27 April Saturday

ശക്തമായ മുന്നൊരുക്കം, പ്രതിരോധം

പിണറായി വിജയൻ Updated: Monday Mar 30, 2020

ചൈനയിലെ ഹുബെയ് സംസ്ഥാനത്തെ വുഹാൻ നഗരത്തിൽ ഉടനീളം  പടർന്നുകൊണ്ടിരുന്ന രോഗത്തിന്റെ കാരണം പുതിയ കൊറോണാ വൈറസായ സാർസ് കോവ് 2 ആണ് എന്ന് നിജപ്പെടുത്തിയത് 2019 ഡിസംബർ അവസാനമാണ്. അതിനുശേഷം ഏതാണ്ട് മൂന്നുമാസം കഴിഞ്ഞ് ഇപ്പോൾ, കൊറോണാ വൈറസ്  രോഗമായ കോവിഡ്–- -19,  ലോകത്തെയാകെത്തന്നെ ആ മഹാമാരിയുടെ പിടിയിലാക്കിയിരിക്കുന്നു. 67 ദിവസംകൊണ്ട് ഒരുലക്ഷംപേരെ ബാധിച്ച രോഗം, പിന്നെ രണ്ടുലക്ഷം പേരിലെത്താൻ 11 ദിവസവും മൂന്നു ലക്ഷമാകാൻ നാലുദിവസവും മാത്രമെടുത്ത് അതിവേഗം മഹാമാരിയായി മാറുകയാണ് എന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

മുന്നേയുള്ള തയ്യാറെടുപ്പ്

ജനുവരി 18നും 22നുമിടയിൽത്തന്നെ ലോകാരോഗ്യസംഘടനയുടെയും കേന്ദ്രസർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെയും നിർദേശങ്ങൾ കേരള സർക്കാർ 14 ജില്ലകളുമായും പങ്കുവച്ചു. സംസ്ഥാനതല  ദ്രുതകർമസേന വിളിച്ചുചേർക്കുകയും രോഗനിരീക്ഷണം, ലബോറട്ടറികൾ, ചികിത്സ, പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ ജില്ലകൾക്ക് മാർഗനിർദേശം നൽകുകയും ചെയ്തു. ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തമായ ജില്ലാതല പൊതുജനാരോഗ്യച്ചട്ടങ്ങൾ തയ്യാറാക്കി. അതേത്തുടർന്ന് ചൈനയിൽ നിന്നെത്തുന്ന മുഴുവൻ യാത്രികരെയും കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്‌ക്ക് വിധേയമാക്കി.
 
അവിടെനിന്നുള്ള എല്ലാ യാത്രക്കാരെയും കർശനമായി നിരീക്ഷിക്കുന്നതിനുള്ള ആരോഗ്യസംഘത്തെ തയ്യാറാക്കി. ജില്ലാതല സംയോജിത രോഗനിരീക്ഷണ പ്രോഗ്രാം സെല്ലുകൾ, സാധ്യമായ എല്ലാ കേസുകളിലും, രോഗികളുമായി ബന്ധം സ്ഥാപിച്ചവരെ തേടിപ്പിടിച്ച് ലൈൻ ലിസ്റ്റിങ്‌ തയ്യാറാക്കാൻ തുടങ്ങി. ലോകവ്യാപകമായി രോഗം പടരാനും വിദേശരാജ്യങ്ങളിൽനിന്ന് കേരളത്തിൽ എത്തിച്ചേരുന്നവരുടെ എണ്ണം കൂടാനും തുടങ്ങിയതോടെ, കോവിഡ്–- 19 റിപ്പാേർട്ട് ചെയ്യപ്പെടാനുള്ള സാധ്യത സംസ്ഥാനം വളരെ ഗൗരവപൂർവം കണ്ടു.

അതത് ജില്ലകളിലെ മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലുമെല്ലാം ഐസൊലേഷൻ സൗകര്യങ്ങൾ ഏർപ്പാടാക്കാൻ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകി. ആശുപത്രിയിലെ ഐസൊലേഷനും വീട്ടിലെ ക്വാറന്റൈനും ആവശ്യമായ  സജ്ജീകരണങ്ങളെക്കുറിച്ച് വേണ്ട നിർദേശങ്ങൾ നൽകി. ജനുവരി 24നുതന്നെ ആരോഗ്യസേവന ഡയറക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച്  25ന് ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കും വേണ്ട മാർഗനിർദേശങ്ങൾ നൽകി. 28ഓടെ, ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിച്ചു.

