27 April Saturday

അരക്ഷിതകളുടെ ഇന്ത്യ - മറിയം ധാവ്‌ളെ സംസാരിക്കുന്നു


വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023

രാജ്യത്ത്‌ മോദിഭരണത്തിൽ സ്‌ത്രീകളുടെ ജീവിതം ദുരിതപൂർണമായി. 
കോർപറേറ്റുകൾക്കുവേണ്ടിയാണ്‌ കേന്ദ്ര സർക്കാർ നിലകൊള്ളുന്നത്‌. സാധാരണ ജനങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിഷേധിച്ചു. പോഷകാഹാരക്കുറവും പട്ടിണിയും രാജ്യത്ത്‌ വർധിച്ചു. പട്ടിണിയും കഠിനജോലിയുംമൂലം മെലിഞ്ഞ്‌ വിളർത്ത സ്‌ത്രീകളുടെ വിരലടയാളംപോലും ബയോ മെട്രിക്‌ പഞ്ചിങ്ങിൽ പതിയുന്നില്ല. 67 ശതമാനം പേർക്ക്‌ മാത്രമാണ്‌ ഭക്ഷ്യധാന്യം കിട്ടുന്നത്‌. ഗ്രാമീണമേഖലയിൽ തൊഴിലവസരം കുറയുന്നു.- സമകാലിക ഇന്ത്യയിൽ പെൺജീവിതം നേരിടുന്ന തീരാപ്രതിസന്ധികളെക്കുറിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: സെൻട്രൽ ഡെസ്‌ക്‌ അസി. എഡിറ്റർ പി ഒ ഷീജ

 

ബിജെപി ഭരണത്തിലെ സ്‌ത്രീസുരക്ഷയെക്കുറിച്ച്‌
ബിജെപി ഭരണത്തിൽ രാജ്യത്ത് സ്‌ത്രീകൾക്കെതിരായ അതിക്രമം വർധിച്ചു. കഴിഞ്ഞ ദിവസവും ഡൽഹിയിൽ സുൽത്താൻപുരിയിൽ ഒരു യുവതികൂടി ഇരയായി. എല്ലാ കേസുകളിലും സംഘപരിവാർ– -ബിജെപി നേതാക്കളും അവരുടെ ബന്ധുക്കളുമാണ്‌ പ്രതികൾ. പ്രതികളെ സർക്കാർതന്നെ സംരക്ഷിക്കുന്നു. ഉത്തരാഖണ്ഡിൽ അങ്കിത കേസിൽ പ്രതി ബിജെപി നേതാവിന്റെ മകനാണ്‌. ഹാഥ്‌രസിലും ഉന്നാവിലും ഹരിയാനയിലും ലഖിംപുരിലും  ബിജെപി നേതാക്കളോ അവരുടെ മക്കളോ ആണ്‌ പ്രതികൾ. രാജ്യത്ത്‌ സ്‌ത്രീ സംരക്ഷണനിയമങ്ങൾ ദുർബലപ്പെടുത്തുകയാണ്‌. ഗാർഹിക പീഡന നിരോധന നിയമത്തിൽപ്പോലും കേന്ദ്ര സർക്കാർ വെള്ളംചേർത്തു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മിശ്രവിവാഹം ക്രിമിനൽക്കുറ്റമാക്കി. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശംപോലും സമർഥമായി ഇല്ലാതാക്കുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം കവർന്നെടുത്തു. അതേസമയം, ‘ഘർ വാപസി’ വലിയതോതിൽ സ്വീകരിക്കപ്പെടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർതന്നെ പുരുഷമേധാവിത്വ മനോഭാവം പ്രചരിപ്പിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും അന്ധവിശ്വാസവും അനാചാരങ്ങളും ബോധപൂർവം പ്രചരിപ്പിക്കുകയാണ്.

