26 April Friday

പച്ചയിലെ പൂര്‍ണത

എം എസ് അശോകന്‍Updated: Sunday Nov 5, 2017

ലൌകികമായ ആസക്തിക്കും അലൌകിക നിസ്സംഗതയ്ക്കുമിടയില്‍ സ്ഥാനപ്പെടുത്തിയ സൌന്ദര്യപൂരമാണ് വിപിന്‍ പലോത്ത് എന്ന ചിത്രകാരന്റെ രചനകളെ പൂരിപ്പിക്കുന്നത്. പച്ചനിറത്തിന്റെ ഭാവബാഹുല്യങ്ങളില്‍ ആണ്ടിറങ്ങി വെളിച്ചത്തിന്റെ ധാരാളിത്തത്തിലേക്ക് മുഖമുയര്‍ത്തി ഉയരുന്ന ചിത്രങ്ങളില്‍ ബൌദ്ധധ്യാനത്തിന്റെ ലയഭംഗികൂടി ചാലിക്കുമ്പോള്‍ അത് അനന്യമായ പൂര്‍ണതയിലേക്ക് ചിറകുവിരിക്കുന്നു. ജലച്ചായത്തിന്റെ സൂര്യസുതാര്യതയില്‍ ഞാത്തിയിട്ട വെയില്‍ച്ചിത്രങ്ങളെ നൂറാവര്‍ത്തി കണ്ടിരിക്കാതെ വയ്യ.

കാസര്‍കോട് ജില്ലയിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ പലോത്ത് സ്വദേശിയായ വിപിന്‍ ചിത്രകലയില്‍ ഡിപ്ളോമ പൂര്‍ത്തിയാക്കിയാണ് മുഴുവന്‍സമയ രചനയിലേക്ക് തിരിഞ്ഞത്. ജലച്ചായവും അക്രിലിക്കും എണ്ണച്ചായവും വഴക്കത്തോടെ പ്രയോഗിക്കുന്ന വിപിന് കൂടുതല്‍ കമ്പം ജലച്ചായത്തോടുതന്നെ. ഉത്തരകേരളത്തിന്റെ പ്രകൃതിഭംഗിയെ ആരാധിക്കുമ്പോള്‍ത്തന്നെ അതിന്റെ വെറും പകര്‍പ്പായി തന്റെ ചിത്രങ്ങളെ മാറ്റുന്നില്ല. പച്ചയ്ക്കും കറുപ്പിനുമിടയിലെ പല അടരുകളിലേക്ക് വര്‍ണഭാവങ്ങളെ എടുത്തുവയ്ക്കുന്ന ചിത്രങ്ങള്‍ ചുമര്‍ച്ചിത്രങ്ങളിലെ ചുരുളുകളെയും മൊട്ടുകളെയും ഓര്‍മിപ്പിക്കും. ജലച്ചായത്തില്‍ രചന നടത്തുന്ന പലരും പകപ്പോടെമാത്രം പ്രയോഗിക്കുന്ന പച്ചനിറത്തെ കൈയടക്കത്തോടെ കടലാസില്‍ പടര്‍ത്താന്‍ വിപിന് കഴിയുന്നു.

പച്ചയുടെ ആഘോഷത്തിനിടയില്‍ ചിത്രങ്ങളില്‍ ഫിഗറുകള്‍ അധികമായി കടന്നുവരുന്നില്ല. നാട്ടിടവഴികളും തെങ്ങും കവുങ്ങും പാടവും പുഴയും പൂമരങ്ങളും വള്ളികളും പായലും കാവും വീടും കല്‍പ്പടവുമൊക്കെ തെളിഞ്ഞുകത്തി നില്‍ക്കും. പ്രകൃതി ശരീരത്തിലെ ജീവവാഹിനികളായ നാഡീഞരമ്പുകള്‍പോലെ. തന്റെ ചുറ്റും നിറയുന്ന നാടിനെയാണ് താന്‍ വരയ്ക്കുന്നതെന്ന് വിപിന്‍ പറയുന്നു. അവയുടെ പരന്ന കാഴ്ച ഇരുള്‍ അനുഭവിപ്പിക്കും. അതിനിടയില്‍ തെളിയുന്ന വെളിച്ചത്തിന്റെ ഒരു കീറാണ്് വരകളില്‍ പ്രതിഫലിക്കുന്നതെന്ന് വിപിന്‍. പ്രകൃത്യാരാധനയേക്കാള്‍ നഗരവല്‍ക്കരണത്തിന്റെ ആശങ്കകളിലേക്കാണ് വിപിന്റെ ചിത്രങ്ങള്‍ ആസ്വാദകനെ നയിക്കുക. തിരക്കുകളില്‍ തിരിയുന്ന സമകാലജീവിതത്തിലേക്ക് ധ്യാനാത്മകമായ ഒരു തിരനോട്ടത്തിന് ചിത്രകാരന്‍ നല്‍കുന്ന അവസരം അത്തരം ആശങ്കകളെയാകും ആദ്യം പൊലിപ്പിക്കുക.

വിപിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം കേരളത്തിനകത്തും പുറത്തും നടന്നിട്ടുണ്ട്. കൊച്ചിയില്‍ ആലോചനയുള്ള ഏകാംഗപ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇതിനുപുറമെ സ്്കൂളുകളില്‍ കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കുന്ന ജോലിയും ചെയ്യുന്നു. സ്ഥാപനങ്ങളും വീടുകളും അലങ്കരിക്കാന്‍ ആവശ്യപ്പെടുന്നതനുസരിച്ച് ചിത്രങ്ങള്‍ വരച്ചുകൊടുക്കുന്ന പരിപാടിയുമുണ്ട്. പ്രമുഖ വാരികകളില്‍ സാഹിത്യരചനകള്‍ക്ക് രേഖാചിത്രങ്ങളും വരയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top