26 April Friday

ഇപ്പോഴും മുഴങ്ങുന്നുണ്ട്‌ കയ്യൂരിൻ മുദ്രാവാക്യം

വിനോദ്‌ പായംUpdated: Thursday Dec 8, 2022

ഓർത്താൽ ആവേശക്കൊടി വീശാൻ തോന്നുന്ന സ്‌മൃതിവർണങ്ങൾ മാത്രമായിരുന്നില്ല, ദേശീയ സ്വാതന്ത്ര്യസമരം. വിശാലാർഥത്തിൽ കർഷകരും തൊഴിലാളികളും അണിനിരന്ന ബഹുജനമുന്നേറ്റവും അതിനേറ്റ തിരിച്ചടികളുംകൂടിയായിരുന്നു. സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ച കർഷകസംഘത്തിന്റെ ഐതിഹാസിക സമരങ്ങളിലൊന്നാണ്‌ കയ്യൂർ സംഭവം.

കയ്യൂരിൽ 1937 ഏപ്രിലിലാണ്‌ കർഷകസംഘം യൂണിറ്റ്‌ രൂപംകൊള്ളുന്നത്‌. മലയരമ്പത്ത്‌ ചിരുകണ്ടന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ എ വി കുഞ്ഞമ്പു, കെ എ കേരളീയൻ, വി വി കുഞ്ഞമ്പു, ടി എസ്‌ തിരുമുമ്പ്‌ തുടങ്ങിയവർ പങ്കെടുത്തു. മലയരമ്പത്ത്‌ വെളുത്തമ്പാടി പ്രസിഡന്റും വി എം കണ്ണൻ പണിക്കർ സെക്രട്ടറിയുമായി ആദ്യ കമ്മിറ്റി. 

ജന്മിമാരുടെയും പൊലീസിന്റെയും ക്രൂരതകളെ കർഷകമക്കൾ ഇടനെഞ്ച്‌ വിരിച്ച്‌ ചോദ്യംചെയ്യുന്ന കാലം. 1941 മാർച്ച്‌ 28: ചുവന്ന പതാകയേന്തിയ കർഷകർ പ്രകടനമായി പൂക്കണ്ടത്തിലെത്തി പ്രകടനവും പൊതുയോഗവും നടത്തി. അവിടെനിന്ന്‌ തേജസ്വിനിക്കരയിലൂടെ ചെറിയാക്കരയിലേക്ക്‌. ജാഥയിൽ ഇരുനൂറോളംപേർ. അപ്പോഴതാ, എതിരെ കഴിഞ്ഞദിവസം കർഷകരെ ക്രൂരമായി തല്ലിച്ചതച്ച കോൺസ്റ്റബിൾ സുബ്ബരായൻ വരുന്നു. കർഷകർ ആവേശത്തിൽ അയാളെ കൊടി പിടിപ്പിച്ചു. ജാഥ എടത്തിൽക്കടവിന്‌ അടുത്തെത്തിയപ്പോൾ സുബ്ബരായൻ കൈയിലുള്ള കൊടികെട്ടിയ വടികൊണ്ട്‌ മുന്നിലുള്ള പാലായി കൊട്ടനെ തല്ലി, വഴിയിലൂടെ മുന്നോട്ടോടി. അൽപ്പം ദൂരെയെത്തിയപ്പോൾ പൊടോര കുഞ്ഞമ്പു നായരും സംഘവും എതിരെനിന്ന്‌ വരുന്നു. പേടിച്ച്‌ സുബ്ബരായൻ പുഴയിൽ ചാടി. കനത്ത കാക്കിവസ്‌ത്രമണിഞ്ഞ, നീന്തലറിയാത്ത സുബ്ബരായൻ മുങ്ങിമരിച്ചു.

അതിനുശേഷം കയ്യൂരിൽ പൊലീസ്‌ വേട്ട അരങ്ങേറി. എല്ലാ അർഥത്തിലും പൊലീസ് അഴിഞ്ഞാടി. വിചാരണയ്‌ക്കൊടുവിൽ കോടതി കയ്യൂരിന്റെ നാല്‌ ധീരസഖാക്കൾക്ക്‌ തൂക്കുമരം വധിച്ചു. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ എന്നീ സഖാക്കളെ പ്രസ്ഥാനത്തിന്‌ നഷ്ടമായി. ഇന്നും കർഷക പോരാട്ടങ്ങളുടെ നാൾവഴികളെ സമുജ്വലമാക്കുന്ന വീരേതിഹാസമാണ്‌ കയ്യൂർ സഖാക്കളടെ രക്തസാക്ഷിത്വം.

പിന്നീട്‌ പി സി ജോഷി എഴുതി:
‘1943 മാർച്ച്‌ 29ന്‌ ഞങ്ങളുടെ മലബാർ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടെത്തി. അവിടെ പാർടിയുടെ മദ്രാസ്‌ സെക്രട്ടറി മോഹന്റെ ടെലഗ്രാം കാത്തിരിപ്പുണ്ടായിരുന്നു. പൊള്ളിയടർന്ന വാക്കുകൾ ഞങ്ങളെ തുറിച്ചുനോക്കി. ‘വിച്ചാൾ ഇടപെടാൻ വിസമ്മതിച്ചു. കൊലമരമേറ്റൽ വൈകില്ല’ എന്നായിരുന്നു സന്ദേശം. ഞാനീ കുറിപ്പെഴുതിക്കൊണ്ടിരിക്കെ മലബാറിൽനിന്ന്‌ കാണാനെത്തിയവർ പറഞ്ഞു. കയ്യൂർ സഖാക്കളെ മാർച്ച്‌ 29ന്‌ പുലർച്ചെ തൂക്കിലേറ്റി. തൂക്കിലേറ്റുന്ന കാര്യം അവരോട്‌ തലേന്നു രാത്രി തന്നെ പറഞ്ഞിരുന്നു. ദേശഭക്തിഗാനങ്ങൾ ചൊല്ലിയും ഇൻക്വിലാബ്‌ വിളിച്ചും അവർ പുലർച്ചെവരെ സെല്ലിൽ കഴിഞ്ഞു. ജയിലിൽ അന്നാരും ഉറങ്ങിയില്ല. പുലർച്ചെ മൂവായിരത്തോളംപേർ ജയിൽ ഗേറ്റിനുമുന്നിൽ തടിച്ചുകൂടി. കയ്യൂരിന്റെ ഓമനകളുടെ മൃതദേഹം അവർക്ക്‌ വേണമായിരുന്നു. പക്ഷേ, അധികാരികൾ മുഖംതിരിച്ചു. അവരോട്‌ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.’

കഴുമരത്തിലെ ആ ധീരർ കണ്ണൂർ സെൻട്രൽ ജയിലിലെ കല്ലിടനാഴി വഴിയാകും പുറത്തേക്ക്‌ പതിച്ചിരിക്കുക. അനാഥമായി വെള്ളപുതച്ച ആ നാലുപേർ. ജയിൽ വളപ്പിനകത്ത്‌ എവിടെയോ സംസ്‌കരിച്ചു. പുറത്തതാ മുദ്രാവാക്യം മുഴങ്ങുന്നു, 79 വർഷത്തിനിപ്പുറവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top