നൊമ്പരമൊതുക്കി കർമകേന്ദ്രം

എ കെ ജി സെന്ററിൽ കോടിയേരിയുടെ ചിത്രത്തിന് മുന്നിൽ പാർടിയുടെയും എൽഡിഎഫിന്റെയും നേതാക്കൾ


തിരുവനന്തപുരം   ജീവിതത്തിന്റെ ഏറിയ കാലവും തലസ്ഥാനം കർമകേന്ദ്രമാക്കിയ പ്രിയ സഖാവിന്റെ വേർപാടറിഞ്ഞ്‌ സങ്കടക്കടലായി തലസ്ഥാനം.  പ്രിയ നേതാവിന്‌ അന്ത്യോപചാരം അർപ്പിക്കാൻ കണ്ണൂരിലേക്ക്‌ പോകാനാകാത്ത ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എ കെ ജി സെന്ററിൽ എത്തി  ഛായാചിത്രത്തിൽ ആദരാഞ്‌ജലി അർപ്പിച്ചു.        സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെ ആയിരങ്ങളാണ്‌ ശനിയാഴ്‌ച രാത്രി മുതൽ എ കെ ജി സെന്ററിലേക്ക്‌ ഓടിയെത്തിയത്‌.  മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള, പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, സെക്രട്ടേറിയറ്റ്‌ അംഗം ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, നടൻ പി ശ്രീകുമാർ എന്നിവരുമെത്തി.  അന്ത്യാഭിവാദ്യം അർപ്പിക്കാൻ കണ്ണൂരിലേക്ക്‌ തിരിക്കുംമുമ്പ്‌ തലസ്ഥാനത്തുള്ള സിപിഐ എം നേതാക്കളെല്ലാം എ കെ ജി സെന്ററിൽ എത്തി ആദരാഞ്‌ജലി അർപ്പിച്ചു.  വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, മതസാമുദായിക സംഘടനാ നേതാക്കൾ, യുവജന സംഘടന, സന്നദ്ധ സേവന പ്രവർത്തകർ, കർഷകർ, തൊഴിലാളികൾ, സ്‌ത്രീകൾ, കുട്ടികൾ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ പ്രിയസഖാവിന്‌  ആദരാഞ്‌ജലിയേകി.  Read on deshabhimani.com

Related News