26 April Friday

സിഎസ്ബി ബാങ്ക് തരുന്ന സന്ദേശമെന്ത്‌ - ടി നരേന്ദ്രൻ എഴുതുന്നു

ടി നരേന്ദ്രൻUpdated: Friday Sep 11, 2020


നൂറു കൊല്ലംമുമ്പ്, 1920ൽ തൃശൂരിലെ കാത്തലിക് സിറിയൻ വിഭാഗത്തിന് ഗണ്യമായ ഓഹരിയും നിയന്ത്രണവുമുണ്ടായിരുന്ന ഒരു  ജനകീയ ബാങ്കിനെ, ആഗോളവൽക്കരണ നയത്തിന്റെ ആനുകൂല്യത്താൽ ഒരു വിദേശ കമ്പനി വന്ന് കൈവശപ്പെടുത്തിയതിന്റെ കഥ പറയുന്നതാണ് പുതിയ സിഎസ്‌ബി ബാങ്ക്. പഴയ ജനകീയ ബാങ്കിന്റെ അലകും പിടിയും പൊളിച്ചുമാറ്റി, ഉള്ളടക്കവും ഘടനയും സമൂലം മാറ്റിയെഴുതി നവസ്വകാര്യ - വിദേശനിയന്ത്രിത ബാങ്കായതിന്റെ പുറംകാഴ്ചയാണ് ഇപ്പോൾ കാണുന്നത്.  1990കളിൽ തായ്‌ലൻഡ്‌ ആസ്ഥാനമായ ചൗവ്ള ഗ്രൂപ്പ് 38 ശതമാനം ഓഹരികൾ കൈക്കലാക്കി ബാങ്കിനെ അപഹരിക്കാൻ ശ്രമിച്ചപ്പോൾ, തൃശൂർ ബിഷപ്പും പൗരാവലിയും കേരളീയരും ചേർന്നുനടത്തിയ പോരാട്ടത്തെ തുടർന്ന് ആ വിദേശ  ഗ്രൂപ്പിനെ പുറത്താക്കാൻ കഴിഞ്ഞു.

38 ശതമാനം ഓഹരി കൈമാറ്റത്തിന് അനുമതി നൽകാൻ അന്ന് റിസർവ് ബാങ്ക് വിസമ്മതിച്ചതാണ് ബാങ്ക് സംരക്ഷണത്തിന് ഏറ്റവും തുണയായി വർത്തിച്ചത്.  എന്നാൽ, അതേ റിസർവ് ബാങ്ക്  തന്നെയാണ്, 2018 ആകുമ്പോൾ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സിന് പഴയ കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ അനുമതി നൽകിയത്? ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ബാങ്കിന്റെ ഭൂരിപക്ഷം ഓഹരിയും വാങ്ങാൻ ഒരു കമ്പനിക്ക് അനുവാദം നൽകിയിട്ടുള്ളത്!!

ഫെയർ ഫാക്‌സ് മുതൽമുടക്കി ലാഭം എടുക്കുകയോ കൂടുതൽ വില കിട്ടിയാൽ മറിച്ചുവിൽക്കുകയോ ചെയ്യുന്ന ഒരു ഇൻവെസ്റ്റ്മെന്റ്‌ കമ്പനിയാണ്. ഇന്ത്യയിലെ എട്ട്‌ സ്ഥാപനത്തിൽ ഈ വിദേശ കമ്പനി ഇത്തരത്തിൽ പണമിറക്കി ഇടനിലക്കാരായി നിലയുറപ്പിച്ചിട്ടുണ്ട്‌. ഈ കമ്പനിയുടെ നോമിനിയായിട്ടാണ് 2016 നവംബറിൽ ബാങ്കിന്റെ പുതിയ മാനേജിങ്‌ ഡയറക്ടറായി സി വി ആർ രാജേന്ദ്രൻ നിയമിതനാകുന്നതെന്ന്, ഫെയർ ഫാക്സിന്റെ വാർഷിക റിപ്പോർട്ട് രേഖകൾ വ്യക്തമാക്കുന്നു.


