27 April Saturday

അധികാരമുദ്രയില്ലാതെ

സാജൻ എവുജിൻUpdated: Thursday Nov 26, 2020

photo credit Vice President's Secretariat (GODL-India)


അധികാരപ്രതീകങ്ങൾ പ്രദർശിപ്പിക്കാതെ നടന്ന മനുഷ്യനായിരുന്നു അഹമ്മദ്‌ പട്ടേൽ. സ്ഥാനങ്ങൾ കൈയാളാതെ അദ്ദേഹം അധികാരത്തെ കൈകാര്യം ചെയ്‌തു. കോൺഗ്രസിനുവേണ്ടത്‌ എന്താണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. 24 ക്യാരറ്റ്‌ കോൺഗ്രസുകാരനായിരുന്നു പട്ടേൽ എന്ന്‌ രാഷ്ട്രീയനിരീക്ഷകർ വിശേഷിപ്പിക്കുന്നത്‌ അതുകൊണ്ടാണ്‌.

നാലര പതിറ്റാണ്ടിലേറെ കോൺഗ്രസുകാരനായി നിലകൊണ്ട പട്ടേൽ കോൺഗ്രസിന്റെ ആശയങ്ങളിലും സമീപനങ്ങളിലും 100 ശതമാനം ഉറച്ചുനിന്നു. ഇന്ദിരഗാന്ധി, രാജീവ്‌ ഗാന്ധി, നരസിംഹറാവു, മൻമോഹൻസിങ്‌ എന്നിവർ പ്രധാനമന്ത്രിമാരായിരിക്കെ ഭരണകാര്യങ്ങളിൽ നിർണായക പങ്കുവഹിച്ചു. കോൺഗ്രസ്‌ പാർടിയും സർക്കാരും തമ്മിലുള്ള സംഘർഷങ്ങളിൽ ഫലപ്രദമായി ഇടപെട്ടു. മന്ത്രിസ്ഥാനം അദ്ദേഹത്തിന്‌ നിസ്സാരമായി ലഭിക്കുമായിരുന്നു. അതിനൊക്കെ അപ്പുറത്തായിരുന്നു പട്ടേലിന്റെ സ്ഥാനം. എഐസിസി സമ്മേളനവേദികളിൽപ്പോലും പട്ടേൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സദസ്സിൽ ഒരാളായി ഇരുന്ന്‌ കാഴ്‌ചകൾ കണ്ടു. തനിക്കറിയാവുന്ന കാര്യങ്ങൾ നിറവേറ്റപ്പെടുന്നത്‌ കണ്ട്‌ തൃപ്‌തനായി.

സോണിയ ഗാന്ധിയുടെ കണ്ണും കാതുമായിരുന്നു. കോൺഗ്രസിന്റെ താൽപ്പര്യം ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണ്ട പട്ടേലിനെ സോണിയഗാന്ധി കണ്ണടച്ച്‌ വിശ്വസിച്ചു. മൻമോഹൻസിങ്‌ സർക്കാരിന്റെ  കാലത്ത്‌ ഏറ്റവും പ്രധാനപ്പെട്ട മൂന്നോ നാലോ ആളുകളിൽ ഒരാളായിരുന്നു പട്ടേൽ. കോൺഗ്രസ്‌ മുഖ്യമന്ത്രിമാരും സോണിയഗാന്ധിയും തമ്മിലുള്ള പാലവും ഇദ്ദേഹമായിരുന്നു. പട്ടേലിനോട്‌ പറയുന്നത്‌ ഹൈക്കമാൻഡിനോട്‌ പറയുന്നതിനു തുല്യമായിരുന്നു. നേതൃത്വം ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടത്താൻ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതേസമയം, അധികാരം ഉപയോഗിച്ചുള്ള കുതന്ത്രങ്ങളിൽ ഏർപ്പെട്ടില്ല. ആരെയും വഞ്ചിച്ചില്ല. രാഷ്ട്രീയതീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായി ശത്രുക്കൾ ഉണ്ടായിട്ടുണ്ടാകാം. പട്ടേൽ തന്റെ പേര്‌ പറഞ്ഞില്ല എന്ന പരിഭവം ചിലർക്ക്‌ ഉണ്ടായിട്ടുണ്ടാകാം. പരസ്യമായി ആക്ഷേപിച്ചവരോടും അദ്ദേഹം വിരോധം കാട്ടിയില്ല.

സഖ്യകക്ഷികളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിലും പട്ടേൽ സൂക്ഷ്‌മത പ്രകടിപ്പിച്ചു. ദുരഭിമാനം തീരെ പുലർത്തിയില്ല. ആരെയും അങ്ങോട്ടു പോയി കാണുമായിരുന്നു.   മാരുതി കാറിൽ ഡ്രൈവർ സീറ്റിന്റെ മറുവശത്ത്‌ ഇരുന്നാണ്‌ യാത്ര ചെയ്‌തിരുന്നത്‌. മറ്റുള്ളവർ ഉന്നയിക്കാൻ സാധ്യതയുള്ള ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട്‌ പ്രവർത്തിച്ചു.

