26 April Friday

എഴുപതിനേക്കാൾ ചെറിയ ഏഴു കോടി!..എസ് എസ് അനിൽ എഴുതുന്നു

എസ് എസ് അനിൽUpdated: Saturday Feb 20, 2021

2019 ആഗസ്റ്റ് 16 നായിരുന്നു കേരളമാകെ ചർച്ച ചെയ്യപ്പെട്ട എഴുപത് രൂപയുടെ പ്രശ്നം അരങ്ങേറുന്നത്. ആലപ്പുഴയിലെ ഒരു വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ഓമനക്കുട്ടൻ എന്ന സാധാരണക്കാരൻ നടത്തിയ 70 രൂപയുടെ പിരിവ്, കേരളത്തിലെ മുഖ്യധാരാ ദൃശ്യമാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസായി കൊണ്ടാടുകയായിരുന്നു. രൂപയുടെ വലിപ്പമോ ഓമനക്കുട്ടൻ്റെ പ്രശസ്തിയോ ഒന്നുമല്ലായിരുന്നു കാരണം. ഇപ്പോൾ ഇത് പറയാൻ കാരണമെന്തെന്നല്ലെ?

പത്തനംതിട്ടയിൽ ഒരു പൊതുമേഖലാ ബാങ്കിലെ ഒരു ജീവനക്കാരൻ ഏഴു കോടി രൂപയുടെ തട്ടിപ്പ് നടത്തി. നിരവധി സ്ഥിര നിക്ഷേപങ്ങളിലെ പണമാണ് തൻ്റെയും ഭാര്യയുടെയും മറ്റ് ബന്ധുമിത്രാദികളുടെയും അക്കൗണ്ടുകളിലൂടെ ഈ വിരുതൻ മാറ്റി എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ബാങ്ക് സസ്പെണ്ടു ചെയ്തു. ബാങ്കധികാരികളുടെ കുറ്റകരമായ അനാസ്ഥകാരണം കുറ്റം ചെയ്ത ജീവനക്കാരൻ കുടുംബാംഗങ്ങളുമൊത്ത് ഒളിവിൽ പോയി എന്ന് മാത്രമല്ല ഇന്നേക്ക് പത്ത് ദിവസം പിന്നിട്ടിട്ടും ആളെ പിടികൂടുന്നതിനുള്ള കാര്യമായ ഒരു നീക്കവും നടക്കുന്നതായും അറിവില്ല. മാത്രമല്ല കഴിഞ്ഞ ദിവസം വരെ പോലീസ് സ്റ്റേഷനിൽ പത്തുലക്ഷം രൂപയുടെ നഷ്ടം മാത്രമേ ബാങ്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുള്ളുവത്രെ! കേരളത്തിൽ തന്നെ ഏറ്റവും അധികം തുകയുടെ തട്ടിപ്പാണ്. പ്രധാനമെന്നവകാശപ്പെടുന്ന ഒരു പത്രത്തിലും കാര്യമായ വാർത്ത വന്നതേയില്ല. ഒരു ദൃശ്യ മാധ്യമം അപ്രധാന സമയത്ത് ഒറ്റവരിയിൽ പ്രശ്നം ഒതുക്കി.

എല്ലാം ഒന്നല്ല.

എന്താണ് മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇങ്ങനെയൊരു നിലപാട് എടുത്തത്? അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി സ്വാഗതാർഹം തന്നെ. ഒരു ധനകാര്യ സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ നടത്തിയ തട്ടിപ്പ്, അത് ആ ധനകാര്യ സ്ഥാപനം പൂർണമായും പുറത്ത് പറയാത്ത സാഹചര്യത്തിൽ മാധ്യമ വാർത്ത നൽകിയാൽ അത് സ്ഥാപനത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുമത്രെ. വളരെ ശരിയായ നിരീക്ഷണം. മാധ്യമങ്ങളുടെ സ്വാഗതാർഹമായ നിലപാടിന് ഒരു നല്ല നമസ്ക്കാരം.

