"മതംമാറ്റിയാല്‍' 10 വര്‍‍ഷംവരെ തടവ് ; ഓര്‍ഡിനന്‍സ് ഇറക്കി കര്‍ണാടക



ബം​ഗളൂരു നിയമസഭ ഡിസംബറില്‍ പാസാക്കിയ വിവാദമായ  മതപരിവർത്തന വിരുദ്ധ ബിൽ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് ഇറക്കി കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍. നിയമസഭ പാസാക്കിയെങ്കിലും ബില്‍ നിയമസഭാ കൗണ്‍സിലില്‍ എത്തിയിട്ടില്ല. കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ട്. ഈ സാഹചര്യത്തിലാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയത്. മതംമാറ്റ നടപടി അതിസങ്കീര്‍ണമാക്കുന്നതും കടുത്ത ശിക്ഷ നിര്‍ദേശിക്കുന്നതുമായ വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്ളത്. "നിര്‍ബന്ധിത'മതപരിവർത്തനത്തിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും ആണ്‌ ശിക്ഷ. പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടികവിഭാ​ഗക്കാരെയോ മതം മാറ്റുന്നത് 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാക്കി. കൂട്ട മതപരിവർത്തനം മൂന്നു മുതൽ-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോ​ഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്.  മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണനിയമമാണിതെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി അവകാശപ്പെട്ടു.  എന്നാല്‍ സര്‍ക്കാരിന്റെ തിരക്കിട്ടുള്ള ഓര്‍ഡിനന്‍സ് നീക്കത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി.   Read on deshabhimani.com

Related News