബുദ്ധിയും ഈ സാങ്കേതിക വിദ്യയെ മോശം ആവശ്യങ്ങള്‍ക്കും തീവ്രവാദമടക്കമുള്ള സാമൂഹ്യദ്രോഹ നടപടികള്‍ക്കായി ദുരുപയോഗം ചെയ്തത് സംബന്ധിച്ചാണത്.

ഏത് ഘട്ടത്തില്‍ എന്തുകാരണത്താല്‍ ഇവര്‍ ആ വഴി തെരഞ്ഞെടുത്തുവെന്ന് കണ്ടെത്താനും വിശകലനം ചെയ്യാനും അവരുടെ അക്കൗണ്ടുകള്‍ പഠിക്കുക വഴി സാധിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരെല്ലാം പറയുന്നത്. വ്യവസ്ഥിതിയുടേയും രാഷ്ട്രീയ കാലാവസ്ഥയുടേയും കാരണങ്ങള്‍ക്ക് പുറത്ത് വ്യക്തിഗതമായ ചില കാരണങ്ങള്‍ കൂടി അതിലുണ്ട്. അങ്ങിനെയെങ്കില്‍ വിശകലന പഠനങ്ങള്‍ വഴി അത് പരിഹരിക്കാനുള്ള മുന്നൊരുക്കം കൂടി നടത്താനായേക്കും.  ഒരു പക്ഷേ, മാനവ മുന്നേറ്റമുഖത്ത് തന്നെ അതൊരു പുതിയ വെളിച്ചമായി മാറിയേക്കാം.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top