26 April Friday

കോവിഡ്‌ മരണക്കണക്കും മനോരമയുടെ കൃത്രിമവും...ധീരജ് പലേരി എഴുതുന്നു

ധീരജ് പലേരിUpdated: Tuesday Aug 18, 2020

ശ്വാസതടസ്സമോ അനുബന്ധപ്രശ്നങ്ങളോ ഒന്നുമില്ലാതെ മറ്റൊരു രോഗം കൊണ്ട് ഒരു കോവിഡ് പോസിറ്റീവ് ആയ രോഗി മരിച്ചാൽ അത് കോവിഡ് മരണമല്ല എന്ന്‍ ലോകാരോഗ്യ സംഘടന പറയുന്നു. കാര്യങ്ങൾ ഇത്രയും വ്യക്തമായിരിക്കെ, ആരും ഈ നിർദ്ദേശങ്ങൾ തങ്ങളെപ്പോലെ തന്നെ  വായിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിലാവണം മനോരമ ഇത്തരമൊരു വ്യാജ വാർത്ത പടച്ചുവിട്ടത്. അതല്ലെങ്കിൽ ആ സർക്കുലർ വായിച്ചുനോക്കാൻ പോലും മനോരമ ലേഖകൻ മിനക്കെട്ടിട്ടില്ല എന്ന് വേണം അനുമാനിക്കാൻ...ധീരജ് പലേരി എഴുതുന്നു.

കോവിഡ്  പ്രതിരോധപ്രവർത്തനങ്ങളിലും ചികിത്സയിലും കേരളം വ്യാപകമായി തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം  പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രവാസികൾ തിരിച്ചെത്തിയതിനു ശേഷം പ്രതീക്ഷിച്ചതുപോലെ തന്നെ രോഗികളുടെ എണ്ണം വർദ്ധിക്കുകയ്യും, ഭയപ്പെട്ടതു പോലെ സമൂഹവ്യാപനത്തിലേക്ക് കടക്കുകയും ചെയ്തു.  എന്നാല്‍ ഇപ്പോഴും ഏറ്റവും കൃത്യമായി കോവിഡ് കണക്കുകളും ചികിത്സയും നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ സമൂഹവ്യാപനം നടന്നിട്ടില്ല എന്ന് കേന്ദ്രം വാശിപിടിക്കുമ്പോളാണ് നമ്മൾ മറ്റ് മിക്ക  സംസ്ഥാനങ്ങളെക്കാളും കുറവ് കേസുകൾ ഉണ്ടായിട്ടും യാഥാർഥ്യബോധ്യത്തോടെയും, ആവശ്യമായ മുൻകരുതലുകളോടെയും കൂടുതൽ കേസുകൾ പ്രതീക്ഷിച്ചു തന്നെ മുന്നോട്ട് പോകുന്നത്. ഈ പ്രയത്നത്തിൽ കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ ബഹുഭൂരിപക്ഷം പൊതുജനങ്ങളുടെയും പിന്തുണയും സർക്കാരിന് ലഭിക്കുന്നുണ്ട്. എന്നാൽ തുടക്കം മുതൽതന്നെ കേരളത്തിലെ ചില പ്രമുഖമാധ്യമങ്ങൾ മാധ്യമധർമ്മത്തിന്റെയും സാമാന്യ മര്യാദയുടെയും അതിരുകൾ ലംഘിച്ചാണ് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് സംബന്ധിയായ  വ്യാജവാർത്താ നിര്‍മ്മിതിയിലാണ് അവരുടെ ശ്രദ്ധ. ദിനേനയെന്നോണം ഇക്കാര്യത്തില്‍ സംഭാവനകൾ ചെയ്യുന്ന ഒരു മാധ്യമമാണ് മലയാള മനോരമ.