സംശയമതല്ല, 2020 നവംബർ 30, ഓർക്കുന്നില്ലെ? പെട്ടെന്ന് പുറത്ത് വന്ന ഒരു ഫ്ലാഷ് വാർത്ത.കെ.എസ്.എഫ്.ഇ.യിൽ വിജിലൻസ് റെയ്ഡ്; ഞെട്ടിക്കുന്ന ക്രമക്കേടുകൾ. മറ്റ് പല ഞെട്ടിക്കുന്ന വാർത്തകൾ പോലെ ഒറ്റ ദിവസം മാത്രമായിരുന്നു വാർത്തയുടെ ആയുസ്. കെ.എസ്.എഫ്.ഇ. പ്രശ്നത്തിലെ വിശദാംശങ്ങളല്ല നമ്മുടെ വിഷയം. കെ.എസ്.എഫ്.ഇ.യും ഒരു സർക്കാർ ധനകാര്യ സ്ഥാപനം. കെ.എസ്.എഫ്.ഇ.യുടെ മാനേജ്മെൻ്റ് ഭാഷ്യമോ സൽപ്പേരോ പേര് കളങ്കപ്പെടുമോ എന്ന ചിന്താഗതിയോ ഒന്നും മാധ്യമങ്ങൾക്ക് ഒരു വിഷയമേ ആയിരുന്നില്ല. ഇനി മറ്റൊന്ന് കൂടി ചിന്തിക്കുക. പത്തനംതിട്ടയിലെ തട്ടിപ്പ് നടന്നത് നമ്മുടെ കേരളാ ബാങ്കിൽ എന്ന് സങ്കൽപ്പിക്കുക, പോട്ടെ ഇപ്പോൾ തട്ടിപ്പ് നടന്ന പൊതുമേഖലാ ബാങ്കിൽ, തട്ടിപ്പ് നടത്തിയ ജീവനക്കാരൻ ബി.ഇ.എഫ്.ഐ.യുടെ അംഗമായിരുന്നു എന്നും സങ്കൽപ്പിക്കുക. സങ്കൽപ്പിച്ചാൽ മതി വിശദീകരണം നൽകുന്നില്ല.

തട്ടിപ്പ്; വില്ലൻ പുതിയ നയങ്ങൾ തന്നെ.

പത്തനംതിട്ടയിലെ തട്ടിപ്പ് ഒന്ന് പരിശോധിക്കുക. നിരവധി സ്ഥിരം നുക്ഷപങ്ങളിൽ നിന്ന് 7 കോടി രൂപ. ആദ്യം പിടിക്കപ്പെട്ടത് 9 ലക്ഷം രൂപയുടെ ഒരു നിക്ഷേപത്തിലെ തട്ടിപ്പ്. അപ്പോൾ എത്ര അക്കൗണ്ടുകളിലാണ് ഒരു വിരുതൻ കൈയിട്ടുവാരിയത് എന്ന് മനസ്സിലാകുമല്ലൊ? എല്ലാ സുരക്ഷാ മാനദണ്ഡങ്ങളുമുള്ള, വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഒരു പൊതുമേഖലാ ബാങ്കിലെ, കേവലം രണ്ടു വർഷത്തിൽ താഴെ സർവ്വീസുള്ള ഒരു സ്ഥിരം ജീവനക്കാരന് ഇത്ര മാത്രം അക്കൗണ്ടുകളിൽ എങ്ങനെ തിരിമറി നടത്താനായി?

