27 April Saturday

കോവിഡ് കാലത്തെ യുഎസ്‌ മോഡല്‍ - എം വി ഗോവിന്ദൻ എഴുതുന്നു

എം വി ഗോവിന്ദൻUpdated: Monday Apr 27, 2020

മുതലാളിത്ത സമ്പദ്‌വ്യവസ്ഥ സാമ്രാജ്യത്വമായി വളർന്നപ്പോൾ അതിന്റെ നെറുകയിൽ നിലയുറപ്പിച്ച രാഷ്ട്രമാണ് അമേരിക്ക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നേടിയ ഈ മേൽക്കോയ്മ  സുദൃഢമാക്കുന്നതിനും സാമ്പത്തിക പ്രതിസന്ധിയുടെ നിഷേധാത്മക ആഘാതത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, വർധിച്ച തോതിലുള്ള ആക്രമണോത്സുകതയാണ് അവർ മുന്നോട്ടുവച്ചത്. ഒരു ജനതയുടെ ജനാധിപത്യം, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങി രാഷ്ട്രീയവും സാംസ്കാരികവും സാമൂഹ്യവുമായുള്ള എല്ലാ ഉന്നതികളുടെയും സ്വതന്ത്രമായ വളർച്ചയുടെ പര്യായമായാണ് മുതലാളിത്ത സാമ്രാജ്യത്വ ക്രമങ്ങളെ അവർ വിലയിരുത്തിപ്പോരുന്നത്. എന്നാൽ, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  വികസിത മുതലാളിത്തരാഷ്ട്രങ്ങളിലെ ജനജീവിതവുമായി ബന്ധപ്പെട്ടും സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളിലൂന്നിയും നിശിതമായ പരിശോധന ആവശ്യമാണ്‌.

കോർപറേറ്റുകളുടെ വളർച്ചയെ ആസ്പദമാക്കിയാണ് വികസിതരാജ്യങ്ങൾ പ്രധാനമായും ജിഡിപി നിരക്ക് കണക്കാക്കുന്നത്. ഏറ്റവും സമ്പന്നരാഷ്ട്രമാണ് അമേരിക്ക എന്ന് ലോകത്തിലെ മിക്കവാറും സാമ്പത്തികവിദഗ്ധർ വിലയിരുത്തുന്നത് ഈ നിരക്കിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം ഗിമ്മിക്കുകളിലൂടെ വികസനത്തിന്റെ വീമ്പുപറച്ചിലുകൾക്കിടയിൽ അവിടെ നിന്ന്‌ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. വാൾസ്ട്രീറ്റ് കൈയടക്കൽ പ്രക്ഷോഭത്തിലെ മുദ്രാവാക്യം കോവിഡ് കാലത്ത് ഏറെ പ്രസക്തമാകുന്നുണ്ട്. ‘ഞങ്ങൾ 99 ശതമാനം' എന്നതായിരുന്നു ലോകമാകെ ഇരമ്പിയ മുദ്രാവാക്യം. അമേരിക്കയിൽ നിലനിൽക്കുന്ന അസമത്വവും കോർപറേറ്റുകൾക്ക് അമേരിക്കൻ ഗവൺമെന്റിലുള്ള നിയന്ത്രണവുമൊക്കെ ഈ മുദ്രാവാക്യത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ വാൾസ്ട്രീറ്റ് പ്രക്ഷോഭത്തിന് സാധിച്ചു. അതുവരെ ലോകം പരിചയിച്ചിരുന്നത് വാൾസ്ട്രീറ്റിന്റെ മുദ്രയായിരുന്ന കുത്താൻവരുന്ന കാളയുടെ ചിത്രം മാത്രമായിരുന്നു. 2011ലും 2012ലും അമേരിക്കയെ പിടിച്ചുകുലുക്കിയ ‘വാൾസ്ട്രീറ്റ് കൈയടക്കൽ' സമരക്കാരുടെ പ്രചാരണത്തിലൂടെ ചാർജിങ് ബുള്ളിന് മറ്റൊരു മാനം വന്നു. അമേരിക്കയുടെ സാമ്പത്തിക പുരോഗതിയുടെയും പ്രതീക്ഷയുടെയും ചിഹ്നമായ സ്വർണനിറമുള്ള കാള അവിടത്തെ അതിസമ്പന്നരായ ഒരു ശതമാനത്തിനെയാണ് പ്രതിനിധാനംചെയ്യുന്നതെന്ന് ചൂഷണങ്ങൾക്കിരയാകുന്ന ബാക്കിയുള്ള തൊണ്ണൂറ്റൊമ്പത് ശതമാനത്തിനും മനസ്സിലായി. വാൾസ്ട്രീറ്റ് പ്രക്ഷോഭത്തിൽ അണിനിരന്നവരുടെ എണ്ണവും അവരുടെ നിശ്ചയദാർഢ്യവും സാമ്രാജ്യത്വ ശക്തികളെയാകെ ഭയപ്പെടുത്തി.