പൂന്തുറയിലെ സിപിഎം നേതാക്കളെ സമരക്കാരായി ചിത്രീകരിച്ചും മറ്റും മനോരമ പത്രം  തുടങ്ങിയ നുണകളുടെ ഏറ്റവും ഒടുവിലത്തെ പ്രധാനയിനം ആയിരുന്നു  കേരളത്തിൽ കോവിഡ് മരണനിരക്കിൽ സർക്കാർ കൃത്രിമം കാണിക്കുന്നു എന്ന വ്യാജവാർത്ത. ഇന്ത്യയിൽ തന്നെ ഏറ്റവും ശാസ്ത്രീയമായി കോവിഡ്  ബാധിതരുടെ കണക്കുകൾ തയ്യാറാക്കുന്ന, ദിനേന മുഖ്യമന്ത്രി അത് സംബന്ധിച്ചു മാധ്യമങ്ങളെ കാണുന്ന ഒരു സംസ്ഥാനത്ത് കോവിഡ് മരണം സർക്കാർ മറച്ചുവെക്കുന്നു എന്ന് വ്യാജവാർത്ത നൽകാൻ ഏറ്റവും ഒടുവിൽ മനോരമ ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും കോവിഡ്  മരണം കണക്കാക്കുന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങളാണ്. തിങ്കളാഴ്ച  പ്രസിദ്ധീകരിച്ച ‘കോവിഡ് മരണപ്പട്ടിക: ആരോഗ്യ വകുപ്പിന്റെ വിശദീകരണം തെറ്റെന്ന് സര്‍ക്കാര്‍ രേഖ’ എന്ന വാര്‍ത്തയും ഈ ശ്രമത്തിന്റെ ഭാഗമായി ഉണ്ടായ ഒന്നാണ്. കോവിഡ് ബാധിച്ച് മരിച്ച 49 പേരുടെ മരണം കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ രേഖയെ ആസ്പദമാക്കിയാണ് ഈ വാര്‍ത്ത. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്ശയായ ഐസിഎംആര്‍ - ലോകാരോഗ്യ സംഘടന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നത് ഈ മരണങ്ങളുടെ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ‘മനോരമ ലേഖകന്‍’ കണ്ടെത്തിയിരിക്കുന്നത്.

ഐസിഎംആര്‍ - ലോകാരോഗ്യ സംഘടന മാനദണ്ഡങ്ങള്‍ പ്രകാരം ഒരു മരണം കോവിഡ് മരണമായി കണക്കാക്കണമെങ്കില്‍ ചില നിർദ്ദേശങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ മനസ്സിലാക്കാൻ കോവിഡിനെ കുറിച്ചു അടിസ്ഥാനമായ ഒരു ധാരണ മാത്രം മതി. വളരെ ലളിതമായ ഭാഷയിലാണ് ഈ നിർദ്ദേശങ്ങൾ. കോവിഡ്  ഒരു SARS- (Severe acute respiratory syndrome) രോഗമാണ്.(SARS-CoV-2) എന്നാണ് ഇപ്പോൾ രോഗം പരത്തുന്ന അണുവിനെ പറയുന്ന പേര്. സാർസ് രോഗമെന്ന് വച്ചാൽ ശ്വസനസംബന്ധിയായ രോഗമാണ്. കോവിഡ് സംബന്ധിച്ച മരണങ്ങൾ ഒക്കെയും ശ്വാസതടസ്സം, ന്യൂമോണിയ  ഒക്കെയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോടെയാണ് ഉണ്ടാവുക . ക്യാൻസർ പോലെ മാരകമായ രോഗങ്ങളുള്ള ചിലരിൽ കോവിഡ് ബാധ പ്രതിരോധം തളർത്തുകയും മരണസാധ്യത കൂട്ടുകയും ചെയ്യും. പല രാജ്യങ്ങളിലും ഇത്തരത്തിൽ മരണപ്പെടുന്നവർക്ക് കോവിഡ് ബാധിച്ചു  മരണമടയുന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാലാണ് ലോകാരോഗ്യസംഘടന ഇപ്പോൾ ഇറക്കിയ നിർദ്ദേശത്തിൽ അത്തരം മരണങ്ങൾ കോവിഡ് സംബന്ധിയായ ഒരു ലക്ഷണവും ഇല്ല എന്നുറപ്പുണ്ടെങ്കിൽ മാത്രമേ കോവിഡ് മരണങ്ങളിൽ നിന്ന് ഒഴിവാക്കാവൂ എന്ന് ആവശ്യപ്പെട്ടത്. "A death due to COVID-19 is defined for surveillance purposes as a death resulting from a clinically compatible illness, in a probable or confirmed COVID-19 case, unless there is a clear alternative cause of death that cannot be related to COVID disease (e.g. trauma)." (കോവിഡ് ലക്ഷണങ്ങളുമായി ബന്ധമില്ലാത്ത വ്യക്തമായ മറ്റു മരണകാരണങ്ങൾ ഇല്ലാത്തപക്ഷം അത് കോവിഡ് മരണമായി കൂട്ടാം." അഥവാ വ്യക്തമായ, കോവിഡുമായി ബന്ധമില്ലാത്ത മരണകാരണങ്ങൾ ഉണ്ടെങ്കിൽ അത് കോവിഡ് മരണമല്ല.)