പട്ടേലുമായി സംസാരിക്കുന്നവർക്ക്‌ മാന്യത ലഭിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യത അദ്ദേഹം മാനിച്ചു. ഒരിടത്ത്‌ കേൾക്കുന്നത്‌ മറ്റൊരിടത്ത്‌ പറയുന്ന സ്വഭാവം ഇല്ലായിരുന്നു. ആരോടും അദ്ദേഹം പരിഭവിച്ചിരുന്നില്ല. സംഘർഷങ്ങളും കാലുഷ്യങ്ങളും പരിഹരിക്കുന്നതിൽ തൽപ്പരനായിരുന്നു. ആരോപണങ്ങളിൽ പതറിയില്ല. ഒരു കാലത്ത്‌ ഡൽഹിയിൽ ‘പട്ടേലിന്റെ ആൾ’ എന്നു പറഞ്ഞുനടക്കുന്നവർ ഉണ്ടായിരുന്നു. ഇവരിൽ പലർക്കും പട്ടേലിനെ നേരിട്ട്‌ അറിയില്ലായിരുന്നു.

മുസ്ലിംവിശ്വാസത്തിന്റെ ഭാഗമായ ചര്യകൾ കൃത്യമായി പാലിച്ചുവന്ന പട്ടേൽ ഉറച്ച മതനിരപേക്ഷവാദിയായിരുന്നു. ഇന്ദിരഗന്ധിയുടെ കാലത്ത്‌ കോൺഗ്രസിൽ സജീവമായ പട്ടേൽ 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച ചുരുക്കം കോൺഗ്രസുകാരിൽ ഒരാളാണ്‌. നരേന്ദ്ര മോഡി ഗുജറാത്തിൽ മുഖ്യമന്ത്രിയായശേഷം സംസ്ഥാനരാഷ്ട്രീയത്തിൽനിന്ന്‌ പട്ടേൽ ബോധപൂർവം ഒഴിഞ്ഞുനിന്നു. എന്നിരുന്നാലും എല്ലാ തെരഞ്ഞെടുപ്പുകളിലും മോഡി പട്ടേലിന്റെ പേര്‌ വലിച്ചിഴയ്‌ക്കുമായിരുന്നു. അഹമ്മദ്‌ പട്ടേൽ ഗുജറാത്ത്‌ മുഖ്യമന്ത്രിയാകണമെന്ന്‌ പാകിസ്ഥാൻ മുൻ സൈനിക മേധാവി ആഗ്രഹിക്കുന്നുവെന്നുപോലും  മോഡി ആരോപിച്ചു. ബിജെപിയുടെ വർഗീയധ്രുവീകരണ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ആരോപണം.

ഗുജറാത്ത്‌ രാഷ്ട്രീയത്തിൽനിന്ന്‌ പട്ടേൽ ഒഴിഞ്ഞുമാറിയെങ്കിലും അദ്ദേഹത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ബിജെപി സകല അടവുകളും പയറ്റി. എല്ലാ കുതന്ത്രങ്ങളും അതിജീവിച്ച്‌ പട്ടേൽ ജയിച്ചു. കോൺഗ്രസും കോർപറേറ്റുകളും തമ്മിലുള്ള  ബന്ധം കാത്തുസൂക്ഷിക്കുന്നതിലും പട്ടേൽ ബദ്ധശ്രദ്ധനായിരുന്നു. രണ്ടുതവണ അദ്ദേഹം എഐസിസി ട്രഷററായി.

സോണിയഗാന്ധി എഐസിസി പ്രസിഡന്റ്‌ സ്ഥാനം 2017ൽ ഒഴിഞ്ഞപ്പോൾ പട്ടേൽ പറഞ്ഞത്‌ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ തന്റെ ദൗത്യം അവസാനിച്ചുവെന്നാണ്‌. രാഹുൽഗാന്ധി വന്നശേഷം എഐസിസി ട്രഷററായി മോട്ടിലാൽ വോറയെ നിയമിച്ചെങ്കിലും കോൺഗ്രസ്‌ ഫണ്ട്‌ കാലിയായ സാഹചര്യത്തിൽ പട്ടേലിനെ തിരികെ വിളിക്കേണ്ടിവന്നു.

പട്ടേലിന്റെ സേവനം കോൺഗ്രസിന്‌ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്താണ്‌ അദ്ദേഹം വിടപറഞ്ഞത്‌. പട്ടേലിന്റെ കരുത്ത്‌ ബിജെപിക്ക്‌ അറിയാമായിരുന്നു. കേന്ദ്രഏജൻസികൾ അദ്ദേഹത്തെ വട്ടമിട്ടുപറന്നത്‌ ഈ സാഹചര്യത്തിലാണ്‌. പട്ടേലിനെയും മകനെയും മരുമകനെയും ഇഡി ചോദ്യം ചെയ്‌തു. കോൺഗ്രസ്‌ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുന്ന കാലത്താണ്‌ പട്ടേൽ യാത്രയായത്‌.  കോൺഗ്രസിന്‌ പൂർണസമയ  പ്രസിഡന്റ്‌ വേണമെന്ന്‌ മുറവിളി ഉയരുകയാണ്‌. രാഹുൽ ഗാന്ധി തിരിച്ചുവന്നാലും രാഷ്ട്രീയ ഉപദേശകനായി അഹമ്മദ്‌ പട്ടേലിനെപ്പോലെ ഒരാളെ ലഭിക്കുക മിക്കവാറും അസാധ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top