സമസ്‌തയും കൈവിട്ടു ; പള്ളികളിലെ പ്രതിഷേധം പിൻവലിച്ചു



കോഴിക്കോട്‌ മതനിരപേക്ഷ കേരളത്തിന്റെ പ്രതിഷേധത്തോടൊപ്പം സമസ്‌തയുടെ എതിർപ്പും ഉയർന്നതോടെ പള്ളികളെ സമരവേദിയാക്കാനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ്‌ പിൻമാറി. പള്ളിയിൽ പ്രതിഷേധിക്കാനില്ലെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ  നിലപാടാണ്‌ ലീഗിന് തിരിച്ചടിയായത്‌.  സമുദായസംഘടനകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ലീഗിന്റെ ഈ കൈവിട്ട കളി. എന്നാൽ പള്ളി പ്രതിഷേധത്തിനില്ലെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അതോടൊപ്പം ലീഗ്‌ ലക്ഷ്യമിട്ട ‘മുസ്ലിംപരിവാർ’ എന്ന രാഷ്‌ട്രീയ അജൻഡയും തുടക്കത്തിലേ തകർന്നടിഞ്ഞു. മുസ്ലിംലീഗ്‌–-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചനയാണ്‌ ഇതിലൂടെ  പൊളിഞ്ഞത്‌.  ലീഗിന്റെ രാഷ്ട്രീയ അജൻഡയ്‌ക്കൊപ്പം എല്ലാ കാലവും മതസംഘടനകൾ നിൽക്കില്ലെന്ന്‌ സമസ്‌ത പരസ്യമായി നിലപാട്‌ പ്രഖ്യാപിച്ചു.  വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിൽ പള്ളികളിൽ പ്രതിഷേധിക്കണമെന്നായിരുന്നു ലീഗ്‌ ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ ആഹ്വാനം. ഇതിനെതിരെ വിശ്വാസികളും മതസംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവന്നു. ലീഗ്‌ നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റും മുന്നറിയിപ്പ്‌ നൽകിയിരുന്നു. പള്ളികൾ രാഷ്‌ട്രീയ–-വർഗീയ പ്രചാരണകേന്ദ്രമാക്കുന്നതിൽ സമുദായത്തിനകത്തും പുറത്തുനിന്നുമുയർന്ന എതിർപ്പ്‌ ശക്തമായിരുന്നു. ലീഗിനകത്തും ഭിന്നതയുണ്ടായി. എന്നിട്ടും പാണക്കാട്‌ സാദിഖലി തങ്ങൾ–- പി കെ കുഞ്ഞാലിക്കുട്ടി–- പി എം എ സലാം കൂട്ട്‌കെട്ട്‌  ഇതെല്ലാം അവഗണിച്ച്‌ നീങ്ങി. മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിൻബലവും മതതീവ്രവാദികളായ എസ്‌ഡിപിഐയുടെ ഒത്താശയും  ഉറപ്പാക്കി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗ്‌ ബന്ധത്തിൽ നേരത്തേ സമസ്‌തയ്‌ക്ക്‌ കടുത്ത  വിയോജിപ്പുണ്ട്‌. Read on deshabhimani.com

Related News