ഹോട്ടലിലും ബേക്കറിയിലും മോഷണം; നഷ്ടം അരലക്ഷത്തോളം
കിളിമാനൂർ മഴയുടെ മറവിൽ നഗരൂർ ടൗണിൽ രണ്ട് കടയിൽ മോഷണം. പണവും സാധനങ്ങളുമടക്കം അരലക്ഷം രൂപയോളം നഷ്ടമായതായി വ്യാപാരികൾ അറിയിച്ചു. നഗരൂർ അൽഹാജ ഹോട്ടൽ, പികെഎച്ച് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം. നഗരൂർ പൊലീസ് സ്റ്റേഷന്റെ നൂറുമീറ്ററിനുള്ളിലാണ് കടകൾ കുത്തിത്തുറന്നത്. ബേക്കറിയുടെ പിൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. സാധനങ്ങളും പണവും കവർന്ന് സിസിടിവി ക്യാമറയുടെ ഡിവിആറും കൈക്കലാക്കിയാണ് മോഷ്ടാവ് കടന്നത്. ഹോട്ടലിന്റെ ബാത്ത് റൂം ഗ്രിൽ പൊളിച്ചാണ് അകത്തുകടന്നത്. ക്യാഷ് കൗണ്ടറിലെ പണവും സന്നദ്ധസംഘടന സ്ഥാപിച്ച സംഭാവനപ്പെട്ടിയും മോഷ്ടിച്ചു. വ്യാഴം രാവിലെ കടതുറന്നപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്. ഈ കടകളുടെ തൊട്ടുമുമ്പിൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ഷോറൂമിന്റെ ജോലിക്കും മറ്റുമായി ജോലിക്കാർ പുലരുവോളം ഇവിടെയുണ്ടായിരുന്നു. ഇതിനിടയിലും മോഷണം നടന്നതിന്റെ നടുക്കത്തിലാണ് വ്യാപാരികൾ. നഗരൂർ സ്റ്റേഷനിൽനിന്ന് എസ്എച്ച്ഒ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധിച്ചു. Read on deshabhimani.com