കോവിഡ് ബാധിച്ചിട്ടുണ്ട് എന്ന കാരണത്താൽ, കോവിഡ് ലക്ഷണങ്ങൾ (ന്യൂമോണിയ, ശ്വാസതടസ്സം തുടങ്ങിയവ) ഒന്നുമില്ലാതെ ക്യാൻസർ സംബന്ധിയായ ലക്ഷണങ്ങൾ കൊണ്ട് മാത്രമാണ് ഒരാൾ മരണപ്പെടുന്നതെങ്കിൽ അത് കോവിഡ് മരണമല്ല.ഉദാഹരണത്തിന് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ, പാൻക്രിയാറ്റിക്ക് ക്യാൻസർ മൂർഛിച്ച ഒരാൾ മരിക്കുമ്പോള്‍, ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ ഒന്നുമില്ലാതെ, കരളിന്റെ പ്രവര്‍ത്തനം നിലച്ചാണ് മരിക്കുന്നതെങ്കിൽ അയാൾ മരിച്ചത് ക്യാൻസർ കൊണ്ടാണ്. അതിൽ കോവിഡ് അല്ല മരണഹേതു. എന്നാൽ കോവിഡ് വന്നതുകൊണ്ട് ഒരാളുടെ നിലവിലെ ആരോഗ്യസ്ഥിതി  ദുർബലപ്പെടുന്ന  സാഹചര്യത്തിൽ അയാൾ മരിക്കുകകയാണെങ്കിൽ, അല്ലെങ്കിൽ കോവിഡ് അത് ദ്രുതഗതിയിലാക്കി എന്ന നേരിയ സംശയമെങ്കിലും ഉണ്ടെങ്കിൽ അത് കോവിഡ് മരണത്തിൽ പെടുത്തും. പക്ഷെ, കോവിഡിന്റെ ലക്ഷണങ്ങളായ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഒന്നുമില്ലാതെ മറ്റൊരു രോഗം കൊണ്ടുമാത്രം ഒരു കോവിഡ് പോസിറ്റീവ് ആയ രോഗി മരിക്കുകയാണെങ്കിൽ അത് കോവിഡ് മരണമായി കണക്കാക്കുകയില്ല.

ഒൻപത് സാമ്പിൾ കേസുകളിലൂടെ ലോകാരോഗ്യസംഘടനയുടെ സർക്കുലറിൽ ഇത് വെളിവാക്കുന്നുണ്ട്. ശ്വാസതടസ്സമോ അനുബന്ധപ്രശ്നങ്ങളോ ഒന്നുമില്ലാതെ മറ്റൊരു രോഗം കൊണ്ട് ഒരു കോവിഡ് പോസിറ്റീവ് ആയ രോഗി മരിച്ചാൽ അത് കോവിഡ് മരണമല്ല എന്ന് വ്യക്തമായി പറയുന്നു.  ഇത്രയും വ്യക്തമായി കാര്യങ്ങൾ ഇരിക്കെ, ആരും ഈ നിർദ്ദേശങ്ങൾ തങ്ങളെപ്പോലെ തന്നെ  വായിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിലാവണം മനോരമ ഇത്തരമൊരു വ്യാജ വാർത്ത പടച്ചുവിട്ടത്. അതല്ലെങ്കിൽ ആ സർക്കുലർ വായിച്ചുനോക്കാൻ പോലും മനോരമ ലേഖകൻ മിനക്കെട്ടിട്ടില്ല എന്ന് വേണം അനുമാനിക്കാൻ.

