27 April Saturday

അയ്യൻകാളിയുടെ സാമൂഹ്യവിപ്ലവം - മന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 28, 2021

കേരളത്തിലെ അടിസ്ഥാനവർഗ ജനതയുടെ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക്‌ ശക്തമായ നേതൃത്വം നൽകിയ ഒട്ടേറെ മഹാരഥന്മാരുണ്ട്. അവരിൽ മുൻനിരയിലുണ്ടായിരുന്ന മഹാത്മ അയ്യൻകാളിയുടെ 158–--ാമത് ജന്മദിനമാണ് ഇന്ന്. 1863 ആഗസ്‌ത്‌ 28ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് അദ്ദേഹം ജനിച്ചത്. ജാതിവ്യവസ്ഥയെന്ന പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ അനീതികൾക്കെതിരെ ജീവിതാന്ത്യംവരെ അശ്രാന്തം പോരാടിയ അയ്യൻകാളിയുടെ സ്മരണകൾ പാർശ്വവൽക്കൃത ജനവിഭാഗത്തിന് എന്നും ആവേശകരമാണ്.

അയ്യൻകാളി നടത്തിയ സമരങ്ങൾ അവകാശ പുനഃസ്ഥാപന പോരാട്ടങ്ങളായിരുന്നു എന്നുമാത്രമല്ല, നഷ്ടപ്പെട്ട മാനവികതയുടെ പുനഃസൃഷ്ടിക്കുവേണ്ടിയുള്ള പരിശ്രമങ്ങളുംകൂടിയായിരുന്നു. വിമോചനത്തിന്റെ പാതയിൽ നഷ്ടപ്പെടാൻ ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല എന്ന ഉജ്വലമായ തൊഴിലാളിവർഗ മുദ്രാവാക്യത്തിന്റെ പ്രാദേശികമായ പ്രഖ്യാപനമായിരുന്നു അയ്യൻകാളി നടത്തിയ സമരങ്ങളുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട അവകാശങ്ങൾ അത് നിഷേധിച്ചവരോട് നടത്തുന്ന അഭ്യർഥനകൾകൊണ്ട് നേടിയെടുക്കാനല്ല, മറിച്ച് പോരാട്ടങ്ങളിലൂടെ നേടിയെടുക്കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയത്. ഒരു അടിസ്ഥാനവർഗ തൊഴിലാളിക്ക് ആകെയുള്ള മൂലധനം തന്റെ അധ്വാനസജ്ജമായ മനസ്സും ശരീരവുംമാത്രമാണ്. തൊഴിലാളിയുടെ ശരീരത്തിനെയും മനസ്സിനെയും സമരായുധങ്ങളായി പരിവർത്തനപ്പെടുത്തിയ അയ്യൻകാളിയുടെ മാതൃകയാണ് 1893-ൽ തന്റെ 30–--ാം വയസ്സിൽ നടത്തിയ വില്ലുവണ്ടിസമരം മുതൽ തുടർന്നുള്ള എല്ലാ പോരാട്ടങ്ങളിലും നാം കാണുന്നത്.

ഇന്ന് നിലനിൽക്കുന്ന ചരിത്രമെല്ലാം വർഗസമരങ്ങളുടേതാണ്. അയ്യൻകാളിയുടെ പോരാട്ടചരിത്രവും മറ്റൊന്നല്ല. വില്ലുവണ്ടി സമരത്തിനെത്തുടർന്ന് തൊഴിലാളിവർഗ ജനതയുടെ മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കുന്നതിനായി നിരവധി സമരങ്ങൾ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. അതിൽ വളരെ പ്രധാനപ്പെട്ട ഒരേടാണ് 1913ൽ നടന്ന കാർഷിക പണിമുടക്ക്. അയിത്ത ജാതിക്കാരായി മുദ്രകുത്തപ്പെട്ട് സമൂഹത്തിൽനിന്ന്‌ അകറ്റിനിർത്തിയ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസാവകാശം നേടിയെടുക്കുന്നതിനായി ഒരു വർഷത്തോളം നീണ്ട സമരമാണ് നടന്നത്. 1898ലെ ബാലരാമപുരം ലഹള, 1918ലെ പെരിനാട് ലഹള തുടങ്ങി ചരിത്രം ലഹളകളായി മുദ്രകുത്തിയ നിരവധി അവകാശപ്പോരാട്ടങ്ങളും നടക്കുകയുണ്ടായി. 1907-ൽ സാധുജന പരിപാലനസംഘം രൂപീകരിച്ചുകൊണ്ട് ജാതിമതഭേദമന്യേ അവകാശനിഷേധം അനുഭവിക്കുന്ന അടിസ്ഥാനവർഗ ജനതയെ അദ്ദേഹം സംഘടിതശക്തിയാക്കി മാറ്റി.