കുട്ടിക്കടത്തും ബാലവിവാഹവും വർധിക്കുകയാണല്ലോ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം ദാരിദ്ര്യത്തിന്റെ തുരുത്തുകളിലേക്ക്‌ തള്ളി നീക്കപ്പെട്ടവർ ജീവിക്കാൻ മാർഗമില്ലാതെ ഉഴലുകയാണ്‌.ഇതിന്റെ തിക്തഫലമായി നഗരങ്ങളിലെ ചേരികളിലും ഗ്രാമീണ മേഖലകളിലും കുട്ടിക്കടത്ത്‌ വ്യാപകമാവുന്നു. മറ്റു വരുമാനം കണ്ടെത്താൻ കഴിയാതെ നിസഹയരായ അമ്മമാർക്ക്‌ പണം നൽകി ഏജന്റുമാരാണ്‌ കുട്ടികളെ കടത്തുന്നത്‌. നഗരങ്ങളിലെത്തുന്ന ഈ കുട്ടികൾ പലപ്പോഴും തിരികെ എത്തുന്നില്ല. ഇവരിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്നതാണ്‌ ഏറ്റവും വലിയ ദുരന്തം. കൊടിയ ദാരിദ്ര്യം കാരണം ദൈനംദിന ആവശ്യങ്ങൾക്കായി മൈക്രോ ഫിനാൻസ്‌ സ്ഥാപനങ്ങളിൽനിന്ന്‌ ഉയർന്ന പലിശയ്‌ക്ക്‌ കടമെടുക്കേണ്ടി വരുന്ന നിരവധി സ്‌ത്രീകൾ കടക്കെണിയിലാണ്‌. ബാങ്കുകൾ മൈക്രോ ഫിനാൻസ്‌ സ്ഥാപനങ്ങൾക്കാണ്‌ പണം നൽകുന്നത്‌. ഇത്‌ ഇരട്ടി പലിശ ഈടാക്കിയാണ്‌ ഈ സ്ഥാപനങ്ങൾ ആവശ്യക്കാർക്ക്‌ നൽകുന്നത്‌. വായ്‌പ തിരിച്ചടക്കാൻ കഴിയാതെ പലരും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.

രാജ്യം മനുസ്‌മൃതിയിലേക്കാണോ നീങ്ങുന്നത്‌
ദളിതർക്കും സ്‌ത്രീകൾക്കും ഒരു അവകാശവുമില്ലാത്ത മനുസ്‌മൃതിയുടെ കാലഘട്ടത്തിലേക്കുതന്നെയാണ് മോദി സർക്കാർ രാജ്യത്തെ കൊണ്ടുപോകുന്നത്. ഭൂരിപക്ഷം നിർധന സ്ത്രീകൾക്കും ആദിവാസികൾക്കും ദളിതർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. സ്‌ത്രീസംരക്ഷണ നിയമങ്ങൾ ഏറെയുണ്ടെങ്കിലും പല കേസുകളിലും നീതി കിട്ടുന്നില്ല. 75 ശതമാനം കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല.

സ്‌ത്രീകൾക്ക്‌ തൊഴിൽസുരക്ഷ ഇല്ലാതാവുകയാണോ
കേന്ദ്ര സർക്കാർ– -പൊതു മേഖലയിലുള്ള ഒഴിവുകൾ നികത്താത്തതിനാലാണ്‌ സ്‌ത്രീകളുടെ തൊഴിൽസുരക്ഷ നഷ്ടമാകുന്നത്‌. ആറു ലക്ഷം ഒഴിവ്‌ റെയിൽവേയിലുണ്ട്‌. വിവിധ വകുപ്പുകളിൽ ധാരാളം ഒഴിവുകളുണ്ട്‌. ഈ ഒഴിവുകൾ കേന്ദ്രസർക്കാർ നികത്തുന്നില്ല. സർക്കാർമേഖലയിൽ തൊഴിൽ കിട്ടാതെ സ്വകാര്യമേഖലയെ ആശ്രയിക്കുന്ന സ്‌ത്രീകൾ ഏറെ പീഡനങ്ങൾക്ക്‌ വിധേയരാകേണ്ടിവരുന്നു. പ്രസവ അവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്ക്‌ നിഷേധിക്കപ്പെടുന്നു. ദേശീയ തൊഴിലുറപ്പ്‌ പദ്ധതി വെട്ടിക്കുറച്ചതും ഗ്രാമീണ മേഖലയിലെ തൊഴിൽ നഷ്‌ടം ഇരട്ടിയാക്കി. എല്ലാ മേഖലയിലും സമത്വമാണ്‌ ആവശ്യം. കുടുംബത്തിൽ പുരുഷനുള്ള സ്വത്തവകാശം സ്‌ത്രീക്കും ലഭ്യമാകണം. അസമത്വങ്ങൾ നിറഞ്ഞ സമൂഹത്തിൽ തുല്യതയ്‌ക്കുവേണ്ടിയുള്ള പോരാട്ടവും വലുതാണ്‌.


