26 April Friday

ചൈനയെ ബലിയാടാക്കുന്ന ട്രംപിന്റെ കളി - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Thursday May 7, 2020

ആഗോള മഹാമാരിയായ കൊറോണ വൈറസ്‌ ഇപ്പോൾ‌ അമേരിക്ക കേന്ദ്രബിന്ദുവായി പടരുകയാണ്‌. രോഗവ്യാപനം ഇത്രയും ഗുരുതരമായ സാഹചര്യത്തിലും‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും അദ്ദേഹത്തിന്റെ ഭരണസംവിധാനവും ചൈനയ്‌ക്കെതിരെ ‌ കുപ്രചാരണം നടത്തുകയാണ്‌. ചൈനയാണ്‌ വൈറസിനെ സൃഷ്ടിച്ചതെന്നും ഇതുമൂലം ഉണ്ടായ നാശനഷ്ടത്തിന്‌ നഷ്ടപരിഹാരം നൽകണമെന്നുമാണ്‌ അമേരിക്കയുടെ ആവശ്യം. കോവിഡ്‌–-19നെ ‘ചൈനീസ്‌ വൈറസ്‌’ എന്നു വിളിച്ചാണ്‌ ട്രംപ്‌ ഇതിനു തുടക്കമിട്ടത്‌. വുഹാനിലെ പരീക്ഷണശാലയിലാണ്‌ വൈറസിനെ സൃഷ്ടിച്ചതെന്നും തുടർന്ന്‌ ട്രംപ്‌ അവകാശപ്പെട്ടു. സിഐഎയുടെ മുൻമേധാവിയും ഇപ്പോഴത്തെ സ്‌റ്റേറ്റ്‌ സെക്രട്ടറിയുമായ മൈക്ക്‌ പോംപിയോയും ഇത്‌ ആവർത്തിച്ചു. ‘വുഹാൻ വൈറസ്‌’ എന്നാണ്‌ അദ്ദേഹം കൊറോണയെ വിശേഷിപ്പിച്ചത്‌. വൈറസിനെ സംബന്ധിച്ച വിവരങ്ങൾ ചൈന വെളിപ്പെടുത്താത്തതുകൊണ്ടാണ്‌ അമേരിക്കയ്‌ക്കും മറ്റ്‌ ലോകരാഷ്ട്രങ്ങൾക്കും ഇത്രയും വലിയ നഷ്ടം അനുഭവിക്കേണ്ടിവന്നതെന്നും കുറ്റപ്പെടുത്തി. ചൈന ‘അവർ ചെയ്‌ത പ്രവൃത്തിക്ക്‌ വില നൽകേണ്ടിവരുമെന്ന്‌’ പോംപിയോയും പ്രഖ്യാപിച്ചു.

കോവിഡ്‌ അമേരിക്കയിൽ സൃഷ്ടിച്ച നാശനഷ്ടത്തിന്‌ ചൈനയിൽനിന്ന്‌ നഷ്ടപരിഹാരം ഈടാക്കാൻ ഹർജി നൽകുന്നത്‌ പരിഗണിക്കുന്നുണ്ടെന്ന്‌ മാർച്ച്‌ 29നു ട്രംപ്‌ പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ മിസോറി, ഫ്‌ളോറിഡ, ന്യൂയോർക്ക്‌ എന്നിവിടങ്ങളിലെ കോടതികളിൽ ചൈനയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌‌ ഹർജി നൽകിയിരുന്നു. ജൈവായുധം നിർമിക്കാൻ ചൈന ബോധപൂർവം കൊറോണ വൈറസിനെ വികസിപ്പിക്കുകയായിരുന്നുവെന്ന്‌ ആരോപിച്ച്‌ അമേരിക്കയിലെ ഒരു അഭിഭാഷകൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹർജി നൽകി. ‘മനുഷ്യരാശിക്കെതിരായ കുറ്റം’ എന്നാണ്‌ ഹർജിയിൽ ആരോപിച്ചിരിക്കുന്നത്‌. എന്നാൽ, അന്താരാഷ്ട്ര നിയമപ്രകാരം ഈ ഹർജികൾക്കൊന്നും നിയമപരമായ അടിത്തറയില്ലെന്ന്‌ പറയേണ്ട ആവശ്യമില്ല. പാശ്ചാത്യ കോർപറേറ്റ്‌ മാധ്യമങ്ങളും വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ നിരീക്ഷകരും‌ ചൈനയെ ബലിയാടാക്കാനുള്ള പ്രചാരണങ്ങളിൽ ഒന്നിച്ചിരിക്കയാണ്‌.


