മുത്തമിട്ട്‌ കൊണ്ടോട്ടി

കുടുംബശ്രീ കലോത്സവത്തിൽ ജേതാക്കളായ കൊണ്ടോട്ടി താലൂക്ക്‌ ടീമിന്‌ പി കെ സൈനബ ട്രോഫി സമ്മാനിക്കുന്നു


  മലപ്പുറം  കാൽപ്പന്തിന്റെ നാട്ടിലെ കലാവസന്തത്തിന്‌ സമാപനം. ‘കുടുംബശ്രീ അരങ്ങ്‌ 2023–- ഒരുമയുടെ പലമ’ ജില്ലാ കലോത്സവത്തിൽ 161 പോയിന്റോടെ കൊണ്ടോട്ടി  താലൂക്ക്‌ കിരീടം നേടി. 113 പോയിന്റുകളുമായി തിരൂരങ്ങാടി, ഏറനാട്‌ താലൂക്കുകൾ രണ്ടും 109 പോയിന്റുമായി പെരിന്തൽമണ്ണ  മൂന്നും സ്ഥാനംനേടി. മലപ്പുറം ഗവ. കോളേജിൽ രണ്ടുദിവസങ്ങളിലായി നാല് വേദിയിലായിരുന്നു മത്സരം. നാടകം, ശിങ്കാരിമേളം, ലളിതഗാനം, നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട്‌ തുടങ്ങിയവയും രചനാ മത്സരങ്ങളുമടക്കം 59 ഇനങ്ങളിലാണ്‌ അംഗങ്ങൾ മാറ്റുരച്ചത്‌. ഏഴ്‌ താലൂക്കിൽനിന്നായി 1372 ഓക്‌സിലറി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. മംഗലംകളി, എരുത്‌ കളി, കണ്ണേറ്‌ പാട്ട്‌, കൂളിപ്പാട്ട്‌ എന്നിങ്ങനെ നിലവിൽ പ്രചാരത്തിലില്ലാത്ത ഇനങ്ങളിലും മത്സരമുണ്ടായി.  സമാപന സമ്മേളനം കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗം പി കെ സൈനബ ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്‌ അധ്യക്ഷനായി.  ജില്ലാ പ്രോഗ്രാം മാനേജർ വി എസ്‌ റിജേഷ്‌ സ്വാഗതവും എൻ ആർ  ഷംന നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News