ഇനി, എന്തുകൊണ്ടാണ് ഇത്തരം ഒരു സർക്കുലർ ലോകാരോഗ്യസംഘടനയും ഐസിഎംആര്‍ ഉം ഇറക്കുന്നത് എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കേരളം പൊതുജനാരോഗ്യരംഗത്തു മുന്നിൽ നിൽക്കുന്ന ഒരു പ്രദേശമാണ്. സർക്കാർ ആരോഗ്യസംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരിടം. എന്നാൽ ലോകത്ത്  മിക്കയിടങ്ങളിലും അങ്ങനെയല്ല സ്ഥിതി. മുതലാളിത്ത സംവിധാനങ്ങളിൽ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വന്നാൽ ചികിത്സ തന്നെ പണക്കാർക്ക് മാത്രം പ്രാപ്യമായ ഒന്നാണ്. എന്നാൽ കോവിഡ് ഒരു മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനാൽ മിക്ക രാജ്യങ്ങളും കോവിഡ് ചികിത്സയ്ക്ക് ആനുകൂല്യങ്ങളും മരണപ്പെട്ടാൽ ചികിത്സാചെലവിൽ ഇളവുകളും നൽകുന്നുണ്ട്. കോവിഡ് ബാധിച്ച ഒരു ക്യാൻസർ രോഗി മരിക്കുമ്പോൾ അത് കോവിഡ് കൊണ്ടാണെങ്കിൽ പോലും ക്യാൻസറിൽ ചാരി ഇൻഷുറൻസും മറ്റാനുകൂല്യങ്ങളും നൽകാതിരിക്കാൻ ശ്രമം നടക്കുന്നതിനാലാണ് ലോകാരോഗ്യസംഘടനക്ക് ഇത്തരമൊരു സർക്കുലർ പുറത്തിറക്കേണ്ടി വന്നത്.

എന്നാൽ ഇന്ത്യയിൽ തന്നെ കോവിഡ് ചികിത്സ പരിപൂർണ സൗജന്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. മറ്റെല്ലാ സംസ്ഥാനങ്ങളിലും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളെ 14 ദിവസത്തിന് ശേഷം ടെസ്റ്റ് ഒന്നും ചെയ്യാതെ ഐസിഎംആര്‍  നിർദ്ദേശമനുസരിച്ചു വീട്ടിലേക്ക് തിരിച്ചയക്കുമ്പോൾ, ഇവിടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളെയടക്കം സർക്കാർ സംവിധാനങ്ങളിൽ പാർപ്പിച്ച്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുമ്പോൾ മാത്രം, രോഗം ഭേദമായെന്നുറപ്പുവരുത്തി വീട്ടിലേക്ക് അയക്കുകയാണ് . അതുവരെയുള്ള ചിലവുകൾ സര്‍ക്കാര്‍ വഹിക്കുന്നു.അതുകൊണ്ട്  കേരളത്തിൽ ഈ സർക്കുലറിന് കാര്യമായ പങ്കൊന്നും വഹിക്കാനില്ല. അങ്ങനെയിരിക്കെ വളരെ കൃത്യമായ കണക്കുകളിൽ, അവ തയ്യാറാക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളെയും, ആരോഗ്യസംവിധാനത്തെയും, മലയാളികളുടെ സാമാന്യബോധത്തെയും പരിഹസിക്കുന്ന മട്ടിൽ മനോരമ ഇങ്ങനെ നുണക്കഥകൾ പടച്ചു വിടുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണ്?. ആര്‍ക്ക് വേണ്ടിയാണ് കേരളത്തില്‍ മരണസംഖ്യ 'ഉയര്‍ത്താന്‍' ദിവസവും വ്യാജവാര്‍ത്ത നിര്‍മ്മിച്ച് മനോരമ ശ്രമിക്കുന്നത് ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top