 

മഹാമാരിക്കെതിരായ യുദ്ധത്തിൽ ലോകം ഒറ്റക്കെട്ടായും ഐക്യദാർഢ്യത്തോടെയും നീങ്ങേണ്ട സമയത്ത്‌ ട്രംപ്‌ ഭരണകൂടം ഇത്തരത്തിലുള്ള തെറ്റായ പ്രചാരണത്തിന്‌ തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌‌ എന്തുകൊണ്ടാണെന്ന്‌‌ പരിശോധിക്കേണ്ടതാണ്‌. പ്രധാനമായും മൂന്നു കാരണമാണ്‌ ഇതിനു പിന്നിലുള്ളത്‌. കൊറോണ വൈറസ്‌ ഭീഷണിയെ നേരിടുന്നതിൽ ട്രംപ്‌ ഭരണകൂടം ദയനീയ പരാജയമായിരുന്നു. ഇതിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടുക എന്നതാണ്‌‌ ഒന്നാമത്തെ കാരണം. രണ്ടാമത്തേത്‌ ഈവർഷം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ട്രംപും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർടിയും ചൈനാ വിരുദ്ധവികാരം സൃഷ്ടിച്ച്‌ ദേശീയ വാദികളുടെയും വലതുപക്ഷത്തിന്റെയും പിന്തുണ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്‌. ഇതിലൂടെ ഭരണപരാജയം മൂടിവയ്‌ക്കാനും‌ ലക്ഷ്യമിടുന്നു. കോവിഡാനന്തര കാലത്ത്‌ ചൈന കൂടുതൽ കരുത്തോടെ ശക്തിപ്പെടുമെന്ന്‌ അമേരിക്കൻ ഭരണകൂടത്തിലെ പ്രമുഖ കേന്ദ്രങ്ങൾ ഭയപ്പെടുന്നു എന്നതാണ്‌ അടിസ്ഥാന വസ്‌തുത. ഈ ഭയമാണ്‌ മൂന്നാമത്തെ കാരണം.

യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്ത്‌ മഹാമാരിയായ കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്‌ത്‌ പൂർണമായും നിയന്ത്രിക്കാനായി എന്നത്‌ ചൈനയുടെ വലിയ നേട്ടമാണ്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ കോവിഡിനു ശേഷം ചൈനയെ അമേരിക്ക കൂടുതൽ ഭയപ്പെടുന്നത്‌. ഒരുവിധ രൂപവുമില്ലാതെ മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ‌ പരാജയപ്പെട്ടതോടെ അമേരിക്കയ്‌ക്ക്‌ സാർവദേശീയ തലത്തിൽ ഇതുവരെ ഉണ്ടായിരുന്ന പ്രാമുഖ്യം ഇടിഞ്ഞു‌ എന്നതാണ്‌ മറ്റൊരു കാര്യം.
ചൈനയ്‌ക്കെതിരെയുള്ള ആരോപണം തന്നെ അമേരിക്കൻ ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയുടെ തെളിവാണ്‌. കൊറോണ വൈറസിനെ ലബോറട്ടറിയിൽ നിർമിച്ചതാണെന്ന ആരോപണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്‌ത്രജ്ഞർ തള്ളിക്കളഞ്ഞതാണ്‌. വൈറസ്‌ വ്യാപനത്തിന്റെ സ്വഭാവം മറച്ചുവയ്‌ക്കുന്നതിനോ ഇതുസംബന്ധിച്ച വിവരങ്ങൾ മറ്റു രാജ്യങ്ങളുമായി പങ്കുവയ്‌ക്കുന്നത്‌ തടയുന്നതിനോ ഉള്ള ഒരു ശ്രമവും ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

