27 April Saturday

തീവ്ര വർഗീയതയുടെ ശിലാന്യാസം - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Tuesday Aug 4, 2020


ഉത്തർപ്രദേശിൽ സരയൂനദിക്കരയിലെ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പണി ബുധനാഴ്‌ച ആരംഭിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ രക്തപങ്കിലമായ, വർഗീയമായ അധ്യായം എഴുതിച്ചേർത്തതിന്‌ ഒടുവിലാണ്‌ ബാബ്‌റിമസ്‌ജിദ്‌ തകർത്തിടത്ത്‌ രാമക്ഷേത്രം പണിയുന്നത്‌. 67 ഏക്കർ സ്ഥലത്ത്‌ 161 അടി ഉയരത്തിലുള്ള ക്ഷേത്രനിർമാണത്തിനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭൂമിപൂജ നടത്തുന്നത്‌. കൊറോണക്കാലത്തും ഭൂമിപൂജ നടത്താൻ തീരുമാനിച്ചതിലും അതിന്‌ ആഗസ്‌ത്‌ അഞ്ച്‌തന്നെ തെരഞ്ഞെടുത്തതിലും അവരുടെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെ അന്തർധാര മാത്രമല്ല അധികാര രാഷ്ട്രീയത്തോടുള്ള മമതയും വായിച്ചെടുക്കാം.

ഭരണം നേടുന്നതിനുള്ള ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയപദ്ധതിയായിരുന്നു അയോധ്യപ്രസ്ഥാനം. 1989 ജൂൺ 11ന്‌ ഹിമാചൽപ്രദേശിലെ പാലമ്പൂരിൽ ചേർന്ന നേതൃയോഗത്തിലാണ്‌ രാമക്ഷേത്രനിർമാണ അജൻഡ ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്‌. ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കലും പൊതുസിവിൽ കോഡിനൊപ്പം അയോധ്യക്ഷേത്രനിർമാണവും ഇതോടെ ബിജെപിയുടെ പ്രധാനരാഷ്ട്രീയ അജൻഡയായി. ലോക്‌സഭയിൽ തനിച്ച്‌ ഭൂരിപക്ഷം നേടി 2019 ൽ അധികാരത്തിൽ വന്ന മോഡി സർക്കാർ ഈ ഒാരോ അജൻഡകളും നടപ്പാക്കിവരികയാണ്‌. കഴിഞ്ഞ വർഷം ആഗസ്‌ത്‌ അഞ്ചിനാണ്‌ ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കി കശ്‌മീരിനുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞത്‌. അതിന്റെ ഒന്നാം വാർഷികവേള തന്നെയാണ്‌ രാമക്ഷേത്രനിർമാണത്തിന്‌ തുടക്കം കുറിക്കാനും തെരഞ്ഞെടുത്തിരിക്കുന്നത്‌. പൊതു സിവിൽകോഡിന്റെ ഭാഗമായി മുത്തലാഖ്‌ ക്രിമിനൽ കുറ്റമാക്കി കഴിഞ്ഞിട്ടുണ്ട്‌. അടുത്ത വർഷം ആഗസ്‌ത്‌ അഞ്ചിന്‌ പൊതുസിവിൽകോഡും നിലവിൽ വരുമോ?


 