സാമൂഹ്യമായ ഉൽപ്പാദനത്തിന്റെയും  വിതരണത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടാണ് അരാജകവാദികളും അരാഷ്ട്രീയവാദികളുമായ ജനക്കൂട്ടം വാൾസ്ട്രീറ്റ് പ്രക്ഷോഭത്തിലൂടെ വർഗരാഷ്ട്രീയത്തിന്റെ പ്രസക്തി മനസ്സിലാക്കിയത്. മാർക്സിസം സാധ്യമാണെന്നും അതൊരു സാധ്യതയാണെന്നുമുള്ള അറിവ് ആ സമൂഹത്തിലുമുണ്ടായി.


 

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം മുതലാളിത്തത്തിന്റെ അജയ്യത പ്രവചിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു ലോകസാഹചര്യം. കൊടിയ ചൂഷണങ്ങളുമായി മുന്നേറിയ സാമ്രാജ്യത്വം 21ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ടതിനെയും കാണേണ്ടതുണ്ട്. പ്രതിസന്ധി മുതലാളിത്തവ്യവസ്ഥയുടെ സഹജസ്വഭാവമാണെന്ന മാർക്സിന്റെ വിശകലനം ഒരിക്കൽക്കൂടി ശരിവയ്‌ക്കുന്നതായിരുന്നു ആ പ്രതിഭാസം. ആ മുതലാളിത്ത പ്രതിസന്ധിയിൽനിന്ന് ലോകം ഇതുവരെ കരകയറിയിട്ടില്ല. അതിനെ മറികടക്കാൻ മുതലാളിത്ത ഭരണകൂടങ്ങൾ സാമൂഹ്യക്ഷേമപദ്ധതികൾ വെട്ടിക്കുറച്ചു. ചൂഷണം തീവ്രമാക്കി. ജനങ്ങളും ഭരണകൂടങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന വേളയിലാണ് മുതലാളിത്തരാഷ്ട്രങ്ങളിലടക്കം കോവിഡ്–- 19 രൂക്ഷമായത്.

മികവിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു
അമേരിക്കയിലെ 33 കോടി ജനസംഖ്യയുടെ 95 ശതമാനത്തിലധികവും സ്റ്റേഹോം ഓർഡറിലാണുള്ളത്. ഏറ്റവും ഗുരുതരമായ രോഗാവസ്ഥ അമേരിക്കയിലാണുള്ളതെന്ന് ചുരുക്കം. അവരുടെ മികവിന്റെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞുവീണിരിക്കുന്നു. ആ ജനത ഈ മഹാമാരിയിൽനിന്ന്‌ രക്ഷപ്പെടണം എന്നാണ് മാനവികതയുടെ പക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാകട്ടെ വെറുപ്പിന്റെയും വംശീയതയുടെയും രാഷ്‌ട്രീയംകൊണ്ട്‌ രംഗം മലീമസമാക്കുകയാണ്.

കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ച് ഈ മഹാമാരിയുടെ ഉത്തരവാദിത്തം സോഷ്യലിസ്റ്റ് ചൈനയുടെ തലയിൽ കെട്ടിവയ്‌ക്കാൻ ട്രംപ് ആദ്യഘട്ടത്തിൽ പരിശ്രമിച്ചു. ജലദോഷപ്പനി വന്ന്‌ വർഷം തോറും പതിനായിരങ്ങൾ മരിക്കാറുണ്ടെന്നും കോവിഡിനെ കാര്യമാക്കേണ്ടെന്നുമായിരുന്നു ട്രംപിന്റെ ആദ്യഘട്ടത്തിലെ വാദഗതി. കോവിഡിനെ പ്രതിരോധിക്കുന്ന ചൈനയുടെ രീതിയെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശ്ലാഘിച്ചപ്പോൾ, ആ നടപടിയിൽ പലരും വളരെ അസന്തുഷ്ടരാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പക്ഷം ചേരുകയാണെന്നുവരെ പറയാൻ അമേരിക്കൻ പ്രസിഡന്റ് മടിച്ചില്ല. മാത്രമല്ല ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തികസഹായവും നിർത്തലാക്കി. ഈ നിലപാടുകളൊന്നും ട്രംപിന്റെ വ്യക്തിപരമായ നിലപാടുകളല്ല. ഒരു സാമ്രാജ്യത്വരാഷ്ട്രത്തിന്റെ രാഷ്ട്രീയനിലപാടുകളുടെ പ്രതിഫലനമാണ്. അതിനാലാണ് ട്രംപിനെ പോലെതന്നെ റിപ്പബ്ലിക്കൻ സെനറ്റർ മാർകോ റൂബിയോയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമൊക്കെ ചൈനാവിരുദ്ധ പരാമർശങ്ങളുമായി കളം നിറഞ്ഞത്. അതേസമയം ചൈനയുടെ സഹായം തേടാൻ ട്രംപ് അവസാനം നിർബന്ധിതനായെന്നതും കാണേണ്ടതുണ്ട്.   


 

കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സോഷ്യലിസ്റ്റ് ക്രമങ്ങളിൽ കൈവരിക്കുന്ന മികവ് സാമ്രാജ്യത്വഭൂമികയിൽ കൈവരിക്കാനാകുന്നില്ല. ഇക്കാരണം കൊണ്ടും ആഗോള സമ്പദ്‌വ്യവസ്ഥയിൽ അമേരിക്കയ്ക്കുള്ള അനിഷേധ്യനേതൃത്വം നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടുമാണ് നിലവിട്ട രീതിയിൽ ഡോണൾഡ് ട്രംപ് സംസാരിക്കുന്നത്.

സാമ്രാജ്യത്വത്തെ സംബന്ധിച്ച് അമേരിക്കൻ ജനതയുടെ മരണം ഒരു പ്രശ്നമേ അല്ല. ലാഭാധിഷ്‌ഠിതമായുള്ള വ്യവസ്ഥയ്ക്ക് കേടുകളൊന്നും പറ്റാൻ പാടില്ല എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ഉൽപ്പാദനപ്രക്രിയയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായി പോകുന്നത് അതിനാലാണ്. റിപ്പബ്ലിക്കൻ ഗവർണർമാരുടെ സംസ്ഥാനങ്ങളിൽ ഡബ്ല്യുഎച്ച്ഒയുടെ നിർദേശങ്ങളെ കാറ്റിൽപ്പറത്തി നിയന്ത്രണം എടുത്തുകളയുകയാണ്. അമേരിക്കൻ വിമാന നിർമാണക്കമ്പനിയായ ബോയിങ്‌, കാർഷിക ഉപകരണ നിർമാണക്കമ്പനിയായ ഡൂസൻ ബോബ്കാറ്റ് തുടങ്ങിയവരൊക്കെ ഉൽപ്പാദനശാലകൾ തുറക്കുമെന്നുപറഞ്ഞ് മുന്നോട്ടുവന്നു. മനുഷ്യജീവനല്ല, മുതലാളിത്തത്തിന് ലാഭം കുന്നുകൂട്ടാനാവശ്യമായ ചരക്കുൽപ്പാദനമാണ്  പ്രധാന പരിഗണനാവിഷയമെന്ന് സാമ്രാജ്യത്വം വ്യക്തമാക്കുന്നു. 