രാഷ്ട്രീയ അധികാരം
 സാമൂഹ്യമാറ്റത്തിനുവേണ്ടി
തന്റെ സമരങ്ങളുടെ ഫലമായി ലഭിച്ച ജനപിന്തുണയോടെ 1905‍ ഡിസംബർ 11ന് അയ്യൻകാളി ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി. ചിന്തകർ ലോകത്തെ വ്യാഖ്യാനിക്കുന്നു, യഥാർഥത്തിൽ ലോകത്തെ മാറ്റുകയാണ് വേണ്ടത് എന്ന മാർക്സിയൻ ചിന്താഗതി പ്രയോഗവൽക്കരിക്കുകയായിരുന്നു അയ്യൻകാളിയുടെ പ്രജാസഭയിലെ പ്രവർത്തനങ്ങൾ. പട്ടികജാതി ജനവിഭാഗങ്ങളുടെ പുരോഗതിക്കായി ഇന്ന് നടപ്പാക്കുന്ന പല പദ്ധതികൾക്കും തുടക്കംകുറിച്ചത് അയ്യൻകാളിയുടെ പ്രജാസഭാംഗത്വകാലത്തായിരുന്നു.

പതിത ജനതയ്ക്ക് കേവലം ചില ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതല്ല മറിച്ച് തൊഴിലാളിവിരുദ്ധമായ ഭരണകേന്ദ്രത്തെ തിരുത്തുകയും അധ്വാനവർഗത്തെ അംഗീകരിക്കുന്ന ഭരണകേന്ദ്ര സ്ഥാപനത്തിന്റെ ഭാഗമാവുകയും ചെയ്യുക എന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. കോട്ടും തലപ്പാവും അടക്കമുള്ള തന്റെ വസ്ത്രധാരണത്തിലും പെരുമാറ്റരീതിയിലുമടക്കം അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സമ്പൂർണമായ മോചനം അയ്യൻകാളിയുടെ ലക്ഷ്യമായിരുന്നു. കമ്യൂണിസ്റ്റ് ആശയം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യവും അതുതന്നെയാണ്. ജൂബിലിക്കൂട്ടം എന്ന പേരിൽ വിജെടി ഹാളിൽ ഓരോ വർഷവും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സമ്മേളനം സംഘടിപ്പിച്ച് അധഃസ്ഥിത ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കുന്ന അയ്യൻകാളിയുടെ രീതി തികച്ചും ജനാധിപത്യപരവും അനുകരണീയവുമാണ്. അയ്യൻകാളിയുടെ അത്തരം പ്രവർത്തനങ്ങൾ അംഗീകരിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വിജെടി ഹാളിന്റെ പേര് അയ്യൻകാളി ഹാൾ എന്ന് പുനർനാമകരണം ചെയ്തത് പ്രത്യേകം പ്രസ്താവ്യമാണ്.


 

