26 April Friday

സിലബസിനുപുറത്തെ വരക്കൂട്ടം

എം എസ് അശോകന്‍Updated: Sunday Jun 12, 2016

കലാചരിത്രപഠനമോ കലാസ്വാദനപരിശീലനമോ ഇന്നും നമ്മുടെ സ്കൂള്‍ സിലബസിന്റ ഭാഗമായിട്ടില്ല. ഡ്രോയിങ് ബുക്കുകളില്‍ അച്ചടിച്ച ചിത്രമാതൃകകള്‍ക്ക് മേലെ പെന്‍സില്‍ അമര്‍ത്തി ഓടിക്കുന്നതും ക്രയോണ്‍ നിറം പൂശുന്നതുമൊക്കെത്തന്നെയാണ് ഇന്നും സ്കൂള്‍  ക്ളാസുകളിലെ കലാപഠനത്തിന്റെ അംഗീകൃതപരിധി. സ്്കൂളുകളില്‍ ഭാഷാധ്യാപകരായി അറിയപ്പെടുന്ന കവികളും കഥാകാരന്മാരുമൊക്കെ ജോലിചെയ്യുന്നുണ്ടെങ്കിലും സര്‍ഗാത്മക ചിത്രകാരന്മാരെ ചിത്രകലാധ്യാപകരായി സ്കൂളുകളില്‍ അധികം കാണാനായിട്ടില്ല. നിലവിലെ സ്കൂള്‍ കലാപഠന–പരിശീലന സിലബസിന് അത്തരക്കാരെ ആവശ്യമില്ലെന്നതുതന്നെയാകാം ഒന്നാമത്തെ കാരണം. ഈ സാമ്പ്രദായികരീതിക്ക് അപവാദമാകുകയാണ് സിബിഎസ്ഇ സ്കൂളുകളിലെ കലാധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആര്‍ട്ടും അതിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായ ചിത്രകാരന്‍ തോമസ് കുരിശിങ്കലും.

എറണാകുളം തേവര സ്വദേശിയാണ് തോമസ് കുരിശിങ്കല്‍. ചിത്രരചനയോട് ചെറുപ്പംമുതലുള്ള ആഭിമുഖ്യം വളര്‍ത്തിയെടുത്താണ് പിന്നീട് ചിത്രകലാപഠനത്തിലേക്കും മുഴുവന്‍സമയ രചനയിലേക്കും തോമസ് എത്തിയത്.  കൊച്ചിയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായിരുന്നു പഠനം. കലാപീഠവും അവിടവുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന മുതിര്‍ന്ന ചിത്രകാരന്മാരുമായും അവരുടെ കലാപ്രവര്‍ത്തനങ്ങളുമായുള്ള സമ്പര്‍ക്കവും ഗൌരവരചനകളിലേക്ക് വഴിതിരിച്ചു. പഠനശേഷം ഉപജീവനത്തിനായി ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു. അപ്പോഴും സ്വതന്ത്രചിത്രരചനയ്ക്ക് സമയം കണ്ടെത്തുകയും നിരന്തരം വരയ്ക്കുകയും ചെയ്തുപോന്നു. ഫിഗറേറ്റീവായ ചിത്രങ്ങളാണ് തോമസിന്റേത്. അക്രിലിക്കിലാണ് പ്രധാനമായും രചന നടത്തുന്നതെങ്കിലും എണ്ണച്ചായവും ജലച്ചായവും ഉപയോഗിക്കാറുണ്ട്. ജോലിയുടെ തിരക്കിനിടയിലും സ്വതന്ത്രരചനകള്‍ നടത്തുകയും മറ്റു ചിത്രകാരന്മാരുമായി ചേര്‍ന്ന് പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തുപോന്നു. മൂന്നുവര്‍ഷംമുമ്പാണ് കാക്കനാട് മാര്‍തോമ പബ്ളിക് സ്കൂളില്‍ ചിത്രകലാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.

നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മറ്റ് സിബിഎസ്ഇ സ്കൂളുകളില്‍ തന്നെപ്പോലെ ജോലിചെയ്യുന്ന ചിത്രകാരന്മാര്‍ വേറെയുമുണ്ടെന്ന് തോമസിന് അറിയാന്‍കഴിഞ്ഞു. അക്കൂട്ടത്തില്‍ മുമ്പ് ഒരുമിച്ച് ചിത്രരചന നടത്തിയിരുന്ന സുഹൃത്തുക്കളില്‍ ചിലരെയും കണ്ടെത്തി. തുടര്‍ന്ന് സമാനചിന്താഗതിക്കാര്‍ക്ക് ഒത്തു ചേരാനും സര്‍ഗാത്മകത പോഷിപ്പിക്കാനുമുള്ള പൊതുവേദിക്കു വേണ്ടി ശ്രമം തുടങ്ങി. അങ്ങനെ എറണാകുളം ജില്ലയിലെ സിബിഎസ്ഇ ചിത്രകലാ അധ്യാപകരെ മുഴുവന്‍ യോജിപ്പിച്ച് ടീച്ച് ആര്‍ട്ട് എന്ന ഗ്രൂപ്പിന് രൂപംനല്‍കി. ഗ്ളോബല്‍ പബ്ളിക് സ്കൂളിലെ അധ്യാപകരായ ചന്ദ്രബാബുവും മനോജും അതിന് നേതൃപരമായ പങ്ക് വഹിച്ചതായി തോമസ് പറഞ്ഞു.

തോമസ് കുരിശിങ്കല്‍

തോമസ് കുരിശിങ്കല്‍

ടീച്ച് ആര്‍ട്ടില്‍ ഇപ്പോള്‍ അറുപതോളം ചിത്രകലാധ്യാപകര്‍ അംഗങ്ങളാണ്. ഇതില്‍ എല്ലാ ജില്ലയിലെയും സ്കൂളുകളില്‍നിന്നുള്ളവരുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും ടീച്ച് ആര്‍ട്ട് അധ്യാപകരുടെ ചിത്രകലാപ്രദര്‍ശനം നല്ല രീതിയില്‍ സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും അധ്യാപകരുടെയും കുട്ടികളുടെയും ക്യാമ്പുകളും നടത്തുന്നു. സ്കൂള്‍ അവധിക്കാലത്താണ് ക്യാമ്പുകള്‍. സിബിഎസ്ഇ മാനേജ്മെന്റുകള്‍ അധ്യാപകരുടെ ഈ കൂട്ടായ്മയ്ക്ക് അകമഴിഞ്ഞ സഹായവും ചെയ്തുകൊടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയില്‍ ആദ്യ സോളോ പ്രദര്‍ശനം നടത്താനാണ് തോമസ് കുരിശിങ്കലിന്റെ പരിപാടി. ദര്‍ബാര്‍ ഹാള്‍ ഗ്യാലറിയില്‍ ഇതോടൊപ്പം തന്റെ സ്കൂളിലെ വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനവും തോമസ് ഒരുക്കുന്നുണ്ട്. പരിമിതികളുണ്ടെങ്കിലും അധ്യാപകരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാപഠനത്തിലും അവബോധരൂപീകരണത്തിലും കുട്ടികള്‍ക്ക് ഏറെ പ്രയോജനംചെയ്യുന്നുണ്ടെന്ന് തോമസ് പറഞ്ഞു.

msasokms@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top