വയോജനങ്ങൾക്ക്  മുതലാളിത്തരാജ്യങ്ങളിൽ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ട്. വയോജനങ്ങളെ മരണത്തിലേക്ക് പറഞ്ഞയക്കുമ്പോൾ തുടർചെലവുകൾ ഇല്ലാതാകുന്നതോടൊപ്പം യുവജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധയൂന്നാനും കഴിയും എന്ന കമ്പോള മനഃശാസ്ത്രമാണ് പ്രയോഗവൽക്കരിക്കുന്നത്. അമേരിക്കയിൽ മരിച്ചവരുടെ പ്രായം പരിശോധിക്കുമ്പോഴുള്ള വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ആകെ മരിച്ചവരിൽ 47.70 ശതമാനം 75 വയസ്സിന് മുകളിലുള്ളവരാണ്. ഇതിലൂടെ വയോജനങ്ങളെ കൈയൊഴിഞ്ഞ സാമ്രാജ്യത്വമനോഭാവമാണ് വെളിച്ചത്തുവരുന്നത്. 

ന്യൂയോർക്ക് സ്റ്റേറ്റിലാണ് ഏറ്റവുമേറെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 262268 പേർ രോഗബാധിതരാണ്. കേരളത്തിൽ ആദ്യത്തെ കോവിഡ് റിപ്പോർട്ട് ചെയ്ത് രണ്ടുമാസം പിന്നിട്ടപ്പോൾ രോഗികളുടെ എണ്ണം 158 ആയിരുന്നു. എന്നാൽ, ന്യൂയോർക്കിൽ ആദ്യരോഗിയെ തിരിച്ചറിഞ്ഞ്‌ രണ്ടുമാസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 4800 കടന്നു. ഏറ്റവും സമ്പന്ന സ്റ്റേറ്റായ ന്യൂയോർക്കിൽ കൈക്കൊണ്ട മുൻകരുതലുകളുടെ അപര്യാപ്തതയാണ് മനസ്സിലാക്കാനാകുക.

മുതലാളിത്തസൂചിക മനുഷ്യക്ഷേമത്തിനല്ല
വികസിത മുതലാളിത്തരാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ പതർച്ച ഉണ്ടാകാനുള്ള പ്രധാനകാരണം ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണമാണ്. പൊതു ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതും സാമ്പത്തികലാഭത്തിനുവേണ്ടി ആരോഗ്യമേഖലയെ തുറന്നിട്ടതും ആരോഗ്യ സുരക്ഷയെ ബാധിച്ചു. സർക്കാരുകൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലുള്ള സംവിധാനങ്ങളായി ആരോഗ്യരംഗം മാറി. ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ അഭാവവും വികസിത മുതലാളിത്തരാജ്യങ്ങളിലുണ്ട്. മുതലാളിത്ത വ്യവസ്ഥിതിക്കകത്ത് ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമായിരിക്കുമെന്നാണ് അവർ പ്രഖ്യാപിച്ചത്. എന്നാൽ, അങ്ങനെയല്ല എന്നതാണ് അനുഭവപാഠം. അധ്വാനിക്കുന്ന വർഗത്തോട് ആഭിമുഖ്യമില്ലാതിരിക്കുകയും സമ്പന്നവർഗത്തിന് വിടുപണിചെയ്യുകയും ചെയ്യുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് ഭൂരിപക്ഷംവരുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണമെന്നത് ഒരു ഉത്തരവാദിത്തമായി തോന്നിയില്ല എന്നതാണ് അടിസ്ഥാനപ്രശ്നം.

വികസിത മുതലാളിത്തരാജ്യങ്ങളുടെ വികസനസൂചിക മനുഷ്യക്ഷേമത്തിന് ഉതകുന്നതാണെന്ന പൊതുബോധം സൃഷ്ടിച്ചെടുത്തത് കുത്തകമാധ്യമങ്ങളുടെ സഹായത്തോടെയാണ്. നിക്ഷിപ്ത അജൻഡകളുള്ള വാർത്താനിർമിതികളും അവ കൂട്ടമായി അടിച്ചേൽപ്പിക്കുന്ന രീതിയും മുതലാളിത്തശക്തികൾ മാധ്യമങ്ങളിലൂടെ നിരന്തരം പ്രയോഗിക്കുന്നുണ്ട്. കോവിഡ് കാലത്ത് ജനപക്ഷത്തുനിന്ന് അവരുടെ സുരക്ഷ ഉറപ്പുവരുത്താനായി അക്ഷീണം പ്രയത്നിക്കുന്ന ഇടതുപക്ഷ സർക്കാരിനെ ഇക ഴ്‌ത്തിക്കാട്ടാനുള്ള വാർത്താനിർമിതികൾ അത്തരത്തിലുള്ളതാണ്. ഇന്ത്യക്കും ലോകത്തിനും മാതൃകയാകുന്ന രീതിയിലുള്ള ആരോഗ്യസുരക്ഷയാണ് കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് കേരളം ഒരുക്കിയത്. അതിൽ വർഗപരമായ ഉള്ളടക്കം കൂടിയുണ്ടായിരുന്നു. അതിനാലാണ് ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന്‌ കോവിഡ് കാലത്തെ കേരള മോഡൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.