 

ബാങ്കിന്റെ അകത്തളങ്ങളിൽ സമൂലമായ മാറ്റം വരുത്തിയത് മിന്നൽ വേഗതയിലായിരുന്നു. സി വി ആർ രാജേന്ദ്രൻ നേരത്തേ ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. അതിനുമുമ്പ് ആന്ധ്ര ബാങ്കിന്റെ മാനേജിങ്‌ ഡയറക്ടറായിരുന്നു. സ്റ്റാഫ് വിഭാഗം മേധാവിയായി ഇന്ത്യൻ ബാങ്കിൽനിന്ന്‌ വിരമിച്ച തമിഴ്നാട് സ്വദേശി  ടി ജയശങ്കറിനെ ഉടനടി  നിയമിച്ചു. വായ്പാ വിഭാഗം, ആസൂത്രണം, ഐടി, ട്രഷറി തുടങ്ങിയ തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം തലപ്പത്തു നിയമിക്കാനായി ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി ബാങ്കുകളിൽ നിന്നുള്ളവരെ കൊണ്ടുവന്ന്  പ്രതിഷ്ഠിച്ചു.

നടപ്പായത് സമ്പൂർണ പൊളിച്ചെഴുത്ത്
കത്തലിക്‌ സിറിയൻ ബാങ്കിന്റെ ഏറ്റവും മുകൾത്തട്ടിലുള്ള സുപ്രധാന 25 തസ്തികയിൽ ഒരാൾപോലും പഴയ കാത്തലിക് സിറിയൻ ബാങ്കിലുള്ളവർ ഇല്ല. ഇവർക്കെല്ലാം  അഞ്ച്‌ ലക്ഷം രൂപമുതൽ 20 ലക്ഷം രൂപവരെയാണ് ശമ്പളം. ഈയൊരു പുത്തൻ ചേരുവയും സംസ്കാരവും റീജ്യണൽ തലത്തിലേക്കും ശാഖകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ബാങ്കിന്റെ ചെയർമാനായിരുന്ന തൃശൂർ നിവാസിയെ ഒഴിവാക്കി. ഫെയർ ഫാക്സ് നോമിനിയായ ഹൈദരാബാദ് സ്വദേശിയെ  നിയമിക്കുകയുണ്ടായി. ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരു മലയാളിമാത്രം. അദ്ദേഹമാകട്ടെ മുംബൈയിലാണ് സ്ഥിരവാസം. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ ബാങ്കിന്റെ ചരിത്രമോ സംസ്കാരമോ അറിയാത്തവരെ വച്ചുകൊണ്ട് ബാങ്കിനകത്തെ മനുഷ്യവിഭവത്തെ മാറ്റിത്തീർത്തതാണ് നാലു വർഷംകൊണ്ട് ഈ ബാങ്കിൽ സംഭവിച്ച സുപ്രധാന ഭൗതിക പരിണാമം.


 

