26 April Friday

സമസ്‌തയും കൈവിട്ടു ; പള്ളികളിലെ പ്രതിഷേധം പിൻവലിച്ചു

പി വി ജീജോUpdated: Thursday Dec 2, 2021



കോഴിക്കോട്‌
മതനിരപേക്ഷ കേരളത്തിന്റെ പ്രതിഷേധത്തോടൊപ്പം സമസ്‌തയുടെ എതിർപ്പും ഉയർന്നതോടെ പള്ളികളെ സമരവേദിയാക്കാനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ്‌ പിൻമാറി. പള്ളിയിൽ പ്രതിഷേധിക്കാനില്ലെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ  നിലപാടാണ്‌ ലീഗിന് തിരിച്ചടിയായത്‌.  സമുദായസംഘടനകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ലീഗിന്റെ ഈ കൈവിട്ട കളി.

എന്നാൽ പള്ളി പ്രതിഷേധത്തിനില്ലെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
അതോടൊപ്പം ലീഗ്‌ ലക്ഷ്യമിട്ട ‘മുസ്ലിംപരിവാർ’ എന്ന രാഷ്‌ട്രീയ അജൻഡയും തുടക്കത്തിലേ തകർന്നടിഞ്ഞു. മുസ്ലിംലീഗ്‌–-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചനയാണ്‌ ഇതിലൂടെ  പൊളിഞ്ഞത്‌.  ലീഗിന്റെ രാഷ്ട്രീയ അജൻഡയ്‌ക്കൊപ്പം എല്ലാ കാലവും മതസംഘടനകൾ നിൽക്കില്ലെന്ന്‌ സമസ്‌ത പരസ്യമായി നിലപാട്‌ പ്രഖ്യാപിച്ചു.  വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിൽ പള്ളികളിൽ പ്രതിഷേധിക്കണമെന്നായിരുന്നു ലീഗ്‌ ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ ആഹ്വാനം. ഇതിനെതിരെ വിശ്വാസികളും മതസംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവന്നു. ലീഗ്‌ നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റും മുന്നറിയിപ്പ്‌ നൽകിയിരുന്നു.

പള്ളികൾ രാഷ്‌ട്രീയ–-വർഗീയ പ്രചാരണകേന്ദ്രമാക്കുന്നതിൽ സമുദായത്തിനകത്തും പുറത്തുനിന്നുമുയർന്ന എതിർപ്പ്‌ ശക്തമായിരുന്നു. ലീഗിനകത്തും ഭിന്നതയുണ്ടായി. എന്നിട്ടും പാണക്കാട്‌ സാദിഖലി തങ്ങൾ–- പി കെ കുഞ്ഞാലിക്കുട്ടി–- പി എം എ സലാം കൂട്ട്‌കെട്ട്‌  ഇതെല്ലാം അവഗണിച്ച്‌ നീങ്ങി. മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിൻബലവും മതതീവ്രവാദികളായ എസ്‌ഡിപിഐയുടെ ഒത്താശയും  ഉറപ്പാക്കി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗ്‌ ബന്ധത്തിൽ നേരത്തേ സമസ്‌തയ്‌ക്ക്‌ കടുത്ത  വിയോജിപ്പുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top