ആദ്യ കേസുകൾ

ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-–- 19 കേസ് കേരളത്തിൽ ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം സ്ഥിരീകരിച്ചത്. വുഹാനിൽനിന്ന് മടങ്ങിയെത്തിയശേഷം തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിലായിരുന്ന ഒരു വിദ്യാർഥിയായിരുന്നു രോഗി. അതേത്തുടർന്ന്, ഫെബ്രുവരി രണ്ടിനും മൂന്നിനുമായി രണ്ടാമത്തെയും മൂന്നാമത്തെയും കേസുകളിലും രോഗം സ്ഥിരീകരിക്കപ്പെട്ടു. അവരും വുഹാനിൽനിന്ന് മടങ്ങിയ വിദ്യാർഥികളായിരുന്നു. സംസ്ഥാനം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ടു. അടിയന്തരനടപടികൾ നീക്കി.

ആരംഭഘട്ടത്തിൽത്തന്നെ,  ഉടൻ വേണ്ട അടിയന്തര ഇടപെടലുകളക്കുറിച്ച് തീരുമാനമെടുക്കാനായി ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ആരോഗ്യസേവന ഡയറക്ടറും സംസ്ഥാന-–-ജില്ലാതല റാപ്പിഡ് റെസ്പോൺസ് ടീമുകളും യോഗം ചേർന്നു. ഫെബ്രുവരി ഒന്നിന്, ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സാമ്പിൾ ടെസ്റ്റിനായി തയ്യാറാക്കി. സംസ്ഥാന -ജില്ലാതല കൺട്രോൾ റൂമുകൾ മുഴുവൻസമയവും തുറന്ന്‌ ‌പ്രവർത്തിച്ചു. നിയോഗിക്കപ്പെട്ട ആശുപത്രികളിലെ ഐസൊലേഷൻ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. രോഗലക്ഷണങ്ങൾ ഉള്ളവരെയും ഐസൊലേഷൻ ചികിത്സ ആവശ്യമായിട്ടുള്ളവരെയും കൈകാര്യംചെയ്യാനായി ഓരോ ജില്ലയിലും ചുരുങ്ങിയത് രണ്ട് ആശുപത്രികൾ സജ്ജീകരിക്കപ്പെട്ടു. നേരത്തേ തയ്യാറായിരുന്നതുകൊണ്ട് ആദ്യത്തെ രോഗികളിൽനിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ കേരളത്തിന് കഴിഞ്ഞു. ആദ്യം പ്രവേശിപ്പിക്കപ്പെട്ട മുഴുവൻ രോഗികളെയും ചികിത്സിച്ചുഭേദമാക്കി ഫെബ്രുവരി മൂന്നാംവാരത്തോടെ വിട്ടയക്കാനായി.

സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും കോവിഡ്–- 19 നെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. ടെലിവിഷനിലും റേഡിയോ–- എഫ്എം ചാനലുകളിലും രോഗത്തെ പറ്റിയുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി.സാമൂഹ്യമാധ്യമങ്ങൾവഴിയും ബോധവൽക്കരണപ്രചാരണങ്ങൾ നടത്തി. അതേയവസരത്തിൽ,  സാമൂഹ്യമാധ്യമങ്ങൾവഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുകുകയുംചെയ്തു. സ്മാർട്ട് ക്ലാസ് റൂമുകൾ വഴി 40 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കാണ് ആരോഗ്യവകുപ്പ് ബോധവൽക്കരണം നടത്തിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനപരിശോധന ഉറപ്പാക്കി. ഇറ്റലിയിലും ഇറാനിലും രോഗം വ്യാപിക്കുന്നതിന്റെ വാർത്തകൾ വന്നുതുടങ്ങിയതോടെ പരിശോധനകൾ കൂടുതൽ കർക്കശമാക്കി. 2020 ഫെബ്രുവരി 10 മുതൽ, ചൈന, ഹോങ്‌കോങ്‌, തായ്‌ലൻഡ്‌, സിംഗപ്പുർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയത്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽനിന്ന് വരുന്നവരും അത്തരം സ്ഥലങ്ങൾ സന്ദർശിച്ച യാത്രാ ചരിത്രമുള്ളവരുമായ എല്ലാവർക്കും വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് വീണ്ടും കർശനനിർദേശം നൽകി. മറ്റു സംസ്ഥാനങ്ങളിൽക്കൂടി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, എല്ലാ സംസ്ഥാനങ്ങളുമായും വീഡിയോ കോൺഫറൻസ് വഴി ബന്ധപ്പെട്ടു.

