കോടതിയിൽനിന്ന് 
ഇറങ്ങിയോടിയ 
മന്ത്രി കീഴടങ്ങി



ലഖ്നൗ നിയമവിരുദ്ധമായി ആയുധം കൈവശംവച്ച കേസിൽ കാൺപുർ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതോടെ ഉത്തരവിന്റെ പകർപ്പുമായി ഇറങ്ങിയോടിയ യുപി മന്ത്രി രാകേഷ് സച്ചൻ തിങ്കളാഴ്‌ച കീഴടങ്ങി. കേസിൽ  ഒരു വർഷം തടവ് ശിക്ഷയും 1500 രൂപ പിഴയും വിധിച്ചു. ശിക്ഷ മൂന്നു വർഷത്തിൽ താഴെയായതിനാൽ മന്ത്രിക്ക്‌ കോടതി ജാമ്യംനൽകി. ശനിയാഴ്ചയാണ്‌ സർക്കാരിനുതന്നെ നാണക്കേടുണ്ടാക്കിയ ചെറുകിട -ഇടത്തരം സംരംഭ, ഖാദി മന്ത്രിയുടെ ഓട്ടം അരങ്ങേറിയത്‌. ഫയൽ തട്ടിയെടുത്ത്‌ ഓടിയതിന്‌ മന്ത്രിക്കെതിരെ കോടതി ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുക്കാൻ തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ്‌ മന്ത്രി കോടതിയിൽ കീഴടങ്ങിയത്‌. 1991 ആ​ഗസ്ത് 13നാണ് ലൈസൻസില്ലാത്ത തോക്ക് കൈവശംവച്ചതിന് രാകേഷിനെതിരെ കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ് രാകേഷ്. Read on deshabhimani.com

Related News