65 വയസ്സിന്‌  മുകളിലുള്ളവർ വീട്ടിൽത്തന്നെ ഇരിക്കണമെന്നും അത്യാവശ്യകാര്യങ്ങൾക്കും ആരോഗ്യ ആവശ്യങ്ങൾക്കും മാത്രമേ പുറത്തിറങ്ങാവൂ എന്നും മാലോകരെ ഉപദേശിക്കുന്ന അറുപത്തൊമ്പതുകാരനായ പ്രധാനമന്ത്രി തന്നെയാണ്‌ ആരോഗ്യമാനദണ്ഡം പാലിക്കാതെ ഭൂമിപൂജയിൽ പങ്കെടുക്കുന്നത്‌. മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്‌ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തുന്നത്‌. ഹിന്ദുരാഷ്ട്രമാണിതെന്ന പ്രഖ്യാപനമാണോ പ്രധാനമന്ത്രി ഇതുവഴി നടത്തുന്നത്‌? ഹിന്ദുത്വ രാഷ്ട്രീയകക്ഷികൾക്ക്‌ അത്യാവശ്യമുള്ള കാര്യമാണ്‌ ക്ഷേത്രനിർമാണം എന്നർഥം. നവംബറിൽ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. അടുത്തവർഷം ആദ്യം പശ്‌ചിമബംഗാളിലും തെരഞ്ഞെടുപ്പ്‌ നടക്കും. ഹിന്ദുത്വവോട്ടുകൾ സമാഹരിക്കാൻ ക്ഷേത്രനിർമാണം ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ബിജെപി. മാത്രമല്ല, 36–-42 മാസത്തിനകം ക്ഷേത്രനിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. അപ്പോഴേക്കും അടുത്ത പൊതുതെരഞ്ഞെടുപ്പാകും.(2024) അതിനുമുമ്പായി ഉത്തർപ്രദേശ്‌ നിയമസഭയിലേക്കും(2022) തെരഞ്ഞെടുപ്പ്‌ നടക്കും. അതായത്‌ തുടക്കംമുതൽ ഒടുക്കംവരെ അധികാരരാഷ്ട്രീയവുമായി കൂട്ടിച്ചേർക്കപ്പെട്ടതാണ്‌ അയോധ്യവിഷയം എന്നർഥം.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതേതര സ്വഭാവം ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാഷ്ട്രീയനീക്കമായിരുന്നു ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട്‌ നടന്നത്‌. മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറലായിരുന്ന മിർബാക്കി 1528ൽ നിർമിച്ച പള്ളി 1992 ഡിസംബർ ആറിന്‌ തകർത്തിടത്താണ്‌ രാമക്ഷേത്രം നിർമിക്കുന്നത്‌. മസ്‌ജിദ്‌ നിർമിച്ചത്‌ ക്ഷേത്രാവശിഷ്‌ടങ്ങൾക്കിടയിലാണെന്നാണ്‌ സംഘപരിവാറിന്റെ വാദം. ബുദ്ധകാലത്തെ അവശിഷ്‌ടങ്ങളും കണ്ടെത്തിയെന്ന്‌ മറ്റൊരുവാദം. യഥാർഥ ത്തിൽ  ക്ഷേത്രം നിർമിക്കുക എന്നതിനേക്കാൾ അധികാരരാഷ്ട്രീയത്തിനുള്ള ഉപകരണമായി, ഇന്ധനമായാണ്‌ അയോധ്യവിഷയത്തെ സംഘപരിവാർ കാണുന്നത്‌. അതിൽനിന്നാണ്‌ പാലമ്പൂർപ്രമേയവും രഥയാത്രയും(1990 സെപ്‌തംബർ 25ന്‌ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന്‌ അയോധ്യയിലേക്ക്‌ എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ) മറ്റും നടന്നത്‌. അദ്വാനിയെ സമസ്‌തിപുരിൽവച്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. വി പി സിങ് സർക്കാർ ഇതോടെ നിലം പതിച്ചു.


 

രാജ്യമെങ്ങും വർഗീയലഹളകൾ നടന്നു. ആയിരങ്ങൾ മരിച്ചുവീണു. അതിനൊടുവിലാണ്‌ 1992ൽ ബാബ്‌‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടത്‌. അന്ന്‌ ബിജെപി നേതാവായ മുരളീമനോഹർ ജോഷി പറഞ്ഞു. ‘മസ്‌ജിദ്‌ തകർത്തത്‌ ക്ഷേത്രനിർമാണത്തിനുള്ള മുൻഉപാധിയായിരുന്നുവെന്ന്’‌. 28 വർഷത്തിനുശേഷം സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ അത്‌ ‌യാഥാർഥ്യമായി. 2019 നവംബർ ഒമ്പതിന്‌ ചീഫ്‌ ജസ്‌റ്റീസ്‌ രഞ്ജൻ ഗൊഗോയ്‌ അധ്യക്ഷനായ സുപ്രീംകോടതിബെഞ്ചാണ്‌ ക്ഷേത്രനിർമാണം സാധ്യമാക്കിയത്‌. അതിനാൽ രഞ്ജൻ ഗൊഗോയിയെയാണ്‌ ഭൂമിപൂജാ ചടങ്ങിൽ മുഖ്യാതിഥിയാക്കേണ്ടിയിരുന്നതെന്ന്‌ മുൻ കേന്ദ്രമന്ത്രി യശ്വന്ത്‌ സിൻഹ പരിഹസിക്കുകയുണ്ടായി. ഏതായാലും വിധിപറഞ്ഞശേഷം വിരമിച്ച രഞ്ജൻ  ഗൊഗോയിയെ രാജ്യസഭാ അംഗമാക്കി മോഡിസർക്കാർ കടംവീട്ടി.