ക്യാബിനറ്റ് സെക്രട്ടറി, കേരള ആരോഗ്യവകുപ്പിന്റെ  പരിശ്രമങ്ങളെ അഭിനന്ദിക്കുകയും സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിയോട് അതിന്റെ ഒരവതരണത്തിന്‌ (പ്രസന്റേഷൻ) ആവശ്യപ്പെടുകയും ചെയ്തു. കേരളം വികസിപ്പിച്ചെടുത്ത നടപടിക്രമങ്ങൾ  പിന്തുടരാാൻ മറ്റ് സംസ്ഥാനങ്ങൾക്ക് അദ്ദേഹം നിർദേശം നൽകി. വൈറസിനെ തുരത്താനുള്ള പരിശ്രമങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ട പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുംചെയ്തു.

തുടർകേസുകളും പ്രതികരണങ്ങളും

കേരളം കുടിയേറ്റക്കാരുടെ  കേന്ദ്രമാണെന്നതുപോലെതന്നെ,  ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ഇങ്ങോട്ട് ദിനേന ഒട്ടനവധി  മലയാളികൾ കടന്നുവരുന്നുമുണ്ട്. പേരുകേട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയ്‌ക്ക്, സംസ്ഥാനം ഏറെ വിദേശയാത്രികരെ ആകർഷിക്കുന്നുമുണ്ട്. സംസ്ഥാനത്ത് മാർച്ച് എട്ടുമുതൽ വന്നുചേർന്ന രോഗികൾ മുഖ്യമായും വിദേശത്തു നിന്നെത്തിയവരാണ്, വിശേഷിച്ചും യൂറോപ്പിൽനിന്നും ഗൾഫിൽനിന്നും.  റിപ്പോർട്ട് ചെയ്യപ്പെട്ട ഏതാനും കേസുകൾ അവരുമായി ബന്ധം പുലർത്തിയവരുടേതാണ്. ഇത്തരം പ്രാഥമികവും ദ്വിതീയവുമായ കേസുകൾക്ക് പുറമെ, തൃതീയതലത്തിൽ പെട്ട കേസുകൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാനുള്ള അധികശ്രദ്ധ പുലർത്തുന്നുണ്ട് .