ബാങ്കിന്റെ പ്രവർത്തനത്തിൽ സമൂലമായ മാറ്റം വന്നു. മിനിമം ബാലൻസ് 10,000 രൂപയാക്കി ഉയർത്തി. ചെറിയ വായ്പകൾ നിർത്തലാക്കി.  വിദ്യാഭ്യാസ വായ്പകൾ കൊടുക്കുന്നേയില്ല.  2017 വരെ നാമമാത്രമായിരുന്ന കോർപറേറ്റ് വായ്പകൾ കുതിച്ചുകൊണ്ടിരിക്കുന്നു. സമ്പന്നർക്കുള്ള  വായ്പയിൽ 85ശതമാനം തുകയും വിതരണം ചെയ്തിട്ടുള്ളത് കേരളത്തിന് പുറത്തുള്ള ശാഖകളിലാണ്.  എന്നാൽ, ആകെ ബാങ്ക് നിക്ഷേപത്തിൽ 70 ശതമാനം തുകയും സമാഹരിച്ചിട്ടുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തിൽനിന്ന് നിക്ഷേപം സ്വീകരിച്ച്, അന്യസംസ്ഥാനങ്ങളിലെ കോർപറേറ്റുകൾക്ക് വായ്പകൾ ലഭ്യമാക്കുന്ന ഒരു നയമാണ് ഈ ബാങ്ക് ആവിഷ്കരിച്ചു വരുന്നത്. പെൻഷൻ പ്രായം 58 ആക്കി കുറച്ചു.  2016ലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 2906 ആയിരുന്നത് 2020 മാർച്ചിലെത്തിയപ്പോൾ 1500 ആയി ഇടിഞ്ഞു.  റിട്ടയർമെന്റ്‌ പ്രായം വെട്ടിക്കുറച്ചതും വ്യാപകമായവിധം പിരിച്ചുവിടൽ, ശിക്ഷാനടപടികൾ, സിആർഎസ്‌, വിആർഎസ്‌ പദ്ധതികൾ ആവിഷ്കരിച്ചുമാണ് സ്ഥിരം ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്ന പ്രക്രിയ നടപ്പാക്കിയത്. കോൺട്രാക്‌റ്റ് വ്യവസ്ഥയിൽ 2017 വരെ ഒരാൾപോലും ബാങ്കിലുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ 2000 കവിഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായവർക്ക് തുച്ഛവേതനം നൽകി അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നതാണ് ബാങ്കിൽ വരുത്തിയ മാനവിക വികസന നയത്തിന്റെ സത്ത.  ഇതൊന്നും അനുസരിക്കാനാകില്ലെങ്കിൽ വിആർഎസ് എടുത്ത് ബാങ്കിൽനിന്ന് പുറത്തു പോകണമെന്നതാണ് അന്തിമ ശാസനം.

ഇന്ന് സിഎസ്‌ബി, നാളെ ബാങ്കിങ്‌ വ്യവസ്ഥയും
പൊതുമേഖലാ ബാങ്കുകളില്ലാത്ത ഒരു ബാങ്കിങ്‌ ഭൂമികയാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ വിഭാവനം ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വേണമെങ്കിൽത്തന്നെ അത് നാല് എണ്ണമായി ചുരുക്കണമെന്നതാണ് തീരുമാനം. മാത്രവുമല്ല, അത്തരം സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി വിഹിതം 26 ശതമാനം ആയി കുറയ്ക്കുമെന്നതാണ് മറ്റൊരു നിർദേശം. അങ്ങനെ സ്വകാര്യവൽകൃത ഇന്ത്യൻ ബാങ്കിങ്‌ വ്യവസ്ഥയ്‌ക്കകത്ത് ഒരു സ്വകാര്യ ബാങ്കിന്റെ പ്രവർത്തനമെന്താകാമെന്നതാണ്  പറഞ്ഞുതരുന്നത്.  സ്വകാര്യ ബാങ്കായാൽ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനംകൂടി ചേർത്തു വായിക്കുമ്പോഴാണ് ഭാവിയിലെ ചിത്രം ലഭിക്കുക.

യെസ്‌ ബാങ്കിലെ പ്രതിസന്ധി മറ്റൊരു ദുരന്തമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് നിലവിലുള്ള സ്ഥാപനങ്ങളിൽ സ്വകാര്യ, വിദേശ മൂലധനത്തിന്റെ വൈറസുകൾ കുത്തിനിറച്ച് ആ സ്ഥാപനങ്ങളുടെ ഘടനയും ഉള്ളടക്കവും മാറ്റിയെഴുതി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നത്. പഴക്കം ചെന്ന സ്ഥാപനങ്ങളുടെ സൽപ്പേരും ജനവിശ്വാസവും പുതിയ സ്വകാര്യ ബാങ്കുകളുടെ വളർച്ചയ്‌ക്ക് പ്രയോജനപ്പെടുത്തുകയെന്നതാണ് ധനമൂലധനശക്തികളുടെ ഇപ്പോഴത്തെ ശ്രമം. ചില സ്വകാര്യ ബാങ്കുകൾ പഴക്കമാർന്ന ക്ഷീണിത ദേശസാൽകൃത ബാങ്കുകളെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ഇംഗിതവും ഇതുതന്നെയാണ്.  സ്വകാര്യ ബാങ്കായാൽ  74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്നതോടെ ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയുടെ സമൂലമായ പൊളിച്ചെഴുത്താണ് ഭാവിയിൽ യാഥാർഥ്യമാകാൻ പോകുന്നത്.

(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top