26 April Friday

കോൺഗ്രസിൽ ‘റീ റിക്രൂട്ടിങ് ’ കാലം

വി ബി പരമേശ്വരൻUpdated: Saturday Aug 7, 2021

ജൂലൈ 16ന്‌ മൂവായിരത്തോളം സാമൂഹ്യ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി ഒരു വലിയ പ്രഖ്യാപനം നടത്തി. ‘ആർഎസ്‌എസിനെ ഭയപ്പെടുന്നവർക്ക്‌ കോൺഗ്രസ്‌ വിടാം. ഭയമില്ലാത്തവർക്ക്‌ കോൺഗ്രസിലേക്ക്‌ സ്വാഗതം’ എന്നായിരുന്നു ആ പ്രസ്‌താവന. പാർടിയുടെ പ്രത്യയശാസ്‌ത്ര നിലപാടാണ്‌ ഇതെന്നും രാഹുൽ വിശദീകരിക്കുകയുണ്ടായി. എന്നാൽ, ആർഎസ്‌എസുമായി അടുപ്പമുള്ള, സംഘപരിവാറുമായി ചേർന്നു പ്രവർത്തിച്ച നേതാക്കളെ തേടിപ്പിടിച്ച്‌ പ്രധാനപദവികളിൽ ഇരുത്തുന്നതും രാഹുൽതന്നെയാണ്‌. അടുത്തിടെ സംസ്ഥാന അധ്യക്ഷന്മാരായി നിയമിതരായവരുടെ രാഷ്ട്രീയപശ്‌ചാത്തലം പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. പ്രവർത്തകസമിതി അംഗങ്ങൾപോലും ബിജെപിയിലേക്ക്‌ പോകുന്ന വിഷയം ഒരുവശത്ത്‌. നൂറുകണക്കിന്‌ നേതാക്കളാണ്‌ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക്‌ പോയിക്കൊണ്ടിരിക്കുന്നത്‌. ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമായി കോൺഗ്രസ്‌ മാറിക്കൊണ്ടിരിക്കുകയാണ്‌. ഇതു തടയാൻ കോൺഗ്രസിന്റെ മുമ്പിലുള്ള മാർഗം പ്രത്യയശാസ്‌ത്ര വ്യക്തത ആർജിക്കലാണ്‌. അതിനുപകരം കോൺഗ്രസ്‌ സ്വീകരിക്കുന്ന മാർഗം ബിജെപിയിൽനിന്നുള്ളവരെ അടർത്തിയെടുത്ത്‌ പ്രധാനപദവികളിൽ നിയമിക്കലാണ്‌.

രാഹുൽ–-പ്രിയങ്ക ടീം നിയമിച്ച പിസിസി അധ്യക്ഷൻമാരെല്ലാംതന്നെ ബിജെപി പശ്‌ചാത്തലമുള്ളവരാണെന്നത്‌ വെറും യാദൃച്ഛികതയായി കാണാനാകില്ല. മഹാരാഷ്ട്ര പിസിസി അധ്യക്ഷനായി നിയമിക്കപ്പെട്ടത്‌ നാനപടോലെയാണ്‌. ശിവസേനയിൽ തുടങ്ങി കോൺഗ്രസിലൂടെ ബിജെപിയിലെത്തുകയും വീണ്ടും കോൺഗ്രസിലേക്ക്‌ തിരിച്ചെത്തുകയും ചെയ്‌ത വ്യക്തിയാണ്‌ ഈ വിദർഭക്കാരൻ. ദീർഘകാലം സ്വതന്ത്രനായും പ്രവർത്തിച്ചു. നെൽ കർഷകർക്ക്‌ ബോണസ്‌ നൽകാൻ ഒന്നാം യുപിഎ സർക്കാർ വിസമ്മതിച്ചുവെന്ന കാരണംപറഞ്ഞ്‌ 2009ൽ ബിജെപിയിലെത്തിയ പടോലെ ആദ്യം സകോലി മണ്ഡലത്തിൽനിന്ന്‌ ബിജെപി ടിക്കറ്റിൽ നിയമസഭയിലെത്തി. 2014ൽ എൻസിപിയിലെ പ്രഫുൽ പട്ടേലിനെ ഭണ്ഡാര–-ഗോണ്ടിയ മണ്ഡലത്തിൽനിന്ന്‌ തോൽപ്പിച്ച്‌ ‘ജയന്റ്‌ കില്ലർ’ പരിവേഷത്തോടെ ലോക്‌സഭയിലുമെത്തി. കുംഭി സമുദായക്കാരനായ പടോലെ ഒബിസി വിഭാഗത്തിന്‌ പ്രത്യേകമന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മോഡി വിളിച്ച ബിജെപി എംപിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. മോഡി ശബ്ദമുയർത്തി അദ്ദേഹത്തെ സംസാരിക്കാൻപോലും അനുവദിച്ചില്ല എന്നും ആക്ഷേപമുയർന്നു. ഈ കാരണംപറഞ്ഞ്‌ ബിജെപി വിട്ട പടോലെ 2018ലാണ്‌ വീണ്ടും കോൺഗ്രസിൽ എത്തുന്നത്‌. ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കുന്ന പടോലെയാണിപ്പോൾ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ.

