ഇനി കളി, ‘ബഹിരാകാശത്തുമാകാം’



കൊച്ചി> യുവാക്കൾക്കിടയിൽ തരംഗമായിരുന്ന പബ്ജി കോർപറേഷന്റെ ബാറ്റിൽ റോയൽ ഗെയിമായ ‘പബ്ജി’ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഷവോമിയുടെ പുതിയ ഗെയിംവരുന്നു. ‘സർവൈവൽ ഗെയിം’ എന്നാണ‌് പുതിയ മൊബൈൽ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത്. ഷവോമിയുടെ സ്വന്തം ആപ‌് ഡൗൺലോഡിങ‌് പ്ലാറ്റ്ഫോമായ മി സ്റ്റോർവഴിയാണ് ഈ ഗെയിം ഉപയോക്താക്കൾക്കായി ലഭ്യമാക്കിയത്. പബ‌്ജിയിൽ വിമാനത്തിൽനിന്ന‌് ചാടിയാണ‌് ഗെയിമിലേക്ക‌് പ്രവേശിക്കുന്നതെങ്കിൽ സർവൈവൽ ഗെയിമിൽ ബഹിരാകാശ വാഹനത്തിൽനിന്നാണ് ചാടേണ്ടിവരുന്നത്.  ഈ ഗെയിമിലും അവസാനം ബാക്കിയാവുന്ന കളിക്കാരനാണ് വിജയിക്കുക. പബ്ജിയിൽനിന്ന‌് വ്യത്യസ്തമായി ജെറ്റ‌്പാക്കുകളും കളിക്കാരനെ പറക്കാൻ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും സർവൈവൽ ഗെയിമിലുണ്ട്. ഇതുവഴി കളിക്കാർക്ക് കൂടുതൽ രസകരമായ അനുഭവമാകും ഈ ഗെയിം സമ്മാനിക്കുകയെന്ന് ഷവോമി അവകാശപ്പെടുന്നു. മാത്രമല്ല, കളിയിൽ വ്യത്യസ‌്ത വേഷത്തിലും കളിക്കാരന് പ്രത്യക്ഷപ്പെടാൻ സാധിക്കും. ഇന്ത്യൻ മാർക്കറ്റിനെ ഉന്നംവച്ചാണ‌് ഷവോമി ഗെയിം. Read on deshabhimani.com

Related News