27 April Saturday

തീവ്രഹിന്ദുത്വത്തിന്‌ ആളെ കൂട്ടുന്ന കോൺഗ്രസ്‌ - വി ബി പരമേശ്വരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 8, 2022



സിപിഐ എമ്മിന്റെ 23–-ാം പാർടി കോൺഗ്രസ്‌ രണ്ടാം ദിവസത്തേക്ക്‌ കടന്നപ്പോൾത്തന്നെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോർമുഖത്ത്‌ വൻവിജയം നേടി. കോൺഗ്രസ്‌ നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും പാർടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ എഐസിസി അംഗമായ കെ വി തോമസ്‌ തീരുമാനിച്ചത്‌ ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്‌തികളും കൈകോർക്കണമെന്ന പാർടി കോൺഗ്രസിന്റെ ആഹ്വാനത്തിന്റെ പ്രസക്‌തിയാണ്‌ വിളിച്ചോതുന്നത്‌. സിപിഐ എം നൽകിയ ഈ ആഹ്വാനത്തിന്‌ എതിരുനിൽക്കുന്ന സമീപനമാണ്‌ കോൺഗ്രസ്‌ പാർടി സ്വീകരിച്ചത്‌.

പാർടി കോൺഗ്രസ്‌ നടക്കുന്ന ദിവസങ്ങളിൽ രണ്ട്‌ സെമിനാറാണ്‌ സംഘടിപ്പിക്കുന്നത്‌. മതനിരപേക്ഷത, ഫെഡറലിസം എന്നീ വിഷയങ്ങളിലായിരുന്നു സെമിനാർ. കോൺഗ്രസ്‌ നേതാക്കളായ ശശി തരൂരിനെയും കെ വി തോമസിനെയുമാണ്‌ ക്ഷണിച്ചിരുന്നത്‌. ആദ്യം കെപിസിസിയും പിന്നീട്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിതന്നെയും ഇടപെട്ട്‌ ഇരുനേതാക്കളെയും വിലക്കി. പാർടി കോൺഗ്രസിന്‌ മുന്നോടിയായി കല്യാശേരിയിൽ നടന്ന ‘ജനകീയാസൂത്രണം പിന്നിട്ട 25 വർഷം’ എന്ന സെമിനാറിൽ പങ്കെടുക്കേണ്ടിയിരുന്ന മണിശങ്കർ അയ്യരെയും പയ്യന്നൂരിൽ നടന്ന ‘കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങളും നിയമങ്ങളും’എന്ന സെമിനാറിൽ നിന്ന്‌ ഐഎൻടിയുസി നേതാവ്‌ ആർ ചന്ദ്രശേഖരനെയും കോൺഗ്രസ്‌ നേതൃത്വം വിലക്കിയിരുന്നു. ബിജെപിക്കെതിരെ വിശാല സഖ്യത്തിനുവേണ്ടി വാദിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസാണ്‌ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിന്‌ അയിത്തം കൽപ്പിച്ചത്‌. സെമിനാറിലെ നാല്‌ വിഷയവും മോദി സർക്കാരിന്റെ നയങ്ങളെ തുറന്നുകാണിക്കാൻ സഹായിക്കുന്നതാണ്‌.

മുസ്ലിംവിരുദ്ധ ഹിന്ദുത്വ–-വർഗീയ അജൻഡയെ പൊതു ബോധമാക്കി മാറ്റാനാണ്‌ ആർഎസ്‌എസിനാൽ നിയന്ത്രിക്കുന്ന മോദി സർക്കാർ ശ്രമിക്കുന്നത്‌. അതോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിനെതിരെ ശക്‌തമായ ആക്രമണമാണ്‌ ബിജെപി നടത്തുന്നത്‌. ഒരു യൂണിറ്ററി സംവിധാനമാണ്‌ ബിജെപിയുടെ അജൻഡ. ബിജെപിയുടെ നയങ്ങളെ തുറന്നെതിർക്കാൻ സിപിഐ എം ഒരുക്കിയ വേദിയിൽ വരില്ലെന്നത്‌ ആരെ സഹായിക്കാനാണ്‌. ബിജെപിക്കെതിരെ പ്രത്യയശാസ്‌ത്ര യുദ്ധം നടത്താൻപോലും തയ്യാറല്ലെന്ന കോൺഗ്രസിന്റെ ഈ സമീപനം അവർ പിന്തുടരുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ തുടർച്ച തന്നെയാണ്‌. ബിജെപി വളർന്നാലും പ്രശ്‌നമില്ല, സിപിഐ എം തകരണമെന്ന സമീപനമാണ്‌ കോൺഗ്രസിനുള്ളത്‌.

