26 April Friday

തിരുത്തേണ്ട കോടതിയലക്ഷ്യ നിയമം - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Thursday Sep 3, 2020


“ നിങ്ങൾ കോടതിയലക്ഷ്യ നിയമപ്രകാരം കുറ്റം ചെയ്തതായി ഈ കോടതി കണ്ടെത്തുന്നു. ഇരു പ്രതികളെയും താക്കീത് ചെയ്യുന്നു. ഇരുവരുടെയും ഭാവിയിലെ നടപടികളിൽ ജാഗ്രതയുണ്ടാകണമെന്നും വിധിക്കുന്നു.’’ 1920 മാർച്ച് 12ന്‌ ബോംബെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ കേസിലെ വിധി അവസാനിക്കുന്നത് ഇങ്ങനെയാണ്. ഒന്നാമത്തെ പ്രതിയുടെ പേര് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു. യങ്‌ ഇന്ത്യയുടെ പത്രാധിപർ. രണ്ടാം പ്രതി എം എച്ച് ദേശായി എന്ന പ്രസാധകനും. നിസ്സഹകരണസമരത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദ് കോടതിയിലെ അഭിഭാഷകർ സത്യഗ്രഹ പ്രതിജ്ഞ എടുക്കുകയുണ്ടായി. അതിന്റെ ഭാഗമായി ശിക്ഷാനടപടികൾക്കായി ജില്ലാ ജഡ്ജി ഇവർക്ക് അയച്ച കത്തും അതിനോടുള്ള പ്രതികരണവും പ്രസിദ്ധപ്പെടുത്തിയതാണ് കേസിന് ആധാരം. അന്ന് ഇന്നത്തെപ്പോലെ ആറുമാസത്തെ തടവെന്ന പരമാവധി ശിക്ഷാ പരിധിയൊന്നുമുണ്ടായിരുന്നില്ല. ജഡ്ജുമാരായ മാർടെൻ, ഹവാർഡ്, കെയ്ജ എന്നിവരാണ് കേസ് കേട്ടത്. തെറ്റ് സമ്മതിച്ച് മാപ്പപേക്ഷിക്കുന്ന പ്രസ്താവന പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി രജിസ്‌ട്രാർ രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ, മാപ്പപേക്ഷിക്കുന്നതിന്‌ കഴിയില്ലെന്ന് മഹാത്മാഗാന്ധി രേഖാമൂലം അറിയിച്ചു.

പൊതുതാൽപ്പര്യാർഥമാണ് ആ രേഖ പ്രസിദ്ധപ്പെടുത്തിയതെന്നും അത് തന്റെ പൊതുവായ ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമാണെന്നും ഗാന്ധി വ്യക്തമാക്കി. ‘‘കോടതിയലക്ഷ്യ കേസിൽ ഞങ്ങൾക്ക് വിശാലമായ അധികാരമുണ്ട്. ഞങ്ങൾക്ക് ശരിയെന്നു തോന്നുന്ന കാലത്തേക്ക് ജയിൽശിക്ഷ വിധിക്കാം. ശരിയെന്നുതോന്നുന്ന അത്ര പിഴയും ചുമത്താം.” എന്നാൽ, കൊളോണിയൽകാലത്തെ നീതിന്യായവ്യവസ്ഥ തെറ്റു ചെയ്തെന്ന് കണ്ടെത്തിയെങ്കിലും താക്കീതിൽ ശിക്ഷ ചുരുക്കി. ( ദ ബോംബൈ ലോ റിപ്പോർട്ടർ വാല്യം XXII ,നം 368, 1920)

സ്വതന്ത്ര ഇന്ത്യയിൽ പ്രശാന്ത് ഭൂഷന്‌ എതിരായ കോടതിയലക്ഷ്യ കേസിലെ വിധി പക്ഷേ താക്കീതിൽ ചുരുങ്ങിയില്ല. അത് പിഴയുടെ പ്രയോഗം ഒരു രൂപയുടെ പ്രതീകത്തിൽ നടന്നു. കൊളോണിയൽ കാലത്തേക്കാളും കോടതിയലക്ഷ്യ നിയമത്തിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഭരണഘടനാ അസംബ്ലിയിൽ ഉന്നയിക്കപ്പെട്ട ഗൗരവമായ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഈ അനുഭവവും പറയുന്നത്.