2019 ഡിസംബർ ഒന്നിനാണ്‌ ‌വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ്‌ ‌ബാധ ‌ പ്രത്യക്ഷപ്പെടുന്നത്‌. മൂന്നാഴ്‌ചയ്‌ക്കിടയിൽ രോഗികളുടെ എണ്ണം വർധിച്ചു. നിലവിലുള്ള രോഗമല്ല ഇതെന്ന്‌ തിരിച്ചറിയാൻ ഡോക്ടർമാർക്കും മെഡിക്കൽ വിദഗ്‌ധർക്കും കുറച്ചുസമയം എടുക്കേണ്ടിവന്നു. വിശദമായ അന്വേഷണത്തിനും പരിശോധനയ്‌ക്കും ശേഷമാണ്‌ ഹുബെ പ്രവിശ്യയിലുള്ള സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷന്‌ (സിഡിസിപി) ഇത്‌ ഒരു പുതിയ തരം വൈറസാണെന്ന‌ നിഗമനത്തിലെത്താൻ കഴിഞ്ഞത്‌. ഡിസംബർ 29നാണ്‌ ഇക്കാര്യം വ്യക്തമായത്‌. തൊട്ടടുത്ത ദിവസംതന്നെ ചൈനീസ്‌ സെന്റർ ഫോർ ഡിസീസ്‌ കൺട്രോളിനെ ഇക്കാര്യം അറിയിച്ചു. 31നു ചൈന രോഗത്തെപ്പറ്റി ലോകാരോഗ്യസംഘടനയെ അറിയിച്ചു. ജനുവരി മൂന്നിന്‌ വൈറസ്‌ സാർസ്‌–-കോവ്‌–-2  ആണെന്ന്‌ തിരിച്ചറിയുന്നു. വൈറസിനെ കോവിഡ്‌–-19 എന്നുവിളിച്ചു. വൈറസിന്റെ ജനിതകശ്രേണി (ജെ‌നോം സീക്വൻസ്‌) പുറത്തുകൊണ്ടുവരാൻ ചൈനയിലെ ശാസ്‌ത്രജ്ഞർ ദിവസങ്ങളോളം തുടർച്ചയായി ജോലി ചെയ്‌തു. ജനുവരി ഒമ്പതിന് പുതിയ വൈറസിന്റെ ജനിതക ശ്രേണിയെപ്പറ്റി ലഭിച്ച വിവരമെല്ലാം ലോകാരോഗ്യസംഘടനയുമായി പങ്കുവച്ചു. വിവരങ്ങൾ പൊതുസമൂഹത്തിനു ലഭിക്കാനും തുടങ്ങി. എത്രയും പെട്ടെന്ന്‌ വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്യാൻ സാധിച്ചതുകൊണ്ടാണ്‌ ‌വൈറസിനെതിരെ വാക്‌സിൻ വികസിപ്പിക്കാൻ ലോകത്താകമാനം ഗവേഷണങ്ങൾക്ക്‌ ‌തുടക്കംകുറിക്കാൻ സാധിച്ചത്‌.


