കരിപ്പൂരിൽ 91 ലക്ഷത്തിന്റെ 
സ്വർണം പിടിച്ചു



  കരിപ്പൂർ  വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 91 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.  ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ജഹ്ഫറുല്ലയിൽനിന്ന് 1465 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. മിശ്രിതരൂപത്തിലാക്കിയ സ്വർണം കാലിനുമുകളിൽ കെട്ടിവച്ചു കടത്താനായിരുന്നു ശ്രമം. ഇതിന് 57 ലക്ഷം രൂപ വില വരും. ഷാർജയിൽനിന്നുളള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സലീഖിൽനിന്ന്‌ 865 ഗ്രാം സ്വർണമാണ് പിടിച്ചത്. ഡിആർഐയിൽനിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി എ കിരൺ, സൂപ്രണ്ടുമാരായ സി പി സബീഷ്, സന്തോഷ് ജോൺ, എം ഉമാദേവി, ഇൻസ്‌പെക്ടർ വീരേന്ദ്ര പ്രതാപ് ചൗധരി എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. Read on deshabhimani.com

Related News