26 April Friday

കറുത്ത വരകളിലെ കവിത

എം എസ് അശോകന്‍Updated: Tuesday Dec 22, 2015

ചിത്രകലാ അധ്യാപകന്‍കൂടി ആയതിനാലാകണം ഷാജി സുബ്രഹ്മണ്യന് രചനാമാധ്യമങ്ങളെല്ലാം ഒരുപോലെ വഴങ്ങുന്നത്. അക്രിലിക്കിലും എണ്ണച്ചായത്തിലും ജലച്ചായത്തിലും എന്നപോലെ കളര്‍ പെന്‍സിലിലും പെന്‍ ആന്‍ഡ് ഇങ്കിലും മാധ്യമങ്ങളോട് നീതിചെയ്യുന്ന രചനാരീതിയാണ് ഷാജിയുടേത്. മാധ്യമം ഏതായാലും കവിതപോലെ വശ്യവും തീവ്രവും ഒഴുക്കുള്ളതുമാണ് ആ രചനകള്‍.

കോഴിക്കോട് രാമനാട്ടുകരക്കാരനായ ഷാജി നാലുവര്‍ഷത്തോളമായി ദുബായിലെ കലാഗ്രാം ആര്‍ട്ട് സ്കൂളിലെ ചിത്രകലാ അധ്യാപകനാണ്. കോഴിക്കോട് ഫൈനാര്‍ട്സ് സ്കൂളില്‍ പെയ്ന്റിങ്ങില്‍ ഡിപ്ളോമ നേടിയാണ് ഷാജി അധ്യാപകജോലിയിലേക്ക് തിരിഞ്ഞത്. പേനയുടെ നേര്‍ത്ത കറുത്തവരകളില്‍ അലങ്കാരഭംഗിയോടെ തീര്‍ക്കുന്ന തന്റെ രചനകള്‍ക്ക് തൂളി ആര്‍ട്ട് എന്നാണ് ചിത്രകാരന്‍ പേരിട്ടിരിക്കുന്നത്. രചനാശൈലിയിലും പ്രമേയപരമായും ഈ ചിത്രങ്ങള്‍ നമ്മുടെ നാടന്‍കലാപാരമ്പര്യത്തോട് അടുത്തുനില്‍ക്കുന്നു. മേന്മയുള്ള കടലാസില്‍ വരയ്ക്കുന്ന തൂളിവരകള്‍ നമ്മുടെ കളമെഴുത്തുചിത്രങ്ങളുടെയും കലംകരിപാരമ്പര്യത്തിന്റെയും അരികുപറ്റുന്നു എന്നതും ശ്രദ്ധേയം. വഴക്കമുള്ള വര വശ്യമായ കാഴ്ചവിരുന്നൊരുക്കുന്നു. ഈ ശൈലിയില്‍ ഹനുമാന്‍ ചാലിസ എന്ന പുസ്തകത്തിനുവേണ്ടിയും ഷാജി ചിത്രങ്ങളൊരുക്കി.

തുളസീദാസ കവി ശ്ളോകരൂപത്തില്‍ രചിച്ച ഹനുമാന്‍ പുരാണത്തിന്റെ ചിത്രകഥാഖ്യാനമാണ് ഹനുമാന്‍ ചാലിസ. ആഗോളതലത്തില്‍ അടുത്തവര്‍ഷമാദ്യം പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകത്തിന്റെ രചനയില്‍ സഹകരിക്കാന്‍ കഴിഞ്ഞത് നേട്ടമായി ഷാജി കരുതുന്നു. തൂളിരചനകളെ വാണിജ്യപരമായി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും ചിത്രകാരന്‍ ആലോചിക്കുന്നു. ഈ പരമ്പരയിലെ ചിത്രങ്ങളില്‍ ചിലതൊക്കെ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തതുവഴി ലഭിച്ച ഫീഡ്ബാക്കുകളാണ് അതിനുള്ള പ്രേരണ. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ചിലത് അലഹബാദിലെ ഒരു പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനി അനധികൃതമായി എടുത്തുപയോഗിച്ചതും ആ വഴിക്ക് ചിന്തിക്കാന്‍ പ്രേരണയായി. സാരികളിലും മറ്റും പ്രിന്റ് ചെയ്താണ് അവര്‍ തൂളിചിത്രങ്ങളെ മാര്‍ക്കറ്റ് ചെയ്തത്.

സുഹൃത്തുക്കള്‍മുഖേന സംഭവമറിഞ്ഞ് അലഹബാദ് കമ്പനിയുടെ പരിപാടി തടഞ്ഞു. പിന്നീട് അവര്‍ തന്നെ പലതവണ ബന്ധപ്പെടുകയും ഈ രീതിയില്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി തേടുകയും ചെയ്തതായി ഷാജി പറഞ്ഞു. അവര്‍ക്കുവേണ്ടി കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യാനുള്ള ക്ഷണവും നിലനില്‍ക്കുന്നു. കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളിലൊന്ന് ഷാജിയുടെ രചനകള്‍ വാണിജ്യപരമായി പ്രയോജനപ്പെടുത്താന്‍ തയ്യാറായി രംഗത്തുവന്നിട്ടുണ്ട്.

ജലച്ചായത്തിലും അക്രിലിക്കിലും ഷാജി വരച്ചിട്ടുള്ള ചിത്രങ്ങള്‍ വിശ്രാന്തിയുടേതായ കാഴ്ചയാണ് സമ്മാനിക്കുന്നത്. സ്ട്രീറ്റ് സീരീസില്‍ പെന്‍സിലും പെന്‍ ആന്‍ഡ് ഇങ്കും സമന്വയിപ്പിച്ച് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ ചിത്രകാരന്റെ കാഴ്ചകളെ കാലികമാക്കുന്നു.ദുബായ് ദൌത്യം അവസാനിപ്പിച്ച് നാട്ടില്‍ വന്ന് കൂടുതല്‍ ക്രിയേറ്റീവായി ചിത്രരചന നടത്താനുള്ള ആഗ്രഹത്തിലാണ് ഷാജി. 2000ല്‍ എ സി കെ രാജ അവാര്‍ഡ് നേടിയിട്ടുള്ള ഷാജി നാലുവര്‍ഷം സംസ്ഥാന ലളിതകലാ അക്കാദമി പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

കോഴിക്കോട് അക്കാദമി ഗ്യാലറിയില്‍ ഒരുവട്ടം ഏകാംഗപ്രദര്‍ശനവും സംഘടിപ്പിച്ചു. അമ്പതോളം ഗ്രൂപ്പ് ഷോകളില്‍ പങ്കാളിയായി. അധ്യാപകന്‍ എന്ന നിലയില്‍ നിരവധി ശിഷ്യരുണ്ട്. കലാഗ്രാമില്‍ ഷാജിയുടെ കീഴില്‍ നിരവധിപേര്‍ ഇപ്പോള്‍ രചന അഭ്യസിക്കുന്നു. അധ്യാപനത്തെ വളരെയധികം ഇഷ്ടപ്പെടുന്നതിനാല്‍ മൌലികരചനകള്‍ക്ക് ചെലവഴിക്കുന്ന അത്രയും അധ്വാനവും സമയവും അധ്യാപനത്തിനും വിനിയോഗിക്കുന്നു. ഭാര്യ: ബിജിലി. മക്കള്‍: ബാലേന്ദു, സനന്ദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top