ഉൽപ്പാദന പ്രക്രിയയുടെ മുന്നുപാധികളാണ് ഭൂമി, അധ്വാനം, മൂലധനം എന്നിവ. സാമൂഹ്യവ്യവസ്ഥിതിയുടെ അടിത്തട്ടിൽ പ്രതിഷ്ഠിച്ചിരിക്കുകയും ജാതിവ്യവസ്ഥയുടെ ഭീകരനീതിയാൽ ജീവിതത്തിന്റെ സമസ്തമേഖലകളിലും പിന്നാക്കാവസ്ഥ അനുഭവിക്കുകയും ചെയ്യേണ്ടിവരുന്നവരാണ്‌ പട്ടികജാതി–-- വർഗ ജനവിഭാഗങ്ങൾ. അവർക്കാകട്ടെ പ്രാഥമിക മുന്നുപാധികളായ ഭൂവുടമസ്ഥത, മൂലധനം എന്നിവ അപര്യാപ്തവും അപ്രാപ്യവുമായിരുന്നു. എന്നാൽ, 1957ലെ കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണമടക്കമുള്ള നിരവധി പദ്ധതികളിലൂടെയും വിദ്യാഭ്യാസ– ഉദ്യോഗ സംവരണം തുടങ്ങിയ നയങ്ങളിലൂടെയും ഇന്ന് പട്ടികവിഭാഗത്തിൽപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് ജീവിതത്തിൽ മുന്നേറാനും കഴിഞ്ഞിട്ടുണ്ട്. പട്ടികജാതി–-- വർഗക്കാരുടെ വ്യക്തിജീവിതത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് പുരോഗതി ദർശിക്കാൻ കഴിയുമെങ്കിലും സാമൂഹ്യ പുരോഗതി വേണ്ടത്ര ആർജിച്ചിട്ടില്ലെന്ന് കണക്ക്‌ വ്യക്തമാക്കുന്നു. പട്ടികജാതി–- വർഗ വിഭാഗങ്ങൾക്കിടയിലെ വിവിധ ജാതികൾ തമ്മിലും പൊതുസമൂഹവുമായും ആരോഗ്യകരമായ സഹകരണവും സൗഹൃദവും വളർത്തിയെടുക്കുന്നതിന്‌ ആവശ്യമായ പൊതുബോധവും ധാരണകളും അയ്യൻകാളിയുടെ പ്രവർത്തനങ്ങളെ ഒരു തൊഴിലാളിവർഗ കാഴ്ചപ്പാടിൽ കാണുന്നതിലൂടെ ലഭ്യമാകും.

പുതിയ വെല്ലുവിളികൾ
പട്ടികജാതി–- -വർഗക്കാർക്ക് സാമൂഹ്യപുരോഗതി കൈവരിക്കാൻ സർക്കാരിനൊപ്പം പുരോഗമന പ്രസ്ഥാനങ്ങളും പരിശ്രമിക്കുന്നെങ്കിലും ഇന്നും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയശേഷം രാജ്യമെമ്പാടും പട്ടികജാതി–-- വർഗക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ, ദുരഭിമാന കൊലകൾ, പെൺകുട്ടികൾക്കുമേലുള്ള അതിക്രമങ്ങൾ തുടങ്ങിയവ വർധിച്ചു. എല്ലാ മേഖലകളും കോർപറേറ്റ് ഭീമന്മാരുടെ ഇഷ്ടാനുസരണം വിറ്റുതുലച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ മിക്കവയും സ്വകാര്യവൽക്കരിക്കുകയും കരാർ നിയമനം പ്രോത്സാഹിപ്പിക്കുന്ന പ്രോജക്ടുകൾ സ്ഥാനം പിടിക്കുകയും ചെയ്യുമ്പോൾ സംവരണതത്വങ്ങൾ അട്ടിമറിക്കപ്പെടുന്നു.

കോവിഡ് മഹാമാരിയിൽ ജീവിതം വഴിമുട്ടിയവരിൽ ബഹുഭൂരിപക്ഷവും പട്ടികജാതി–- - വർഗക്കാരാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന രണ്ടാം പിണറായി സർക്കാർ നിരവധി കർമപരിപാടികൾ നടപ്പാക്കിവരികയാണ്. അവരെ ചേർത്തുപിടിക്കാനുള്ള സർക്കാരിന്റെ പരിശ്രമത്തിൽ അയ്യൻകാളിയും അദ്ദേഹത്തിന്റെ സമരങ്ങളും മാർഗദർശകങ്ങളാണ്. പരമ്പരാഗത ചട്ടക്കൂടുകളിൽനിന്ന് അയ്യൻകാളിയുടെ സമരജീവിതത്തെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാതിവ്യവസ്ഥയുടെയും മതാധിഷ്ഠിത നിലപാടുകളുടെയും ദുഷ്ചിന്തകൾ ബോധപൂർവം സമൂഹത്തിൽ തിരിച്ചുകൊണ്ടുവരാൻ പ്രതിലോമശക്തികൾ ആഞ്ഞ് ശ്രമിക്കുന്ന കാലമാണ്‌ ഇത്‌. തൊഴിലാളിവർഗത്തിന്റെ പോരാട്ടപാതയിൽ കരുത്തോടെ മുന്നേറാനും ജാതിമതഭേദമെന്യേ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ അടിസ്ഥാന ജനതയുടെ പോരാട്ടങ്ങൾ ലക്ഷ്യത്തിലെത്തിക്കാനും ഇന്ത്യയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കരുത്ത് പകരണം. അയ്യൻകാളിയുടെ ദീപ്ത സ്മരണകൾ അതിനുള്ള ഊർജം പകരുമെന്ന കാര്യത്തിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top