അടുത്തിടെ രാഹുൽ–-പ്രിയങ്ക ടീം പഞ്ചാബ്‌ പിസിസി പ്രസിഡന്റായി നിയമിച്ചതും ദീർഘകാലം ബിജെപിയിൽ പ്രവർത്തിക്കുകയും എംപി യായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത നവജ്യോത്‌ സിങ് സിദ്ദുവാണ്‌. കോൺഗ്രസിന്റെ മൂന്ന്‌ മുഖ്യമന്ത്രിമാരിൽ ഒരാളായ അമരീന്ദർസിങ്ങിന്റെ ശത്രുപാളയത്തിൽപ്പെട്ട സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുന്നതിൽ യഥാർഥ കോൺഗ്രസ്‌ നേതാക്കളെല്ലാം എതിരായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 117ൽ 77 സീറ്റും നേടിയാണ്‌ കോൺഗ്രസ്‌ വിജയിച്ചത്‌. രാഹുൽ ഗാന്ധിയെ ‘പപ്പു’വെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും മൻമോഹൻസിങ്ങിനെ കണക്കിന്‌ കളിയാക്കുകയും ചെയ്‌ത സിദ്ദുവിനെ അധ്യക്ഷനാക്കുന്നതിൽ മുൻ പാർടി അധ്യക്ഷന്മാർക്കെല്ലാം എതിരഭിപ്രായമായിരുന്നു. മാത്രമല്ല, കർഷകസമരത്തെ ഒരുവേള തള്ളിപ്പറയാനും സിദ്ദു തയ്യാറായി. കർഷകർ റുപാറിൽ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്‌തു. യുപിഎ ഭരണകാലത്ത്‌ ബിജെപി ടിക്കറ്റിൽ അമൃതസറിൽനിന്ന്‌ എംപിയായ സിദ്ദു ലോക്‌സഭയിൽ കോൺഗ്രസിനെ വിമർശിച്ചതും കളിയാക്കിയതും പാർലമെന്റ്‌ രേഖകളിൽ തെളിഞ്ഞുകിടക്കുന്നുണ്ട്‌.



കോൺഗ്രസ്‌ തകർന്നടിഞ്ഞ തെലങ്കാനയിൽ സംസ്ഥാന അധ്യക്ഷനാക്കപ്പെട്ടതും മുൻ എബിവിപി നേതാവാണ്‌. രേവന്ത്‌ റെഡ്ഡി. പ്രമുഖ രാഷ്ട്രീയ കക്ഷികളായ ടിഡിപി, ടിആർഎസ്‌ എന്നീ പാർടികളിലും പ്രവർത്തിച്ച രേവന്ത്‌ റെഡ്ഡി അവസാനം എത്തിയത്‌ കോൺഗ്രസിലാണെന്നുമാത്രം. ടിഡിപിക്ക്‌ തെലങ്കാനയിൽ ഭാവിയില്ലെന്ന്‌ കണ്ടതോടെയാണ്‌ കോൺഗ്രസിൽ ചേർന്നത്‌. അതായത്‌, പ്രത്യയശാസ്‌ത്ര ദാർഢ്യമോ നിലപാടുകളോ അല്ല ഈ നേതാക്കളെയൊന്നും കോൺഗ്രസിൽ എത്തിച്ചത്‌. അധികാരത്തിലേക്കുള്ള ചവിട്ടുപടിയായിമാത്രം കോൺഗ്രസിനെ ഉപയോഗപ്പെടുത്തുന്നവരാണിവർ. അതിനുള്ള അവസാനത്തെ ഉദാഹരണമാണ്‌ മണിപ്പുരിലേത്‌. കഴിഞ്ഞ ഡിസംബറിൽ മണിപ്പുർ അധ്യക്ഷനായി നിയമിതനായ ഗോവിന്ദാസ്‌ കോന്തൗജാം രാജിവച്ച്‌ ആഗസ്‌ത്‌ ഒന്നിനാണ്‌ ബിജെപിയിൽ ചേർന്നത്‌. ആറ്‌ തവണ എംഎൽഎയായ വ്യക്തിയാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ബിജെപിയിലെത്തിയത്‌. ദീർഘകാലത്തെ കോൺഗ്രസ്‌ പാരമ്പര്യമുള്ള കോന്തൗജത്തിന്‌ ബിജെപിയിലെത്താമെങ്കിൽ നേരത്തേ ബിജെപിയുമായി ബന്ധമുള്ള നേതാക്കൾക്ക്‌ അതിന്‌ എളുപ്പം കഴിയും. കേരള പിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരനും താൻ ബിജെപിയിലേക്ക്‌ പോകാൻ തീരുമാനിച്ചാൽ ആർക്കും തടയാൻ കഴിയില്ലെന്ന്‌ നേരത്തേ പറഞ്ഞുവച്ചിട്ടുണ്ട്‌.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കാൻ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ രാഷ്ട്രീയനിലപാടുകളല്ല വേണ്ടത്‌, മറിച്ച്‌ വോട്ട്‌ തേടാനുള്ള തന്ത്രങ്ങളാണെന്ന നിഗമനത്തിലേക്ക്‌ കോൺഗ്രസ്‌ എത്തിയിരിക്കുന്നു എന്നതിന്റെ സൂചകമാണ്‌ ഈ നിയമനങ്ങൾ. താൻ പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനതന്നെ ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. നരേന്ദ്ര മോഡിയെ 2014ൽ അധികാരത്തിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ച പ്രശാന്ത്‌ കിഷോറിന്റെ പിറകെയാണിപ്പോൾ കോൺഗ്രസ്‌. ആർഎസ്‌എസിന്‌ പിറകെ പായുന്ന കോൺഗ്രസിന്‌ എങ്ങനെ അവരെ വെറുക്കാൻ കഴിയും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top