26 April Friday

ഭരണാധികാരികൾ 
രക്ഷകരാകണം

ടി നരേന്ദ്രൻUpdated: Thursday Aug 12, 2021

കോവിഡ് ഒഴിഞ്ഞ് എല്ലാം സാധാരണ നിലയിലാകാൻ എത്രനാൾ വേണമെന്ന അന്വേഷണം സാർവത്രികമാണ്. സാധാരണക്കാരുടെ ആശങ്കകളാണവ. എന്നാൽ, വിഷയത്തിന്റെ സങ്കീർണതകളും പ്രാധാന്യവും പരിഗണിച്ച് പിഴവുകളും ദൗർബല്യങ്ങളും തീർക്കുമ്പോൾമാത്രമേ യഥാർഥ പരിഹാരം രൂപപ്പെടുകയുള്ളൂ. പാർലമെന്റിനകത്തും പുറത്തും നടക്കുന്ന പ്രതികരണങ്ങൾപോലും അവരവരുടെ വാദഗതികളെ വിജയാഘോഷമാക്കി മാറ്റുന്നതിലാണ് ഊന്നൽ. രോഗം വിതച്ച ഭവിഷ്യത്തുക്കളുടെ മാനങ്ങളോ പ്രത്യാഘാതങ്ങളോ പരിശോധിക്കപ്പെടുന്നില്ല. പ്രതിസന്ധികളിൽനിന്ന്‌ പുറത്തുകടക്കാനുള്ള നടപടിയും ഉരുത്തിരിയുന്നില്ല. റബർ പന്തുപോലെ, ഒരു പ്രതലത്തിൽ പതിച്ചാൽ അതുപോലെതന്നെ തിരിച്ചുവരുന്ന ഒന്നല്ല നാടിന്റെ സമ്പദ് വ്യവസ്ഥ. കോവിഡ് വൈറസാകട്ടെ ഓരോരോ തരംഗമായി കടന്നുവരികയും ചെയ്യുന്നു.

സാമ്പത്തിക തകർച്ച
സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കാനും ജനങ്ങളിൽ രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ഒട്ടുമിക്ക രാജ്യങ്ങളും ലോക്‌ഡൗണിനെ ആശ്രയിക്കാറുണ്ട്. അത്തരമൊരു നിശ്ചലാവസ്ഥ നടപ്പാക്കുന്നതിന്റെ രീതി, അവശജനവിഭാഗങ്ങൾക്ക് നൽകേണ്ട പരിരക്ഷ, രോഗപ്രതിരോധം സാധ്യമാക്കി സാധാരണജീവിതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിക്രമം എന്നിവ സുപ്രധാനമാണ്. വിജനമായ റോഡുകൾ, ഷട്ടറിട്ട കടകമ്പോളങ്ങൾ, നിശ്ചലമായ വാണിജ്യ വ്യവസായ സംരംഭങ്ങൾ, വൈദ്യുതി, ഡീസൽ എന്നിവയുടെ ഉപയോഗക്കുറവ്, നിർമാണപ്രവർത്തനംമുതൽ വിദ്യാഭ്യാസരംഗംവരെയുള്ളവയുടെ മരവിപ്പ് എന്നിവയൊക്കെ സമൂഹത്തിന്റെ സാമ്പത്തിക ചലനത്തെയാണ് ക്ഷയിപ്പിച്ചത്. തൊഴിലവസരങ്ങൾ ഇല്ലാതായി, വരുമാനം കുറഞ്ഞു, കാർഷികമേഖലയുടെ ഉണർവും നിലച്ചു. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉൽപ്പാദന (ജിഡിപി) തകർച്ചയുടെ ഹേതു ഈ സാഹചര്യമാണ്. ഇന്ത്യയിലെ തൊഴിൽശക്തിയുടെ 94 ശതമാനവും അസംഘടിതമേഖലയിൽ ജോലി ചെയ്യുന്നവരാണ്. 50 കോടിയോളം വരുന്ന ഇവരുടെ വരുമാനമാകട്ടെ ജിഡിപിയുടെ 45 ശതമാനംമാത്രമേ വരുന്നുള്ളൂ. കഴിഞ്ഞ 16 മാസമായി ഇവരുടെ കുടുംബജീവിതത്തിലും ജീവനോപാധികളിലും വന്ന്‌ ഭവിച്ച താളപ്പിഴയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുഖ്യ പ്രതിസന്ധി. ജീവിതം തള്ളിനീക്കാൻ ജീവനോപാധികളിൽ ഇടപെടുമ്പോൾ സംഭവിക്കുന്ന രോഗവ്യാപനം ജീവൻ എടുക്കുന്നതിലാണ് കലാശിക്കുക.

