വിനയ്‌കുമാറും യൂസഫ് പത്താനും
കളി മതിയാക്കി



ബംഗളൂരു ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ ആർ വിനയ്‌കുമാർ ക്രിക്കറ്റ്‌ മതിയാക്കി. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത പേസറാണ്‌ ഈ മുപ്പത്തേഴുകാരൻ. 139 ഫസ്റ്റ്‌ക്ലാസ്‌ മത്സരങ്ങളിൽനിന്ന്‌ 504 വിക്കറ്റ്‌ കൊയ്‌തു. 442ഉം രഞ്ജിയിൽ. ടൂർണമെന്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ്‌ വേട്ടക്കാരിൽ നാലമനാണ് ഈ കർണാടകക്കാരൻ‌. ഏറ്റവും ഒടുവിൽ പുതുച്ചേരിക്കായും കളിച്ചു. ഇന്ത്യക്കായി ഒരു ടെസ്റ്റ്‌, 31 ഏകദിനം, ഒമ്പത്‌ ട്വന്റി–-20 മത്സരങ്ങളിലായി 48 വിക്കറ്റും നേടി. കർണാടകയെ രഞ്ജി, വിജയ്‌ ഹസാരെ, ഇറാനി ട്രോഫികളിലേക്ക്‌ നയിച്ച ക്യാപ്‌റ്റനുമാണ്‌. അഹമ്മദാബാദ്‌ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ്‌ പത്താൻ ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. 2007ലെ ട്വന്റി–-20, 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2007ലായിരുന്നു അരങ്ങേറ്റം. 2012ലാണ് ഈ ബറോഡക്കാരൻ‌ അവസാനമായി ദേശീയ കുപ്പായമണിഞ്ഞത്‌. 57 ഏകദിനങ്ങളിൽ രണ്ട്‌ സെഞ്ചുറി ഉൾപ്പെടെ 810 റണ്ണും 33 വിക്കറ്റും നേടി. 22 ട്വന്റി–-20കളിലായി 236 റണ്ണും 13 വിക്കറ്റും കുറിച്ചു. മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താന്റെ ജ്യേഷ്ഠനാണ്‌.   Read on deshabhimani.com

Related News