 

‘കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി ജഡ്ജിതന്നെയാണ് പ്രോസിക്യൂട്ടർ. തനിക്കുനേരെ കോടതിയലക്ഷ്യം നടത്തിയെന്ന് അദ്ദേഹത്തിനുതന്നെ തോന്നുന്ന കേസിൽ അദ്ദേഹംതന്നെ കേൾക്കുകയും വിധിപറയുകയും ചെയ്യുന്ന അസാധാരണ സ്ഥിതിയാണുള്ളത്. പൊതുസമൂഹത്തിന്റെ താൽപ്പര്യസംരക്ഷണാർഥം നടത്തുന്ന ന്യായമായ വിമർശത്തിനുനേരെ വാതിൽ അടച്ചിടാൻ കോടതിയലക്ഷ്യനിയമം ജഡ്ജിമാർക്ക് അധികാരം നൽകുന്നു.’ (കോൺസ്‌റ്റിറ്റുവന്റ്‌   അസംബ്ലി ഡിബേറ്റ്‌സ്‌ വാല്യം X ഡിബേറ്റ്‌ ഓൺ 17  ഒക്‌ടോബർ  1949) പ്രശാന്ത് ഭൂഷൺ കേസുമായി ബന്ധപ്പെട്ട ആരോ നടത്തിയ അഭിപ്രായമെന്നായിരിക്കും ഈ വാചകങ്ങൾ വായിക്കുന്നവർക്ക് പെട്ടെന്ന് തോന്നുക. എന്നാൽ, 1949 ഒക്ടോബർ പതിനേഴിന് ഭരണഘടനാ അസംബ്ലിയിൽ ആർ കെ സിധ്വ നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഉദ്ധരണിയാണിത്. യഥാർഥത്തിൽ കോടതിയലക്ഷ്യം സംബന്ധിച്ച ആർട്ടിക്കിൾ 108 (ഭരണഘടനയിലെ ആർട്ടിക്കിൾ 129) സംബന്ധിച്ച ചർച്ചയുടെ ഭാഗമായിരുന്നില്ല ഈ പ്രസംഗം. സുപ്രീംകോടതിയെ സംബന്ധിച്ച ആർട്ടിക്കിളിൽ 1949 മെയ് 27നാണ് കോടതിയലക്ഷ്യം സംബന്ധിച്ച ചർച്ച നടക്കുന്നത്. അന്ന് യഥാർഥത്തിൽ അംബേദ്കറുടെ സാങ്കേതികമായ വിശദീകരണംമാത്രമാണ് കാണാൻ കഴിയുക.

എന്നാൽ, 1949 ഒക്ടോബർ 17ന് നടന്ന ചർച്ച ടി ടി കെ കൃഷ്ണമാചാരി അവതരിപ്പിച്ച ഭേദഗതിയെ സംബന്ധിച്ച ചർച്ചയിലായിരുന്നു ഈ അഭിപ്രായം. അന്ന് ആർ കെ സിധ്വ ഉയർത്തിയ ഇതേ പ്രശ്നമാണ് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കെ കെ മാത്യു, ഇ എം എസിനെതിരായ കോടതിയലക്ഷ്യ കേസിലെ വിയോജന വിധിയിൽ സൂചിപ്പിച്ചത്. കോടതിക്കും ജഡ്ജിമാർക്കും എതിരായ ആരോപണങ്ങൾ കോടതിതന്നെ പരിശോധിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

അഭിപ്രായസ്വാതന്ത്ര്യത്തെ സംബന്ധിച്ച ആർട്ടിക്കിൾ 13 (ഭരണഘടനയിലെ ആർട്ടിക്കിൾ 19)ന് യുക്തിപരമായ നിയന്ത്രണങ്ങളിൽ കോടതിയലക്ഷ്യംകൂടി ചേർക്കണമെന്നതായിരുന്നു ആ ഭേദഗതി. തിടുക്കത്തിൽ കൊണ്ടുവന്ന ഈ ഭേദഗതി ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ഏകാധിപത്യ പ്രവണതയെയാണ് വെളിപ്പെടുത്തുന്നതെന്നും അതിൽനിന്ന്‌ ചെയർ സംരക്ഷണം നൽകണമെന്നുമായിരുന്നു ബി ദാസ് ആവശ്യപ്പെട്ടത്. തങ്ങൾതന്നെ ചർച്ചചെയ്ത് അംഗീകരിച്ച മൗലികാവകാശങ്ങളെ ദുർബലപ്പെടുത്തുന്ന ഭേദഗതികൾ കൊണ്ടുവരുന്നത് തെറ്റാണെന്നും കാലം ആവശ്യപ്പെടുമെങ്കിൽ അത് പാർലമെന്റ്‌ ഭാവിയിൽ നിർവഹിച്ചുകൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്തിപരമെന്ന വാക്കുതന്നെ ഒഴിവാക്കണമെന്നും മൗലികാവകാശങ്ങളെ നിയന്ത്രിക്കുന്നത് ശരിയല്ലെന്നുമായിരുന്നു നസ്രുദീൻ അഹമ്മദിന്റെ വാദം.