കോവിഡിനുമുമ്പേ ലക്ഷണം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യകാരണങ്ങൾ കോവിഡ് വ്യാപനത്തിനുമുമ്പേ രൂക്ഷമായിരുന്നു. 2016ലെ നോട്ട്‌ നിരോധനം, ഇപ്പോൾ പരവശമായി കിടക്കുന്ന അനൗപചാരിക മേഖലയിന്മേലുള്ള കനത്ത അശനിപാതമായിരുന്നു. 2017ലെ ജിഎസ്ടി പ്രയോഗം വ്യാപാര വാണിജ്യ മേഖലയിൽ ഉണ്ടാക്കിയ അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമായി തുടരുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന ജനങ്ങളുടെ ജീവിതത്തെ വല്ലാതെ താറുമാറാക്കി. പൊതുമേഖലാ ബാങ്കുകൾക്കുണ്ടായ തുടർച്ചയായ നഷ്ടവും കിട്ടാക്കട വർധനയും സമ്പദ് വ്യവസ്ഥയ്‌ക്കുമേൽ കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. വികസനത്തുറകളിൽ കേന്ദ്ര സർക്കാരിന്റെ മുതൽമുടക്ക് ഗണ്യമായി കുറയുകയുണ്ടായി. കാരണം, എല്ലാ മേഖലയിൽനിന്നും സർക്കാരുകൾ പിൻവലിയണമെന്നാണ് ആഗോളവൽക്കരണ നയത്തിന്റെ അന്തസ്സത്ത. കമ്പോളമാന്ദ്യവും ചരക്കുകൾക്ക് ഡിമാൻഡ്‌ ഇല്ലായ്മയും തന്മൂലം നഷ്ടസാധ്യതയും നിലനിൽക്കുന്നതിനാൽ സ്വകാര്യ മൂലധന നിക്ഷേപവും കടന്നുവരാതായി. കയറ്റുമതിയും സാരമായി ഇടിഞ്ഞു. മാർക്കറ്റിനെ ത്വരിതപ്പെടുത്താനുള്ള മറ്റൊരു ഉത്തേജക വസ്തുവായ ബാങ്ക് വായ്പകളും വൻതോതിൽ കുറഞ്ഞു. കിട്ടാക്കട തുക 10 ലക്ഷത്തിനുമേൽ എത്തിയത് ബാങ്കുകളുടെ അടിത്തറയെപ്പോലും ബാധിക്കാൻ തുടങ്ങി.

1930കളിലെ മഹാമാന്ദ്യകാലത്ത് മുതലാളിത്ത സാമ്പത്തിക വിദഗ്ധനായ ജോൺ മെയ്നാർഡ് കെയിൻസിന്റെ ആശയപ്രകാരമാണ് ഭരണകൂടം കമ്പോളത്തിൽ പണമിറക്കി ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഉണർത്തുന്ന നയം നടപ്പാക്കിയത്. നാല്‌ പതിറ്റാണ്ടോളം ആ സമീപനം തുടർന്നു. ലാഭക്കൊതി മൂത്ത മുതലാളിത്തമാണ് പിന്നീട് സർക്കാരുകളെ കമ്പോളവിമുക്തമാക്കാനും മൂലധനശക്തികളുടെ ആധിപത്യം ഉറപ്പിക്കാനുമായി നവലിബറൽ സിദ്ധാന്തം മെനഞ്ഞെടുത്തത്. ഇന്ത്യയിലും 1991 മുതലുള്ള സാമ്പത്തിക നയവ്യതിയാനത്തിന്റെ അടിസ്ഥാനം ഇതാണ്. എന്നാൽ, പ്രസ്തുത നയത്തിന്റെ പരാജയം വിളിച്ചറിയിച്ച 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭരണകൂടങ്ങൾ വീണ്ടും കമ്പോളത്തിൽ ഇടപെടാൻ തുടങ്ങി. കോവിഡ് മഹാമാരി വന്നതോടെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനുമൊക്കെ അവരുടെ ജിഡിപിയുടെ 20 ശതമാനത്തോളം തുക നേരിട്ട് ജനങ്ങളിലെത്തിച്ച് സമ്പദ് ഘടനയിൽ ഉണർവുണ്ടാകാൻ ശ്രമിക്കുകയുണ്ടായി. ജനങ്ങളുടെ വാങ്ങൽക്കഴിവ് വർധിപ്പിച്ച്, ഉപഭോഗ വർധന യാഥാർഥ്യമാക്കി, തൊഴിൽശക്തിയെ അണിനിരത്തിയാൽമാത്രമേ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് സാധ്യമാകൂ. ആഗോളവൽക്കരണ ആശയങ്ങളെ മാറ്റിവച്ചാണ്‌ ജനങ്ങൾക്കാകെ സൗജന്യ കോവിഡ് വാക്സിൻ നല്കാൻ ലോകരാജ്യങ്ങൾ തീരുമാനിച്ചത്. അതിസമ്പന്നരിൽനിന്ന് കൂടുതൽ നികുതി പിരിക്കാനും ജി-7 രാജ്യങ്ങൾ തീരുമാനിക്കുകയുണ്ടായി. വർധിച്ചുവരുന്ന അസമത്വം സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നതിന്റെ തിരിച്ചറിവുകൂടിയാണ് ഇത്.