 

വൈറസിനെ സംബന്ധിച്ച വിവരങ്ങൾ ചൈന കൈമാറിയില്ലെന്ന ട്രംപിന്റെയും പോംപിയോടെയും വാദം ശുദ്ധനുണയാണെന്ന്‌ അമേരിക്കൻ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജനുവരി ഒന്നിന്‌ ചൈനീസ്‌ സെന്റർ ഫോർ ഡിസീസ്‌ കൺട്രോളിലെ ഉദ്യോഗസ്ഥർ യുഎസ്‌ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷന്റെ മേധാവി റോബർട്ട്‌ റെഡ്‌ഫിൽഡിനെ വിളിച്ച്‌ പുതിയ വൈറസിന്റെ വിവരം അറിയിച്ചിരുന്നു. കുറച്ചുദിവസത്തിനു ശേഷം ചൈനീസ്‌ സിഡിസി മേധാവി ഡോ. ജോർജ്‌ എഫ്‌ ഗവോ റെഡ്‌ഫിൽഡിനെ വിളിച്ച്‌ വൈറസ്‌ സൃഷ്ടിക്കുന്ന ഭീഷണിയുടെ ഗൗരവം ധരിപ്പിച്ചു. എന്നാൽ, അമേരിക്കയ്‌ക്ക്‌ വൈറസ്‌ ഒരുവിധ ഭീഷണിയും സൃഷ്ടിക്കില്ലെന്ന്‌ ട്രംപ്‌ തുടർച്ചയായി പ്രസ്താവിച്ചു.അദ്ദേഹത്തിന്റെ വ്യാപാര ഉപദേശകൻ പീറ്റർ നാവ്‌റോ ജനുവരി അവസാനവും ഫെബ്രുവരിയിലും വൈറസ്‌ വലിയ ഭീഷണിയാകുമെന്ന്‌ മുന്നറിയിപ്പോടെ‌ പ്രത്യേക റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇത്‌ പരിഗണിക്കാൻ ട്രംപ്‌ തയ്യാറായില്ല.

വൈറസിനെ സംബന്ധിച്ച വിവരങ്ങൾ ചൈന കൈമാറിയില്ലെന്നും വസ്‌തുതകൾ മറച്ചുവച്ചുവെന്നുമുള്ള അമേരിക്കയുടെ ആരോപണം വെറും കാപട്യവും കബളിപ്പിക്കലുമാണ്‌. കൊറോണ വൈറസിനെ ‘ചൈനീസ്‌ വൈറസ്‌’ എന്ന്‌ വിളിക്കുന്നതിലൂടെ ട്രംപിന്റെ വംശീയ വെറിയാണ്‌ പ്രകടമാകുന്നതെന്ന്‌ ചൈന കുറ്റപ്പെടുത്തി‌. 2009 ഏപ്രിലിൽ കലിഫോർണിയയിൽ എച്ച്‌1എൻ1 വൈറസിനെ കണ്ടെത്തിയപ്പോൾ അതിനെ ആരും ‘അമേരിക്കൻ വൈറസ്‌’ എന്ന്‌ വിളിച്ചിട്ടില്ലെന്നും ചൈന ചൂണ്ടിക്കാട്ടി. വുഹാനിലുണ്ടായ വൈറസ്‌ ബാധയെയും ഇതിനെ ചൈന‌ ഫലപ്രദമായി കൈകാര്യം ചെയ്‌തതിനെപ്പറ്റിയും വസ്‌തുനിഷ്‌ഠവും ശാസ്‌ത്രീയവുമായ റിപ്പോർട്ട്‌ നൽകിയ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയാണ്‌ ഇപ്പോൾ ട്രംപിന്റെ രോഷം‌. മാർച്ച്‌ 11നാണ്‌ ലോകാരോഗ്യസംഘടന‌ കോവിഡ്‌–-19നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്‌. മാരകമായ രോഗത്തിനെതിരെ എല്ലാ വിഭവവും വിനിയോഗിച്ച്‌ പോരാടേണ്ട ഈ സമയത്ത്‌ ലോക സംഘടനയ്‌ക്കുള്ള സഹായം‌ വെട്ടിക്കുറച്ച ട്രംപിന്റെ നടപടി ക്രൂരതയാണ്‌.