 

ആർ കെ സിധ്വ രണ്ട് അനുഭവം അസംബ്ലിയുടെ മുമ്പിൽ അവതരിപ്പിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റർ ദേവദാസ് ഗാന്ധിയെയും സെന്റിനെൽ എഡിറ്റർ ബി ജി ഹോനിമാനെയും കോടതിയലക്ഷ്യ കേസിൽ ശിക്ഷിച്ചിരുന്നു. എക്സ്പാർടിയായി വിധിച്ച പിഴ അടയ്‌ക്കാതെ ഇരുവരും ജയിൽവാസം അനുഷ്ഠിച്ചു. രണ്ടുപേരും പത്രത്തിലൂടെ ഉന്നയിച്ചത് ന്യായമായ വിമർശമായിരുന്നു എങ്കിലും ജയിൽവാസമായിരുന്നു ശിക്ഷ. ‘ ജഡ്ജിമാരും മനുഷ്യരാണ്.

അവർക്കും തെറ്റുകൾ പറ്റാം. പൊതുതാൽപ്പര്യാർഥം നടത്തുന്ന വിമർശംപോലും തങ്ങൾക്ക് എതിരാണെന്നു കരുതി ഹൈക്കോടതി ജഡ്ജിമാർ കോടതിയലക്ഷ്യായുധം ഉപയോഗിച്ച് നിശ്ശബ്ദരാക്കും.’ ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ച് പരിശീലനം നേടിയ ജഡ്ജിമാർ അതിനനുസരിച്ച് ഭാവിയിൽ നടത്തുന്ന നീതിനിർവഹണം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടിക്കാണുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതുവരെ യൂണിയൻ ലിസ്റ്റിലും സ്റ്റേറ്റ് ലിസ്റ്റിലും കോടതിയലക്ഷ്യം ഉൾപ്പെടുത്താതിരുന്ന കാര്യം സന്താനം ചൂണ്ടിക്കാട്ടി. അതിനെത്തുടർന്നാണ് അത് കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

എന്നാൽ, ഈ ചർച്ചകൾ ഭേദഗതിയെ സ്വാധീനിച്ചില്ല. നിലവിലുള്ള നിയമങ്ങൾ കോടതിയലക്ഷ്യം സംബന്ധിച്ച വകുപ്പുകൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഉണ്ടെന്നും അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭേദഗതി ആവശ്യമില്ലെന്ന് ശക്തമായ വാദം ഉയർന്നെങ്കിലും കൃഷ്ണമാചാരി അവതരിപ്പിച്ച ഭേദഗതി അസംബ്ലി അംഗീകരിക്കുകയാണ് ഉണ്ടായത്. അന്നത്തെ തീരുമാനങ്ങളെ ബ്രിട്ടീഷ് നിയമസംവിധാനം സ്വാധീനിച്ചതെന്നു പറയാം. കോടതികളെ അപകീർത്തിപ്പെടുത്തുന്നു( സ്‌കാൻഡലൈസിങ് കോർട്ട്‌) എന്നത് കോടതിയലക്ഷ്യ കേസുകളുടെ പ്രധാന കാരണമായിരുന്നു. എന്നാൽ, അതേ ബ്രിട്ടൻ 2013ൽ ഈ വ്യവസ്ഥ റദ്ദാക്കി. കോടതികളെ അപകീർത്തിപ്പെടുത്തിയെന്നത് കോടതിയലക്ഷ്യത്തിനുള്ള കാരണമല്ലെന്നും ആ വ്യവസ്ഥ അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നുമുള്ള യുകെ ലോ കമീഷന്റെ ശുപാർശ അംഗീകരിച്ചാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. വിമർശം നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന കാഴ്ചപ്പാടാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വ്യവസ്ഥ മാറ്റുന്നതിന് അവരെ നിർബന്ധിതമാക്കിയത്.

