വിലക്ക്‌ നീങ്ങി മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ കളിക്കാം



ലണ്ടൻ ചാമ്പ്യൻസ്‌ ഫുട്‌ബോൾ ലീഗിലെ വിലക്കിൽനിന്ന്‌ മാഞ്ചസ്‌റ്റർ സിറ്റിയെ കായിക തർക്ക പരിഹാര കോടതി കാത്തു. സിറ്റിക്ക്‌ അടുത്തവർഷം ചാമ്പ്യൻസ്‌ ലീഗിൽ കളിക്കാം. രണ്ട്‌ വർഷമാണ്‌ യുവേഫ സിറ്റിയെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽനിന്ന്‌ വിലക്കിയിരുന്നത്‌. ഇതിനെതിരെ സിറ്റി കായിക കോടതിയെ സമീപിക്കുകയായിരുന്നു. 2012–-16 കാലത്ത്‌ സാമ്പത്തിക ചട്ടം  ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ്‌ യുവേഫ സിറ്റിയെ വിലക്കിയത്‌. ഏകദേശം 255 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ഈ പിഴ 85 കോടി രൂപയായി കായിക കോടതി ഇളവ്‌ ചെയ്‌തു. ഈ സീസണിൽ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനം നേടിയ സിറ്റിക്ക്‌ ഈ വിധി വലിയ ആശ്വാസം നൽകും. ആദ്യ നാല്‌ സ്ഥാനക്കാർക്കാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യത. സിറ്റിക്ക്‌ വിലക്ക്‌ കിട്ടിയാൽ അഞ്ചാം സ്ഥാനക്കാർക്കും കടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വിധി സിറ്റിക്ക്‌ അനുകൂലമായതോടെ ആ സാധ്യത അവസാനിച്ചു. ലീഗിൽ മൂന്ന്‌, നാല്‌ സ്ഥാനങ്ങൾക്കുവേണ്ടി കടുത്ത മത്സരമാണ്‌ നടക്കുന്നത്‌. സിറ്റി ഈ സീസണിൽ ചാമ്പ്യൻസ്‌ ലീഗിന്റെ ക്വാർട്ടറിന്‌ അരികെയാണ്‌. ആദ്യപാദ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ 2–-1ന്‌ തോൽപ്പിച്ചു. രണ്ടാംപാദം ആഗസ്‌തിൽ സിറ്റിയുടെ തട്ടകത്തിലാണ്‌. ക്വാർട്ടറിൽ കടന്നാൽ യുവന്റസോ ല്യോണോ ആയിരിക്കും എതിരാളികൾ. Read on deshabhimani.com

Related News