കേരളത്തിൽ സമൂഹവ്യാപനം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. ഏതുതരത്തിലുള്ള അടിയന്തരസാഹചര്യങ്ങളും നേരിടാൻ വേണ്ട അധിക തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. മഹാമാരിയെ നേരിടാൻ വേണ്ടത്ര മനുഷ്യവിഭവങ്ങൾ ഉണ്ടെന്ന കാര്യം ഉറപ്പാക്കാനായി 276 ഡോക്ടർമാരെ എമർജൻസി റിക്രൂട്ട്മെന്റ്‌വഴി നിയമിച്ചു. ആവശ്യത്തിന് മറ്റ് പാരാ മെഡിക്കൽ  ജീവനക്കാരെയും  നിയമിക്കും. ഈ നിയമനങ്ങളെല്ലാം നടത്തുക നിലവിലുള്ള പിഎസ്‌സി ലിസ്റ്റിൽനിന്നായിരിക്കും. ഐസൊലേഷൻ വാർഡായി ഉപയോഗപ്പെടുത്താനാകുന്ന കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ അണുവിമുക്തമാക്കി തയ്യാറാക്കിയത് യുവജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താലാണ്. അവശ്യമരുന്നുകളും സാനിറ്റൈസറുകളും മാസ്‌കുകളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താനായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്‌ കോർപറേഷൻ തുടങ്ങിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നേതൃപരമായ പങ്ക് വഹിച്ചു. കേരളത്തിലെ ജയിൽവാസികളടക്കം ഇക്കാര്യത്തിൽ തങ്ങളുടേതായ സംഭാവനകൾ നൽകി. സാനിറ്റൈസറുകളും മാസ്കുകളും ഉൽപ്പാദിപ്പിക്കുകയും വിതരണംചെയ്യുകയും എന്നത്  പല റെസിഡൻസ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും രാഷ്ട്രീയകക്ഷികളും തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തമായി ഏറ്റെടുത്തു.
കൊറോണാ വൈറസിന്റെ വ്യാപനം തടയാനായി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളും വിദഗ്ധരും ഉപദേശിക്കുന്നത്, വ്യക്തിശുചിത്വവും സുരക്ഷിതമായ അകലംപാലിക്കലും ആണ്. ‘ ചങ്ങലപൊട്ടിക്കൽ’ (ബ്രേക്ക്‌ ദ ചെയിൻ) ഏറ്റെടുത്തുകൊണ്ട് സോപ്പിട്ട് കൈ കഴുകാനും സാനിറ്റൈസറുകൾ ഉപയോഗിക്കാനും ഞങ്ങൾ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി. സർക്കാർ ഓഫീസുകൾ, പൊതുകാര്യാലയങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, സ്വകാര്യസംരംഭകർ, സെലിബ്രിറ്റികൾ എന്നിവരെല്ലാം ഈ പ്രചാരണം ഏറ്റെടുത്തുകൊണ്ട്, പുതു മാതൃകകളിലൂടെയും സാമൂഹിക മാധ്യമങ്ങളെ രചനാത്മകമായി ഉപയോഗപ്പെടുത്തിയും ഇത് ഒരു വൻ വിജയമാക്കിത്തീർത്തു.

ലോക്ക്ഡൗൺ

ജനങ്ങൾതമ്മിൽ സുരക്ഷിതമായ ഒരകലം പാലിക്കപ്പെടുന്നു എന്ന കാര്യം ഉറപ്പാക്കണമെങ്കിൽ അവരുടെ ചലനങ്ങളിലും കൂടിക്കഴിയലിലും കർശനമായ ചില നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചേ പറ്റൂ. അതുറപ്പുവരുത്താനായി, സംസ്ഥാനമാകെ ഇപ്പോൾ ലോക്ക്ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി, പരീക്ഷകൾ നീട്ടിവച്ചു, സിനിമാശാലകൾ അടച്ചിട്ടു, യാത്ര ചെയ്യരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകി, കൂടിച്ചേരലുകൾക്കും മതപരമായ ചടങ്ങുകൾക്കും അനുമതി നിഷേധിച്ചു. പൊതുഗതാഗതസേവനം നിർത്തിവച്ചു. സംസ്ഥാന അതിർത്തികൾ അടച്ചുപൂട്ടി. അതേയവസരത്തിൽ, അടിയന്തരസേവനങ്ങളായ ആശുപത്രികൾ, മരുന്നുഷാപ്പുകൾ എന്നിവയൊക്കെ പതിവുപോലെ പ്രവർത്തിക്കുന്നുമുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഒരു നിശ്ചിതസമയം (രാവിലെ ഏഴു മുതൽ വൈകിട്ട്‌ അഞ്ചുവരെ) പ്രവർത്തിക്കാൻ അനുമതിയുണ്ട്. റെസ്റ്റാറന്റുകളിൽ പാഴ്‌സൽ സൗകര്യം അനുവദിച്ചിട്ടുണ്ട് . ഭക്ഷ്യവിതരണം ഉറപ്പാക്കാൻ മതിയായ ഭക്ഷ്യധാന്യ സ്റ്റോക്കും സംസ്ഥാന അതിർത്തികളിൽ നിന്നുള്ള ചരക്ക് കടത്തും ഉറപ്പാക്കുന്നുണ്ട്. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കത്തക്കവിധം ജീവനക്കാരെ ഘട്ടംഘട്ടമായി നിയോഗിക്കുന്നുമുണ്ട്.
(അവസാനിക്കുന്നില്ല )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top