പാർലമെന്റ്‌ പാസാക്കിയ കോടതിയലക്ഷ്യത്തെ സംബന്ധിച്ച 1973 നിയമത്തിലെ സെഷൻ രണ്ടാണ് ക്രിമിനൽ കോടതിയലക്ഷ്യം സംബന്ധിച്ച് നിർവചിക്കുന്നത്. അതിൽ 2(സി)1 പ്രകാരം കോടതിയെ അപകീർത്തിപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ, കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങൾ എല്ലാം കോടതിയലക്ഷ്യത്തിൽ ഉൾപ്പെടും

എന്നാൽ, ബ്രിട്ടൻ കൈയൊഴിഞ്ഞിട്ടും കൊളോണിയൽ പാരമ്പര്യം കൈയൊഴിയുന്നതിന് നമ്മുടെ രാജ്യം തയ്യാറായില്ല. ഭരണഘടനയിൽ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും തങ്ങൾക്ക് എതിരായ കോടതിയലക്ഷ്യത്തിന്‌ ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. അതിന്റെ അടിസ്ഥാനത്തിലാണ് കോടതികൾ 1973 വരെ വ്യാഖ്യാനങ്ങളിലൂടെ വിധി പറഞ്ഞിരുന്നത്. പിന്നീട് പാർലമെന്റ്‌ പാസാക്കിയ കോടതിയലക്ഷ്യത്തെ സംബന്ധിച്ച 1973 നിയമത്തിലെ സെഷൻ രണ്ടാണ് ക്രിമിനൽ കോടതിയലക്ഷ്യം സംബന്ധിച്ച് നിർവചിക്കുന്നത്. അതിൽ 2(സി)1 പ്രകാരം കോടതിയെ അപകീർത്തിപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ, കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങൾ എല്ലാം കോടതിയലക്ഷ്യത്തിൽ ഉൾപ്പെടും. അത് അച്ചടിക്കുന്നതാകാം, ദൃശ്യമാകാം അങ്ങനെ കോടതിക്ക് യഥേഷ്ടം വ്യാഖ്യാനിക്കാൻ കഴിയുന്ന എന്തും ഈ ഗണത്തിൽപ്പെടും. ബ്രിട്ടനിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ കോടതികളെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ കോടതിയലക്ഷ്യത്തിന് കാരണമാകുന്ന വ്യവസ്ഥ മാറ്റണമെന്നും ബോധപൂർവം വിധി നടപ്പാക്കാതിരിക്കുന്നതുമാത്രമേ പരിഗണിക്കാവൂ എന്ന അഭിപ്രായം ഇന്ത്യൻ ലോ കമീഷൻ തള്ളിക്കളയുകയാണ് ചെയ്തത്. അങ്ങനെ ചെയ്താൽ കോടതികളോടുള്ള ബഹുമാനവും ഭയവും ഇല്ലാതാകുമെന്ന നിലപാടാണ് കമീഷൻ 2018ൽ സമർപ്പിച്ച 274‐നമ്പർ റിപ്പോർട്ടിൽ സ്വീകരിച്ചത്.

2002ൽ ബംഗളൂരുവിൽ നടന്ന പ്രിൻസിപ്പൽ ആൻഡ്‌ ജുഡീഷ്യൽ കോൺടാക്ട് കോൺഫറൻസ് പ്രഖ്യാപനം യുഎൻ കാഴ്ചപ്പാടിന് അനുസരിച്ച് കോടതിയലക്ഷ്യ നിയമത്തിൽ മാറ്റംവരുത്തണമെന്ന്‌ ആവശ്യപ്പെടുന്നതാണ്. നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്രമായ പ്രവർത്തനമെന്നത് പൊതുസമൂഹത്തിന്റെ വിലയിരുത്തലിനെയും ന്യായമായ വിമർശത്തെയും തടയുന്നതല്ല. കോടതികൾക്ക് എതിരായ വിമർശത്തെ നിയന്ത്രിക്കുന്നതിന് ഒരു ജഡ്ജിയും ക്രിമിനൽ നിയമവും കോടതിയലക്ഷ്യവും ഉപയോഗിക്കുന്നത് പൊതുവെ ഒഴിവാക്കണം എന്ന അന്താരാഷ്ട്ര നിലപാട് പ്രസക്തം. പ്രശാന്ത് ഭൂഷൺ കേസ് ഓർമപ്പെടുത്തുന്ന ഇത്തരം കാര്യങ്ങൾ പാർലമെന്റിന്റെ ചുമതലയാണ് എടുത്തുകാണിക്കുന്നത്. ബ്രിട്ടൻപോലും കൈയൊഴിഞ്ഞ വ്യവസ്ഥകൾ നമ്മൾ തുടരേണ്ടതുണ്ടോയെന്ന ചോദ്യം കോടതിയലക്ഷ്യ നിയമത്തിന്റെ പൊളിച്ചെഴുത്തിനെയാണ് ആവശ്യപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top