ഓസ്‌ട്രേലിയൻ ഓപ്പൺ : നദാൽ, ഒസാക തുടങ്ങി

image credit Australian Open facebook


മെൽബൺ ഇരുപത്തൊന്നാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ്‌ താരം റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ പുരുഷവിഭാഗം രണ്ടാം റൗണ്ടിലേക്ക്‌ മുന്നേറി. ആദ്യകളിയിൽ അമേരിക്കയുടെ മാർകസ്‌ ഗിറോണിനെ 6–-1, 6–-4, 6–-2ന്‌ കീഴടക്കി. 2009ൽ ഇവിടെ കിരീടം നേടിയ നദാലിന്‌ നൊവാക്‌ ജൊകോവിച്ചിന്റെയും റോജർ ഫെഡററിന്റെയും അസാന്നിധ്യത്തിൽ വലിയ സാധ്യതയാണുള്ളത്‌. പരിക്കേറ്റ്‌ അഞ്ചുമാസത്തെ വിശ്രമത്തിനുശേഷമാണ്‌ ആറാം സീഡായ നദാലെത്തുന്നത്‌. മൂന്നാംസീഡ്‌ ജർമൻതാരം അലക്‌സാണ്ടർ സ്വരേവ്‌ നാട്ടുകാരനായ ഡാനിയർ അൽറ്റ്‌മെയറിനെ 7–-6, 6–-1, 7–-6ന്‌ പരാജയപ്പെടുത്തി. വനിതകളിൽ പ്രമുഖരെല്ലാം ആദ്യറൗണ്ടിൽ അനായാസജയം കുറിച്ചു. നിലവിലെ ചാമ്പ്യൻ ജപ്പാന്റെ നവോമി ഒസാക കൊളംബിയയുടെ കാമില ഒസോറിയോയെ  6–-3, 6–-3ന്‌ തോൽപ്പിച്ചു. ഒന്നാംസീഡ്‌ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർടി അനായാസജയം നേടി. ഉക്രെയ്‌ൻതാരം ലെസിയ ടിസുരങ്ക 6–-0, 6–-1ന്‌ തുരത്തി. നാലാം സീഡ്‌ ചെക്ക്‌താരം ബാർബറ ക്രെജിക്കോവ്‌, ബെലാറസിന്റെ വിക്‌ടോറിയ അസരെങ്ക, സ്‌പാനിഷ്‌താരം പൗള ബഡോസ, ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിന, ഗ്രീക്കുകാരി മരിയ സക്കാരി എന്നിവർ മുന്നേറി. അമേരിക്കയുടെ കൗമാരവിസ്‌മയം കൊകൊ ഗഫ്‌ ചൈനയുടെ വാങ്‌ ക്വിയാങ്ങിനോട്‌ 4–-6, 2–-6ന്‌ തോറ്റ്‌ പുറത്തായി. പതിനൊന്നാം സീഡ്‌ അമേരിക്കയുടെ സോഫിയ കെനിനും ആദ്യറൗണ്ടിൽ തോറ്റു. പരിക്കുള്ള വില്യംസ്‌ സഹോദരിമാർ ഇക്കുറിയില്ലെന്നതാണ്‌ വനിതാവിഭാഗത്തിലെ സവിശേഷത. 1997നുശേഷം ആദ്യമായാണ്‌ ഇരുവരുമില്ലാത്ത ഗ്രാൻഡ് സ്ലാം ടൂർണമെന്റ്‌. Read on deshabhimani.com

Related News