സ്‌ത്രീപക്ഷ കേരളത്തെക്കുറിച്ച്‌
കേന്ദ്ര ബിജെപി സർക്കാരിന്റെ നയങ്ങൾക്കു ബദലായി ജനക്ഷേമ വികസനമാണ്‌ കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. ജെൻഡർ ബജറ്റ്‌ അവതരിപ്പിക്കുന്നു. സ്‌ത്രീകൾക്ക്‌ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നു. വ്യവസായ സംരംഭകരായും മറ്റും കൂടുതൽ വനിതകൾ രംഗത്തെത്തുന്നു. സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്നതിലും അതിക്രമങ്ങളിൽ പ്രതികളായവരെ കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കുന്നതിലും കേരളം മാതൃകയാണ്‌. കേരളത്തിലാരും പട്ടിണി കാരണം മരിക്കുന്നില്ല. യുവതികൾക്ക്‌ വ്യവസായ സംരംഭകരായും മറ്റും അവസരം നൽകുന്നു. എല്ലാ വകുപ്പുകളിലും സ്‌ത്രീകളുടെ ക്ഷേമപ്രവർത്തനത്തിന്‌ തുക വകയിരുത്തുന്നു. ‘സ്‌ത്രീപക്ഷ കേരളം’ പോലുള്ള ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നു. പല പദ്ധതികളും സ്ത്രീകൾക്കായി നടപ്പാക്കുന്നു. സ്ത്രീധനത്തിനെതിരെ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു.

മഹിളാ അസോസിയേഷന്റെ ഭാവിപ്രവർത്തനങ്ങൾ
നാലു ദിവസങ്ങളിലായി തിരുവനന്തപുരത്ത്‌ ചേരുന്ന അഖിലേന്ത്യ സമ്മേളനം പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിക്കും. ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ അവകാശത്തിനും അതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണത്തിനുമായി അസോസിയേഷൻ പോരാടും. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയങ്ങൾക്കെതിരെ സ്‌ത്രീശക്തി ഉണർത്തും.

കൂടാതെ, ഡിജിറ്റൽ ക്യാമ്പയിൻ, സെമിനാർ, ചർച്ചകൾ, പ്രദർശനങ്ങൾ, എന്നിവ സംഘടിപ്പിക്കും. സമൂഹമാധ്യമം, ഗൂഗിൾ മീറ്റ്‌, സൂം എന്നീ മാർഗങ്ങൾവഴി സ്‌ത്രീ ശാക്തീകരണം സാധ്യമാക്കും. അസോസിയേഷന്റെ നേതൃത്വത്തിൽ  വനിതകളുടെ സംരക്ഷണത്തിനായി നിരവധി പരിപാടികൾ നടത്തിവരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പട്ട്‌ 35 ലക്ഷം ഒപ്പ്‌ ശേഖരിച്ച്‌ രാഷ്‌ട്രപതിക്ക്‌ അയച്ചു. ടീസ്‌ത സെതൽവാദിന്റെ മോചനം ആവശ്യപ്പെട്ട്‌ നിരവധി പ്രക്ഷോഭം നടത്തി. അന്ധവിശ്വാസത്തിന്റെയും ജാതീയതയുടേയും ഇരുളിൽനിന്നും സമത്വത്തിന്റെയും തുല്യനീതിയുടേയും പുതിയ വെളിച്ചത്തിലേക്ക്‌ നാടിനെ നയിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ അസോസിയേഷൻ നേതൃത്വം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top