പൊതുമേഖലാ ബാങ്കുകളിൽ 1991 മുതൽ കാര്യമായ നിയമനങ്ങൾ നടക്കുകയുണ്ടായില്ല.2001 ൽ പ്രത്യേക വി.ആർ.എസും നടപ്പിലാക്കി. അതോടെ നാമമാത്രമായി നടത്തിയിരുന്ന നിയമന പ്രക്രിയ പൂർണമായും നിറുത്തലാക്കി. ആടഞആ പിരിച്ചുവിട്ടു. പിന്നീട് 2017 മുതൽക്കാണ് പുതിയ ജീവനക്കാരെ ബാങ്കുകൾ നിയമിച്ചു  തുടങ്ങിയത്. ബഹു ഭൂരിപക്ഷം പഴയ ജീവനക്കാരും പിരിഞ്ഞു തുടങ്ങിയതിന് ശേഷമാണ് പുതിയ ജീവനക്കാർ കടന്നു വരാൻ തുടങ്ങിയത്. ബാങ്കിംഗ് നിയമം തന്നെ ബാങ്കിംഗ് ലോ & പ്രാക്ടീസ് എന്നാണ് അറിയപ്പെടുന്നത്. പുതിയ ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനും 'പ്രാക്ടീസ്' ഉള്ളവരോടൊത്ത് പണിയെടുക്കാനോ പ്രവർത്തന രീതി മനസ്സിലാക്കാനോ ഉള്ള സാഹചര്യം ഉണ്ടായില്ല എന്ന് ചുരുക്കം.

പത്തനംതിട്ടയിലെ തട്ടിപ്പ് നോക്കുക. ഒരു ഗുമസ്തനായ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയത്. സ്ഥിരം നിക്ഷേപമെന്നല്ല ഒരു ബാങ്കിംഗ് ഇടപാടും ഒരു ജീവനക്കാരന് ഒറ്റക്ക് പൂർത്തീകരിക്കാനാകില്ല. എല്ലാം ഒരു സൂപ്പർവൈസർ ( ഓഫിസർ ) പരിശോധിക്കണം. ഇവിടെ ഓഫീസർമാർ അവരുടെ പണിത്തിരക്കും മേലധികാരികളുടെ ഭാഗത്തു നിന്നുള്ള കനത്ത സമ്മർദ്ദവും കാരണം ഒരിക്കലും പങ്കിടാൻ അനുവാദമില്ലാത്ത പാസ് വേർഡ് വിശ്വസ്തരായ ജീവനക്കാർക്ക് കൈമാറുന്നു. പാസ് വേർഡ് കൈമാറിയവർ പോലും പിന്നീട് ഒരു പരിശോധനയും നടത്തുന്നില്ല. അതിൻ്റെ ഗൗരവത്തെക്കുറിച്ച് അവർ ബോധവാൻമാരേയാകുന്നില്ല. തട്ടിപ്പ് നടത്തുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ അറിയാതെ തന്നെ ശ്രഷ്ടിക്കപ്പെടുന്നു.

മുറുകുന്ന സമ്മർദ്ദം, ഏറുന്ന പണി ഭാരം.

പൊതുമേഖലാ ബാങ്കുകളുടെ ശാഖകളിൽ അതിരൂക്ഷമായ തൊഴിൽ ക്ഷാമമാണ് അനുഭവപ്പെടുന്നത്. 10 മണി മുതൽ 5 മണി വരെ എന്നത് പുസ്തകത്തിൽ മാത്രമുള്ള തൊഴിൽ സമയം മാത്രമായി ചുരുങ്ങി. പല ശാഖകളിലെയും ജീവനക്കാർക്ക് പോലും കൃത്യ സമയത്ത് പണി തീർത്ത് പോകുവാൻ സാധിക്കാറില്ല. ഓഫിസർമാരുടെ കാര്യമാണെങ്കിൽ അതിലേറെ കഷ്ടവും. ദൈനംദിനമുള്ള ബാങ്കിംഗ് പണികൾ തന്നെ പൂർത്തീകരിക്കാൻ പെടാപ്പാടുപെടുകയാണ് പലരും. അതിന് പുറമേയാണ് ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ബാങ്കിംഗ് ഇതര പണികൾ. ഇതെല്ലാം വേഗതയിൽ തീർക്കാൻ മേലധികാരികളുടെ ഭാഗത്ത് നിന്നുള്ള കനത്ത സമ്മർദ്ദം വേറെ. ആഗോളവൽക്കരണ ലോകത്തിലെ മോഹവലയങ്ങളിൽ വസിക്കുന്ന മേലധികാരികളിൽ പലർക്കും സ്ഥാപനത്തോടുള്ള കൂറിനെക്കാൾ സ്വന്തം നിലനിൽപ്പിലാണ് കൂടുതൽ താത്പര്യം.