അയോധ്യയിലെ ഭൂമി സംബന്ധിച്ച തർക്കത്തിന്‌ സുപ്രീംകോടതി പരിഹാരം കണ്ടെങ്കിലും ബാബ്‌റിമസ്‌ജിദ്‌ തകർത്ത ക്രിമിനൽകേസിൽ വിധി പറഞ്ഞിട്ടില്ല. കക്ഷികൾക്ക്‌ ഭൂമി വീതിച്ചു‌നൽകിയപ്പോൾ സുപ്രീംകോടതി രണ്ട്‌ കാര്യം വ്യക്തമാക്കുകയുണ്ടായി. ഒന്നാമതായി 1949 ഡിസംബർ 22–-23 അർധരാത്രി ഒരു സംഘം ഹിന്ദുക്കൾ ജില്ലാ മജിസ്‌ട്രേട്ടും മലയാളിയുമായ കെ കെ നായരുടെ മൗനാനുവാദത്തോടെ ബാബ്‌റിമസ്‌ജിദിൽ ഒളിച്ചുകയറി രാമവിഗ്രഹം സ്ഥാപിച്ചത്‌ കുറ്റകരമാണെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതോടൊപ്പം മസ്‌ജിദ്‌ തകർത്തതും ഇസ്ലാമിക നിർമിതി ഇല്ലാതാക്കിയതും അങ്ങേയറ്റം അപലപനീയമായ നിയമലംഘനമാണെന്നും നിരീക്ഷിച്ചു. രാമവിഗ്രഹം സ്ഥാപിച്ചതും മസ്‌ജിദ്‌ തകർത്തതും ക്രിമിനൽകുറ്റമായിരിക്കേ ക്ഷേത്രനിർമാണത്തിന്‌ അനുമതി നൽകിയത്‌ എങ്ങനെ എന്ന ചോദ്യം ബാക്കിയാകുന്നു. ഏതായാലും ആഗസ്‌ത്‌ 31 നകം വിധി പ്രസ്‌താവിക്കണമെന്ന്‌ സുപ്രീംകോടതി ലഖ്‌നൗവിലെ പ്രത്യേകജഡ്‌ജി എസ്‌ കെ യാദവിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. റായ്‌ബറേലി, ലഖ്‌നൗ കോടതികളിൽ എട്ട്‌ സംഘപരിവാർ നേതാക്കൾക്കും(മൂന്നുപേർ മരിച്ചു) പേരറിയാത്ത കർസേവകർക്കുമെതിരെ ഫയൽചെയ്‌ത കേസുകളാണ്‌ ഇപ്പോൾ ലഖ്‌നൗ പ്രത്യേകകോടതി കേൾക്കുന്നത്‌.  ഉമാഭാരതിയും അദ്വാനിയും കല്യാൺസിങ്ങും മറ്റും ഹാജരാകുകയും തങ്ങൾക്ക്‌ ഗൂഢാലോചനയിൽ പങ്കില്ലെന്ന്‌ ആവർത്തിക്കുകയും ചെയ്‌തിരിക്കുകയാണ്‌. കോടതി വിധി ഉടനുണ്ടാകുമോ അതോ ഇനിയും വൈകുമോ?  വിധിന്യായം എന്തായാലും‌ രാഷ്ട്രീയചർച്ചയ്‌ക്ക്‌ വീണ്ടും വിഷയമാകും.


 

ഇതോടെ സംഘപരിവാർ ശക്തികൾ വർഗീയ പ്രചാരണത്തിൽനിന്നും ന്യൂനപക്ഷവേട്ടയിൽനിന്നും പിന്മാറില്ലെന്ന്‌ ഉറപ്പിച്ച്‌ പറയാം. ‘യേ തോ കേവൽ ജാൻകിഹേ, കാശി, മഥുര ബാക്കി ഹേ’ (ഇത്‌ ഒരു തുടക്കംമാത്രം ഇനി കാശിയും മഥുരയും )എന്നാണ്‌‌ മസ്‌ജിദ്‌ പൊളിച്ച വേളയിൽ ഉമാഭാരതിയും സ്വാധി ഋതാംബരയും ആക്രോശിച്ചത്‌. രാജ്യത്ത്‌ വർഗീയരഥം ഇനിയും ഉരുളുകതന്നെ ചെയ്യും. അതിനെ തടയേണ്ട കോൺഗ്രസാകട്ടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൊടിപിടിക്കാനാണ്‌ മത്സരിക്കുന്നത്‌. മസ്‌ജിദിൽ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടതും അടച്ചിട്ട മസ്‌ജിദ്‌ ‌‌ ആരാധനയ്‌ക്കായി തുറന്നുകൊടുത്തതും അത്‌ തകർത്തതും കോൺഗ്രസ്‌  ഭരിക്കുമ്പോഴായിരുന്നു. ഇപ്പോൾ ക്ഷേത്രനിർമാണത്തിനും അവർ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top