പിഎസ്‌ജിയിൽ താരപ്പോര്‌ ?

image credit Paris Saint Germain twitter


പാരിസ്‌ ഫ്രഞ്ച് ഫുട്ബോൾ വമ്പൻമാരായ പിഎസ്ജിയിൽ സൂപ്പർ താരങ്ങൾ തമ്മിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്. ലീഗിൽ മോണ്ട്പെല്ലിയറുമായുള്ള കളിക്കുശേഷം കിലിയൻ എംബാപ്പെ നെയ്-മറെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് ദിവസംമുമ്പ് നടന്ന മത്സരത്തിനിടെയായിരുന്നു എംബാപ്പെയുടെ പ്രതികരണം. 88–ാംമിനിറ്റിൽ എംബാപ്പെയെ കോച്ച് മൗറീസിയോ പൊച്ചെട്ടീനോ പിൻവലിച്ചു. പിന്നാലെ നെയ്-മറുടെ പാസിൽ ജൂലിയൻ ഡ്രാക്-സ്-ലർ ഗോളും നേടി. ഈ നിമിഷം, കൂട്ടുകാരൻ ഇഡ്രിസ ഗുയേയെയോട് എംബാപ്പെ കളത്തിലേക്ക് കെെ ചൂണ്ടി പരാതി പറയുന്ന ദൃശ്യമാണ് പുറത്തുവന്നത്. നെയ്മർ പാസ് നൽകുന്നില്ലെന്നായിരുന്നു എംബാപ്പെയുടെ പരാതി. പിൻവലിക്കുംമുമ്പ് ഈ ഫ്രഞ്ചുകാരന് മൂന്ന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. അവസാന നാല് കളിയിൽ എംബാപ്പെയ്ക്ക് ഗോളടിക്കാനായില്ല. അതിനിടെ കളിക്കാൻ അവസരം കിട്ടാത്തതിൽ ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ നിരാശനാണെന്നും വാർത്തകളുണ്ട്. ഈ സീസണിലാണ് ദൊന്നരുമ്മ എസി മിലാനിൽനിന്ന് എത്തിയത്. എന്നാൽ കെയ്-ലർ നവാസ് ഗോൾവലയ്ക്കുമുന്നിൽ മികച്ച പ്രകടനം നടത്തുന്നതിനാൽ ദൊന്നരുമ്മയ്ക്ക് അവസരം കിട്ടുന്നില്ല. ദിവസങ്ങൾക്കുമുമ്പ് സൂപ്പർതാരം ലയണൽ മെസി മത്സരത്തിനിടെ പിൻവലിച്ചതിൽ പൊച്ചെട്ടീനോയോട് അതൃപ്തി കാട്ടിയത് വിവാദമായിരുന്നു. എന്നാൽ പരിക്കുകാരണമാണ് മെസിയെ പിൻവലിച്ചതെന്ന് പൊച്ചെട്ടീനോ വിശദീകരണം നൽകി. Read on deshabhimani.com

Related News