 

ഇന്ത്യയിലും ചൈനാ വിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്‌. പാശ്ചാത്യ മാധ്യമങ്ങളിലെ ചില നിലപാടുകൾ ഏറ്റുപിടിച്ച്‌ ചൈനയെ വിമർശിച്ചുകൊണ്ട്‌ എഡിറ്റോറിയലും പ്രതികരണങ്ങളും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയിട്ടുണ്ട്‌. ചൈനയെ അപകീർത്തിപ്പെടുത്തുന്ന ബ്രസീൽ പ്രസിഡന്റ്‌ ബോൾസാനാരോയോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ മോഡി ചേർന്നിട്ടില്ലെങ്കിലും വലതുപക്ഷ ഹിന്ദുത്വശക്തികൾ സാമൂഹ്യമാധ്യമങ്ങളിൽ ചൈനീസ്‌ വിരുദ്ധ കഥകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ സജീവമാണ്‌. ‌രാജ്യത്തിനകത്ത്‌ മുസ്ലിങ്ങളാണ്‌ കൊറോണ വൈറസ്‌ പടർത്തിയതെന്നും രാജ്യത്തിനു പുറത്ത്‌ ചൈനയാണെന്നുമാണ്‌ ഈ ഭ്രാന്തൻ ജനക്കൂട്ടം പ്രചരിപ്പിക്കുന്നത്‌.

എന്നാൽ, മോഡി സർക്കാർ സുപ്രധാനമായ ഈ സമയത്തും അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങുകയാണ്‌. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അമേരിക്കയും ഇന്ത്യയും സഹകരിച്ചുപ്രവർത്തിക്കുമെന്ന്‌ ഏപ്രിൽ മധ്യത്തിൽ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി പോംപിയോ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ചൈനയിൽനിന്നുള്ള ഭീഷണിയെയും വ്യാപാരത്തെപ്പറ്റിയും ഇന്തോ–-പസഫിക്‌ മേഖല സ്വതന്ത്രമാക്കി തുറന്നിടേണ്ടത്‌ ഉൾപ്പെടെയുള്ള വലിയ പ്രശ്‌നങ്ങളിൽ ചർച്ച തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ്‌‌ ഭീഷണിയെന്നപേരിൽ ഒരു രാഷ്ട്രീയ അച്ചുതണ്ട്‌ രൂപപ്പെടുത്തുകയാണ്‌ ‌ ഇതിലൂടെ‌. ചൈനയുമായുള്ള സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാനാണ്‌ അമേരിക്ക ഇന്ത്യയെ പ്രേരിപ്പിക്കുന്നത്‌. ചൈനയിൽനിന്ന്‌ നിക്ഷേപം പിൻവലിക്കാൻ ജപ്പാൻ ശ്രമിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പല മന്ത്രിമാരും ചൈനയിൽ നിക്ഷേപിച്ചിരിക്കുന്ന പല കമ്പനിയും ഇനി ഇന്ത്യയിലേക്ക്‌ വരുമെന്ന്‌ അവകാശപ്പെടുന്നത്‌.

രാജ്യം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥ തകർന്നടിയുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ചൈനയോടുള്ള ഈ നിലപാട്‌ ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിക്കാനാണോ അതോ അമേരിക്കൻ താൽപ്പര്യത്തിനുവേണ്ടിയാണോ എന്നതാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ അദ്ദേഹം തന്നെയാണ്‌. ഈ ഘട്ടത്തിൽ ചൈനാവിരുദ്ധ സംഘത്തിനൊപ്പം നിൽക്കുന്നത്‌ വ്യക്തികേന്ദ്രീകൃതമായ അമേരിക്കൻ പ്രസിഡന്റിന്റെ വിചിത്രമായ കൽപ്പനകൾക്കും ഒപ്പം സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കും രാജ്യത്തെ വിട്ടുകൊടുക്കുന്നതിന്‌ തുല്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top