അമിത പണപ്പെരുപ്പം ഭീഷണി: റിസർവ്‌ ബാങ്ക്‌



ന്യൂഡൽഹി പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുന്നത്‌ രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്‌ ഭീഷണിയാണെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ട്‌. താഴ്‌ന്ന നിരക്കിലും സുസ്ഥിരവുമായ പണപ്പെരുപ്പമാണ്‌ വളർച്ചയ്‌ക്ക്‌ ഗുണകരം. ഇതുറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. വിദേശനിക്ഷേപങ്ങൾ വൻതോതിൽ പിൻവലിയുന്നതും പണപ്പെരുപ്പവും സമ്പദ്‌ഘടനയെ സമ്മർദത്തിലാക്കുന്നു. കോവിഡ്‌ മഹാമാരി സൃഷ്ടിച്ച ആഘാതം വിട്ടുമാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സ്വകാര്യനിക്ഷേപങ്ങൾ ആകർഷിക്കാൻ സർക്കാർ വൻതോതിൽ മൂലധനനിക്ഷേപം നടത്തണം. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണം– റിപ്പോർട്ടിൽ നിർദേശിച്ചു.    മൊത്തവിപണി വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന സ്ഥിതിവിവരക്കണക്ക്‌ പുറത്തുവന്നിരിക്കെയാണ്‌ റിസർവ്‌ ബാങ്കിന്റെ ഈ മുന്നറിയിപ്പ്‌. ഇക്കഴിഞ്ഞമാസം മൊത്തവ്യാപാരമേഖലയിൽ 15.08 ശതമാനം പണപ്പെരുപ്പമാണ്‌ അനുഭവപ്പെട്ടത്‌. ഇതിനുമുമ്പ്‌ 1991–-92ലാണ്‌ പണപ്പെരുപ്പം 13 ശതമാനം പിന്നിട്ടത്‌. ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധിയിലെത്തിയ കാലമായിരുന്നു 1991–-92. ഇപ്പോൾ അക്കാലത്ത്‌ അനുഭവപ്പെട്ടതിനേക്കാൾ ഉയർന്ന നിരക്കിൽ പണപ്പെരുപ്പം എത്തിയത്‌ സമ്പദ്‌ഘടന കൂടുതൽ കുഴപ്പത്തിലാണെന്ന്‌ വ്യക്തമാക്കുന്നു. ഉയർന്ന ഇന്ധനവിലയെത്തുടർന്ന്‌ രണ്ടുവർഷമായി രാജ്യത്ത്‌ പൊതുപണപ്പെരുപ്പം വർധിക്കുകയാണ്‌. മൊത്തവിപണി വിലക്കയറ്റം 2021 ഏപ്രിലിൽ ഇത്‌ 10.74 ശതമാനമായി. ഇന്ധന–- ഊർജ മേഖലയിൽ പണപ്പെരുപ്പം 38.66 ശതമാനമായി. ഭക്ഷ്യപണപ്പെരുപ്പം 8.35 ശതമാനവും. Read on deshabhimani.com

Related News