രാഹുൽ ഗാന്ധിയെ വയനാട്ടിൽ മൽസരിപ്പിച്ചതും ശബരിമല വിഷയത്തിലും സിൽവർ ലൈൻ പദ്ധതിയിലും ബിജെപിയുമായി ചേർന്ന്‌ പിണറായി സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നതിലും ഇത്‌ നിഴലിച്ചു കാണാം. ബിജെപി ‘ഹിന്ദു രാഷ്‌ട്രത്തെ’ക്കുറിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ രാഹുൽ ഗാന്ധി ‘ഹിന്ദുരാജ്യ’ത്തെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെയാണ്‌. പദപ്രയോഗത്തിൽ മാത്രമാണ്‌ മാറ്റമുള്ളത്‌. മൃദു ഹിന്ദുത്വ സമീപനംകൊണ്ട്‌ തീവ്രഹിന്ദുത്വത്തെ തടയാനാകില്ലെന്ന്‌ മാത്രമല്ല, അന്തിമമായി അത്‌ തീവ്രഹിന്ദുത്വത്തിന്‌ ആളെ കൂട്ടലായാണ്‌ പരിണമിക്കുക. അടുത്ത കാലത്ത്‌ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള ഒഴുക്ക്‌ വർധിച്ചതിനു പിന്നിലും ഈ ഘടകമാണ്‌ നിഴലിച്ചു കാണുന്നത്‌.

ഇരുവരുടെയും സാമ്പത്തികനയം നിയോ ലിബറലിസമാണെന്നും ഈ ഒഴുക്കിനെ ശക്‌തിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടും മധ്യപ്രദേശിലും കർണാടകത്തിലും കോൺഗ്രസിന്‌ ഭരണം നഷ്‌ടപ്പെട്ടത്‌ എംഎൽഎമാർ ബിജെപിയിലേക്ക്‌ കൂറുമാറിയതു കൊണ്ടാണ്‌. ത്രിപുരയിൽ പേരിനു പോലുമില്ലാതിരുന്ന ബിജെപി ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചത്‌ കോൺഗ്രസിന്റെ സഹായത്താലായിരുന്നു. കോൺഗ്രസ്‌ എംഎൽഎമാരും നേതാക്കളും മുഴുവനായി ബിജെപിയിലേക്ക്‌ കൂറുമാറിയപ്പോഴാണ്‌ അവിടെ ബിജെപിക്ക്‌ സർക്കാർ ഉണ്ടാക്കാനായത്‌. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെമ്പാടും ബിജെപി ഭരണം പിടിച്ചതും കോൺഗ്രസിന്റെ സഹായത്താലാണ്‌.

അടുത്തിടെ നടന്ന ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പിൽ പ്രമുഖ മതനിരപേക്ഷ കക്ഷിയായ സമാജ്‌വാദി പാർടിയെ പിന്തുണയ്‌ക്കുന്നതിനു പകരം എല്ലാ സീറ്റിലും മൽസരിച്ച്‌ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച്‌ ബിജെപിയുടെ വിജയം ഉറപ്പാക്കുകയായിരുന്നു കോൺഗ്രസ്‌. നേരത്തേ ബിഹാറിലും അർഹതയില്ലാത്തത്ര സീറ്റുകളിൽ മൽസരിച്ച്‌ ആർജെഡി നേതൃത്വത്തിലുള്ള മുന്നണിയുടെ പരാജയം കോൺഗ്രസ്‌ ഉറപ്പാക്കി. നിയോലിബറൽ മുതലാളിത്തത്തിന്റെ താൽപ്പര്യങ്ങളാണ്‌ ഇതുവഴി സംരക്ഷിക്കുന്നത്‌. ലാഭം കുന്നുകൂട്ടാനായി മുതലാളിത്തം ആവിഷ്‌കരിച്ച നിയോലിബറൽ നയങ്ങൾ നടപ്പാക്കുന്ന തീവ്രവലതുപക്ഷ സർക്കാരിന്റെ അധികാരം നിലനിർത്താനുള്ള ബാധ്യത അതേനയങ്ങൾ ഇന്ത്യയിലാവിഷ്‌കരിച്ച്‌ നടപ്പാക്കിയ കോൺഗ്രസിനുണ്ട്‌. അതാണ്‌ അവർ നടപ്പാക്കുന്നത്‌.

അതുകൊണ്ടുതന്നെ, കോൺഗ്രസിനെ മുൻനിർത്തി ബിജെപി വിരുദ്ധ പ്ലാറ്റ്‌ഫോം കെട്ടിയുയർത്തുക അസാധ്യമായിരിക്കും. ആർജെഡി, എസ്‌പി തുടങ്ങിയ കക്ഷികൾ അടുത്തിടെ നടത്തിയ പ്രസ്‌താവനകൾ ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. കോൺഗ്രസ്‌ ഒഴിച്ചുള്ള മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ, രാഷ്‌ട്രീയ പാർടികൾ, സാമൂഹ്യ സംഘടനകൾ, സ്ഥാപനങ്ങൾ, ബുദ്ധിജീവികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വിശാലവേദി രൂപീകരിക്കണമെന്ന ആവശ്യവും പല കോണിൽനിന്നും ഉയരുന്നുണ്ട്‌. അത്തരമൊരു വേദിക്കുള്ള പൊതുമിനിമം പരിപാടി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നയങ്ങൾക്ക്‌ സമാനമാകണമെന്ന്‌ പലരും അഭിപ്രായപ്പെടുന്നുണ്ട്‌. കേരള മോഡൽ ഉയർത്തിക്കാട്ടിയായിരിക്കണം ഇത്തരമൊരു വിശാലവേദി ജനങ്ങളിലേക്ക്‌ എത്തിക്കേണ്ടത്‌ എന്നതാണ്‌ പൊതുഅഭിപ്രായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top