പത്തനംതിട്ടയിൽ തട്ടിപ്പു നടത്തിയ ജീവനക്കാരനെ ഒളിവിൽ പോകാനുള്ള അവസരം ഒരുക്കിയത് ബാങ്ക് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്. നാളിതുവരെ അയാളെ കണ്ടെത്താൻ കാര്യമായ ഒരു സമ്മർദ്ദവും ബാങ്കിൻ്റെ മേലധികാരികളും കൈക്കൊള്ളുന്നില്ല. പണം തട്ടിച്ചയാളെ എത്രയും പെട്ടെന്ന് കണ്ടെത്തി കഴിയുന്നത്ര സംഖ്യ അയാളിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനേക്കാളുപരി കോടികളാണ് തട്ടിപ്പ് സംഖ്യ എന്നത് പുറത്തറിഞ്ഞാൽ തങ്ങളുടെ കസേരയേയും പ്രൊമോഷനേയും ബാധിക്കുമോ എന്നതാണ് മേലധികാരികളുടെ ചിന്ത. ജീവനക്കാരുടെ ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷ വിധിക്കുന്ന ബാങ്കുകളിലെ ഡിസിപ്ലിനറി ഡിപ്പാർട്ട്മെൻ്റുകൾ ഒരു വലിയ പ്രതിസന്ധി വന്നാൽ പകച്ചു നിൽക്കുന്നതും തെറ്റായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

സ്ഥിരം ജീവനക്കാരുള്ള പൊതുമേഖലാ ബാങ്കുകളിലെ നിലവിലെ സ്ഥിതിഗതികളാണ് ഇത്. ഇത്തരം സ്ഥാനങ്ങളിലേക്ക് കരാർ ജീവനക്കാരെ കുത്തി നിറക്കുക കൂടി ചെയ്താൽ ബാങ്കുകളിൽ എന്താകും സംഭവിക്കുക? സ്വകാര്യ മുതലാളിമാർക്കും വൻകിട കുത്തകകൾക്കും ബാങ്കുകൾ തുറന്ന് കൊടുക്കുന്നതോടെ തട്ടിപ്പിൻ്റെ എണ്ണവും വ്യാപ്തിയും ഇനിയും വർധിക്കും. ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ റിസർവ്വ് ബാങ്കും ബാങ്ക് മേലധികാരികളും രാജ്യഭരണാധികാരികളും തയ്യാറാകണം. ഓമനക്കുട്ടൻ്റെ പിരിവിനെ തത്സമയം മുന്നോട്ടു കൊണ്ടുവന്ന, ഏതൊരു വിഷയവും തലമുടിനാരിടമുറിച്ച് കീറി  പരിശോധന നടത്തുന്ന, മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടണം. പൊതുമേഖലാ ബാങ്കുകളെ വൻകിട കുത്തക മുതലാളിമാർക്ക് വിൽക്കാനുള്ള നയങ്ങൾക്കെതിരെയാണ് ബാങ്ക് ജീവനക്കാർ മാർച്ച് 15, 16 തീയ്യതികളിൽ പണിമുടക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ പണിമുടക്കിന് വലിയ പ്രാധാന്യമാണ് ഉള്ളത്.

(ബാങ്ക് എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top