നേരം വെളുക്കാതെ ഇന്ത്യ
കേന്ദ്ര സർക്കാരിന്റെ മഹാമാരിയോടുള്ള സമീപനം തീർത്തും ഉപരിതല സ്പർശിയാണ്. പാത്രം കൊട്ടിയും ദീപം തെളിച്ചും വാചകമേളകൾ നടത്തിയും കോവിഡ് വൈറസിനെ അതിജീവിക്കാനാകില്ല. അത്യധികം മോശമായ ഒരു നയം പരമാവധി വീഴ്ചകളോടെ നടപ്പാക്കിയതാണ് ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന്റെ സംഗ്രഹം. വാക്സിന്റെ ഉല്പാദനവും വിതരണവും പൂർണമായും രണ്ട് സ്വകാര്യ കമ്പനിയുടെ – -സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോ ടെക് കമ്പനി - നിയന്ത്രണത്തിലാണ്. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സമൃദ്ധമാകുന്നതും സർക്കാർ സംവിധാനത്തിൽ ക്ഷാമം അനുഭവപ്പെടുന്നതും യാദൃച്ഛികമല്ല. കാരണം, സർക്കാരിൽനിന്ന്‌ 225 രൂപയും സ്വകാര്യ ഏജൻസികളിൽനിന്ന് അതിന്റെ മൂന്നു നാല്‌ മടങ്ങും പണം കിട്ടുമ്പോൾ, ഏത്‌ മുതലാളിയും ആർക്കാണ് വാക്സിൻ നല്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. കോർപറേറ്റുകളോട് അമിത വാത്സല്യമുള്ള ഒരു കേന്ദ്ര സർക്കാർ കൂടെയുള്ളപ്പോൾ ജനകീയ ആവശ്യങ്ങളെല്ലാം വഴിമാറിപ്പോകും.

ഇപ്പോഴത്തെ വേഗത്തിൽ പോയാൽ ഒന്നരവർഷം കഴിഞ്ഞാലും 100 കോടി ജനങ്ങളിൽ പോലും രണ്ട് ഡോസ് വാക്സിൻ എത്തിക്കാൻ കഴിയില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദയനീയ പതനമാണ് തൽഫലമായി സംഭവിക്കുക. കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജുകൾ ഫലിക്കാതെ പോയത്, സമ്പദ്ഘടനയുടെ രോഗനിർണയം നിർവഹിക്കുന്നതിലെ പിഴവുമൂലമാണ്. ജനങ്ങളുടെ പക്കലേക്ക് ഉദാരമായി പണം എത്തിക്കണമെന്ന അടിസ്ഥാന ആശയം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തിടത്തോളം കാലം, ഇന്നത്തെ സ്ഥിതിവിശേഷത്തിന് മാറ്റംവരികയില്ല. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അസംഘടിത മേഖലയിലെ കുടുംബങ്ങൾക്ക് 7500 രൂപവീതം ആറുമാസമെങ്കിലും തുടർച്ചയായി നൽകുക എന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഇതിനുള്ള പണം കണ്ടെത്താൻ ഒരു പ്രയാസവുമില്ല. സാധാരണക്കാരുടെ വരുമാനനികുതിതന്നെ വൻകിട കുത്തകകളിൽനിന്ന്‌ പിരിച്ചെടുക്കാനുള്ള ഇച്ഛാശക്തി അധികാരികൾക്ക് ഉണ്ടായാൽ മതി.

ഇവിടെയാണ് അധികാരവും പണവിഭവങ്ങളും തീരെ കുറവുള്ള സംസ്ഥാനങ്ങളിൽ കേരളം ഒരു റോൾ മോഡലായി മാറുന്നത്. സംസ്ഥാനം മഹാമാരിയെ നേരിട്ട രീതി അതിന്റെ ആഴങ്ങളിൽ പഠനവിധേയമാക്കേണ്ടതുണ്ട്. ശാസ്ത്രീയതയുടെ അടിസ്ഥാനത്തിൽ വൈറസിനെ നിരീക്ഷിച്ച്, കീഴടക്കാൻ ശ്രമിക്കുന്ന സംസ്ഥാന പ്രതിരോധ പ്രവർത്തനങ്ങളെ തൊലിപ്പുറമെ അന്വേഷിച്ചാൽ പൂർണമായ ബോധ്യവും സംതൃപ്തിയും ലഭിക്കുകയില്ല. വിഭവ ദാരിദ്ര്യംകൊണ്ട് കേഴുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുനിർത്തുന്ന ഭരണകൂട മനോഭാവമാണ് മറ്റൊരു സവിശേഷത. 17 മാസമായി തുടർച്ചയായി വിതരണം ചെയ്തു വരുന്ന കിറ്റുകളും സ്‌പെഷ്യൽ കിറ്റുകളും വർധിത ക്ഷേമ പെൻഷനുകളും ക്ഷേമനിധി പ്രവർത്തനങ്ങളും അരികുവൽക്കരിച്ചവർക്കായുള്ള കോവിഡ് പാക്കേജുകളും ഒരു ചെറിയ സംസ്ഥാന ഭരണത്തിന്റെ മഹനീയ ഇടപെടലാണ്. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകൾ മാറ്റിവച്ചാൽമാത്രമേ കേരള മാതൃകയുടെ ആന്തരിക മികവ് ഹൃദിസ്ഥമാക്കാനാകൂ.

(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top