 

സോഷ്യലിസ്റ്റ് ക്യൂബയിൽ പ്രാഥമിക ആരോഗ്യമേഖലയെ അടക്കം ശക്തിപ്പെടുത്തുകയും ശാസ്ത്രീയനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിനാലാണ് 755 കോവിഡ് ബാധിതരിലേക്ക് രോഗവ്യാപനത്തിന്റെ തോത് കുറയ്‌ക്കാനായത്. 309 കോവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കാനും ക്യൂബയ്ക്ക് സാധിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് ആരോഗ്യസേവനത്തിനും കോവിഡ് പ്രതിരോധത്തിനുമായി ആരോഗ്യപ്രവർത്തകരെ വിട്ടുനൽകാൻ ക്യൂബ തയ്യാറായി. വികസിതമുതലാളിത്ത രാജ്യങ്ങൾ ക്യൂബയുടെ സഹായം തേടി. വിയത്‌നാമും മികച്ച മാതൃകയാണ് ലോകത്തിന് കാഴ്ചവച്ചത്.

രാജ്യത്തിനകത്ത് പ്രവിശ്യകൾ തിരിച്ച് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാൽ രോഗവ്യാപനമില്ലാതാക്കാൻ ഉത്തര കൊറിയക്ക് സാധിച്ചു. ചൈനയിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും പടർന്നുപിടിക്കുകയും ചെയ്തത്. ലോകത്ത് ഏറ്റവുമേറെ ജനസംഖ്യയുള്ള രാജ്യമായ ചൈന ഈ മഹാമാരിയെ പിടിച്ചുകെട്ടിയത് ജനകീയ ആരോഗ്യസംവിധാനങ്ങളടക്കമുള്ള ഭരണയന്ത്രങ്ങളുടെ പ്രവർത്തനം ശാസ്ത്രീയമായി ഏകോപിപ്പിച്ചുകൊണ്ടാണ്.  ഈ രാജ്യങ്ങളൊക്കെ അവിടത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ സുരക്ഷയാണ് ലക്ഷ്യംവച്ചത്. എല്ലാ ജീവനുകളും വിലയേറിയതാണെന്ന കമ്യൂണിസ്റ്റ് അവബോധമാണ് സോഷ്യലിസ്റ്റ് ക്രമങ്ങളിൽ ഉയർത്തിപ്പിടിച്ചത്.  

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോവിഡ്‌ പ്രതിരോധത്തിന്‌ അമേരിക്കൻ മോഡൽ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ചെന്നിത്തലയുടെ ആ ആവശ്യത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് സർക്കാർ ജനകീയപ്രതിരോധത്തിന്റെ മാതൃക മുന്നോട്ടുവച്ചത്. മുതലാളിത്ത മാതൃകകൾക്ക് പകരം സാധ്യമായ രീതിയിൽ ബദലുകൾ മുന്നോട്ടുവച്ച് പോകുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനകീയ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ ലോകമാകെയുള്ള വലതുപക്ഷരീതികളോട് ചേർത്ത് വായിക്കേണ്ടതാണ്. കൊറോണ വൈറസുമായുള്ള യുദ്ധത്തിന്റെ ഒടുവിൽ ലോകമാകെയുള്ള വലതുപക്ഷശക്തികളുടെ നിലപാടുകൾ കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ പ്രകാശിപ്പിക്കപ്പെടും എന്നകാര്യം ഉറപ്പാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top