27 April Saturday

ആൽപ്‌സ്‌ : മരണത്തിന്റെ താഴ്‌വര

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


ആൽപ്സ് പർവതനിരകളുടെ താഴ്‌വരയിൽ പേമാരിപോലെ മരണം പെയ്യുന്നു. ആംബുലൻസുകളുടെ നിലവിളികൾ നിലയ്ക്കുന്നേയില്ല. ശവസംസ്‌കാരച്ചടങ്ങുകൾക്കുള്ള സ്ഥാപനങ്ങൾക്കുമുന്നിൽ സൂപ്പർ മാർക്കറ്റുകളിലെന്നപോലെ നീണ്ടനിര; മൃതദേഹങ്ങളടക്കിയ പേടകങ്ങളാണ്‌. ആളനക്കമില്ലാത്ത തെരുവുകളിൽ അടഞ്ഞ വീടുകൾ. വാടിക്കരിഞ്ഞ മുഖങ്ങളിൽ അടക്കിപ്പിടിച്ച നിലവിളികളോടെ പ്രിയപ്പെട്ടവരെ യാത്രയാക്കാൻപോലുമാകാതെ ബന്ധുക്കൾ. അന്ത്യചുംബനം നൽകാനാകാത്തതിന്റെ വേദനകൾ മനസ്സിലടക്കംചെയ്യുന്നു. റോമൻ കത്തോലിക്കാ മൂല്യങ്ങൾ അണുവിടതെറ്റാതെ പാലിക്കുന്ന ഇറ്റലിയിൽ മതപരമായ ചടങ്ങുകൾ അവസാനിപ്പിച്ചതുതന്നെ കോവിഡ്–-19 എന്ന മഹാമാരി അവിടെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്നത് വെളിപ്പെടുത്തുന്നു.

‘‘ഞങ്ങൾ മരിച്ചവരുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു, അവരുടെ പ്രിയപ്പെട്ടവർക്ക് ശവപ്പെട്ടിയുടെ ഫോട്ടോ അയയ്ക്കും, മൃതദേഹം കുഴിച്ചിടുകയോ സംസ്‌കരിക്കുകയോ ചെയ്യും. ഞങ്ങളെ വിശ്വസിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ഇതുണ്ടാക്കുന്ന വേദന അതിലേറെയാണ്’’ ശവമടക്കലുകാരി ആൻഡ്രിയ തുടർന്നു.

‘‘അടച്ചിട്ട വാതിലിനപ്പുറത്തുനിന്ന് കുടുംബാംഗങ്ങൾ പലതും അറിയിക്കും. അച്ഛനോടൊപ്പം, അമ്മയോടൊപ്പം, സഹോദരനോടൊപ്പം, മകനോടോ മകളോടോ ഒപ്പം അടക്കാംചെയ്യാൻ അഭ്യർഥിക്കുന്നവരുണ്ട്. കുറിപ്പുകളും കുടുംബചിത്രങ്ങളും കൈമാറുന്നവരുണ്ട്. അതൊന്നും കുഴിമാടത്തിൽപ്പോലുമെത്തില്ല. ഞങ്ങൾക്കും അസുഖം വരുന്നു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ കിട്ടാനില്ല. ദുഃഖവും വേദനയും സഹിക്കാനാകാതെ ചിലർ ജോലി മതിയാക്കി’’.


 

മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞുകവിഞ്ഞു. കോവിഡ് ഇറ്റലിയിൽ കവർന്നത് പതിനായിരത്തിലേറെ ജീവനുകളാണ്. ബെർഗാമോയിലെ പ്രാദേശികപത്രം ‘ലീക്കോ ഡി ബർഗാമോ’ ഫെബ്രുവരി ഒമ്പതിന് ചരമവാർത്തകൾക്ക് ഒരു പേജാണ് നീക്കിവച്ചിരുന്നതെങ്കിൽ മാർച്ച് 13ൽ പത്ത്‌ പേജായി. നിലവിൽ മരിച്ചവരെ സൈന്യം സംസ്‌കരിക്കുകയാണ്. മരണാനന്തര ചടങ്ങിൽ ബന്ധുക്കൾ ഉണ്ടാകാറില്ല. മിക്കവാറും എല്ലാവരും നിരീക്ഷണത്തിലാകും. ശവസംസ്‌കാരം എവിടെയെന്നുപോലും അറിയാറില്ല. ആരൊക്കെ മരിച്ചെന്ന് പള്ളികളിൽനിന്നാണ് അറിയുന്നത്.

ബെർഗാമോ നഗരത്തിൽ എൺപതിലേറെ ശവസംസ്‌കാര കമ്പനികളുണ്ട്. മണിക്കൂറിൽ ഡസൻ കണക്കിന് ഫോണാണ് വരുന്നത്. വീട്ടിലാണ് മരിച്ചതെങ്കിൽ നിയമനടപടികൾ തീരാൻ 30 മണിക്കൂറെടുക്കും. അതുവരെ കാത്തിരിക്കണം. കഴിഞ്ഞ ദിവസം മരിച്ച എൺപതുകാരന്റെ അവസ്ഥ അധ്യാപികയായ സ്‌റ്റെല്ല പറഞ്ഞു. പനി ബാധിച്ച അയാൾ ആംബുലൻസിന് വിളിച്ചെങ്കിലും കിട്ടിയില്ല. മണിക്കൂറുകൾ വൈകി അവരെത്തുമ്പോഴേക്കും മരിച്ചു. മൃതദേഹം നീക്കാൻ കഴിയാത്തതിനാൽ മുറി പൂട്ടി സീൽചെയ്ത് അവർ തിരികെപ്പോയി. ഇനി എന്ന് തുറക്കുമെന്നുപോലും പറയാനാകില്ല.


 

കൊറോണ കെയറിലേക്ക് വിളിച്ചാൽ കിടക്ക ഒഴിവില്ലാത്തതിനാൽ വീട്ടിൽ കഴിയാനാണ് ഡോക്ടർമാർ ഉപദേശിക്കുക. പരിശോധിക്കാനും തയ്യാറാകാറില്ല. അപൂർവമായാണ്‌ വൈറസ് ടെസ്റ്റ് നടത്തുന്നത്. ഫാർമസികളിൽ മാസ്‌കുകളോ മരുന്നുകളോ ലഭ്യമല്ല. ബെർഗാമോ രൂപത ജനറൽ സെക്രട്ടറി മോൺസിഞ്ഞോർ ജിയൂലിയോ ഡെല്ലാവിറ്റേയുടെ കീഴിൽ 16 പുരോഹിതരാണ് മരിച്ചത്. ഇരുപതിലേറെപേർ ചികിത്സയിലാണ്. പ്രിയപ്പെട്ടവരെ അവസാനമായി കാണാൻപോലും അനുവാദമില്ലാതെ മാഞ്ഞുപോകുന്നു. അത്രമേൽ സ്നേഹിച്ചിരുന്നതിന്റെ ഓർമയ്ക്ക് പനിനീർപ്പൂപോലും കുഴിമാടത്തിൽ വയ്‌ക്കാനാകാതെ, പ്രാർഥിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതെ ചിലർ ബാക്കിയാകുന്നു. ആൽപ്‌സ് പർവതനിരകളുടെ താഴ്‌വരയിൽ ഇപ്പോൾ മുഖങ്ങളില്ല, മുഖംമൂടികളെക്കൊണ്ട് ആ തെരുവുകൾ നിറഞ്ഞിരിക്കുന്നു.

(തയാറാക്കിയത്‌ ബിജുകാർത്തിക്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top